Image

വാഷിംഗ്ടണ്‍ ഡിസിയില്‍ ഹൈന്ദവ കുടുംബസംഗമം നടത്തി

വിനോദ് കൊണ്ടൂര്‍ Published on 24 February, 2016
വാഷിംഗ്ടണ്‍ ഡിസിയില്‍ ഹൈന്ദവ കുടുംബസംഗമം നടത്തി
വാഷിംഗ്ടണ്‍ ഡിസി: കൊളംബിയ ഡിസ്ട്രിക്ട്, മെട്രോ റീജണിലെ വിവിധ പട്ടണങ്ങളിലെ ഹൈന്ദവ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന സമാഗമം മെറിലാന്‍ഡ് മൗണ്ട് ഗോമറി കൗണ്ടി ഓഡിറ്റോറിയത്തില്‍ നടന്നു. കെഎച്ച്എന്‍എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളുടെയും നിലനില്പും സമാധാനപരമായ സഹവര്‍ത്തിത്വവും സുസാധ്യമാക്കുന്ന സങ്കല്പമാണു സനാതന ധര്‍മമെന്നും ആധുനിക ലോകത്തിലെ ശാസ്ത്രീയ നിഗമനങ്ങളെയും സഹോദര മത സങ്കല്പങ്ങളേയും സഹിഷ്ണുതയോടെ സ്വാംശീകരിക്കാനുള്ള ചിന്താ വൈപുല്യം ഹിന്ദുവിന്റെ ദര്‍ശനസൗന്ദര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നായക സഭാംഗം സനില്‍ ഗോപി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി 2017 ഡിട്രോയിറ്റ് ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ വിശദീകരിച്ചു.

ചടങ്ങില്‍ മുന്‍ പ്രസിഡന്റ് എം.ജി. മേനോന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രതീഷ് നായര്‍, ശോഭാ മാധവന്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപന്യാസ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിശിഷ്ടാതിഥികളായിരുന്ന പ്രസിഡന്റ്, സെക്രട്ടറി, പാര്‍ഥസാരഥി പിള്ള, എം.ജി. മേനോന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ട്രസ്റ്റി ബോര്‍ഡ് അംഗം അരുണ്‍ രഘു, ശശിമേനോന്‍, മനോജ് ശ്രീനിലയം, കൃഷ്ണ കുമാര്‍, സന്ദീപ് പണിക്കര്‍, നാരായണന്‍കുട്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാഷിംഗ്ടണ്‍ ഡിസിയില്‍ ഹൈന്ദവ കുടുംബസംഗമം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക