Image

സംസ്ഥാന അതിഥി നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം

ജോയി­ച്ചന്‍ പുതു­ക്കുളം Published on 24 February, 2016
സംസ്ഥാന അതിഥി നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം
2010 -ലെ കെമിസ്ട്രി നോബല്‍ സമ്മാന ജേതാവായ അമേരിക്കയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി പ്രൊഫ. എച്ചി നെഗീഷി കേരളാ ഗവണ്‍മെന്റിന്റെ അതിഥിയായി ഫെബ്രുവരി ഒമ്പതാം തീയതി മുതല്‍ പതിനാറാം തീയതി വരെ കേരളത്തിലെ വിവിധ കോളജുകളിലും റിസര്‍ച്ച് സെന്ററുകളിലും സംസാരിക്കുകയും കുട്ടികളും അധ്യാപകരുമായി ചോദ്യോത്തരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഈ പരിപാടി ആന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ചത് മലയാളിയും അമേരിക്കയിലെ ജോണ്‍സണ്‍ മാത്തേ എന്ന കമ്പനിയിലെ ഹോമോജീനിയസ് കറ്റാലിസിസ് വിഭാഗത്തിന്റെ തലവനും ടെക്‌നിക്കല്‍ ഫെലോയുമായ ഡോ. തോമസ് കൊളാക്കോട്ടാണ്. അദ്ദേഹത്തെ സഹായിക്കുന്നതിനായി കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഐ.ഐ.ആര്‍.ബി.എസ് പ്രൊഫസറായ ഡോ. ഐ. ഇബിനുസൗഡ് കേരളാ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.

കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളാ ഗവണ്‍മെന്റും, കേരളത്തിലെ വിവിധ പ്രമുഖ കോളജുകളും എം.ജി യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് ഇത്തരത്തിലുള്ള ഒരു പ്രോഗ്രാം ഗംഭീരമായി സംഘടിപ്പിച്ചത്.

ആറ് മീറ്റിംഗുകളില്‍ പ്രൊഫ. നെഗീഷി തന്റെ ജീവിതാനുഭവങ്ങളും ഗവേഷണ മേഖലകളിലെ അനുഭവങ്ങളും പങ്കുവെച്ചു. എല്ലാ മീറ്റിംഗുകളിലും പ്രൊഫ. നെഗീഷിക്ക് നോബല്‍ സമ്മാനം നേടിക്കൊടുത്ത "പല്ലേഡിയം കാറ്റലയിസ്ഡ് ക്രോസ് കപ്ലിംങ്' (Palladium Catalyzed Cross Coupling) എന്ന മേഖലയെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കത്തക്കവിധം വിവരിച്ചുകൊടുത്തുകൊണ്ട് നെഗീഷിയെ പരിചയപ്പെടുത്തിയത് ഡോ. തോമസ് കൊളാക്കോട്ടാണ്.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സെമിനാര്‍ ഹാളില്‍ ആരംഭിച്ച പ്രോഗ്രാം, തുടര്‍ന്ന് കൊല്ലം ടി.കെ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ഗോള്‍ഡന്‍ ജൂബിലി, തങ്ങള്‍കുഞ്ഞ് മുസ്ലിയാര്‍ ഫൗണ്ടേഴ്‌സ് ഡേ, ചങ്ങനാശേരി എസ്.ബി കോളജിലെ EruiditeLecture ഉദ്ഘാടനം, കോട്ടയം സി.എം.എസ് കോളജിന്റെ സ്ഥാപനകനും ആദ്യ പ്രിന്‍സിപ്പലുമായ ബെഞ്ചമിന്‍ ബെയ്‌ലി മെമ്മോറിയല്‍ ലക്ചര്‍, എസ്.എച്ച് കോളജ് തേവരയിലെ കെമിസ്ട്രി ലക്ചര്‍, ഇന്‍സ്‌പെയര്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം തുടങ്ങിയ പരിപാടികളില്‍ പങ്കെടുത്തു.

13-ന് ശനിയാഴ്ച പ്രൊഫസര്‍ ഇബിന്‍സൗഡിന്റെ നേതൃത്വത്തില്‍ ഒരുദിവസത്തെ സിമ്പോസിയം, ഐ.ഐ.ആര്‍.ബി.എസ്, എം.ജി യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫ. നെഗീഷിയെ ആദരിക്കുന്നതിനുവേണ്ടി സംഘടിപ്പിച്ചു. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. കേരളാ സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് ഉപക്രമ പ്രസംഗം നടത്തി. സമാപന യോഗത്തില്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശേഖരന്‍ പിള്ള പ്രത്യേക അതിഥിയായിരുന്നു.

വിവിധ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും മാനേജ്‌മെന്റും ഉജ്വല സ്വീകരണമാണ് നെഗീഷിക്ക് നല്‍കിയത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, ചങ്ങനാശേരി രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സി.എസ്.ഐ മധ്യകേരള ഡയോസിസ് ബിഷപ് എമിരിറ്റസ് റൈറ്റ് റവ. തോമസ് സാമുവേല്‍, മധ്യകേരള ഡയോസിസിന്റെ ബിഷപ്പും, സി.എസ്.ഐ സഭ ഡപ്യൂട്ടി മോഡറേറ്ററുമായ റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍, ജനാബ് സഹാല്‍ മുസ്‌ലിയാര്‍ എന്നിവര്‍ ചങ്ങനാശേരി എസ്.ബി കോളജ്, കോട്ടയം സി.എം.എസ് കോളജ്, തേവര എസ്.എച്ച് കോളജ്, കൊല്ലം ടി.കെ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവടങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുക്കുകയും പ്രൊഫ. നെഗീഷിയെ അനുമോദിക്കുകയും ചെയ്തു.

ചങ്ങനാശേരി എസ്.ബി കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായി ഡോ. തോമസ് കൊളാക്കോട്ടിനെ 2015-ല്‍ എസ്.ബി കോളജ് ആദരിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, എസ്.ബി കോളജില്‍ ഒരു നോബല്‍ സമ്മാന ജേതാവിനെ കൊണ്ടുവരാമെന്നു സംവാദത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോ. കൊളാക്കോട്ട് കേരള പര്യടനത്തിന് മുന്‍കൈ എടുത്തത്.

കേരളത്തിലെ ഭക്ഷണവും, കുമരകം ടാജ് ഹോട്ടലിലെ താമസവും, സര്‍ക്കാര്‍ വാഹനത്തിലുള്ള യാത്രയും, സ്കൂള്‍ കുട്ടികളുടെ ചോദ്യങ്ങളും വളരെ വിലമതിക്കുന്നുവെന്നു പ്രൊഫ. നെഗീഷി പറഞ്ഞു. ഈശ്വര വിശ്വാസത്തെപ്പറ്റിയുള്ള ചോദ്യത്തിന് താന്‍ ഒരു മതത്തിലും അംഗമല്ലെങ്കിലും, പരമോന്നതായ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നു പറഞ്ഞു. ഈയിടെ അന്തരിച്ച റിച്ചാര്‍ഡ് ഹെയ്ക്കും, അക്കീറ സുസുക്കിയും 2010-ലെ കെമിസ്ട്രി നോബല്‍ പങ്കിട്ടിരുന്നു.

ഫെബ്രുവരി 14-ന് കുമരകത്ത് നടത്തിയ ബോട്ടിംഗില്‍ സംഘാടകരും, പ്രിന്‍സിപ്പല്‍മാരും പങ്കെടുത്തു. കൊല്ലം ബീച്ച് ഹോട്ടല്‍, ആലപ്പുറ റമാഡ, കൊച്ചിയിലെ ലേ മെറീഡിയന്‍ എന്നീ ഹോട്ടലുകളില്‍ അദ്ദേഹം താമസിച്ചു.
സംസ്ഥാന അതിഥി നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം
സംസ്ഥാന അതിഥി നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം
സംസ്ഥാന അതിഥി നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം
സംസ്ഥാന അതിഥി നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം
സംസ്ഥാന അതിഥി നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം
സംസ്ഥാന അതിഥി നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം
സംസ്ഥാന അതിഥി നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം
സംസ്ഥാന അതിഥി നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക