Image

ജയരാജ വിരാജിത കണ്ണൂര്‍ കലിപ്പുകള്‍ (എ.എസ്.ശ്രീകുമാര്‍)

Published on 24 February, 2016
ജയരാജ വിരാജിത കണ്ണൂര്‍ കലിപ്പുകള്‍ (എ.എസ്.ശ്രീകുമാര്‍)
കേരളത്തിന്റെ കലാപ രാഷ്ട്രീയചരിത്രത്തില്‍ രക്തപങ്കിലമായ ഒട്ടേറെ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കപ്പെട്ട് ചുവന്ന മണ്ണാണ് കണ്ണൂരിന്റേത്. അതേ സമയം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലും കണ്ണൂര്‍ പ്രദേശത്തിന് അവഗണിക്കാനാവാത്ത സ്ഥാനമുണ്ട്. 1908 മുതല്‍ മലബാറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സജീവമായിരുന്നു. ആനി ബസന്റ് സ്ഥാപിച്ച ഹോംറൂള്‍ ലീഗിന്റെ ശാഖ തലശേരിയിലും പ്രവര്‍ത്തനം തുടങ്ങിയതോടെ ദേശീയ പ്രസ്ഥാനത്തിന് ശക്തി കൂടുകയായിരുന്നുവല്ലോ. മഹാത്മാ ഗാന്ധിയും മൗലാന ഷൗക്കത്ത് അലിയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും ഭാഗമായി കണ്ണൂരില്‍ എത്തിയിരുന്നു.

കേരള പ്രദേശ് കോണ്‍ഗ്രസിന്റെ നാലാം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നടന്നതോടെ ഈ പ്രദേശം സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒന്നാം നിരയിലെത്തി. ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ഈ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. "പൂര്‍ണസ്വരാജ്' എന്ന ആശയം ഉയര്‍ന്നു വന്നത് പയ്യന്നൂര്‍ സമ്മേളനത്തിലാണ്. മലബാറിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു പയ്യന്നൂര്‍. 1930 ഏപ്രില്‍ 13ന് കോഴിക്കോട്ടു നിന്ന് കാല്‍നടയായി പുറപ്പെട്ട സമരക്കാര്‍ ഏപ്രില്‍ 21ന് പയ്യന്നൂരിലെത്തി ഉപ്പു നിയമം ലംഘിച്ചു. കെ. കേളപ്പനായിരുന്നു നേതാവ്...കണ്ണൂരിന്റെ ഈടുറ്റ ചരിത്രം ഇങ്ങനെ എഴുതപ്പെടുന്നു.

ഇന്ന് അറുതിവരാത്ത രാഷ്ട്രീയ കൊലപാതകങ്ങളുടെ വിളനിലമാണ് കണ്ണൂര്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയും പരസ്പരം വെട്ടി മരിക്കുമ്പോള്‍ ആ എരിതീയിലേയ്ക്ക് എണ്ണ പകരുന്ന കോണ്‍ഗ്രസിന്റെ ബ്രിഗേഡിയര്‍മാരും കൊല്ലപ്പെടുന്ന കാഴ്ച എത്രയോ പതിറ്റാണ്ടുകളായി തുടരുകയാണിവിടെ. ജയരാജ ത്രയമാണ് കണ്ണൂര്‍ സി.പി.എമ്മിനെ നയിക്കുന്നത്. ""ആസനത്തില്‍ കമ്പിപ്പാര കയറ്റുന്നതാണോ പോലീസുകാരന്റെ പണി'' എന്നൊക്കെ ചോദിച്ച് അറസ്റ്റ് ചെയ്ത സഖാക്കളെ പോലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് നിര്‍ബന്ധപൂര്‍വം ഇറക്കിക്കൊണ്ടു വരുന്ന എം.വി ജയരാജനാണ് ഒരാള്‍.

കോണ്‍ഗ്രസുകാര്‍ ഉതിര്‍ത്ത വെടിയുണ്ടയുടെ ഒരംശം കഴുത്തിലുണ്ടെങ്കിലും ഗര്‍ജനത്തിന് യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ചങ്കുറപ്പുള്ള ഇ.പി. ജയരാജന്‍ മറ്റൊരു വീരശൂര പരാക്രമിയാണ്. പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രവും ഉന്‍മൂലന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നയാളെന്ന് ജനം പരക്കെ കരുതുന്നതുമായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് മൂന്നാമത്തെ തീപ്പൊരി. ഇവരെയൊക്കെ ഒറ്റയ്ക്ക് നേരിടുന്ന കോണ്‍ഗ്രസിന്റെ കാളക്കൂറ്റനാണ് കെ. സുധാകരന്‍. പോരിന്റെ വടിവാള്‍ മൂര്‍ച്ച കൂട്ടി ബി.ജെ.പി-സംഘപരിവാര്‍ ശക്തികളും ജില്ലയുടെ പലയിടങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഇരിപ്പുണ്ട്.
ഇപ്പോള്‍ കണ്ണൂരിന്റെ മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ തന്നെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത് മറ്റാരുമല്ല, പി. ജയരാജനാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ നിയമത്തിനു മുന്നില്‍ കീഴടങ്ങിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമമാണ് (യു.എ.പി.എ) ജയരാജനെതിരെ ചാര്‍ത്തപ്പെട്ടിട്ടുള്ളത്

നാലു തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ജയരാജന്റെ ആരോഗ്യനിലയെ മുന്‍നിര്‍ത്തി കോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പാര്‍ട്ടിയും ജയരാജനും പ്രതീക്ഷിച്ചിരുന്നത്. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒന്നുകില്‍ സുപ്രീം കോടതിയെ സമീപിക്കുക, അല്ലെങ്കില്‍ കീഴടങ്ങുക എന്നീ രണ്ട് മാര്‍ഗങ്ങളേ ജയരാജനു മുന്നിലുണ്ടായിരുന്നുള്ളു. കീളടങ്ങിയ കണ്ണൂര്‍ കോമ്രേഡിനെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

ജയരാജന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി പറഞ്ഞതിങ്ങനെ...""നിയമത്തിന്റെ മുന്നില്‍ എല്ലാവരും ഒരു പോലെയാണ്. പി.ജയരാജന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുതിര്‍ന്ന പാര്‍ട്ടി നേതാവുമാണെന്നത് ശരിയാണ്. എന്നാല്‍ നിയമത്തിനു മുന്നില്‍ ധനികനും ദരിദ്രനും പഠിപ്പുള്ളവനും ഇല്ലാത്തവനും ഉന്നതനും കീഴാളനും ഒരുപോലെയാണ്...''

എന്താണ് യു.എ.പി.എ നിയമം...? ഈ നിയമമനുസരിച്ചുള്ള കുറ്റം ചെയ്തവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന ഒഴിവാക്കിയ ഭീകരവിരുദ്ധ നിയമങ്ങള്‍ക്ക് പകരമാണ് "അണ്‍ ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്'(യു.എ.പി.എ) ശക്തിപ്പെടുത്തി കൊണ്ടുവന്നത്. "ടാഡ' എന്നറിയപ്പെടുന്ന "ടെററിസ്റ്റ് ആന്റ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 1985 മുതല്‍ 1995 വരെ പ്രാബല്യത്തിലുണ്ടായിരുന്നു. 2002 ല്‍ അതിനു പകരം "പോട്ട' (പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട്) നിലവില്‍ വന്നു. 2004 ല്‍ പോട്ട, യുഎ.പി.എക്ക് വഴി മാറുകയായിരുന്നു. കുറ്റവാളിയെ സംബന്ധിച്ചിടത്തോളം യു.എ.പി.എ പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് തന്നെ.

ഏതായാലും ജയരാജനെ സി.ബി.ഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ജയരാജനെ തിരുവനന്തപുരത്തെ ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രമുഖ നേതാവ് തടവറയിലാകുന്ന സാഹചര്യം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യം വച്ച് അതിന്റെ നേതാവിനെ തന്നെ ടാര്‍ജറ്റ് ചെയ്ത് ബി.ജെ.പി സി.ബി.ഐയെ ഉപയോഗിക്കുന്നു എന്ന പ്രചരണമാണ് സി.പി.എം നടത്തുന്നത്. ഇതിനിടെയാണ് തലമൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്ത കണക്കെ അരിയില്‍ ഷുക്കൂര്‍ വധവും സി.ബി.ഐ ഏറ്റെടുക്കാനുള്ള ഉത്തരവ്.

ഇതിനിടെ ജയരാജനെയും വഹിച്ചുകൊണ്ട് കണ്ണൂരില്‍ നിന്നുള്ള കാര്‍ഡിയോ ഐ.സി.യു ആംബുലന്‍സിന്റെ യാത്രയും വിവാദമായി. ആംബുലന്‍സ് തൃശൂരിലെത്തിയപ്പോള്‍ ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറി. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പരിശോധനകള്‍ക്ക് ശേഷം മറ്റൊരു ആംബുലന്‍സില്‍ തിരുവനന്തപുരത്തേയ്ക്ക് പോകവെ ആലുവയില്‍ വച്ച് ജയരാജന് നെഞ്ചു വേദന അനുഭവപ്പെട്ടു. പെട്ടെന്ന് എറണാകുളം ജനറലാശുപത്രിയിലെത്തിച്ചു. ഇ.സി.ജിയില്‍ വ്യതിയാനമൊന്നും കാണാത്തതിനെ തുടര്‍ന്ന് യാത്ര തുടരാന്‍ ഡോക്ടര്‍മാര്‍ അനുവദിക്കുകയും ശ്രീചിത്രയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ജയരാജനെ അപകടപ്പെടുത്താനുള്ള ശ്രമം ഗൗരവമായെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് എം.വിജയരാജന്‍ പ്രതികരിച്ചത്. ഗുരുതര രോഗമുള്ളയാളെ എയര്‍ ആംബുലന്‍സിലോ ട്രെയിനിലോ ആണ് കൊണ്ടു പോകേണ്ടിയിരുന്നതെന്നും 11 മണിക്കൂര്‍ നേരം ആംബുലന്‍സില്‍ കൊണ്ടു പോയത് തെറ്റാണെന്നുമാണ് പാര്‍ട്ടി നിലപാട്. വരും ദിവസങ്ങളില്‍ ജയരാജന്‍ വിഷയം കത്തിപ്പടരും.

***

കണ്ണൂരിലെ കാപാലിക രാഷ്ട്രീയത്തിന്റെ ഏറ്റവുമൊടുവിലത്തെ ഇരയാണ് 27 കാരനായ സുജിത്ത്. മുമ്പ് സി.പി.എം അംഗമായിരുന്ന സുജിത്ത് ഈയിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പാപ്പിനിശേരി പഞ്ചായത്തിലെ വീട്ടില്‍ കയറിയാണ് മാതാപിതാക്കള്‍ നോക്കിനില്‍ക്കെ സുജിത്തിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് താപനില ഉയര്‍ന്നുകൊണ്ടിരിക്കെ കണ്ണൂരില്‍ ഇനിയും രക്തപ്പുഴയൊഴുകാം.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കണ്ണൂരില്‍ നടക്കുന്ന 41-ാമത്തെ രാഷ്ട്രീയ കൊലപാതകമാണ് സുജിത്തിന്റേത്. ഇതില്‍ 19 പേര്‍ സി.പി.എമ്മുകാരും 17 പേര്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരുമാണ്. രണ്ട് എന്‍.ഡി.എഫ് ഫ്രലര്‍ത്തകരും മൂന്ന് മുസ്ലീം ലീഗുകാരും കൊല്ലപ്പെട്ടു. പത്ത് സംവത്സരങ്ങള്‍ക്കിടെ 21 കൊലപാതക കേസുകളില്‍ 173 സി.പി.എമ്മുകാര്‍ ആരോപണവിധേയരായി. പക്ഷേ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് ദുഖകരമായ വസ്തുത. സ്വാധീനിക്കപ്പെട്ട പോലീസും ഭരണവര്‍ഗവുമുള്ളതിനാല്‍ നിയമം നോക്കുകുത്തിയായി മാറി.

മറ്റൊരു മരണക്കണക്കു കൂടി നിരത്തട്ടെ. 1980 മുതല്‍ കണ്ണൂരിന്റെ മണ്ണില്‍ ഇരുനൂറിലധികം പേര്‍ രാഷ്ട്രീയവൈരത്തിനിരയായി. ഇവരില്‍ ഏറിയ പങ്കും ചെറുപ്പക്കാരാണ്. 1968ലാണ് കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നത്. വടിക്കലിലെ ആര്‍.എസ്.എസുകാരനായ രാമകൃഷ്ണനാണ് സി.പി.എമ്മിന്റെ കഠാരമുനയില്‍ ബലിദാനം ചെയ്യപ്പെട്ടത്. 78ല്‍ മറ്റൊരു ആര്‍.എസ്.എസുകാരനായ പാണുണ്ട ചന്ദ്രനും കൊല്ലപ്പെട്ടു. തിരിച്ചും ഗംഭീര പണി നടന്നിട്ടുണ്ട്.
കേരളമനസാക്ഷിയെ അമ്പരപ്പെടുത്തിക്കൊണ്ട് ഇവിടെ കൊലപാതക പരമ്പര തുടങ്ങിയത് 1980ന് ശേഷമാണ്. 2014 സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ടത്. പി. ജയരാജനെ വീട്ടില്‍ കയറി വെട്ടി മൃതപ്രായനാക്കിയതിന്റെ വൈരാഗ്യമാണ് മനോജിന്റെ ജീവനെടുത്തത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 3500 അക്രമ സംഭവങ്ങളിലായി 36 കൊലപാതകങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ വിവിധ ഇടങ്ങള്‍ സാക്ഷ്യം വഹിച്ചതായി പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു.

""ബി.ജെ.പിയുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ സി.പി.എമ്മില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ബ.ജെ.പിക്കാര്‍ സി.പി.എമ്മിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്, പ്രത്യേകിച്ച് ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സഖാവിനെ. ഞങ്ങളുടെ കേഡര്‍മാരാണ് കൊല്ലപ്പെടുന്നത്. എന്ന് സി.പി.എമ്മിന്റെ യുവ സൈദ്ധാന്തികനായ കെ.കെ രാഗേഷ് പരിതപിക്കുന്നു.
""ഞങ്ങള്‍ സി.പി.എമ്മിനെ ജനാധിപത്യപരമായി നേരിടും. കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കിയിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ സി.പി.എമ്മിനെതിരെ വോട്ടു ചെയ്യും. യഥാര്‍ത്ഥത്തില്‍ അവരാണ് ഞങ്ങളെ അക്രമത്തിലേയ്ക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്നത്...'' ബി.ജെ.പി നേതാവായ അഡ്വ. രത്‌നാകരന്‍ സഹികെട്ട് കുറ്റപ്പെടുത്തുന്നു.

ആരോപണപ്രത്യാരോപണങ്ങള്‍ കൂടുതല്‍ ബലവത്താവുന്ന തിരഞ്ഞെടുപ്പ് ദിനങ്ങളാണ് കടന്നു വരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലും ജില്ലാതലസ്ഥാനത്തുമേറ്റ തിരിച്ചടിക്ക് പകരം വീട്ടാന്‍ കോണ്‍ഗ്രസും കൂടി കളത്തിലിറങ്ങുന്നതോടെ ത്രികോണയുദ്ധത്തിന്റെ, കലാപത്തിന്റെ അഗ്നി കുണ്ഡത്തിലേയ്ക്ക് കണ്ണൂര്‍ എപ്പോള്‍ വേണമെങ്കിലും എടുത്തെറിയപ്പെട്ടേക്കാം. കാരണം അത്രമേല്‍ രാഷ്ട്രീയ തീവ്രപ്രദേശമാണ് ഒരു കാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയായിരുന്ന കണ്ണൂര്‍...
ജയരാജ വിരാജിത കണ്ണൂര്‍ കലിപ്പുകള്‍ (എ.എസ്.ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക