Image

ലാവലിന്‍ ബൂമറാങ് (എ.എസ് ശ്രീകുമാര്‍)

Published on 26 February, 2016
ലാവലിന്‍ ബൂമറാങ് (എ.എസ് ശ്രീകുമാര്‍)
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ. ലാവലിന്‍ കേസില്‍ ഹൈക്കോടതിയുടെ ശകാരമിതാ അവര്‍ മേടിച്ചു കെട്ടിയിരികികുന്നു. രണ്ടു മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇറങ്ങിപ്പോകും മുമ്പ് ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി വിജയനിട്ട് എട്ടിന്റെ പണി കൊടുക്കുകയായിരുന്നു ലക്ഷ്യം. അത് ഏറ്റാല്‍ പുള്ളിക്ക് ഗോദയില്‍ മല്‍സര ഗുസ്തിക്കിറങ്ങാന്‍ പറ്റില്ലല്ലോ. അതിനാണ് ലാവലിന്‍ കേസില്‍ പിണറായി വിജയനെയും മറ്റും കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ രണ്ട് റിവിഷന്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഇതില്‍ സര്‍ക്കാരും ഉന്‍മേഷത്തോടെ കക്ഷി ചേര്‍ന്ന് പ്രതീക്ഷയോടെ കാത്തു നിന്നു. ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റീസ് പി. ഉബൈദിന്റെ ബെഞ്ച് സര്‍ക്കാരിന് കണക്കിന് കൊടുത്തു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയ കോടതി രണ്ടു മാസത്തേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു...വെറുതെ വടികൊടുത്ത് അടി വാങ്ങി.

''ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ല. തിരഞ്ഞെടുപ്പാണോ സര്‍ക്കാരിനു മുന്നിലുള്ള വിഷയം. ഹര്‍ജിക്ക് അടിയന്തര പ്രധാന്യമില്ല. 2000 മുതലുള്ള കേസുകള്‍ കോടതിയില്‍ കെട്ടിക്കിടപ്പുണ്ട്. ഈ കേസില്‍ മാത്രമാണ് എന്താണ് ഇത്ര അടിയന്തര സ്വഭാവം...'' എന്ന് ആരാഞ്ഞ കോടതി രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് കോടതിയെ ഉപകരണമാക്കരുതെന്ന് വിമര്‍ശിച്ചു. ഒടുവില്‍ ഹൈക്കോടതി ഉത്തരവ് മാനിക്കുന്നുവെന്ന് പറഞ്ഞ് തടിതപ്പിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ''കോടതിയെ ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. അനുകൂല വിധി വരുമ്പോള്‍ സിന്ദാബാദും അല്ലാത്തപ്പോള്‍ മറിച്ചും പറയുന്ന രീതി ഇല്ല...''എന്ന് വ്യക്തമാക്കി വിനയാന്വിതനായി.

കോടതി ചേദിച്ചല്ലോ, തിരഞ്ഞെടുപ്പാണോ സര്‍ക്കാരിനു മുന്നിലുള്ള വിഷയം എന്ന്. അതേ, അല്ലാതെ മറ്റെന്ത്. സോളാര്‍, പാമോലിന്‍, ബാര്‍ കോഴക്കേസുകള്‍ മുതല്‍ സര്‍ക്കാരിനെ പടുകുഴിയിലാക്കുന്ന നാണക്കേടുകളില്‍ നിന്നും മുഖംമിനുക്കാനായി ഉമ്മന്‍ ചാണ്ടിയും സ്തുതിപാഠകരും ചേര്‍ന്ന് ലാവ്‌ലിന്‍ കേസ് കുത്തിപ്പൊക്കാന്‍ ശ്രമം നടത്തിയതെന്നകാര്യം അങ്ങാടിപ്പാട്ടാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും കേസില്‍ ഉപഹര്‍ജി കൊടുക്കുന്നതിനെ എതിര്‍ത്തെങ്കിലും അവരെയൊക്കെ ചൂണ്ടുവിരലില്‍ നിര്‍ത്തിയാണ് ഉമ്മന്‍ ചാണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ്, ആസിഫ് അലിയെ ചട്ടം കെട്ടി കോടതിയിലേക്ക് പോയതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ പരസ്യമായി സൂചിപ്പിക്കുന്നു.

ഏത് കുല്‍സിത വേലയിലൂടെയാണെങ്കിലും പിണറായിക്കെതിരെ കോടതി പരാമര്‍ശമോ മറ്റോ ഉണ്ടായാല്‍ അതില്‍ അള്ളിപ്പിടിച്ചു കയറി തിരഞ്ഞെടുപ്പില്‍ വലിയ ആയുധമാക്കാമെന്നായിരുന്നു പുതുപ്പളിളി വ്യാമോഹം. എന്നാല്‍ കേസ് ബൂമറാങ്ങായി തിരിഞ്ഞ് പാഞ്ഞതോടെ മുഖ്യമന്ത്രി വിഷമവൃത്തത്തിലായി. രമേശിന്റെ അതൃപ്തി കണക്കിലെടുക്കാത്ത സ്ഥിതിക്ക് ഐ ഗ്രൂപ്പിന്റെ കലാപക്കൊടി പാര്‍ട്ടിമുറ്റത്ത് ഉയരുമെന്നുറപ്പാണ്. സര്‍ക്കാരിന്റെ ഇടപെടല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കോടതി തന്നെ ശകാരിക്കുകയും ചെയ്തതോടെ ഫലത്തില്‍ സി.പി.എമ്മിന് ഗുണം ചെയ്യുന്നതാണ് കോടതി തീരുമാനമെന്ന് ഐ ഗ്രൂപ്പുകാര്‍ പല്ലിറുമ്മി പറയുന്നു.

നൂല്‍പ്പാലത്തിലൂടെ ഭരണംപിടിച്ച സര്‍ക്കാരിനെ 'താങ്ങി' നിര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയുടെ ന്യൂജനറേഷന്‍ കുതന്ത്രങ്ങളാണെന്നത് നേഴ്‌സറിപ്പിള്ളാര്‍ക്കുമറിയാം. ഇടതുകാരന്‍ ശെല്‍വരാജിനെ രാജിവെപ്പിച്ച് വീണ്ടും മത്സരിപ്പിച്ച് ജയിപ്പിച്ചതുമുതല്‍ ഏറ്റവും ഒടുവില്‍ അരുവിക്കരയില്‍ വിജയം നേടിയതുവരെ, കെ. കരുണാകരനെ വെല്ലുന്ന ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ വിജയിച്ചു. ഇക്കാര്യത്തില്‍ പി.സി ജോര്‍ജിന്റെ വിദഗ്‌ധോപദേശവും ഉണ്ടായിരുന്നു. സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളെല്ലാം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതും ഉമ്മന്‍ ചാണ്ടിയുടെ കുശാഗ്ര ബുദ്ധി തന്നെ. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുതരംഗം വീശിയതു മുതല്‍ മുഖ്യമന്ത്രിയുടെ ചുവടുകള്‍ പിഴയ്ക്കുകയായിരുന്നു.

സോളാര്‍ കേസില്‍ സരിതയുടെ ഇക്കിളി മൊഴികളും, ഉമ്മന്‍ ചാണ്ടിയുടെ പ്രിയ തോഴന്‍ തമ്പാനൂര്‍ രവിയുടെ ടെലിഫോണ്‍ സംഭാഷണവും നാട്ടുകാര്‍ പച്ചയ്ക്ക് കേട്ടതോടെ ഭരണത്തുടര്‍ച്ചയെന്ന മോഹം എന്നെന്നേയ്ക്കുമായി പൊലിഞ്ഞു. ഇതിന് പിന്നാലെയാണ് ഇരുട്ടടിയായി ലാവ്‌ലിന്‍ കേസിലെ ഹൈകോടതി പരാമര്‍ശവും. ഇതോടെ ലാവ്‌ലിന്‍ വിഷയം തിരഞ്ഞെടുപ്പില്‍ വാതോരാതെ വിളമ്പി മുതലെടുപ്പ് നടത്താനുള്ള അത്യാഗ്രഹവും പരണത്തായി. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരോക്ഷ പരാമര്‍ശം കൂടിയായതോടെ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ച് പിന്‍വാങ്ങിയിരിക്കുകയാണോ എന്ന് നിഷ്പക്ഷ ജനം കക്ഷിവ്യത്യാസമില്ലാതെ സംശയിക്കുന്നു.

ലാവലിന്‍ കേസില്‍ പിണറായി വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. അങ്ങേര് നയാപൈസ വീട്ടിലോട്ട് കൊണ്ടു പോയിട്ടില്ല. പിന്നെ ചിലര്‍ കൈരളി ചാനലിനെ ചൂണ്ടിക്കാട്ടുന്നുണ്ട്. ലാവലിന്‍ കേസിന്റെ രത്‌ന ചുരുക്കമിതാണ്.... ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിനാധാരം. ഈ കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.

1995 ഓഗസ്റ്റ് 10-ാം തീയതി കോണ്‍ഗ്രസ് നേതൃത്വം വഹിച്ചിരുന്ന അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാര്‍ത്തികേയനാണ് എസ്.എന്‍.സി ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് ലാവലിനെ പദ്ധതി നടത്തിപ്പിന് കണ്‍സള്‍ട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാര്‍ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും ജി. കാര്‍ത്തികേയന്റെ കാലയളവിലാണ്. ലാവലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

2001 മെയ് മാസത്തില്‍ തിരികെ അധികാരത്തില്‍ വന്ന ഏ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്താണ് കരാര്‍ പ്രകാരം നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കപ്പെട്ടത്. കടവൂര്‍ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പൂര്‍ണ്ണമായും അടച്ചു തീര്‍ത്തത്. കരാറുകള്‍ വിഭാവനം ചെയ്യുന്നത് മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാര്‍ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് വേണ്ടി കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുമായിരുന്ന 98 കോടി രൂപയില്‍ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.

ഏതായാലും ആശങ്കമാറിയിരിക്കുന്നു. പിണറായിക്ക് ദീര്‍ഘശ്വാസം വിടാം. ലാവലിന്‍ ഹര്‍ജി മാറ്റിവച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ അമരക്കാരന്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനായിരിക്കുമെന്ന ധാരണ ഉറച്ചു. സി.പി.എം സംസ്ഥാന നേതൃത്വത്തിന് ആശ്വാസം നല്‍കുന്നതായി കോടതി നടപടി. രണ്ടു മാസത്തേയ്ക്കാണല്ലോ ഹൈക്കോടതി കേസ് മാറ്റി വച്ചിരിക്കുന്നത്. രണ്ടു മാസം കഴിഞ്ഞാല്‍ പിന്നെ കോടതി രണ്ടുമാസത്തേയ്ക്ക് മധ്യവേനലവധിക്ക് അടയ്ക്കും. പിന്നെ തുറക്കുന്നത് ജൂണിലാണ്. ഇതിനിടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മന്ത്രിസഭ അധികാരമേറ്റിരിക്കും. അപ്പോള്‍ സാക്ഷാല്‍ പിണറായി വിജയനായിരിക്കും മിക്കവാറും മുഖ്യമന്തി. അന്ന് ജസ്റ്റീസ് പി. ഉബൈദിന്റെ ബെഞ്ചായിരിക്കും ഈ കേസ് പരിഗണിക്കുക എന്ന് കുറുപ്പിന്റെ പോലും ഉറപ്പില്ല...പന്ത് പിണറായിയുടെ കോര്‍ട്ടിലേയ്ക്ക് മാറുന്നുവെന്ന് ചുരുക്കം. 
ലാവലിന്‍ ബൂമറാങ് (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക