Image

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

ആശ എസ് പണിക്കര്‍ Published on 27 February, 2016
സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു
   കൊച്ചി: പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ള (41 ) അന്തരിച്ചു.  ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സീറോസിസ് ആയിരുന്നു അസുഖം. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും  വിദഗ്ധ ചികിത്സക്കായി വ്യാഴാഴ്ച കൊച്ചിയിലെ പി.വി.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

രാജേഷ് പിളളയുടെ പുതിയ ചിത്രമായ വേട്ടയുടെ റിലീസ് ഇന്നലെയായിരുന്നു. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം പലപ്പോഴും ആശുപത്രിയില്‍ നിന്നാണ് ലൊക്കേഷനില്‍ എത്തിയിരുന്നത്. സിനിമയുടെ ഫൈനല്‍ മിക്‌സിങ്ങ് നടക്കുന്നതിനിടെ ന്യൂമോണിയ കൂടി പിടിപെട്ടതോടെ ആരോഗ്യ നില കൂടുതല്‍ വഷളാവുകയായിരുന്നു. വിദഗ്ധ ചികിത്സ ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കാതിരുന്നതാണ് മരണകാരണമായത്. 

ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി തുടങ്ങിയവയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രങ്ങള്‍. മലയാള സിനിമാ രംഗത്ത് ന്യൂജെനറേഷന്‍ സിനിമകള്‍ക്ക് വഴി തുറന്നത് രാജേഷ് പിളള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ്. 

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക