Image

മരണം 'വേട്ട'യാടിയ പ്രിയ ചലചിത്രകാരന്‍ (എ.എസ് ശ്രീകുമാര്‍)

Published on 27 February, 2016
മരണം 'വേട്ട'യാടിയ പ്രിയ ചലചിത്രകാരന്‍  (എ.എസ് ശ്രീകുമാര്‍)
കഴിഞ്ഞ ജനുവരി 25-ാം തീയതി മുതല്‍ ഒളിച്ചെത്തുന്ന മരണം വേട്ടയാടിക്കൊണ്ടു പോയ ഏഴാമത്തെ ചലചിത്ര പ്രതിഭയാണ് ന്യൂ ജനറേഷന്‍ സംവിധായകരുടെ ഇടയിലെ ടെക്‌നിക്കല്‍ ജീനിയസായ രാജേഷ് പിള്ള. നാല്‍പ്പത്തിരണ്ടാമത്തെ വയസിലാണ് അദ്ദേഹം, താന്‍ ജീവിതത്തിലേറെ ഇഷ്ടപ്പെട്ടിരുന്ന, മനംനിറഞ്ഞ് അനുഭവിച്ചിരുന്ന സംവിധായകന്റെ മേലങ്കിയുപേക്ഷിച്ച് ശബ്ദവും വെളിച്ചവുമില്ലാത്ത വിജനതയുടെ ഇരുളിടങ്ങളിലേയ്ക്ക് ഏകനായി നടന്നകന്നുപോയത്.

വെള്ളിത്തിരയില്‍ നമ്മെ കുടുകുടെ ചിരിപ്പിച്ച കല്‍പന, മുതിര്‍ന്ന തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍, മെലഡിയുടെ പ്രിന്‍സ് ജോണ്‍സണ്‍ മാഷിന്റെ മകളും സംഗീതജ്ഞയുമായ ഷാന്‍ ജോണ്‍സണ്‍, സുരഭിലമല്ലാത്ത യാമങ്ങള്‍ ബാക്കിവച്ച് പൊലിഞ്ഞുപോയ മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍.വി കുറുപ്പ്, കൈക്കുമ്പിള്‍ കൊണ്ട് വെളിച്ചത്തെ അളന്നുകുറിച്ച ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍, സംഗീതരാജാങ്കണത്തില്‍ ഇമ്പമാര്‍ന്ന പാട്ടുകളൊരുക്കിയിരുന്ന രാജാമണി എന്നിവര്‍ക്ക് തൊട്ടുപിന്നാലെയാണ് രാജേഷ് പിള്ളയും, വിളിച്ചിട്ടും വിളികേള്‍ക്കാതെ പോയ് മറഞ്ഞത്.

അസ്ഥിക്ക് പിടിച്ച ഒരുപാടൊരുപാട് സിനിമാ മോഹങ്ങളുമായി തൊണ്ണൂറുകളിലാണ് രാജേഷ് പിള്ള മലയാള ചലചിത്രങ്ങളുടെ വിസ്മയ ലോകമായ 'കോളിവുഡി'ലെത്തുന്നത്. വിജി തമ്പിയുടെ 'മാന്ത്രികക്കുതിര' എന്ന ചിത്രത്തിന്റെ സംവിധായക സഹായിയും രാജീവ് അഞ്ചലിന്റെ 'ഗുരു'വില്‍ സഹസംവിധായകനായും ദക്ഷിണ വച്ച് തുടക്കം കുറിച്ചു.

സ്വതന്ത്ര സംവിധായകനാകണമെന്ന മോഹം 2005ല്‍ പൂവണിഞ്ഞു. കുഞ്ചാക്കോ ബോബനെയും ഭാവനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' എന്ന സിനിമ ചെയ്തു. പക്ഷേ പ്രേക്ഷകര്‍ ഈ ചിത്രത്തെ ഹൃദയത്തിലേറ്റാതിരുന്നതിനെ തുടര്‍ന്ന് കന്നി ചിത്രം പരാജയത്തിന്റെ കയ്പ്പറിഞ്ഞു. ഈ തോല്‍വിയില്‍ തളരാതെ രണ്ടാമതൊരു സിനിമയെടുക്കുമ്പോള്‍ റിസ്‌ക് എന്ന് തോന്നാവുന്ന ഒരു വിഷയവും പരിചിതമല്ലാത്ത അവതരണ രീതിയുമായി കടന്നുവരാനുള്ള ചങ്കൂറ്റം രാജേഷ് പിള്ള കാണിച്ചു. ആ ചിത്രമാണ് 2011ല്‍ ന്യൂജനറേഷന്‍ വിപ്ലവം സൃഷ്ടിച്ച 'ട്രാഫിക്'.

മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ വേറിട്ട മുഖമാണ് ട്രാഫിക് അനാവരണം ചെയ്തത്. മാത്രമല്ല, അവയവദാനത്തിന്റെ മഹത്തായ സന്ദേശം കൂടി ആ ചിത്രം പകര്‍ന്നു നല്‍കി. ട്രാഫിക്കില്‍, മലയാളി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ആഖ്യാന ശൈലിയാണ് രാജേഷ് സ്വീകരിച്ചത്. ട്രാഫിക്കിന് മുമ്പുണ്ടായിരുന്ന കാലത്തെ പ്രതിപാദന രീതിയെ ആകെ മാറ്റിക്കൊണ്ട് പുതിയൊരു കാഴ്ചയും അവതരണ ഭംഗിയും രാജേഷ് മലയാള സിനിമയ്ക്ക് സമ്മാനിച്ചു. 

യഥാര്‍ഥ സംഭവമായിരുന്നു ട്രഫിക്കിന്റെ പ്രമേയത്തിന് ആധാരം. പ്രേക്ഷകര്‍ ഈ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ അസുലഭ വിജയമാണ് ട്രാഫിക്കിന്റെ ഹിന്ദി പതിപ്പ് എടുക്കാന്‍ രാജേഷിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് റിലീസ് ചെയ്തു. രാജേഷ് പിള്ള തന്നെയാണ് ഹിന്ദി സിനിമ സംവിധാനം ചെയ്തത്. ട്രാഫിക് തമിഴിലും കനനഡയിലും പുറത്തിറങ്ങി. ട്രാഫിക്കിന് ശേഷമാണ് മലയാള സിനിമയില്‍ ന്യൂജനറേഷന്‍ സിനിമകളുടെ പരമ്പര തന്നെ സൃഷ്ടിക്കപ്പെട്ടത്. അവയില്‍ ഓടിയവയും ഓടാതെ തളര്‍ന്നവയുമുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രാജേഷിന്റെ 'മിലി' അതിന്റെ വ്യതിരിക്തമായ പ്രമേയഭദ്രത കൊണ്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മലയാളത്തിന് പലപ്പോഴും അന്യമായിക്കൊണ്ടിരിക്കുന്ന സ്ത്രീ പ്രാതിനിധ്യ സിനിമകള്‍ക്കൊരു തിരുത്തെഴുത്തായിരുന്നു മിലി എന്ന കഥാപാത്രം. ആശങ്കകള്‍ക്കും ആകുലതകള്‍ക്കും അരക്ഷിതത്വത്തിനുമിടയിലൂടെ മിലി ചുവടുവച്ചപ്പോള്‍ അവളെ അനുവാചകര്‍ തളികളികയില്‍ സ്വീകരിച്ച് നെഞ്ചോടു ചേര്‍ത്തു.

രാജേഷ് പിള്ളയുടെ കൈയൊപ്പ് പതിഞ്ഞ അവസാന ചിത്രമാണ് 'വേട്ട'. വേട്ട റിലീസ് ചെയ്ത ദിവസം മലയാള സിനിമാ പ്രേമികള്‍ കേട്ട ഞെട്ടിക്കുന്ന വാര്‍ത്ത രാജേഷ് പിള്ള ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നുവെന്നാണ്. ആദ്യ ദിവസം തന്നെ തീയേറ്ററുകളില്‍ നിറഞ്ഞോടിയ വേട്ട വന്‍ വിജയത്തിലേയ്ക്ക് കുതിക്കുമെന്ന സൂചനയും നല്‍കി.

ട്രാഫിക്കിനു ശേഷം ത്രില്ലര്‍ സിനിമയിലേയ്ക്കുള്ള രാജേഷിന്റെ തിരിച്ചുവരവായിരുന്നു വേട്ട. മഞ്ജു വാര്യരുടെ പോലീസ് കഥാപാത്രത്തെ പ്രേക്ഷകര്‍ മനസാ ഇഷ്ടപ്പെട്ടപ്പോള്‍ വേട്ടയുടെ വിജയാരവങ്ങള്‍ കേള്‍ക്കാന്‍ സിനിമയുടെ സൃഷ്ടാവ് തന്നെ ഇല്ലാതെ പോയി. തന്റെ ആദ്യ ചിത്രത്തില്‍ നായകനായ കുഞ്ചാക്കോ ബോബന്‍-രാജേഷ് പിള്ള കൂട്ടുകെട്ട് വേട്ടയില്‍ വരെയെത്തി നില്‍ക്കുന്നു.

വേട്ടയുടെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നടക്കുമ്പോള്‍ രാജേഷ് പിള്ളയെ രോഗം വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ രാത്രിയിലും വെളുപ്പാന്‍ കാലത്തുമൊക്കെ അദ്ദേഹം തന്റെ ഇഷ്ട ജോലിയില്‍ പ്രതിബദ്ധതയോടെ മുഴുകി. 'നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സീറോസിസ്' ആയിരുന്നു അസുഖം. ജ്യൂസ് രൂപത്തിലുള്ള ആഹാരമാണ് രാജേഷ് കഴിച്ചിരുന്നത്. രാത്രിയില്‍ ഉറക്കമില്ലാത്ത അവസ്ഥയും ശല്യപ്പെടുത്തിയിരുന്നു.

പ്രമുഖ സംവിധായകര്‍ പോലും വിജയഫോര്‍മുലയുടെ തടവുകാരായി മാറിയിരിക്കെ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച്, ചുരുക്കമെങ്കിലും സാമൂഹിക നന്‍മ പ്രതിഫലിപ്പിക്കുന്ന സന്ദേശമുള്ള സിനിമകളെടുത്ത സംവിധായകനെന്ന നിലയിയായിരിക്കും ചലചിത്രലോകവും കാലവും രാജേഷ് പിള്ളയെ അടയാളപ്പെടുത്തുക. തിരസ്‌കരിക്കപ്പെട്ട ആദ്യചിത്രം-ഹൃദയത്തില്‍ സൂക്ഷിക്കാന്‍, കൈയടിവാങ്ങിയ രണ്ടാമത്തെ സിനിമ-ട്രാഫിക്, നിരൂപക പ്രശംസ നേടികികൊടുത്ത മൂന്നാമത്തെ സംരംഭം-മിലി, വിജയം നേടിയ അവസാന ചിത്രം-വേട്ട...എന്നിങ്ങനെയായിരിക്കും രാജേഷ് പിള്ളയുടെ സിനിമകളെ പ്രേക്ഷകര്‍ വിലയിരുത്തുക.

സര്‍ഗധനനായ സംവിധായകന്റെ മൗലികവും കൈയൊപ്പു ചാര്‍ത്തപ്പെട്ടവയുമാണ് രാജേഷിന്റെ ചിത്രങ്ങള്‍. ഇനിയുമേറെ മികച്ച സിനിമകള്‍ മലയാള ചലചിത്രശാഖയ്ക്ക് യഥേഷ്ടം സംഭാവന ചെയ്യേണ്ടിയിരുന്ന അസാധാരണ പ്രതിഭയെയാണ് അപ്രതീക്ഷിതമായി നമുക്കു നഷ്ടപ്പെട്ടത്. സാമ്പ്രദായികവും യാഥാസ്ഥിതികവും ട്രെന്‍ഡുകളില്‍ കുരുങ്ങിക്കിടക്കുന്നതുമായ മലയാള സിനിമയെ പുതിയൊരു ആസ്വാദനവഴി വെട്ടിത്തെളിച്ച് സ്വതന്ത്രമാക്കിയ രാജേഷ് പിള്ളയുടെ വേര്‍പാട് തീരാ നഷ്ടം തന്നെ. തിരുവനന്തപുരം കവടിയാര്‍ അമ്പലനഗര്‍ വിനായക വീട്ടില്‍ ഡോക്ടര്‍ കെ.രാമന്‍ പിള്ളയുടേയും സുഭദ്രാമ്മയുടേയും മകനാണ്. ഭാര്യ മേഘ. സഹോദരി ശ്രീരേഖ പിള്ള.

മരണം 'വേട്ട'യാടിയ പ്രിയ ചലചിത്രകാരന്‍  (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക