Image

ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായി ജോര്‍ജ് കുട്ടിയെ തെരഞ്ഞെടുത്തു

ജോസ് തെക്കേടം, സെക്രട്ടറി Published on 27 February, 2016
ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായി ജോര്‍ജ് കുട്ടിയെ തെരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി വ്യവസായികളുടെ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (ഐ.എ.എം.സി.സി) പ്രസിഡന്റായി ജോര്‍ജ് കുട്ടിയെ തെരഞ്ഞെടുത്തു. കാലാവധി തീരാന്‍ എട്ടുമാസം ബാക്കിനില്‍ക്കേ പ്രസിഡന്റ് മാധവന്‍ നായരെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ട്രഷറര്‍ കോശി ഉമ്മന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഐക്യകണ്‌ഠ്യേനയാണ് പാസായത്.
ഒന്നര ദശകമായി അമേരിക്കയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നും നിയമ പരമായ ചട്ടക്കൂടുകളില്‍നിന്നും വ്യതിചലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 2014 ഡിസംബറില്‍ അധികാരമേറ്റെടുത്ത കാലം മുതല്‍ത്തന്നെ പ്രസിഡന്റായ മാധവന്‍ നായര്‍ സംഘടനയെ തകര്‍ക്കുന്ന തീരുമാനങ്ങളാണ് കൈക്കൈാള്ളുന്നതെന്നും വ്യക്തിഗതമായ നേട്ടങ്ങള്‍ക്കായി അദ്ദേഹം സംഘടനയെ ഉപയോഗിക്കുന്നുവെന്നും അവിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ടു ട്രഷറര്‍ കോശി ഉമ്മന്‍ ചൂണ്ടിക്കാട്ടി.
സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്നതാണ് അവിശ്വാസ പ്രമേയത്തിലെ ഏറ്റവും പ്രധാന ആരോപണം. കേരളത്തില്‍ സംഘടനയുടെ പേരില്‍ നടത്തിയ പരിപാടികള്‍ വഴി രാഷ്ട്രീയ നേതാക്കന്‍മാരുമായി ബന്ധം സ്ഥാപിച്ച് വ്യക്തിഗത നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും ആരോപണമുണ്ട്. അതോടൊപ്പം സംഘടനയുടെ ഫണ്ട് ട്രഷററെ പോലും അറിയിക്കാതെ കൈകാര്യം ചെയ്യുന്നുവെന്നും കണക്കുകള്‍ ഇതുവരെ കമ്മിറ്റിയില്‍ അവതരിപ്പിച്ചിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ ട്രഷററുടെ സഹായത്തോടെ കമ്മിറ്റിയുടെ അനുവാദമില്ലാതെ എച്ച്എസ്ബിസി ബാങ്കിലെ അക്കൗണ്ട് പ്രസിഡന്റ് നേരിട്ട് കൈകാര്യം ചെയ്യുകയാണെന്നും എതിര്‍പക്ഷം ആരോപിക്കുന്നു.
ഇതിനുദാഹരണമായി 2015 ഏപ്രിലില്‍ ഐ.എ.എം.സി.സി. ന്യൂയോര്‍ക്കിലെ റോയല്‍ ഇന്ത്യാ പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ച കുടുംബസംഗമം ചൂണ്ടിക്കാട്ടുന്നു. കമ്മിറ്റി അംഗങ്ങളോടുപോലും ആലോചിക്കാതെ പരിപാടി സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് പരിപാടിയുടെ തലേന്ന് സംഘടനയുടെ സെക്രട്ടറി ആയിരുന്ന വിന്‍സന്റ് സിറിയക് രാജി സമര്‍പ്പിച്ചു. സംഗമത്തിന്റെ കണക്കുകളും ഇന്നേവരെ കമ്മിറ്റിയിലോ സംഘടനയിലോ അറിയിച്ചിട്ടുപോലുമില്ല. കൂടാതെ വരിസംഖ്യ പിരിക്കുന്നതിന്റെയും ആജീവനാന്ത അംഗത്വഫീസ് ഇാടാക്കുന്നതിന്റെയും കണക്കുകളും അവതരിപ്പിച്ചിട്ടില്ല.

ട്രഷററെ പൂര്‍ണമായും ഒഴിവാക്കി സ്വന്തം വിലാസത്തില്‍ അക്കൗണ്ട് തുറന്ന് ജോയിന്റ് ട്രഷറര്‍ വഴി ഫണ്ടുകള്‍ പ്രസിഡന്റ് കൈാര്യം ചെയ്തുവെന്നും ഇവര്‍ ആരോപിക്കുന്നു. വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, അസോസിയേറ്റ് സെക്രട്ടറി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ നോക്കുകുത്തികളാക്കി

നിയമപ്രകാരം സെക്രട്ടറിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതല അസോസിയേറ്റ് സെക്രട്ടറിക്കാണ് നല്‍കേണ്ടത്്. എന്നാല്‍, ഇതിനുപകരം സംഘടനയ്ക്കു പുറത്തുനിന്നൊരാളെ സെക്രട്ടറിയായി നിയോഗിച്ചു. ന്യൂജേഴ്‌സില്‍ 2015 ഓഗസ്റ്റില്‍ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇതിനെതിരേ രൂക്ഷമായ എതിര്‍പ്പുയരുകയും ഇതേത്തുടര്‍ന്ന് അസോസിയേറ്റ് സെക്രട്ടറിയായിരുന്ന ജോസ് ജേക്കബിനെ സെക്രട്ടറിയാക്കാന്‍ സമ്മതിക്കുകയുമായിരുന്നു. ഈ യോഗത്തില്‍ ജോയ് ഇട്ടനെ അസോസിയേറ്റ്് സെക്രട്ടറിയുമാക്കി.
ഇതിനു മുമ്പ് ഓഗസ്റ്റ് രണ്ടിനു വൈസ് പ്രസിഡന്റ് വിളിച്ചുചേര്‍ത്ത എക്‌സിക്യൂട്ടീവ് കമ്മിയുടെ യോഗത്തില്‍ വച്ച് ട്രഷറര്‍ പ്രസിഡന്റ് മാധവന്‍ നായരില്‍ അവിശ്വാസം രേഖപ്പെടുത്തുകയും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ യോഗം ആവശ്യപ്പെട്ട കാര്യങ്ങള്‍ 12നു നടന്ന യോഗത്തില്‍ ചര്‍ച്ചാവിഷയം ആകുകയും അവിശ്വാസപ്രമേയം കൊണ്ടുവരും എന്ന ഘട്ടത്തില്‍ മാധവന്‍ നായര്‍ താന്‍ ഇതിനു മറുപടി നല്‍കാമെന്നും നിയമവിധേയമായി ഇനി പ്രവര്‍ത്തിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അവിശ്വാസ പ്രമേയം മാറ്റിവയ്ക്കപ്പെട്ടു. എന്നാല്‍, ആരോപണങ്ങള്‍ക്ക് ഇതുവരെ വിശദീകരണം നല്‍കാന്‍ മാധവന്‍ നായര്‍ തയാറായിട്ടില്ല. ഈ യോഗത്തില്‍ത്തന്നെ അക്കൗണ്ടുകള്‍ ട്രഷററുടെ പേരിലേക്ക് മാറ്റാമെന്ന് പ്രസിഡന്റ് ഉറപ്പുനല്‍കിയിരുന്നുവെങ്കില്‍ നവംബറില്‍ ഫണ്ടിന്റെ ഒരു ഭാഗം മാത്രമാണ് അദ്ദേഹം കൈമാറിയത്. കൂടാതെ യോഗതീരുമാനപ്രകാരം സംഘടനയുടെ കണക്കുകളും മറ്റു രേഖകളും സെക്രട്ടറിക്ക് കൈമാറണമെന്ന തീരുമാനവും ഇതുവരെ പാലിക്കാനും മാധവന്‍നായര്‍ തയാറായിട്ടില്ല.
തുടര്‍ന്ന് ഡിസംബര്‍ 16നു വാല്‍ഹാളില്‍ തന്റെ അനുയായികളെ മാത്രം ചേര്‍ത്ത് നടത്തിയ യോഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണെന്ന് അവകാശപ്പെട്ട് ക്രമക്കേടുകള്‍ മറച്ചുവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. എന്നാല്‍, ഇതംഗീകരിക്കാന്‍ ഭൂരിപക്ഷം അംഗങ്ങളും ഇതുവരെ തയാറായിട്ടില്ലെന്നും അവിശ്വാസ പ്രമേയത്തില്‍ ആരോപിക്കുന്നു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്യങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രസിഡന്റ് തന്നെ ഇമെയിലുകള്‍ അയച്ചു. യോഗം
അലങ്കോലപ്പെടുത്തുകയും അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതുവഴി പ്രസിഡന്റും കൂട്ടാളികളും ചെയ്യുന്നതെന്നും അവിശ്വാസ പ്രമേയത്തില്‍ ആരോപിച്ചു. ഈ യോഗത്തില്‍ കാര്യങ്ങള്‍ പൂര്‍ണമായി മനസിലാക്കി സംഘടനയെ മുന്നോട്ടുകൊണ്ടു പോകുന്നതിനും പ്രസിഡന്റിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്നതിനും അംഗങ്ങള്‍ സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ടു അവസാനിപ്പിക്കുന്ന പ്രമേയം ഏകകണ്ഠമായാണ് പാസാക്കിയത്.

ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍പ്രസിഡന്റുമാരായ ബേബി ഊരാളില്‍, വര്‍ക്കി എബ്രാഹം, ലൈഫ് അംഗങ്ങളായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, മോനിച്ചന്‍ മത്തായി, വൈസ് പ്രസിഡന്റ് ജോര്‍ജ് കുട്ടി, സെക്രട്ടറി ജോസ് തെക്കേടം എന്നിവര്‍ ജനറല്‍ ബോഡി യോഗത്തിനു നേതൃത്വം നല്‍കി. അമേരിക്കയിലെ ട്രൈസ്‌റ്റേറ്റിലെ മലയാളി ബിസിനസുകാരുടെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി രൂപം നല്‍കിയ ഈ സംഘടനയ്ക്ക് അടുത്തകാലത്തുണ്ടായ വീഴ്ച വേദനാജനകമാണെന്നും ഇതില്‍ യാതൊരുവിധ രാഷ്ട്രീയകളിക്കും സ്ഥാനമില്ലെന്നും ബേബി ഊരാളില്‍ പറഞ്ഞു. ഒരു സംഘടനയെന്ന നിലയില്‍ പരസ്പരം ബഹുമാനിച്ചു മുന്നോട്ടുപോകാന്‍ ശ്രമിച്ച കമ്മറ്റിഅംഗങ്ങളെ അഭിനന്ദിക്കുന്നതായും സംഘടനയുടെ വളര്‍ച്ചയ്ക്കു വേണ്ടി കഠിനമായ തീരുമാനമെടുക്കേണ്ടിവന്നതു വേദനജനകമാണെന്നും സംഘടനയുടെ മുന്‍പ്രസിഡന്റും എറിക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും പ്രവാസി ചാനലിന്റെ ഡയറക്ടറുമായ വര്‍ക്കി എബ്രാഹം പറഞ്ഞു. സംഘടനയുടെ പാരമ്പര്യമോ സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കോ ഉന്നമനത്തിനോ വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലാത്തെ ആള്‍ക്കാരുടെ കടന്നുവരവാണ് അടുത്തകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു ഫോമ മുന്‍വൈസ് പ്രസിഡന്റും ചേംബര്‍ ഓഫ് കൊമേഴ്‌സ് ലൈഫ് മെംബറുമായ രാജു ഫിലിപ്പ് പറഞ്ഞു.

ജോസ് തെക്കേടം, സെക്രട്ടറി 
ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായി ജോര്‍ജ് കുട്ടിയെ തെരഞ്ഞെടുത്തു
ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായി ജോര്‍ജ് കുട്ടിയെ തെരഞ്ഞെടുത്തു
ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായി ജോര്‍ജ് കുട്ടിയെ തെരഞ്ഞെടുത്തു
ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായി ജോര്‍ജ് കുട്ടിയെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക