Image

ജെയ്റ്റ്‌ലിയുടെ പെട്ടിയും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും

അനില്‍ പെണ്ണുക്കര Published on 27 February, 2016
ജെയ്റ്റ്‌ലിയുടെ പെട്ടിയും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും
'മോഡി' സര്‍ക്കാരിന്റെ മുന്നാമത്തെ ബജറ്റ് തിങ്കളാഴ്ച. എല്ലാവരും നോക്കിയിരുന്നോ. ഇപ്പൊ കിട്ടും. ഞാന്‍ കേരളത്തിന്റെ കാര്യമാ പറഞ്ഞത്. റെയില്‍ ബജറ്റ് കഴിഞ്ഞ് കേരളത്തിനു കിട്ടിയതിന്റെ വാങ്ങല്‍ ഇതുവരെ കഴിഞ്ഞില്ല. എങ്കിലും കുംമനംജി പറയുന്നതുപോലെ കേരളത്തെ അങ്ങനെ തഴയില്ല. കാരണം 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു വരികയാണല്ലോ.

തിങ്കളാഴ്ച ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പെട്ടിയും തൂക്കി ലോക്‌സഭയില്‍ എത്തുമ്പോള്‍ പെട്ടിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് പ്രധാനമായും ഈ സംസ്ഥാനങ്ങളെ കുടി ലക്ഷ്യമിട്ടുള്ള എന്തെങ്കിലുമൊക്കെ കാണും. ഇത് എന്തെന്ന് സാമ്പത്തിക ലോകം കാത്തിരിക്കുന്നു.

ഈ രാജ്യത്ത് വ്യാപാരം നടക്കുന്ന രീതി കുറച്ചു കൂടി ലളിതമാക്കുമെന്ന വസ്തുതയ്ക്കായിരിക്കും അരുണ്‍ ജെയ്റ്റ്‌ലി ഊന്നല്‍ നല്‍കുക. നരേന്ദ്ര മോദിയുടെ മേയ്ക്ക് ഇന്ത്യ പദ്ധതിയ്ക്ക് വിജയം കാണണമെങ്കില്‍ കോര്‍പറേറ്റുകളെ സുഖിപ്പിച്ചാലേ പറ്റുകയുള്ളൂ. അതിനാല്‍ നികുതി ഘടനയില്‍ മാറ്റം വരുത്തിയേക്കും. എന്നിരുന്നാലും കോര്‍പറേറ്റ് ഭീമന്മാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും അരുണ്‍ ജയ്റ്റ്‌ലി പെട്ടിക്കുള്ളില്‍ ഒളിച്ചു വച്ചിരിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുക. ഗ്രാമ വികസനം ലക്ഷ്യം വച്ചുള്ള ബജറ്റാണെന്ന് ഒളിഞ്ഞും തെളിഞ്ഞും പുറത്തു പറയുന്നുണ്ടെങ്കിലും കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വാരിക്കോരി നല്‍കിയേക്കും.

ഭാരതത്തിലെ കോടിക്കണക്കിനു വരുന്ന ദരിദ്ര നാരായണന്മാരുടെ പിച്ചചട്ടിയില്‍ എന്തെങ്കിലും ഇട്ടുകൊടുത്താലായി. കഴിഞ്ഞ രണ്ടു ബജറ്റിലും കോര്‍പറേറ്റ് ഭീമന്മാര്‍ക്കായി വാരിക്കോരി നല്‍കിയെന്ന് ആര്‍.എസ്.എസിനുതന്നെ ആക്ഷേപമുണ്ട്. അത് പരസ്യമാക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഈ ബജറ്റില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍, പുതുതലമുറയ്ക്ക് തൊഴിലവസരങ്ങള്‍ കൂട്ടുക എന്ന ലക്ഷ്യം വച്ച് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചേയ്ക്കും.

ബാങ്ക് നിക്ഷേപങ്ങള്‍ക്കുമേലുള്ള നികുതിക്ക് ഇളവു നല്‍കണമെന്നു പ്രീ ബജറ്റ് ചര്‍ച്ചകളില്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണു റിസര്‍വ് ബാങ്കിന്റെയും ആഗ്രഹം. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി സേവിങ്‌സ് നിക്ഷേപങ്ങളുടെ നികുതി പരിധി ഉയര്‍ത്തിയേക്കും. നിലവില്‍ 1.5 ലക്ഷം ആയിരിക്കുന്ന ഇത് 2.5 ലക്ഷം ആക്കി വര്‍ധിപ്പിക്കുമെന്നാണ് സൂചന.

കൂടാതെ ഇടത്തരക്കാര്‍ക്ക് ആശ്വാസമേകി, ആദായനികുതി നല്‍കുന്നതിനുള്ള വരുമാന പരിധി രണ്ടര ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷം ആക്കിയേക്കും. മൂന്നു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ വരുമാനം രണ്ടരലക്ഷം രൂപയില്‍ അധികം എത്ര ആകുന്നുവോ, അതിന്റെ പത്തു ശതമാനമാണ് ആദായനികുതിയായി നല്‍കേണ്ടത്.

ഇതോടൊപ്പം മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ആദായനികുതി നിരക്കിലും വ്യത്യാസമുണ്ടാകും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദായനികുതി ഒടുക്കേണ്ടതിന്റെ വരുമാന പരിധി ഉയര്‍ത്തുമെന്നാണ് അറിയുന്നത്. നേരത്തെ നടപ്പാക്കിയ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ വേണ്ടത്ര ഫലം കണ്ടിട്ടില്ല. ഇതിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണു സൂചന.

എക്‌സൈസ്, കസ്റ്റംസ് തീരുവകള്‍ വ്യക്തിഗത വരുമാന നികുതിയും കോര്‍പറേറ്റ് നികുതിയും പറയത്തക്ക വളര്‍ച്ചയൊന്നും കാണിക്കാത്തത് മൂലം എന്തു മാജിക് കാണിക്കുമെന്ന് തിങ്കളാഴ്ചവരെ കാത്തിരിക്കാം. അതേ സമയം, നികുതി ഇളവുകളടക്കം സാമ്പത്തിക രംഗത്തു വലിയ മാറ്റമുണ്ടാക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ.

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കു വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതി ബജറ്റിലൂടെ മറികടക്കും. ഗ്രാമീണ മേഖലയുടെ ഉന്നമനം ലക്ഷ്യംവച്ച് വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കും ഗ്രാമീണ യുവാക്കളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും അനുകൂലമാകുന്ന സുപ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. ഗ്രാമീണ മേഖലകളില്‍ പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകണമെന്ന ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വം നല്‍കിയ നിര്‍ദേശം അപ്പടി അരുണ്‍ ജെയ്റ്റ്‌ലി അംഗീകരിച്ചേയ്ക്കും.

കാര്‍ഷിക വായ്പകളുടെ പലിശയ്ക്ക് ഇപ്പോള്‍ നല്‍കുന്നതിലും കൂടിയ കിഴിവ് നല്‍കും. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു കൂടുതല്‍ തുക വകയിരുത്തും. കഴിഞ്ഞ മൂന്നുവര്‍ഷമായി തുകയില്‍ വര്‍ധന ഇല്ലായിരുന്നു. ഗ്രാമീണ ദരിദ്രരുടെ ദുരിതത്തിനു പരിഹാരം ഉണ്ടാക്കാന്‍ ഈ പദ്ധതി ഫലപ്രദമാണെന്ന നീതി ആയോഗിന്റെ നിര്‍ദേശമാണ് മോദിയെയും അരുണ്‍ ജെയ്റ്റ്‌ലിയെയും മാറ്റി ചിന്തിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര ജീവനക്കാരുടെ ശമ്പളപെന്‍ഷന്‍ വര്‍ധനയും വിമുക്തഭടന്മാരുടെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ സ്‌കീമും നടപ്പാക്കാന്‍ ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകും. പ്രതിരോധ മേഖലയിലും ചെലവു വര്‍ധന ഉണ്ടാകും. ഈ സാഹചര്യത്തില്‍ ഗ്രാമീണമേഖലയ്ക്കു കൂടുതല്‍ തുക നീക്കിവയ്ക്കാന്‍ എളുപ്പമല്ലെന്ന ധനകാര്യ വിദഗ്ധരുടെ നിര്‍ദേശം മറികടന്നാണ് പുതിയ പദ്ധതികളും തുകയും ഗ്രാമീണ മേഖലയ്ക്കായി മാറ്റി വയ്ക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലാണ് ദരിദ്രരോടും ഗ്രാമീണരോടും മോദി ബജറ്റിലൂടെ സ്‌നേഹം കാണിക്കാനൊരുങ്ങുന്നത്കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യം വച്ചു പുതിയ പദ്ധതികളും കര്‍ഷക ക്ഷേമ പദ്ധതികളും ബജറ്റില്‍ ഉണ്ടായേക്കും.

കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍, കേന്ദ്ര സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവരുമായി സഹകരിച്ചു കര്‍ഷകര്‍ക്കു പുത്തന്‍ കൃഷി രീതികള്‍ പരിചയപ്പെടുത്തല്‍ തുടങ്ങിയവയും കാര്‍ഷിക മേഖല പ്രതീക്ഷിക്കുന്നുണ്ട്.പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകരെ സഹായിക്കാന്‍ തക്ക വലിയ പ്രഖ്യാപനമൊന്നും ബജറ്റില്‍ ഉണ്ടാകില്ല. സ്വാഭാവിക റബറിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്താനോ, വിലസ്ഥിരതാ നിധിക്കോ സാധ്യതയില്ല. റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി കൂടുതലൊന്നും ചെയ്യാനില്ലെന്നു കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ പറഞ്ഞിരുന്നു.

റബറിന്റെ വില കുത്തനെ ഇടിയുന്ന സാഹചര്യത്തെ പ്രതിരോധിക്കാന്‍ ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 40 ശതമാക്കി കൂട്ടണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനം പലതവണ ഉന്നയിച്ചതാണ്. പക്ഷെ, ബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

കാര്‍ഷിക മേഖലയ്ക്കായി ഫസല്‍ ബീമ യോജന എന്ന പേരിലുള്ള പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 9,500 കോടി രൂപയുടെ സമഗ്ര വിള ഇന്‍ഷുറന്‍സ് പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പദ്ധതികളും ബജറ്റില്‍ പ്രതീക്ഷിക്കാം.

മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കാനുള്ള പദ്ധതി നടപ്പിലാക്കിയേക്കും. ജനങ്ങള്‍ക്ക് ഒരു രൂപപോലും ചെലവുവരാതെ നടപ്പാക്കാനുള്ള പദ്ധതിയായിരിക്കും പ്രഖ്യാപിക്കുക.

വില സ്ഥിര നിധിപോലുള്ള പ്രഖ്യാപനങ്ങള്‍ക്കൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രം തയാറാകില്ല. കര്‍ഷകരുടെ താല്‍പര്യം പോലെ തന്നെ പ്രധാനമാണ് വ്യവസായികളുടെ താല്‍പര്യവും അതിനാല്‍ റബര്‍ മേഖലയ്ക്ക് കൂടുതലെന്നും പ്രതീക്ഷിക്കണ്ട എന്ന സൂചന നേരത്തെ തന്നെ ധനകാര്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്.

വ്യവസായി മിത്രമായി അറിയപ്പെടുന്നതില്‍ മോദി അഭിമാനം കൊണ്ടു. അംബാനിയും അദാനിയും പോലുള്ള കോര്‍പറേറ്റ് ഭീമന്മാര്‍ മോദിയില്‍ അവര്‍ക്കു പ്രിയപ്പെട്ട നേതാവിനെ കണ്ടു. ആ വിധേയത്വം ദര്‍ശിക്കുന്നതായിരിക്കും ഈ ബജറ്റിലും കാണുക.

ഈ ബജറ്റിലൂടെ മോദി പുതിയ മുഖം മൂടി അണിയാനുള്ള ഒരുക്കത്തിലാണ്. ഇന്ദിരാഗാന്ധി വിജയകരമായി ധരിച്ച സോഷ്യലിസ്റ്റ് മുഖച്ഛായ. ഒട്ടേറെ കാര്യങ്ങളില്‍ ഇന്ദിരാഗാന്ധിയെ അനുകരിക്കാന്‍ ശ്രമിക്കുന്ന മോദി അങ്ങനെ ഒരു ഇടതുപക്ഷ ഹിന്ദുത്വവാദി ആകാന്‍ ശ്രമിക്കുന്നു.

ഈ മാറ്റം ബജറ്റിലും കാണും. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ കോര്‍പറേറ്റ് പ്രീണനം എന്ന ഇമേജ് ഇനി വോട്ട് നേടാന്‍ അത്ര മെച്ചമല്ലെന്നു കരുതിയാകും ചിലപ്പോള്‍ ഈ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുക. ഈയിടെ തുടക്കമിട്ട വിള ഇന്‍ഷുറന്‍സ് (പ്രധാനമന്ത്രി ഫസല്‍ ബീമ യോജന), ഏപ്രിലില്‍ തുടങ്ങാന്‍പോകുന്ന ദേശീയ കാര്‍ഷിക വിപണി തുടങ്ങിയവയ്ക്കും ഗ്രാമീണ റോഡ് നിര്‍മാണം, ജലസേചനം, ഗ്രാമീണ വൈദ്യുതീകരണം തുടങ്ങിയവയ്ക്കും കൂടുതല്‍ പണം വകയിരിത്തും. കഴിഞ്ഞ ഞായറാഴ്ച ഛത്തീസ്ഗഡില്‍ ഉദ്ഘാടനം ചെയ്ത റൂര്‍ബന്‍ (ഗ്രാമനഗര) പദ്ധതിയും ഗ്രാമങ്ങളിലേക്കു കൂടുതല്‍ ധനസഹായമെത്തിക്കും.

നൂറു ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യം കൊണ്ടു വരുന്ന റൂര്‍ബന്‍ പദ്ധതി വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനവും ബജറ്റില്‍ പ്രതീക്ഷിക്കാം.രണ്ടാം യു.പി.എയുടെ കാലത്തു ഗുജറാത്തിലെ വ്യവസായ സൗഹൃദ നയങ്ങളും വ്യവസായ വളര്‍ച്ചയും ചൂണ്ടിക്കാട്ടിയാണു നരേന്ദ്ര മോദി തന്നെത്തന്നെ ദേശീയ രാഷ്ട്രീയത്തില്‍ അവതരിപ്പിച്ചത്. എന്തായാലും ഇന്നുവരെ കോര്‍പറേറ്റ് ഭീമന്മാരുടെ ചെരുപ്പ് തോളിലേറ്റിയ സ്ഥിതിക്ക് ഇനിയും അത് തുടരാനാണ് സാധ്യത .അതുകൊണ്ട് സാധാരണക്കാര്‍ മോഡിയുടെ വരാന്‍ പോകുന്ന ബജറ്റില് വലുതായി പ്രതീക്ഷ അര്‍പ്പിക്കെണ്ടാ.. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക