Image

വോട്ടുപോര് 2016-ജില്ലാവിശേഷം: ഇടതു വള്ളത്തില്‍ തുഴയെറിഞ്ഞ് ആലപ്പുഴ-9 (എ.എസ് ശ്രീകുമാര്‍)

Published on 18 March, 2016
വോട്ടുപോര് 2016-ജില്ലാവിശേഷം: ഇടതു വള്ളത്തില്‍ തുഴയെറിഞ്ഞ് ആലപ്പുഴ-9 (എ.എസ് ശ്രീകുമാര്‍)
ആലപ്പുഴയുടെ കായല്‍ പരപ്പില്‍ വെളിച്ചം വീണ് തുടങ്ങുമ്പോള്‍ കെട്ടുവള്ളങ്ങള്‍ യാത്ര തുടങ്ങും. കേരളം എന്ന സുന്ദരഭൂമിയെക്കുറിച്ച് കേട്ടറിഞ്ഞ് കടല്‍കടന്ന് എത്തിയ സഞ്ചാരികളാണ് കെട്ടുവള്ളങ്ങളെ ഹൗസ് ബോട്ടുകളെന്ന് വിളിച്ചത്. കേരളത്തിന്റെ വിനോദ സഞ്ചാരമേഖല വളര്‍ന്നപ്പോള്‍ ഹൗസ് ബോട്ടുകള്‍ക്കും പ്രാധാന്യമേറി. കെട്ടുവള്ളങ്ങളില്‍ നിന്ന് ഹൗസ് ബോട്ടിലേക്കുള്ള പരിണാമം, രൂപത്തില്‍ കാര്യമായിട്ടില്ലെങ്കിലും വിനോദസഞ്ചാരികളെ ലക്ഷ്യം വച്ച് സജ്ജീകരണങ്ങള്‍ കൂട്ടി. 

കാളവണ്ടിയുഗത്തില്‍ കേരളത്തിലെ ജനത സഞ്ചാരിച്ചിരുന്നത് കെട്ടുവള്ളങ്ങളിലായിരുന്നു. കരയിലൂടെ ചരക്കുകള്‍ വഹിച്ചുകൊണ്ട് വണ്ടിക്കാളകള്‍ കിതച്ചപ്പോള്‍, കായാലോരത്തുള്ളവര്‍ കായലിനെ അനുഗ്രഹമായി കണ്ടു. തിരുവനന്തപുരവും, കൊല്ലവും ആലപ്പുഴയും ഫോര്‍ട്ടുകൊച്ചിയും കായലുകളാല്‍ അകന്ന് നില്‍ക്കുകയായിരുന്നില്ല. പരസ്പരം ബന്ധപ്പെടുകയായിരുന്നു. കാലം മാറിയപ്പോള്‍ നമ്മുടെ സംസ്‌കാരം ടൂറിസ്റ്റുകള്‍ക്ക് കൗതുകകാഴ്ചകളാക്കാന്‍ ഒരുക്കിവയ്ക്കാന്‍ നമ്മള്‍ പഠിച്ചു. അങ്ങനെ കടല്‍ക്കടന്ന് സഞ്ചാരികള്‍ വീണ്ടും വന്നു. ചിലര്‍ കുന്നുകള്‍ തേടി, ചിലര്‍ക്ക് ബീച്ചുകളോടായിരുന്നു താല്‍പര്യം. ജീവിതത്തിരക്കിന്റെ രണ്ടുനാള്‍ കായലില്‍ ചിലവിട്ട് വ്യത്യസ്ത അനുഭവിക്കാനും ചിലര്‍ ആഗ്രഹിച്ചു. അവര്‍ക്കായി കേരളത്തിന്റെ കായലുകളില്‍ ഹൗസ് ബോട്ടുകള്‍ ഒരുങ്ങി. 

കേരളത്തിന്റെ ജലാശയ സൗന്ദര്യം ആസ്വദിക്കാന്‍ ഹൗസ്‌ബോട്ടില്‍ രണ്ട് ദിവസം ചിലവിടുക എന്നതില്‍ കവിഞ്ഞ് വേറെരും ഓപ്ഷനുമില്ല. കായല്‍ പരപ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊച്ചിയേത് കൊല്ലമേതെന്ന് ആരും ഓര്‍ക്കാറില്ല. ഏല്ലവര്‍ക്കും ഒരേ വികാരം മാത്രം. ''സുന്ദരം...'' എല്ലാവരും ഉരുവിടുന്ന ഒരേ വാക്ക്. ചിലര്‍ മൗനിയായി ക്യാമറ കയ്യിലേന്തും. പിന്നെ ഉന്നം പിടിച്ച് ഷൂട്ട് ചെയ്യും. പക്ഷെ എല്ലാവരും കായല്‍ പരപ്പിന്റെ മനോഹര ചിത്രം മനസില്‍ സൂക്ഷിക്കും. അത് വാക്കുകളിലൂടെ കൈമാറും. ആഗ്രഹിച്ചിട്ടില്ലേ ഹൗസ്‌ബോട്ടില്‍ ഒരു യാത്ര ചെയ്യാന്‍. കേരളത്തിലാണെന്ന് പറയുമ്പോള്‍ പലരും ചോദിച്ചുകാണും ഹൗസ്‌ബോട്ടില്‍ യാത്ര ചെയ്തിട്ടുണ്ടോയെന്ന്. യാത്ര ചെയ്തവര്‍ പുഞ്ചിരിക്കും. അപ്പോള്‍ അവരുടെ മനസില്‍ കായലിലെ ഓളങ്ങളായിരിക്കും. 

യാത്ര ചെയ്യാത്തവര്‍ ഒന്ന് കൊതിക്കും. ഹൗസ് ബോട്ടില്‍ കയറാന്‍. കേരളത്തിന്റെ ജലശയങ്ങളെല്ലാം തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. അതില്‍ കായലുകള്‍ എടുത്തുപറയേണ്ടതാണ്. പ്രാചീനകാലം മുതല്‍ കേരളത്തിലെ ആയിരങ്ങള്‍ ഉപജീവനം നടത്തുന്നത് കായലുകള്‍ക്കൊണ്ടാണ്. വള്ളം തുഴഞ്ഞും, മീന്‍പിടിച്ചും, കൃഷി നടത്തിയുമാണ് കായലിന് ചുറ്റുമുണ്ടായിരുന്ന ജനങ്ങള്‍ ജീവിച്ച് പോരുന്നത്. ഓണക്കാലം വരുന്നതോടെ വള്ളംകളി ഈ മേഖലയിലെ ജനങ്ങളെ ആവേശം കൊള്ളിക്കുന്നു. ആലപ്പുഴയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവയ്ക്കുംമുമ്പ് അറിയാതെ യാത്ര ചെയ്തു പോയി അനുഭവത്തിന്റെ ഒരു ഹൗസ് ബോട്ടിലൂടെ...ഇനി തിരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ ഓളപ്പരപ്പിലൂടെ....

ആലപ്പുഴ, അമ്പലപ്പുഴ, അരൂര്‍, ചെങ്ങന്നൂര്‍, ചേര്‍ത്തല, ഹരിപ്പാട്, കായംകുളം, കുട്ടനാട്, മാവേലിക്കര എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ആലപ്പുഴ ജില്ലയിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ തോമസ് ഐസക്ക് 16,342 വോട്ടുകള്‍ക്ക് ആലപ്പുഴ സീറ്റില്‍ വിജയിച്ചു. അമ്പലപ്പുഴയില്‍ സി.പി.എമ്മിലെ ജി.സുധാകരന്റെ വിജയം 16,580 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. അരൂരില്‍ സി.പി.എമ്മിന്റെ എ.എം ആരിഫ് നേടിയത് 16,852 വോട്ടുകളുടെ ഭൂരിപക്ഷ വിജയമായിരുന്നു.  ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിലെ പി.സി.വിശ്വനാഥ് 12,500 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ ചേര്‍ത്തലയില്‍ സി.പി.ഐയിലെ പി.തിലോത്തമന്‍ 18,315 വോട്ടുകളുടെ ഭൂരിപക്ഷം നേടി നിയമസഭയിലെത്തി. ഹരിപ്പാട്ട് രമേശ് ചെന്നിത്തല 5,520 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1,315 വോട്ടുകള്‍ക്ക് കായംകുളം മണ്ഡലം സി.പി.എമ്മിലെ സി.കെ.സദാശിവന്‍ സ്വന്തമാക്കി. കുട്ടനാട്ടില്‍ എന്‍.സി.പി യുടെ തോമസ് ചാണ്ടി 7,971 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ മാവേലിക്കര മണ്ഡലം സി.പി.എമ്മിലെ ആര്‍.രാജേഷ് 5,149 വോട്ടുകള്‍ക്ക് നേടി. 

സംസ്ഥാന ഭരണം കോണ്‍ഗ്രസിന്റെ കയ്യിലെത്തിയപ്പോഴും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്‍പതില്‍ ഏഴ് സീറ്റ് നല്‍കി ഇടത് പക്ഷത്തെ നെഞ്ചോട് ചേര്‍ത്ത ജില്ലയാണ് ആലപ്പുഴ. ഇടത് തരംഗത്തില്‍ കടപുഴകി വീഴാതെ കര കയറിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും (ഹരിപ്പാട്) പി.സി വിഷ്ണുനാഥും (ചെങ്ങന്നൂര്‍) മാത്രം. അഞ്ച് വര്‍ഷത്തിനിപ്പുറം വീണ്ടുമൊരു തിരഞ്ഞെടുപ്പിനായി അരങ്ങുണരുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ ഏറ്റക്കുറച്ചിലുകളില്ല. മാണിഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന ഡോ. കെ.സി ജോസഫും കൂട്ടരും ജനാധിപത്യ കേരളാ കോണ്‍ഗ്രസായി എല്‍.ഡി.എഫിലേക്ക് എത്തിയത് മാത്രമാണ് എടുത്ത് പറയാവുന്ന പ്രത്യേകത. എല്‍.ഡി.എഫില്‍ കഴിഞ്ഞ തവണത്തേത് പോലെ ആറ് സീറ്റില്‍ സി.പി.എമ്മും രണ്ട് സീറ്റില്‍ സി.പി.ഐയും ഒരു സീറ്റില്‍ എന്‍.സി.പിയും മത്സരിക്കും.

കുട്ടനാട് സീറ്റിലാണ് എന്‍.സി.പി ജനവിധി തേടുക. ചേര്‍ത്തല, ഹരിപ്പാട് മണ്ഡലങ്ങളില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ മറ്റിടങ്ങളിലൊക്കെ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ പടക്കിറങ്ങും. യു.ഡി.എഫില്‍ സീറ്റ് തര്‍ക്കത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. കോണ്‍ഗ്രസ് മത്സരിക്കുന്ന കായംകുളം സീറ്റ് തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യവുമായി ജെ.ഡി.യു രംഗത്തുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

സുഗമമായി നീങ്ങിയ സി.പി.എമ്മിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അവസാനനിമിഷം ഒച്ചപ്പാടുകള്‍ക്ക് കാരണമായി. കായംകുളം, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ സി.കെ. സദാശിവന്‍, സി. എസ്. സുജാത എന്നിവരെ ഒഴിവാക്കാനുള്ള നീക്കമാണ് വി. എസ് ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. ഇരുവര്‍ക്കും സീറ്റ് നല്‍കണമെന്ന് വി. എസ് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എസ്.എന്‍.ഡി.പി നേതൃത്വം നല്‍കുന്ന ഭാരത് ധര്‍മ്മജന സേന എന്‍.ഡി.എയുടെ ഒപ്പം ചേര്‍ന്ന് ജനവിധി തേടുന്ന തിരഞ്ഞെടുപ്പാണിത്. സീറ്റ് നിര്‍ണയം സംബന്ധിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ ഇതുവരെ ധാരണയായിട്ടില്ല. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സ്വന്തം ജില്ലയെന്ന നിലയില്‍ ആലപ്പുഴയില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്നാണ് ബി.ഡി.ജെ.എസിന്റെ ആവശ്യം. ഒന്‍പത് മണ്ഡലങ്ങളില്‍ നാലോ അഞ്ചോ സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കാന്‍ സാധ്യതയുണ്ട്. എന്‍.ഡി.എ മുന്നണി സ്ഥാനാര്‍ത്ഥികള്‍ നേടുന്ന  വോട്ടുകള്‍ ആരെ ദോഷകരമായി ബാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെ.

കെ. ആര്‍ ഗൗരിഅമ്മ നേതൃത്വം നല്‍കുന്ന ജെ.എസ്.എസ് എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. 22 വര്‍ഷങ്ങള്‍ക്ക് ശേഷം കെ.ആര്‍ ഗൗരിഅമ്മ എ.കെ.ജി സെന്ററില്‍ എത്തുകയും ചെയ്തു. എന്നാല്‍, പാര്‍ട്ടി പിറവി കൊണ്ട ആലപ്പുഴയില്‍ ജെ.എസ്.എസ് ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാന്‍ സി.പി. എമ്മിന് കഴിഞ്ഞില്ല. നാല് സീറ്റുകളാണ് ജെ.എസ്.എസ് ആവശ്യപ്പെട്ടിരുന്നത്. അരൂര്‍ അല്ലെങ്കില്‍ ചേര്‍ത്തല മണ്ഡലങ്ങളിലൊന്ന് ആലപ്പുഴ ജില്ലയില്‍ നല്‍കണമെന്ന് സി.പി.എം നേതൃത്വത്തോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജില്ലയില്‍ ഒരു സീറ്റുപോലും ജെ.എസ്.എസിന് നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ജെ.എസ്.എസ് മുന്നോട്ട് വച്ച അരൂര്‍ സീറ്റില്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ എ.എം ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ചേര്‍ത്തലയാകട്ടെ സി.പി.ഐയുടെ മണ്ഡലവും. അവര്‍ സീറ്റ് വിട്ട് കൊടുക്കില്ല. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഏതെങ്കിലും സീറ്റ് നല്‍കി ജെ.എസ്.എസിനെ അനുനയിപ്പിക്കാനാകും സി.പി.എമ്മിന്റെ നീക്കം.

ഇടതുപക്ഷ ചേരിയില്‍ ധാരണയായിരിക്കുന്ന സീറ്റുകളില്‍ പലതിലും സിറ്റിംഗ് എം.എല്‍.എമാര്‍ തന്നെ ജനവിധി തേടും. തോമസ് ഐസക് (ആലപ്പുഴ), ജി. സുധാകരന്‍ (അമ്പലപ്പുഴ) എ.എം ആരിഫ് (അരൂര്‍ ) ആര്‍.രാജേഷ് (മാവേലിക്കര), തോമസ് ചാണ്ടി (കുട്ടനാട്) എന്നീ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായി. കായംകുളം, ചെങ്ങന്നൂര്‍ സീറ്റുകളില്‍ തര്‍ക്കം തുടരുകയാണ്. സി.പി.ഐ മത്സരിക്കുന്ന ചേര്‍ത്തല, ഹരിപ്പാട് സീറ്റുകളില്‍ ഇത് വരെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടില്ല. ചേര്‍ത്തലയില്‍ പി.തിലോത്തമന്‍ തന്നെ സ്ഥാനാര്‍ത്ഥിയായേക്കും. യു.ഡി.എഫില്‍ രമേശ് ചെന്നിത്തല, പി.സി വിഷ്ണുനാഥ് എന്നിവരുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്. ബാക്കി സീറ്റുകളിലൊക്കെ തര്‍ക്കം തുടരുകയാണ്.

പി.സി. വിഷ്ണുനാഥ് ജനവിധിതേടുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മുന്‍ എം. എല്‍. എ ശോഭനനാ ജോര്‍ജ് റിബലാകാനുള്ള സാധ്യതയേറി. പ്രചരണരംഗത്ത് സജീവമായ ശോഭന പിന്‍മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പത്രിക സമര്‍പ്പിച്ച ശോഭനയെ സ്ഥാനമാനങ്ങള്‍ വാഗ്ദാനംചെയ്തശേഷം ഒന്നും നല്‍കാതെ കബളിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം. മത്സരരംഗത്തെ ശോഭനയുടെ സാന്നിദ്ധ്യം യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയുടെ ചങ്കിടിപ്പ് കൂട്ടുമെന്നുറപ്പ്.

വോട്ടുപോര് 2016-ജില്ലാവിശേഷം: ഇടതു വള്ളത്തില്‍ തുഴയെറിഞ്ഞ് ആലപ്പുഴ-9 (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക