Image

ചില നര­ജന്മ വിശേ­ഷ­ങ്ങള്‍ (ചെറു­കഥ: ശ്രീജാ രാജന്‍)

Published on 18 March, 2016
ചില നര­ജന്മ വിശേ­ഷ­ങ്ങള്‍ (ചെറു­കഥ: ശ്രീജാ രാജന്‍)
"ചേച്ചീ ഈ നീലച്ചുരിദാര്‍ ചേച്ചിക്കെന്ത് ഭംഗിയാ'., അടിപൊളി,! കരിനീല ചേച്ചിയുടെ നിറത്തിന് എന്ത് ചേര്‍ച്ചയാ.. ആഹാ.. അപ്പോഴേക്കും നീലക്കമ്മലും സംഘടിപ്പിച്ചോ? നല്ല ഭംഗി.. "
നീല ഷാള്‍ പല തരത്തിലും കഴുത്തില്‍ ചുറ്റി കണ്ണാടിക്ക് മുന്നില്‍ നിന്ന് ചാഞ്ഞുംചെരിഞ്ഞും ഭംഗിനോക്കുമ്പോഴാണ് കസിന്‍സിസ്റ്ററുടെ വക കമന്റ്..അവളെയൊന്ന് ഒളികണ്ണിട്ടു നോക്കി. നോക്കെടീ നോക്ക് എന്ന ഭാവത്തില്‍..പെണ്ണിന്റെ മുഖത്ത് അസൂയയുണ്ടോ ?ഇതൊക്കെയെന്ത്? ഇത് ചെറുത് . പതിയെ ഷെല്‍ഫു തുറന്ന് നീലനെയില്‍ പോളിഷിന്റെ ബോട്ടിലെടുത്തു. അവളുടെ തുറിച്ചു നോട്ടം ആസ്വദിച്ചു കൊണ്ട് ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി നഖത്തില്‍ നെയില്‍ പോളിഷ് പുരട്ടാന്‍ തുടങ്ങി 'സുന്ദരീ... നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍.... '
"അയ്യോ ചേച്ചീ..."
പെട്ടെന്നൊരലര്‍ച്ച ! നിന്ന നില്പില്‍ തുള്ളി പോയി "അയ്യോ എന്ത്പറ്റി?"
വിറച്ചു കൊണ്ട് അവളെ നോക്കി.. "അയ്യോ ദേ.. ചേച്ചീ നോക്കിയേ'
തലയില്‍ ചൂണ്ടിക്കൊണ്ട് അവള്‍ അലറുന്നു എന്റെമ്മേ.. തലയില്‍ എന്താ വല്ല പല്ലിയോ പാറ്റയോ പഴുതാരയോ മറ്റോ ആണോ ?ഇതെപ്പോ മുടിയില്‍ കയറി? എവിടുന്ന്? "എടീ അതിനെ തട്ടിത്താഴെയിടടീ "
... "ചേച്ചീ കത്രിക കൊണ്ടു വാ ഞാന്‍ മുറിക്കാം" അവള്‍ അലറുകയാണ്.

.. നീയെന്താണീ പറയുന്നത്.പാറ്റയെ തലയില്‍ വെച്ച് മുറിച്ച് കൊല്ലാനുള്ള പുറപ്പാടാണോ
.. അതു വരെ വിരണ്ട് നിന്ന അവള്‍ എന്റെ ചോദ്യം കേട്ട് ഒന്നമ്പരന്നു. പിന്നെ പെട്ടെന്ന് പൊട്ടിച്ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു."പാറ്റയും പഴുതാരയുമൊത്തു മല്ലാട്ടാ.. നരയാണ് നര 'നര ..ഹ ..ഹ ..ഹ.. ദേ..നര ഇവിടെ മൂന്നാലെണ്ണം .വയസ്സായി അല്ലേ ചേച്ചീ.. തലയില്‍ ഇങ്ങനെ വെള്ളിയും വെച്ചിട്ട് നീലച്ചുരിദാര്‍ ഇട്ടിട്ട് ഒരു കാര്യവുമില്ലാട്ടാ.. പാവം ചേച്ചി.. ഇതിലായിരുന്നു പിടിച്ചു നിന്നത് .ഇനിയിപ്പോ എന്താ ചെയ്യ !!"
അവള്‍ സന്തോഷം അടക്കാനാവാതെ പൊട്ടിച്ചിരിച്ചു കൊണ്ട് ഓടി പോവുന്നത് ഷോക്കടിച്ച പോലെ നോക്കി നിന്നു.

മുടി നരച്ചാല്‍ ഒരിക്കലും കറുപ്പിക്കില്ലെന്നും പ്രായം കാലത്തിന്റെ അനിവാര്യതയാണെന്നുമൊക്കെ പണ്ട് ബഡായി പറയുമ്പോള്‍ ഇത്രയും ഓര്‍ത്തില്ല.. സാരമില്ല..ആ കേട്ടതൊക്കെ കൂട്ടുകാര് മറന്നു കാണും. അതുകൊണ്ട് തീരുമാനത്തില്‍ ഒരു ദേദഗതി വരുത്തുന്നതില്‍ തെറ്റൊന്നുമില്ല. സൂപ്പര്‍ മാര്‍ക്കറ്റിലെ ഡൈ സെക്ഷന്‍ രണ്ടാമത്തെ നിലയിലെ ഇടത്തെ മൂലയില്‍ തന്നെയല്ലേ ആ­വോ?
ചില നര­ജന്മ വിശേ­ഷ­ങ്ങള്‍ (ചെറു­കഥ: ശ്രീജാ രാജന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക