Image

നോമ്പുകാല ചിന്തകള്‍-10 (ദീപം ബൈബിള്‍ സ്റ്റഡി: ഇ.­വി.­പി)

Published on 19 March, 2016
നോമ്പുകാല ചിന്തകള്‍-10 (ദീപം ബൈബിള്‍ സ്റ്റഡി: ഇ.­വി.­പി)
എനിക്ക് തൃപ്തിയായി, എന്നൊക്കെ ചിലപ്പോള്‍ നാം പറയാറുണ്ടല്ലോ. നെഗറ്റിവും പോസിറ്റിവുമായി പറയാവുന്ന വാക്യം. ജീവിതത്തിന്റെ ഒഴുക്കില്‍ നഷ്ടമായതോ, മറഞ്ഞിരിക്കുന്നതോ തിരയുമ്പോള്‍ ചിലപ്പോള്‍ തൃപ്തി. മറ്റു ചിലപ്പോള്‍ അസംതൃപ്തി. പഴയ നിയമത്തിലെ യാക്കോബിന്റെ കിണറ്റിനരികില്‍ വെച്ച് - സിക്കാര്‍ പട്ടണത്തിന് സമീപം - പുതിയ നിയമത്തിലെ ഫൊത്തിനി - യേശുവിനെ കണ്ടുമുട്ടി. മുന്‍കാലത്ത് അഞ്ച് ഭര്‍ത്താവുണ്ടായിരുന്നവള്‍. യാക്കോബിന്റെ കിണറിലെ വെള്ളം ""ദാഹശമിനി''യായി - നിലനില്‍ക്കുന്നതല്ല എന്നാണ് കര്‍തൃഭാഷ്യം. യാക്കോബിന്റെ കിണറിലെ ഉറവകള്‍ക്ക് പകരം ജീവജലം പ്രദാനം ചെയ്യുന്നവന്‍ ഇതാ - എന്ന് അവിടുന്ന് അവളോട് ആദ്യമായി വെളിപ്പെടുത്തുന്നു. ജീവജലത്തിന്റെ ഉറവകള്‍ തേടുന്നതാകട്ടെ - നോമ്പുദിനങ്ങളിലെ ആത്മാന്വേഷണം. നിലവില്‍ നാം യോഗ്യമെന്ന് കരുതുന്നവയില്‍ - അയോഗ്യതയും അപാകതയും തിരിച്ചറിയാന്‍ പരിശ്രമിക്കുക. പാകതയും യോഗ്യതയും അന്വേഷിക്കുക. നാം കുടിക്കുന്ന കിണറുകള്‍ - നമ്മിലെ ആത്മീയതയുടെ ഉറവകള്‍ ഇവയൊക്കെ പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍ - നമുക്ക് ഫൊത്തിനിയെപ്പോലെ - അവനോട് - ദൈവശാസ്ത്രം പറയാകും. ആരുടെ കൈകൊണ്ട് തീര്‍ത്ഥജലം കുടിച്ച് വിട പറയാനാകും - എന്നോര്‍ത്ത് വേവലാതിപ്പെടാതിരുന്നാല്‍ അസംതൃപ്തി മാറി - നോമ്പുദിനങ്ങള്‍ ഭാരമില്ലാത്താവും. ജീവജലം തേടുന്നതാകട്ടെ നോമ്പുകള്‍.

നാം അനാഥരല്ല എന്ന് തോന്നുമ്പോള്‍ മനസ്സിന് എന്തൊരു സുഖവും തണുപ്പുമാണ്. കാത്തിരിക്കാനും കരുതാനും ഒരാളുണ്ടെങ്കില്‍ പരമസന്തോഷം, മറിച്ചായാല്‍ ദീര്‍ഘനിശ്വാസം. മനസ്സിലെ വിചാരം നമ്മെ ശക്തരോ അശക്തരോ ആക്കുമെന്ന കാര്യം മറക്കരുത്. എന്നെ ശക്തനാക്കന്നവന്‍ മുഖാന്തിരം ഞാന്‍ എല്ലാറ്റിനും മതിയായവന്‍. മനസ്സിലെ കനലുകള്‍ മലരാക്കുന്ന കാലമാകുക നോമ്പുദിനങ്ങളുടേത്. ചിന്തുകള്‍ ഏതുവിധം സഞ്ചരിച്ചാലും മനുഷ്യന്‍ കടമയുടെ കായലിലേക്ക് ഒഴുകിയെത്തും. തന്റെ മുന്നില്‍ കേട്ടു നിന്ന കൊച്ചു സമൂഹത്തോട് - കരയുകയും കരുതുകയും ചെയ്ത - അപരിചിത മാതൃകകള്‍ - സ്വീകരിച്ച യേശു - ഒരിക്കല്‍ പറഞ്ഞു - ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. പോയകാലങ്ങളെ പൊലിപ്പിക്കുന്നതുകൊണ്ട് നമുക്ക് ദു:ഖം മാത്രം സ്വന്തമാകുന്നു.. എന്നാല്‍ പാളിപോയ ജീവിത പാളങ്ങളില്‍ പാച്ച് വര്‍ക്ക് ചെയ്യുക. നമുക്ക് വളരെ മുന്നേറാനാകും. നമ്മുടെ മനസ്സ് ""ഇമ്മണിവല്ല്യ ഒന്ന്'' - ആണല്ലോ. മായവും മറിമായവും എപ്പോഴും ഏതു മനസ്സിലും ഉണ്ടാകും. കൂടുതല്‍ നേരം ദൈവസവിതമെങ്കില്‍ - സന്തോഷിക്കാന്‍ ദൈവം കണ്ടുവെച്ച കാലമായി നോമ്പുകാലം അനുഭവപ്പെടും.

ജീവിതത്തിന് രുചിയുണ്ടോ. നാം രുചിച്ച് നോക്കിയിട്ടുണ്ടോ. രുചിയില്‍ നിന്ന് നന്മയോ - തിന്മയോ തിരിച്ചറിയാന്‍ കഴിയുമോ. ചിലരുടെ രുചി - മറ്റുള്ളവര്‍ക്ക് അരുചി. രുചിഭേദങ്ങളെ തരം തിരിക്കാന്‍ ദൈവം ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ. ഇല്ലെന്നതാണ് ഒരു വാദം. മറുവാദം ഈശ്വര ചിന്തയാണ്. ഇവിടെ മതവും മനുഷ്യനും പ്രസക്തമാകുന്നു. മതം വിതരണം ചെയ്യേണ്ട ഉല്പന്നം സൗഖ്യമാണ്. മൃഗങ്ങളും പക്ഷികളും പുലര്‍ത്തുന്ന അടുപ്പം പോലും ഇല്ലാതെ നാം എത്രയോ അകന്നുപോയിരിക്കുന്നു. ഒരു ഗുരു - ഒരു ദര്‍ശനം - ഒരു ചിന്ത എന്നിട്ടും നമുക്ക് വ്യാഖ്യാനം പലവിധം. ഭൂമിയില്‍ അവിടുന്ന് മാത്രം ഒരിക്കല്‍ പറഞ്ഞു - പിതാവിന്റെ ഇഷ്ടം ചെയ്യുന്നവര്‍ -എന്റെ അമ്മ, സഹോദരന്‍, സഹോദരി, ബന്ധുക്കള്‍.... ബന്ധങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കാലമാണ് നോമ്പുകാലം. നമുക്ക് പിതാവിന്റെ കുടുംബത്തിലംഗങ്ങളാകാം. അബ്ബാ പിതാവേയെന്ന - ഒറ്റവിളിയില്‍ - കൈയൂന്നി നില്‍ക്കുന്ന പാറയില്‍ കണ്ണുനീര്‍ വീഴുമ്പോള്‍ - ഒരു സുഖം - ഒരാത്മ ധൈര്യം - നമുക്ക് അഭിമാനത്തോടെ ചോദിക്കാം - പ്രലോഭനങ്ങളോട് - നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്. ഇതാ - ഞാന്‍ തയ്യാറായികഴിഞ്ഞു. അവന്‍ ഞാന്‍ തന്നെ. ശക്തിയാര്‍ജിക്കുന്ന - നിമിഷങ്ങള്‍ സ്വന്തമാക്കുന്നതാണ് നോമ്പുകാലം. ആത്മാവിന്റെ വിളി - നോമ്പുദിനങ്ങളില്‍ മുറവിളി. നമ്മിലെ തന്നെ - ശബ്ദത്തെ കേള്‍ക്കുവാന്‍, മനസ്സാക്ഷിയുടെ നൊമ്പരമറിയുന്നവനായി മാറുക. നാം പലതും മറന്ന് പോയിരിക്കുന്നു. ഓര്‍മ്മിക്കാനുള്ളതാവട്ടെ നോമ്പുകാലം - രുചി തനിയെ വരും - നമുക്ക് ഭൂമിയുടെ ഉപ്പായി മാറുവാന്‍ കഴിയും.

(തുട­രും)
നോമ്പുകാല ചിന്തകള്‍-10 (ദീപം ബൈബിള്‍ സ്റ്റഡി: ഇ.­വി.­പി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക