Image

ലോബിയിസ്റ്റുകള്‍ക്ക് മേല്‍ നിയന്ത്രണം ഉണ്ടായേക്കും(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 21 November, 2016
 ലോബിയിസ്റ്റുകള്‍ക്ക് മേല്‍ നിയന്ത്രണം ഉണ്ടായേക്കും(ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രമ്പ് ഭരണത്തിന്റെ പരിവര്‍ത്തനനാളുകളില്‍ ആര്‍ക്കൊക്കെ ഏതൊക്കെ പദവി ലഭിക്കും എന്ന അഭൂഹങ്ങള്‍ ശക്തമാണ്. പല പ്രധാന പദവികളിലേയ്ക്കും നിയമനം നടന്നു. ശേഷിച്ചവയിലേയ്ക്ക് പരിഗണിക്കുന്ന പേരുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു.

ഒരു ചെറിയ ജോലിക്ക് പോലും കോണ്‍ഫഌക്റ്റ് ഓഫ് ഇന്ററസ്റ്റ് വെളിപ്പെടുത്തേണ്ടതും സത്യവാംഗ്മൂലം നല്‍കേണ്ടതും പലപ്പോഴും ആവശ്യമാണ്. സ്ഥാപിത താല്‍പര്യം ഇല്ലെന്നും മുന്‍വിധിയോ പ്രീതിയോ കൂടാതെ പ്രവര്‍ത്തിക്കുമെന്നും പദവിയില്‍ നിന്ന് ഒഴിഞ്ഞാലും ഒരു നിശ്ചിത കാലയളവിലേയ്ക്ക് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയില്ലെന്നും ഉറപ്പു നല്‍കുന്ന സംവിധാനം സാധാരണ നിലവിലുണ്ട്.

വാഷിംഗ്ടണിലെ അധികാരത്തിന്റെ സ്വാദറിഞ്ഞവര്‍ പിന്നീട് പല താല്‍പര്യങ്ങള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ലോബിയസ്റ്റുകളായി മാറുന്നത് സാധാരണകാഴ്ചയാണ്. പല ഭരണത്തിലും പദവി മുക്തരായാലും അഞ്ച് വര്‍ഷത്തേയ്ക്ക് സ്ഥാപിത താല്‍പര്യപ്രവര്‍ത്തകരായി മാറരുത് എന്ന് അനുശാസിക്കാറുണ്ട്. പ്രസിഡന്റ് ബരാക്ക് ഒബാമ ഭരണകൂടം നിഷ്‌കര്‍ഷിക്കുന്നത് രണ്ടു വര്‍ഷം രജിസ്റ്റേര്‍ഡ് ലോബിയിസ്റ്റ് ആയിരുന്ന വ്യക്തി ഭരണ സംവിധാനത്തില്‍ ചേരണമെങ്കില്‍ പ്രത്യേക അനുവാദം നേടിയിരിക്കണം എന്നാണ്. ഒബാമ ഭരണത്തില്‍ മുന്‍പ് പദവികള്‍ വഹിച്ചിട്ടുള്ളവര്‍ വൈറ്റ് ഹൗസില്‍ ലോബിയിംഗ് നടത്തരുതെന്നും നിര്‍ദേശമുണ്ട്. ഈ വിലക്കുകള്‍ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്നും എത്രപേര്‍ക്ക് പ്രത്യേക അനുവാദം ലഭിച്ചിട്ടുണ്ടെന്നും അറിയില്ല.

ട്രമ്പിന്റെ ഏറ്റവും അടുത്ത സഹായി ഷാന്‍ സ്‌പൈസര്‍ ഒരു കോണ്‍ഫറന്‍സ് കോളിലൂടെ ഒരു ലോബിയിംഗ് നിരോധനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. നിയുക്ത പ്രസിഡന്റിന് വേണ്ടി ആദ്യമായാണ് ഇങ്ങനെ ഒരു കോണ്‍ഫ്രന്‍സ് കോള്‍ ഉണ്ടായത്. വിവിധ പദവികളിലേയ്ക്ക് നിയമിക്കപ്പെടുന്നവര്‍ അധികാരം ഏല്‍ക്കുന്നതിനു മുന്‍പ് ലോബിയിംഗ് ബാനിന് സമ്മതം നല്‍കുന്ന ഫോമില്‍ ഒപ്പു വച്ചിരിക്കണമെന്ന വിവരമാണ് സ്‌പൈസര്‍ മാധ്യമങ്ങളെ അറിയിച്ചത്. വാഷിംഗ്ടണിലെ അധികാരത്തിന്റെ ചെളിക്കുണ്ട് ഒഴുക്കി നീക്കും എന്ന് ട്രമ്പ് നടത്തിയ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയാണ് വിശദീകരണം. നയരൂപീകരണത്തില്‍ ലോബിയിസ്റ്റുകള്‍ക്കും പ്രത്യേക താല്‍പര്യക്കാര്‍ക്കുള്ള സ്വാധീനം കുറയ്ക്കുവാനും ഇങ്ങനെ കഴിയുമെന്ന് കരുതുന്നു.

ഇതിനിടയില്‍ മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ അവകാശ സംരക്ഷണത്തിനായി ദ മെക്‌സിക്കന്‍ അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എജുക്കേഷനല്‍ ഫണ്ട് മുമ്പോട്ടു വന്നു. 2014 ലെ വിവരം അനുസരിച്ച് അമേരിക്കയില്‍ ഒരു കോടി പത്തുലക്ഷം നിയമവിരുദ്ധ കുടിയേറ്റക്കാരുണ്ട്. ഇവരില്‍ 52% മെക്‌സിക്കോയില്‍ നിന്നെത്തിയതാണെന്ന് കരുതുന്നു. നിയമവിരുദ്ധകുടിയേറ്റക്കാരില്‍ 20, 30 ലക്ഷം പേര്‍ക്ക് ക്രമിനല്‍ റെക്കോര്‍ഡ് ഉണ്ടെന്നും ഇവരെ നാടുകടത്തുമെന്നും ട്രമ്പ് പറഞ്ഞിരുന്നു. അധികാരത്തില്‍ എത്തിയതിന്റെ ആദ്യനാളുകളില്‍ തന്നെ ട്രമ്പ് ഇങ്ങനെ ചെയ്‌തേക്കുമെന്ന് പലരും ഭയപ്പെടുന്നു. ഡിഫോര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ്(ഡാക) നിയമവിരുദ്ധ കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് നാടുകടത്തലില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നു. കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന ഈ നിയമം ട്രമ്പ് റദ്ദാക്കുമെന്നും പൊതുവേ കരുതുന്നുണ്ട്.

മെക്‌സിക്കന്‍ ഫോറിന്‍ റിലേഷന്‍സ് മിനിസ്റ്റര്‍ ക്ലോഡിയ റൂയിസ് മായിസ്സു തന്റെ ഗവണ്‍മെന്റ് പൗരാവകാശ സംഘടനകളുമായി യോജിച്ച് നീക്കം നടത്തുമെന്ന് പറഞ്ഞു. അമേരിക്കയിലുള്ള 50 മെക്‌സിക്കന്‍ സ്ഥാനപതി കാര്യാലയങ്ങളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ച് കുടിയേറ്റക്കാര്‍ക്ക് നിയമസഹായം നല്‍കുവാനും പദ്ധതിയുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും പ്രചരണം നടത്തുന്നു. 'നിങ്ങള്‍ തനിച്ചല്ല, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്'  എന്നൊരു വിധിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു.

ട്രമ്പ് അധികാരമേറ്റാല്‍ ഉടനെതന്നെ ഡാകയുടെ വിധി നിര്‍ണയിക്കപ്പേട്ടേക്കും. ക്രമിനല്‍  പശ്ചാത്തലമുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരുടെ സംഖ്യ ട്രമ്പ് പെരുപ്പിച്ചു കാട്ടിയതാണെന്ന് മൈഗ്രേഷന്‍ പോളിസി ഇന്‍സ്‌ററിട്യൂട്ട് ആരോപിച്ചു. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കനുസരിച്ച് ഇത് 8,20,000 ആണ്. ഒബാമ ഭരണകൂടത്തിന്റെ 8 വര്‍ഷത്തില്‍ 25 ലക്ഷം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായാണ് കണക്ക്. ഇത് റെക്കോര്‍ഡാണ്.


 ലോബിയിസ്റ്റുകള്‍ക്ക് മേല്‍ നിയന്ത്രണം ഉണ്ടായേക്കും(ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക