Image

ഹൗസ്‌ബോട്ടിന്റെ ലോകതലസ്ഥാനത്ത് രജതജൂബിലി; രണ്ടായിരം നൗകകള്‍, 2000 കോടിയുടെ വ്യവസായം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി Published on 19 November, 2016
ഹൗസ്‌ബോട്ടിന്റെ ലോകതലസ്ഥാനത്ത് രജതജൂബിലി; രണ്ടായിരം നൗകകള്‍, 2000 കോടിയുടെ വ്യവസായം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ആലപ്പുഴയെയും കുമരകത്തെയും കൂട്ടിയിണക്കുന്ന വേമ്പനാട്ടു കായല്‍ ഹൗസ്‌ബോട്ടുകളുടെ ലോകസ്ഥലസ്ഥാനമാണ്. രണ്ടായിരം ഗൃഹനൗകകള്‍; രണ്ടായിരം കോടി രൂപയുടെ വ്യവസായം; ഇരുപതിനായിരം പേരുടെയെങ്കിലും ഉപജീവനമാര്‍ഗം. കാഷ്മീരിലെ ഡാല്‍ തടാകത്തില്‍ ബ്രിട്ടീഷ് ഭരണകാലത്തേ ഉണ്ടായിരുന്ന ഹൗസ്‌ബോട്ട് എണ്ണത്തിലും വണ്ണത്തിലും എത്രയോ പിന്നില്‍!
വളവര എന്ന മേല്‍ക്കൂര പിടിപ്പിച്ച കെട്ടുവള്ളമായിരുന്നു 1991ല്‍ ഹൗസ് ബോട്ടായി സര്‍വീസ് തുടങ്ങിയത്. രണ്ടു പേര്‍ തുഴഞ്ഞു കൊണ്ടുപോകുന്ന നൗക. നാളികേരത്തിനുപകരമായി കുട്ടനാട്ടിലേക്ക് അരിയും പലവ്യഞ്ജനങ്ങളും എത്തിച്ച അരിവള്ളം (റൈസ്‌ബോട്ട്) ആണ് അങ്ങനെ അതിജീവനത്തിനുവേണ്ടി ഹൗസ്‌ബോട്ട് ആയി മാറിയത്.

''ആദ്യ ഹൗസ്‌ബോട്ട് രൂപകല്പന ചെയ്തത് എന്റെ മേല്‍നോട്ടത്തിലായിരുന്നു'' -എ.ടി.ഡി.സി എന്ന ആലപ്പുഴ ടൂറിസം ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറി ടി.ജി. രഘു അഭിമാനപൂര്‍വം പറഞ്ഞു. കുട്ടനാട്ടിലെ വൈശ്യം ഭാഗത്തുനിന്ന് 35 വര്‍ഷം മുമ്പ് ആലപ്പുഴയിലെത്തിയതാണ് അറുപത്തഞ്ചുകാരനായ രഘു. ആദ്യം ആലപ്പുഴ-കൊല്ലം ജലപാതയില്‍ വിനോദയാത്രക്കാരുമായി ബോട്ട് സര്‍വീസ് നടത്തുകയായിരുന്നു.

''ഒപ്പം, സഞ്ചാരികള്‍ക്ക് കായലില്‍ പ്രതിഫലിക്കുന്ന പൂര്‍ണചന്ദ്രനെ കാണാവുന്ന വിധത്തില്‍ കേവുവള്ള യാത്രയും തുടങ്ങി. കരുനാഗപ്പള്ളിയില്‍നിന്നു വാങ്ങിയ ഒരു കേവുവള്ളമായിരുന്നു അങ്ങനെ സഞ്ചാരം തുടങ്ങിയത്. സ്വീകരണമുറി, കിടക്കമുറി, ശുചിമുറി, അടുക്കള എന്നിവയൊക്കെ അതില്‍ ഉണ്ടായിരുന്നു. പിന്നീട് എന്‍ജിന്‍ ഘടിപ്പിച്ച വള്ളമിറക്കി, 1994ല്‍. അതിനുശേഷം എ.സി മുറികളുള്ള ഹൗസ്‌ബോട്ടുകള്‍ വന്നു. പത്തു മുറികള്‍ വരെയുള്ള നൗകകള്‍ ഇന്നുണ്ട്. പലതിലും എ.സി സമ്മേളനഹാളും.''  പുന്നമടക്കായലില്‍ വീഴുന്ന വെണ്ണിലാച്ചന്ദനക്കിണ്ണം കൈകളില്‍ കോരിയെടുക്കാന്‍ സഞ്ചാരികളെത്താന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെന്നു സാരം.

''അഞ്ചു ലക്ഷമായിരുന്നു തുടക്കത്തില്‍ ഒരു ഹൗസ്‌ബോട്ടിന്റെ നിര്‍മാണച്ചെലവ്. ആഞ്ഞിലിത്തടിയും മുളയും വാരിയും കയറുമാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഇരുമ്പും ഫൈബറും തടിയും ചേര്‍ത്താണ് നിര്‍മാണരീതി. ചെലവ് ശരാശരി 50 ലക്ഷം എത്തി. ആഡംബര നൗകകള്‍ക്ക് ഒരു കോടിയോ അതിലേറെയോ വന്നേക്കാം'' -ആദ്യകാല ഹൗസ്‌ബോട്ട് ഓപ്പറേറ്ററായ ടോമി പുലിക്കാട്ടില്‍ അറിയിച്ചു.

രണ്ടായിരം ഹൗസ്‌ബോട്ടുകള്‍ എന്നത് ഒരു ഊഹക്കണക്കാണ്. 1100-1200 ആണ് മറ്റൊരു കണക്ക്.ഹൗസ്‌ബോട്ടുകള്‍ തുറമുഖ വകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണു നിയമം. രജിസ്റ്റര്‍ ചെയ്യാത്തവയും ധാരാളമുണ്ടെന്നതു വേറെ കാര്യം. ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി ജലോത്സവം നടക്കുന്ന പുന്നമടക്കായലാണ് ബോട്ടുകളുടെ ഒരു പ്രധാന കേന്ദ്രം. എങ്കിലും വേമ്പനാട്ടു കായലില്‍ ഉടനീളം ഡസന്‍കണക്കിന് നൗകകള്‍ ഒഴുകിനടക്കുന്നതു കാണാം. കൈനകരി പഞ്ചായത്തില്‍പ്പെട്ട വട്ടക്കായലില്‍ നൗകകളുടെ ഒരു സങ്കേതം പണിതു തീരാറായി.

എണ്ണം കൂടിയതിനാല്‍ ഹൗസ്‌ബോട്ടുകള്‍ക്ക് ആകര്‍ഷകമായ പേരുകള്‍ സംഘടിപ്പിക്കുന്നത് തീര്‍ത്തും ദുഷ്‌കരമായിട്ടുണ്ട്. ആലപ്പുഴ, ആലപ്പി, വേമ്പനാട്, കായല്‍... അതൊക്കെ എന്നേ അവസാനികഴിഞ്ഞു. പുരാണത്തിലെ പേരുകളും തീര്‍ന്ന മട്ടാണ്. കായലോരമായ പള്ളാത്തുരുത്തി ഹൗസ്‌ബോട്ടുകളുടെ മറ്റൊരു കേന്ദ്രമാണ്. ലേക്‌സ് ആന്‍ഡ് ലഗൂണ്‍സ്, മാര്‍വല്‍, സ്‌പൈസ് കോസ്റ്റ്, എവര്‍ഗ്രീന്‍, മുത്തൂറ്റ്, വെല്‍കം ഗ്രൂപ്പ്, റെയിന്‍ബോ എന്നിങ്ങനെയുള്ള കമ്പനികള്‍ അവിടെ താവളമടിച്ചിരിക്കുന്നു. സഞ്ചാരികളുടെ പീക് സീസണായ നവംബറില്‍ ഒരു ഹൗസ്‌ബോട്ടിന് രാത്രി-പകല്‍ യാത്രയ്ക്ക് 15,000 രൂപ വരെ ആവശ്യപ്പെടുന്നു. മിക്കതും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം; ബാര്‍ഗെയിന്‍ റേറ്റില്‍.

പുന്നമട ബോട്ട്‌യാര്‍ഡില്‍ രാവിലെ എത്തുമ്പോള്‍ വൈഷ്ണവ് എന്ന ബോട്ടില്‍നിന്നിറങ്ങുന്നു സിനിമാ-ടിവി താരം മധു മോഹനും കുടുംബവും. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മധു എം.ജി.ആറിന്റെ മകള്‍ ഗീതയെയാണു വിവാഹം ചെയ്തിരിക്കുന്നത്. അവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് രാത്രി-പകല്‍ യാത്രയ്ക്ക് ഭക്ഷണം ഉള്‍പ്പെടെ 7,000 രൂപയേ ആയുള്ളൂ. എല്ലാവരും വെജിറ്റേറിയന്മാരാണ്. ''യാത്ര സുന്ദരമായിരുന്നു'' - സംഘത്തിലെ സുധ നായര്‍ പറഞ്ഞു (കിടക്കയില്‍ മൂട്ടയുണ്ടായിരുന്നു എന്ന സത്യം ശബ്ദം താഴ്ത്തിയും).

സര്‍ക്കാര്‍ ബോട്ടുജെട്ടിക്കരികിലെ ഡി.ടി.പി.സി ഓഫീസിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ ഒരു സ്‌കൂട്ടര്‍ ചവിട്ടിനിര്‍ത്തി. നാലഞ്ചു പേര്‍ക്കു കയറാവുന്ന ഷിക്കാര എന്ന ചെറുകിട ബോട്ടിന്റെ ഉടമയാണ്. മണിക്കൂര്‍ ഒന്നിന് 450 രൂപയാണു ചോദിക്കുന്നതെങ്കിലും 350നു പോകാമെന്ന് അയാള്‍ അറിയിച്ചു. അല്പംകൂടി ബാര്‍ഗെയ്ന്‍ ചെയ്താല്‍ അത് 300 രൂപയായി കുറയും.

ഗൃഹനൗകകളുടെ ചരിത്രത്തില്‍ ആദ്യംമുതലേ സ്ഥാനംപിടിച്ച കുടുംബമാണ് ടോമി പുലിക്കാട്ടിലിന്റേത്. പന്ത്രണ്ട് ഹൗസ്‌ബോട്ടുകള്‍ ഇപ്പോഴുണ്ട്. എ.സി ചെയ്ത കോണ്‍ഫറന്‍സ് ഹാള്‍ ആദ്യമായി അവതരിപ്പിച്ചതും ടോമിയാണ്. വനിതകള്‍ക്കായി വനിതകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ബോട്ടും അവര്‍ ഇറക്കി. തെരഞ്ഞെടുപ്പുകാലത്ത് 'പോള്‍ ടൂറിസം' എന്ന അപൂര്‍വത അവതരിപ്പിച്ചതും അവര്‍തന്നെ. ഇതിനകം 25 ബോട്ടുകള്‍ നിര്‍മിച്ച് ഇറക്കിക്കഴിഞ്ഞു പുലിക്കാട്ടില്‍ ഗ്രൂപ്പ്. ടോമിയോടൊപ്പം, ബിസിനസ് മാനേജ്‌മെന്റ് പഠിച്ച ഏകപുത്രന്‍ ടോബുവും ഉണ്ട്. ഏകമകള്‍ ടിന്റു ടൊറന്റോയിലാണ്.

ഒരു ബോട്ടിന് കുറഞ്ഞത് മൂന്നു ജോലിക്കാര്‍ വേണമെന്നാണു ചട്ടം - ഡ്രൈവര്‍, ലാസ്‌കര്‍, കുക്ക്. മിനിമം ശമ്പളം 15000 രൂപ. പ്രതിദിനം 250 രൂപ അലവന്‍സും. എന്നാല്‍, ചില ജീവനക്കാര്‍ 30,000 മുതല്‍ 50,000 രൂപ വരെ ഉണ്ടാക്കുന്നുണ്ട്; നല്ല ടിപ്പ് കിട്ടുമ്പോള്‍.
(ചിത്രം 2: ജേതു ജോസ് -ലേക് പാലസ് റിസോര്‍ട്ട്)

ഹൗസ്‌ബോട്ടിന്റെ ലോകതലസ്ഥാനത്ത് രജതജൂബിലി; രണ്ടായിരം നൗകകള്‍, 2000 കോടിയുടെ വ്യവസായം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ആലപ്പുഴ പുന്നമടയില്‍ നടന്‍ മധുമോഹനും കുടുംബവും. ഹൗസ്‌ബോട്ട് സംഘടനാ സെക്രട്ടറി ടി.ജി. രഘു (ഇടത്ത്).
ഹൗസ്‌ബോട്ടിന്റെ ലോകതലസ്ഥാനത്ത് രജതജൂബിലി; രണ്ടായിരം നൗകകള്‍, 2000 കോടിയുടെ വ്യവസായം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഒരുവര്‍ഷം നീളുന്ന ഹൗസ്‌ബോട്ട് രജതജൂബിലിയുടെ കേളികൊട്ട്- ആലപ്പുഴ ലേക്പാലസ് റിസോര്‍ട്ടില്‍.
ഹൗസ്‌ബോട്ടിന്റെ ലോകതലസ്ഥാനത്ത് രജതജൂബിലി; രണ്ടായിരം നൗകകള്‍, 2000 കോടിയുടെ വ്യവസായം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സര്‍വ്വാഭരണ വിഭൂഷിതയായ ഒരു ഹൗസ്‌ബോട്ട്. മുന്നില്‍ മറ്റൊന്ന്.
ഹൗസ്‌ബോട്ടിന്റെ ലോകതലസ്ഥാനത്ത് രജതജൂബിലി; രണ്ടായിരം നൗകകള്‍, 2000 കോടിയുടെ വ്യവസായം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഹൗ നൈസ്, ഹൗസ് കോസി!
ഹൗസ്‌ബോട്ടിന്റെ ലോകതലസ്ഥാനത്ത് രജതജൂബിലി; രണ്ടായിരം നൗകകള്‍, 2000 കോടിയുടെ വ്യവസായം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സ്വപ്നസഞ്ചാരം: ഒരു ഇന്ത്യന്‍ ടൂറിസ്റ്റ്.
ഹൗസ്‌ബോട്ടിന്റെ ലോകതലസ്ഥാനത്ത് രജതജൂബിലി; രണ്ടായിരം നൗകകള്‍, 2000 കോടിയുടെ വ്യവസായം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
വളയം പിടിക്കുന്ന വളയിട്ട കൈകള്‍.
ഹൗസ്‌ബോട്ടിന്റെ ലോകതലസ്ഥാനത്ത് രജതജൂബിലി; രണ്ടായിരം നൗകകള്‍, 2000 കോടിയുടെ വ്യവസായം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
കായലില്‍ ആനച്ചന്തം.
ഹൗസ്‌ബോട്ടിന്റെ ലോകതലസ്ഥാനത്ത് രജതജൂബിലി; രണ്ടായിരം നൗകകള്‍, 2000 കോടിയുടെ വ്യവസായം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
എ.സി. ഹാള്‍: റേറ്റ് ആളൊന്നിന് 400 മുതല്‍ 1800 വരെ.ഇന്‍സെറ്റില്‍ ടോമി പുലിക്കാട്ടില്‍
ഹൗസ്‌ബോട്ടിന്റെ ലോകതലസ്ഥാനത്ത് രജതജൂബിലി; രണ്ടായിരം നൗകകള്‍, 2000 കോടിയുടെ വ്യവസായം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഭക്ഷണം കേരള, കോണ്ടിനെന്റല്‍, ചൈനീസ്.
ഹൗസ്‌ബോട്ടിന്റെ ലോകതലസ്ഥാനത്ത് രജതജൂബിലി; രണ്ടായിരം നൗകകള്‍, 2000 കോടിയുടെ വ്യവസായം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഹൗസ്‌ബോട്ടിലെ തനതു കേരളീയ വിഭവങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക