2018-ലെ ഫൊക്കാന ഇലക്ഷന് പടിവാതില്ക്കല് എത്തി നില്ക്കുന്നു. ഇരുപക്ഷവും ആവനാഴിയിലെ അവസാന അസ്ത്രവും തൊടുത്തു വിടാനുള്ള തയ്യാറെടുപ്പിലാണ്. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള ഒരേറ്റുമുട്ടലിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. വടക്കേ അമേരിക്കന്‍ മലയാളികളുടെ ആശയും അഭിലാഷവുമായിരുന്ന ഒരു ദേശീയ സംഘടന കേവലം താല്‍ക്കാലിക ലാഭത്തിനും സാഥാനമാനങ്ങള്ക്കും വേണ്ടി ഒരു പതിറ്റാണ്ടിലേറെക്കാലത്തോളമായി ഏതാനും വ്യക്തികള്‍ തിരിഞ്ഞും മറിഞ്ഞും കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ദുഷ്പ്രവണത നാം മലയാളികള്‍ എതിര്‍ത്തു തോല്പിക്കേണ്ടിയിരിക്കുന്നു.
ഫൊക്കാന ഒരു മതേതര സാമൂഹ്യ സംഘടനയാണ്. ജനാധിപത്യ മൂല്യങ്ങളും സാമൂഹ്യനീതിയും അടിവരയിട്ടുറപ്പിച്ച ഭരണഘടനാ സംവിധാനത്തിലൂടെ ഭരണം നടത്തിവന്നിരുന്ന സംഘടന. ജാതി, രാഷ്ട്രീയ സംഘടനകള്‍ക്ക് ഒരിക്കലും ഫൊക്കാനയില്‍ അംഗങ്ങളായി കടന്നുവരാന്‍ സാധ്യമല്ല. 2016-ല്‍ നാമം എന്ന ജാതിസംഘടനയെ വെള്ള പൂശി പിന്‍വാതിലിലൂടെ ഫൊക്കാനയില്‍ കയറ്റാന്‍ ശ്രമിച്ചത് മറ്റ് അംഗസംഘടനകള്‍ കൂട്ടമായി എതിര്‍ത്തു തോല്പിച്ചതാണ്. തെറ്റു മനസ്സിലാക്കി അതിന്റെ ഭാരവാഹികള്‍ ആസംഘടനയെ ഫൊക്കാനയില്‍ നിന്നും രേഖാമൂലം പിന്‍വലിക്കുകയും അവരുടെ ഡെലിഗേറ്റ്സ് വോട്ടു ചെയ്യാതെ മടങ്ങുകയും ചെയ്തു. ഫൊക്കാന ഭാരവാഹികളുടെ മൗനാനുവാദത്തോടും സ്തുതി ഗീതങ്ങളുടെ അകമ്പടിയോടെയും ന്യൂജേഴ്സി സ്റ്റേറ്റ് രജിസ്ട്രേഷനില്‍ പേര് അല്പം മാറ്റി ഈ സംഘടനയെ വീണ്ടും അമേരിക്കന്‍ മലയാളികളുടെ നെഞ്ചത്ത് കെട്ടിവയ്ക്കാനുള്ള ശ്രമത്തില്‍ നിന്ന് ഫൊക്കാന ഭാരവാഹികള്‍ പിന്മാറണം.
നാമം ഒരു പുതിയ സംഘടനയാണെങ്കില്‍ ഭാരവാഹികള്‍ അതിന്റെ 'അഡ്മിഷന് പ്രോസസ്' വെളിപ്പെടുത്തണം. പുതിയ സംഘടനകളൊന്നും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രവേശനം നേടിയിട്ടില്ല എന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന് വെളിപ്പെടുത്തുമ്പോള്‍ 'നാമം' എങ്ങനെ ഫൊക്കാനയില്‍ കയറിപ്പറ്റി എന്നതിന് ആരെങ്കിലും ഉത്തരം നല്‍കണം! ഏതാനും നാണയത്തുട്ടുകള്‍ക്കും രണ്ടു ലാര്് സ്കോച്ചു വിസ്ക്കിക്കും വേണ്ടി നേതാക്കള്‍ മഹത്തായ ഒരു സംഘടനയുടെ മതേതര സ്വഭാവത്തിന്റെ കടയ്്ക്കല്‍ കത്തി വയ്ക്കരുത്.
ഫൊക്കാനയുടെ അംഗസംഘടനകളുടെ കണക്ക് എല്ലാ പ്രാവശ്യവും പോലെ ഇപ്രാവശ്യവും ശുദ്ധ തട്ടിപ്പാണ്. അംഗസംഘടനകളുടെ ആള്‍ബലം നോക്കിയല്ല 'ഡലിഗേറ്റ്സ്' ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് അതു കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. ആരെ പ്രീതിപ്പെടുത്താനാണ്, ആരെ സംരക്ഷിക്കാനാണ്, ആരെ വിജയിപ്പിക്കാനാണ് ഭാരവാഹികളെ നിങ്ങളീ കള്ളത്തരം ചെയ്യുന്നത്? സത്യസന്ധമായി എത്ര അംഗ സംഘടനകള്‍ അവരവരുടെ അംഗത്വ ലിസ്റ്റ് ഫൊക്കാനയ്ക്ക് അയച്ചു തന്നിട്ടുണ്ട് എന്ന് ഭാരവാഹികള്‍ക്ക് വെളിപ്പെടുത്താമോ? ഫൊക്കാന ഡലിഗേറ്റ്സ് ലിസ്റ്റില്‍ എങ്ങനെ മൈനറായ വ്യക്തികള്‍ കടന്നുകൂടി?
ഫൊക്കാനായുടെ ഭരണഘടനയും തിരഞ്ഞെടുപ്പു ചട്ടങ്ങളും അനുസരിച്ച് ഒരു അംഗ സംഘടനയില്‍ നിന്ന് രണ്ടു പേര്‍ക്കാണ് പരമാവധി മത്സരിക്കാവുന്നത്. പക്ഷേ ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ വാലി മലയാളി അസ്സോസിയേഷന്റെ ആറ് (6) സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്. അവരുടെ പ്രസിഡന്റ് അടക്കം മറ്റു ചില കടലാസ്സു സംഘടനകളില്‍ കൂടി സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്നത് വകതിരിവില്ലാ നേതൃത്വത്തിന്റെ ഒത്താശയോടുകൂടിയാണ്. പരാതിപ്പെട്ടിട്ടും എന്താണ് ഫൊക്കാന നേതൃത്വം നിശബ്ദത പാലിക്കുന്നത്? എന്ത് സാമൂഹ്യനീതിയാണ്, എന്ത് 'എത്തിക്ക്സാ'ണ് നേതൃത്വം ഈ അനീതിയിലൂടെ സാധൂകരിക്കുന്നത്?
പന്ത്രണ്ട് വര്‍ഷമായി ശരിയായ രീതിയില്‍ ഓഡിറ്റു ചെയ്യാത്ത കണക്കുമായി മുന്നോട്ടു പോകുകയാണ് ട്രസ്റ്റീ ബോര്‍ഡ്. കണ്വന്ഷന് നടക്കുന്ന ഹോട്ടലില്‍ പണമടയ്ക്കാന്‍ ഫൊക്കാന പ്രസിഡന്റ് പെടാപാടു പെടുമ്പോള്‍ നാല്പതിനായിരത്തിലധികം ഡോളര്‍ അനധികൃതമായി കണക്കില്‍പ്പെടുത്താതെ കൈവശം വച്ചിരിക്കുകയാണ് ട്രസ്റ്റീ ബോര്‍ഡ്!
സത്യസന്ധത തൊട്ടുതീണ്ടാത്ത ഫൊക്കാന ഭാരവാഹികളോട് ശക്തവും, വ്യക്തവും, തീഷ്ണവുമായ ഭാഷയില്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.
1. 'നാമം' വര്‍ഗീയ സംഘടനയാണ് എന്നതിന് പകല്‍ പോലെ തെളിവുകളുണ്ട്. ആ സംഘടന ഫൊക്കാനയില്‍ നിന്ന് അംഗത്വം പിന്‍വലിച്ചതിന് രേഖകളുണ്ട്. പേരു തിരുത്തിയെങ്കിലും തിരികെ ചേര്‍ത്തതിന് രേഖകളില്ലാ, ആയതുകൊണ്ട് അര്‍ഹതയില്ലാത്ത 'നാമം' എന്ന സംഘടനയെ ഫൊക്കാനയില്‍ നിന്നും മാറ്റി നിര്‍ത്തണം.
2.അംഗസംഘടനകളുടെ ആള്‍ബലം നോക്കിമാത്രം ഡെലിഗേറ്റുകളെ നിശ്ചയിക്കണം.
3. അര്‍ഹതയില്ലാതെ സ്വന്തം സംഘടന വിട്ട് രണ്ടിലധികം സ്ഥാനാര്‍ത്ഥികള്‍ ഏതൊരു സംഘടനയില്‍ നിന്നു മത്സരിച്ചാലും അവരെ അയോഗ്യരാക്കണം.
4. മൈനര്‍മാരായ ഏതെങ്കിലും ഡെലിഗേറ്റുകളുണ്ടെങ്കില് അവരെ പുറത്താക്കണം.
5. അംഗസംഘടനകളുടെ രജിസ്ട്രേഷന് ഫീസ്, സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന് ഫീസ് തുടങ്ങിയവ ഫൊക്കാനയുടെ ഏക അക്കൗണ്ടിലാണ് നിക്ഷേപിക്കേണ്ടത്. ഫൊക്കാന ട്രഷററാണ് അതിന്റെ സൂക്ഷിപ്പുകാരന്, ട്രസ്റ്റീ ബോര്‍ഡല്ല. അതുകൊണ്ട് ട്രസ്റ്റീ ബോര്‍ഡ് കണക്കില്‍ പെടാതെ സൂക്ഷിച്ചിരിക്കുന്ന മുഴുവന്‍ തുകയും ഉടനടി ഫൊക്കാനയുടെ അക്കൗണ്ടിലേക്കു മാറ്റണം.
വളരെ ലളിതവും സുതാര്യവുമായ കാര്യങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. തിണ്ണമിടുക്കിന്റെ പേരിലോ, ഭരണത്തിലിരിക്കുന്നതിന്റെ പേരിലോ ഈ ആവശ്യങ്ങള്‍ നിഷേധിച്ച് ഭരണത്തില്‍ തൂങ്ങിക്കിടന്ന് മുന്നോട്ടു പോകാനാണ് ശ്രമമെങ്കില്‍ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ വടക്കേ അമേരിക്കയിലും ഉണ്ടെന്ന് ഞങ്ങള്‍ ഭാഷ്യപ്പെടുത്തുന്നു.
2006-ലെ പിളര്‍പ്പിനു കാരണമായ കാര്യസ്ഥതയില്ലായ്മയുടെ കാരണവന്മാരാണ് ഇപ്രാവശ്യവും ചില മുഖ്യാസനങ്ങളിലിരിക്കുന്നത് എന്ന വസ്തുത ഞങ്ങളെ അമ്പരിപ്പിക്കുന്നു. അനീതിയുടെ മാളികമുകളേറിയ ഈ മണ്ടന്മാരുടെ തോളില്‍ മാറാപ്പുകേറ്റുന്നതുവരെ ഞങ്ങള്‍ക്ക് വിശ്രമമില്ല. അത് നീതിന്യായ കോടതി വഴിയായാലും മറ്റൊരു യഥാര്‍ത്ഥ മലയാളി സംഘടനയിലൂടെ ആയാലും ലക്ഷ്യം ഒന്നേയുള്ളൂ, ഫൊക്കാനയിലെ അഴിമതി അവസാനിപ്പിക്കുക, ഫൊക്കാന നേതാക്കള്‍ അധികാരത്തിന്റെ അസഹിഷ്ണുത വെടിഞ്ഞ് സുതാര്യമായ ഒരു ഭരണത്തിന് വാതില്‍ തുറക്കുക.
ഇന്നസെന്റ് ഉലഹന്നാന്(ന്യൂയോര്‍ക്ക്)