Image

ഫരീദാബാദ് രൂപതയുടെ ഉദ്ഘാടനം നാളെ

Published on 24 May, 2012
ഫരീദാബാദ് രൂപതയുടെ ഉദ്ഘാടനം നാളെ
പുതുതായി രൂപവത്കരിക്കപ്പെട്ട സീറോ മലബാര്‍ ഫരീദാബാദ് അതിരൂപതയുടെ ഉദ്ഘാടനവും ആര്‍ച്ച് ബിഷപ്പായി നിയോഗിക്കപ്പെട്ട മോണ്‍. കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ മെത്രാഭിഷേകവും ശനിയാഴ്ച വൈകിട്ട് ആറിന് നടക്കും. ഉത്തരേന്ത്യയിലെ വിശ്വാസി സമൂഹത്തിന് ഉത്സവലഹരി നല്‍കുന്ന ചടങ്ങുകള്‍ ഐ.എന്‍.എ. മാര്‍ക്കറ്റിനു സമീപമുള്ള ത്യാഗരാജ സ്റ്റേഡിയത്തിലാണ് നടക്കുക. തൊട്ടടുത്ത ദിവസം വൈകിട്ട് ആറിന് ഫരീദാബാദ് കത്തീഡ്രല്‍ പള്ളിയില്‍ ബിഷപ്പിന്റെ സ്ഥാനാരോഹണവും നടക്കും.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് രൂപതയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ. വിന്‍സെന്റ് എം. കൊണ്‍സസോവ, അങ്കമാലി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് ചക്കിയത്ത്, ഇന്ത്യയിലെ വത്തിക്കാന്‍ അംബാസഡര്‍ ഡോ. സാല്‍വത്തോര്‍ പെന്നാച്ചിയോ, സി.ബി.സി. ഐ. പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡോ. ടെലിസ്‌ഫോര്‍ ടോപ്പോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി. തോമസ്, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

ഭാരതത്തില്‍ കാതോലിക്കാ സഭയുടെ 165-ാമത് രൂപതയാണ് ഫരീദാബാദിലേത്. ഡല്‍ഹിക്കുപുറമെ ഹരിയാണ, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, ചണ്ഡീഗഢ് കേന്ദ്ര ഭരണപ്രദേശം, യു.പി.യിലെ ഗാസിയാബാദ്, ഗൗതംബുദ്ധ് നഗര്‍ ജില്ലകള്‍ എന്നിവിടങ്ങളിലെ വിശ്വാസികളെ ഉള്‍ക്കൊള്ളുന്നതാണ് പുതിയ രൂപത. രൂപതയ്ക്കു കീഴില്‍ 27 സ്വതന്ത്ര പാരിഷുകളുണ്ടാവും. 163 കോണ്‍വെന്റുകള്‍, 24 ആരാധനാലയങ്ങള്‍, 32 സ്‌കൂളുകള്‍, 12 ആസ്പത്രികള്‍, അഞ്ചു സെമിനാരികള്‍, 37 സാമൂഹികക്ഷേമ കേന്ദ്രങ്ങള്‍ തുടങ്ങിയവ രൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഉത്തരേന്ത്യയിലെ വിശ്വാസികള്‍ക്ക് പുതിയ ഉണര്‍വ് നല്‍കുന്നതാണ് പുതിയ രൂപതയെന്ന് ഫാ. ജോസ് ഇടശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് പുറമെ മറുനാടന്‍ മലയാളികളുടെയെല്ലാം ക്ഷേമത്തിനായി രൂപതയുടെ പ്രവര്‍ത്തനം ഉയരും. മറുനാട്ടിലെ മലയാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതിനും രൂപത മുന്‍കൈയെടുക്കും. രൂപതയുടെ ആസ്ഥാനം ഫരീദാബാദിലെ കത്തീഡ്രലില്‍ തുടരും.

തത്കാലം ഡല്‍ഹിയിലേക്കു മാറ്റാന്‍ ഉദ്ദേശിച്ചിട്ടില്ല. ഡല്‍ഹിയിലും മറ്റും നിലവിലുള്ള മറ്റ് ആരാധനാലയങ്ങളുമായി സഹകരിച്ചും ധാരണയിലും പ്രവര്‍ത്തിക്കുമെന്നും ഫാ. ജോസ് ഇടശ്ശേരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക