Image

യേശുവിനെ കുരിശേലേറ്റിയത് എഡി 33 ഏപ്രില്‍ മൂന്നിന്

Published on 26 May, 2012
യേശുവിനെ കുരിശേലേറ്റിയത് എഡി 33 ഏപ്രില്‍ മൂന്നിന്
വാഷിംഗ്ടണ്‍: യേശുക്രിസ്തു കുരുശിലേറ്റപ്പെട്ടത് എഡി 33 ഏപ്രില്‍ മൂന്നിനെന്ന് ശാസ്ത്രലോകം. ബൈബിളില്‍നിന്നും ഭൗമശാസ്ത്ര പഠനത്തില്‍നിന്നും ലഭിച്ച സൂചനകള്‍ കോര്‍ത്തിണക്കിയാണ് സൂപ്പര്‍സോണിക് ജിയോഫിസിക്കലിലെ ജെഫേഴ്‌സണ്‍ വില്യംസ്, ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് ജിയോസയന്‍സസിലെ മാര്‍ക്കസ് ഷ്വാബ്, അഷിം ബ്രയര്‍ എന്നിവര്‍ ഈ നിഗമനത്തിലെത്തിയത്. ദുഃഖവെള്ളിയാഴ്ച എന്നായിരുന്നെന്ന് ഏറെക്കുറെ ഉറപ്പുണ്ടായിരുന്നെങ്കിലും വര്‍ഷം ഏതെന്ന ചോദ്യത്തിനാണ് ഇവര്‍ ഉത്തരം തേടിയത്.

ചാവുകടലില്‍ നൂറ്റാണ്ടുകള്‍ കൊണ്ടു രൂപപ്പെട്ട എക്കല്‍ മണ്‍പാളിയുടെ ഏറ്റവും മുകളിലെ 19 അടിയില്‍ 4000 വര്‍ഷത്തിനിടെ ഭൂചലനങ്ങളുടെ ഫലമായുണ്ടായ ക്രമഭംഗങ്ങളാണ് ഇവര്‍ പഠനവിധേയമാക്കിയത്. ജറുസലേമിന് 19 മൈല്‍ ദൂരെയാണു പഠനം നടത്തിയത്. എക്കല്‍പാളിയുടെ കാമ്പിനെ പിടിച്ചുലച്ച രണ്ടു ഭൂകമ്പങ്ങളില്‍ ആദ്യത്തേതു ബി.സി. 31 ലാണെന്ന് വാര്‍വ്‌സ് എന്നറിയപ്പെടുന്ന വാര്‍ഷിക പാളികളുടെ പഠനത്തില്‍നിന്നു കണെ്ടത്തി. എ.ഡി. 26 നും 36 നും ഇടയിലായിരുന്നു രണ്ടാമത്തേത്. വി.മത്തായിയുടെ സുവിശേഷത്തില്‍ വിവരിക്കുന്ന ഭൂകമ്പവും യഹൂദിയായിലെ പ്രൊക്യുറേറ്ററായിരുന്ന പീലാത്തോസിന്റെ കാലവും ഒത്തുവന്ന വര്‍ഷങ്ങളാണു രണ്ടാമത്തേത്. കുരിശാരോഹണ സമയത്തുണ്ടായ ഭൂകമ്പത്തെപ്പറ്റി വി. മത്തായിയുടെ സുവിശേഷത്തില്‍ വിവരിക്കുന്നുണ്ട്. ഇത് ആയിടെയുണ്ടായ ഏതെങ്കിലും ഭൂചലനം മത്തായി ആലങ്കാരികമായി ഉപയോഗിച്ചതാകാമെന്ന് ഇവര്‍ വിലയിരുത്തുന്നു.

യഹൂദ കലണ്ടറിലെ വിവരങ്ങളും ജ്യോതിശാസ്ത്രപരമായ കണക്കുകളും ചേര്‍ത്തുള്ള പഠനത്തിലാണ് കുരിശാരോഹണം നടന്നിരിക്കാവുന്ന വര്‍ഷങ്ങളെപ്പറ്റി ഏകദേശ നിഗമനത്തിലെത്തിയത്. ഇതില്‍ ഏറ്റവും യോജിക്കുന്നത് എ.ഡി. 33 ആണെന്ന് ഇന്റര്‍നാഷണല്‍ ജിയോളജി റിവ്യുവില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കുരിശാരോഹണവേളയില്‍ ഉച്ചനേരത്ത് ഇരുട്ടു പരന്നെന്ന സുവിശേഷ ഭാഗങ്ങളെപ്പറ്റിയും ജെഫേഴ്‌സണ്‍ വില്യംസ് പഠനം നടത്തുന്നുണ്ട്. പൊടിക്കാറ്റാകും ഇരുട്ടിനു വഴിവച്ചതെന്നു കരുതുന്നു. ഭൂകമ്പമുണ്ടായ കാലത്തു പൊടിക്കാറ്റുണ്ടായതിന്റെ ലക്ഷണങ്ങള്‍ എക്കല്‍പാളിയിലുണേ്ടാ എന്നു കണെ്ടത്താന്‍ പഠനം തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക