നടി റിമ കല്ലിങ്കൽ സ്പെയിൻ യാത്രയ്ക്കിടയില് സന്ദർശിച്ച കൊട്ടാരത്തിലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് ചുവടെ നിരവധി അധിക്ഷേപ കമന്റുകളാണ് വന്നത്. അത്തരം കമന്റുകൾക്കുള്ള മറുപടി നടി കമന്റിലൂടെ കൊടുക്കുകയും ചെയ്തു.
നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെ ഉണ്ട് എന്ന കമന്റിന് റിമ മറുപടി നൽകിയത് ‘ആദിവാസിയെന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്. ആ വിശേഷണത്തിനു നന്ദിയുണ്ട്. അവരാണ് ഈ മണ്ണിന്റെ യഥാർഥ രാജാവും റാണിയും.അല്ലേ?’ എന്നായിരുന്നു.
പ്രളയ ദുരിതത്തിന്റെ ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയതെ’ന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.‘അതെ 19 ലക്ഷം നഷ്ടത്തിൽ നിന്നും അടിച്ചു മാറ്റി.’ എന്ന മറുപടിയാണ് റിമ ആ ചോദ്യത്തിന് നൽകിയത്.
കൊറോണ വരും വീട്ടിൽ പോ എന്ന് ഉപദേശിച്ച ആളിനോട് ഈ യാത്ര ഒരുപാട് മുമ്പ് നടത്തിയതാണെന്നു റിമ പറയുന്നു.
ലോക്ക്ഡൗണിനു മുമ്പത്തെ യാത്രകളിൽ നിന്നും പകർത്തിയ ചിത്രങ്ങൾ പങ്കുവെക്കുകയായിരുന്നു റിമ. ഗെയിം ഓഫ് ത്രോൺസ് സീരിസിലെ ഹൗസ് മാർട്ടെൽ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോർണിയിലെ വാട്ടർ ഗാർഡൻസിൽ നിന്നും പകർത്തിയ ചിത്രം താരം പങ്കുവച്ചിരുന്നു.
ഗെയിം ഓഫ് ത്രോൺസ് ഫാൻസിനു ഈ സ്ഥലം മനസ്സിലായോ എന്ന ചോദ്യത്തോട് കൂടിയായിരുന്നു റിമ ചിത്രങ്ങൾ പങ്കുവെച്ചത്. തന്റെ മറ്റൊരു പോസ്റ്റിലൂടെ റിമ എത്തിയ സ്ഥലത്തിന്റെ പ്രത്യേകതകളും വർണിക്കുന്നുണ്ട്.
സ്പെയിനിലെ സെവില്ലയിലാണ് അൽകസാർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നിരവധി സിനിമകൾക്ക് പശ്ചാത്തലം ആയിട്ടുള്ള ഈ കൊട്ടാരം വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.