Image

ഫരീദാബാദിന്റെ ആര്‍ച്ച്ബിഷപ്പായി മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര അഭിഷിക്തനായി

Published on 26 May, 2012
ഫരീദാബാദിന്റെ ആര്‍ച്ച്ബിഷപ്പായി മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര അഭിഷിക്തനായി
വിശുദ്ധ തൈലാഭിഷേക കര്‍മത്തോടെ സീറോ മലബാര്‍ സഭയുടെ പുതിയ രൂപതയായ ഫരീദാബാദിന്റെ ആര്‍ച്ച്ബിഷപ്പായി മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര അഭിഷിക്തനായി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തിലും ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ.വിന്‍സന്റ് കോണ്‍സസാവോയുടെയും എറണാകുളം - അങ്കമാലി സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്തിന്റെയും സഹകാര്‍മികത്വത്തിലുമാണ് മെത്രാഭിഷേകം പൂര്‍ത്തിയായത്.

ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റിനടുത്തുള്ള ത്യാഗരാജ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 40 ബിഷപ്പുമാര്‍ ഉള്‍പ്പെടുന്ന വൈദികസംഘം നിറഞ്ഞുനിന്ന സദസിലാണ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയെ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തിയത്. വൈകുന്നേരം അഞ്ചിന് ആഘോഷമായ പ്രദക്ഷിണത്തോടെയാണ് മെത്രാഭിഷേക ശുശ്രൂഷ ആരംഭിച്ചത്.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ ചടങ്ങില്‍ ആമുഖസന്ദേശം നല്‍കി. ഫരീദാബാദ് രൂപത സ്ഥാപിച്ചുകൊണ്ടും പുതിയ ആര്‍ച്ച്ബിഷപ്പിനെ നിയമിച്ചുകൊണ്ടുമുള്ള ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിയമനപത്രം ചടങ്ങില്‍ വായിച്ചു.

വത്തിക്കാന്‍ കാര്യാലയത്തിലെ ഫസ്റ്റ് കൗണ്‍സിലര്‍ മോണ്‍. ജിയാന്‍ ഫ്രാങ്കോ ഗലോണ്‍ രൂപത സ്ഥാപിച്ചുകൊണ്ടുള്ള അധികാര പത്രം ലത്തീന്‍ ഭാഷയിലും കൗണ്‍സിലര്‍ മോണ്‍. അര്‍നാള്‍ഡോ കത്തലാനോ നിയമന ഉത്തരവ് ലത്തീന്‍ ഭാഷയിലും ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ ഉത്തരവുകള്‍ ഇംഗ്ലീഷ് ഭാഷയിലും ചടങ്ങില്‍ വായിച്ചു. തുടര്‍ന്ന് സുവിശേഷ ഗ്രന്ഥം സാക്ഷിയാക്കി വിശ്വാസ പ്രഖ്യാപനം നടത്തിയ അഭിഷിക്തനെ കൈവയ്പുശുശ്രൂഷകളോടെ മെത്രാനായി ഉയര്‍ത്തി.

ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ച കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സ്ഥാന കിരീടവും അംശവടിയും കൈമാറിയതിനുശേഷം വിശുദ്ധ തൈലത്താല്‍ പുതിയ മെത്രാനെ അഭിഷേകം ചെയ്തു. തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയ വൈദികവൃന്ദം പുതിയ ബിഷപ്പിനെ ആശ്ലേഷിച്ച് ഐക്യദാര്‍ഢ്യവും ആദരവും പ്രഖ്യാപിച്ചു.

പുതിയ ആര്‍ച്ച്ബിഷപ് മാര്‍ ഭരണികുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുംശേഷമാണ് മെത്രാഭിഷേക ചടങ്ങുകള്‍ അവസാനിച്ചത്.

സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ.ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുടങ്ങിയ നാല്പതോളം ബിഷപ്പുമാര്‍ മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുത്തു. ഇന്നു ഫരീദാബാദില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക