തിരുവനന്തപുരം: വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാ ഭവനില്‍ ആര്യാ ദേവന് (23) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലൈനില്‍ വത്സലാഭവനില്‍ രാജേഷ് കുമാര്‍( പ്രദീപ് –32) നെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഭാര്യയെ നിയമപരമായി ബന്ധം വേര്‍പെടുത്താതെയാണ് ആര്യയെ രാജേഷ് വിവാഹം ചെയ്തത്. എന്നാല്‍ അതിനു ശേഷവും മുന്‍ ഭാര്യയുടെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. 9 മാസം മുന്‍പ് രാജേഷുമായി പിണങ്ങി മക്കള്‍ ഒന്നരവയസുള്ള ഇരട്ടകളായ ഹര്‍ഷനെയും, ഹര്‍ഷിത്തിനെയും കൂട്ടി ആര്യ അച്ഛനോടൊപ്പം താമസിച്ചു വരികയായിരുന്നു.
മൂന്നാഴ്ച മുന്‍പ് രാത്രി രാജേഷ് ആര്യയെ തിരക്കിയെത്തി. വീട്ടുകാരോട് പണവും ആവശ്യപ്പെട്ടു ബഹളം വച്ചതായി രക്ഷിതാക്കള്‍ പറയുന്നു. നിരന്തരം ഫോണില്‍ കൂടി പണം ചോദിച്ചക്കാറുമുണ്ടെന്നും പരാതിയുണ്ട് . ബുധനാഴ്ച രാത്രി 11 ഓടെ കുട്ടികളുടെ കരച്ചില് കേട്ട് അമ്മയും സഹോദരിയും വാതിലില്‍ തട്ടി വിളിച്ചിട്ടും തുറന്നില്ല. വാതില്‍ ചവുട്ടിപ്പൊളിച്ച് നോക്കുമ്പോള്‍ ആര്യ അവശനിലയില്‍ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, മുന്‍ വിവാഹ ബന്ധം വേര്‍പെടുത്താതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തത്. രാജേഷ് കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തിലെ അംഗമെന്നും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെന്നും പൊലീസ്. നാട്ടില്‍ പ്രദീപെന്നും നഗരത്തില്‍ റാവുത്തര്‍ എന്നും തിരുവല്ലത്ത് ഉരുക്ക് എന്നും പേരുകളിലാണ് അറിയപ്പെടുന്നത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ പൊലീസുകാരെ ആക്രമിച്ച കേസില്‍ ജാമ്യം കിട്ടി കഴിയുമ്പോഴാണ് ആര്യയെ കാണുന്നതും പ്രണയം നടിച്ച് വിവാഹം കഴിക്കുന്നതും.