മലയാള സിനിമയിലെ രണ്ട് വ്യത്യസ്ത ഗാനങ്ങള്‍ക്ക് കവര്‍ വെര്ഷന് ഒരുക്കി നടിയും ഗായികയുമായ രമ്യ നമ്പീശന്. 'ലാപ്ടോപ്' എന്ന സിനിമയിലെ 'ജലശയ്യയില്‍' എന്ന ഗാനവും 'പുനരധിവാസം' എന്ന ചിത്രത്തിലെ 'കനകമുന്തിരികള്‍' എന്ന ഗാനവുമാണ് കവര്‍ പതിപ്പില്‍ രമ്യ പാടിയിരിക്കുന്നത്. നെഞ്ചില്‍ തൊടുന്ന ശബ്ദമെന്നുള്പ്പെടെ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
രമ്യയുടെ വേറിട്ട ശബ്ദത്തിലുള്ള ലളിതമായ അവതരണം ആരാധകര്‍ ഏറ്റെടുത്തിരിക്കുയാണ്. മണിക്കൂറുകള്‍ക്കകം ചിത്രം യൂട്യൂബില്‍ വൈറലായിട്ടുണ്ട്. ഓരോ വരിയും ഹൃദയത്തില്‍ തൊടും വിധമാണ് രമ്യ പാടിയിരിക്കുന്നതെന്നാണ് ചിലരുടെ കമന്റുകള്‍. രമ്യയുടെ വ്യത്യസ്തമായ ലുക്കും പൊളിച്ചെന്നും കമന്റുകളുണ്ട്.
മിസ്റ്റിക് രാഗ എന്നാണ് കവര്‍ പതിപ്പിന് പേരിട്ടിരിക്കുന്നത്. രമ്യയുടെ സഹോദരനും സംഗീതസംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യം ആണ് പാട്ടിന് പ്രോഗ്രാമിങ് നിര്‍വഹിച്ചിരിക്കുന്നത്. അനുരാഗാണ് ഗിറ്റാര്‍ വായിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് 'വാരണം ആയിരം' എന്ന തമിഴ് ചിത്രത്തിലെ 'അനല്‍ മേലേ പനിതുള്ളി' എന്ന പാട്ടിന്റെ കവര്‍ പതിപ്പുമായി രമ്യ എത്തിയിരുന്നു. രമ്യ നമ്പീശന് എന്‍കോര്‍ എന്ന യൂട്യൂബ് പേജിലൂടെ ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
ലാപ്ടോപ്പിലെ ജലശയ്യയില്‍ എന്ന പാട്ടിനു വരികളൊരക്കിയിട്ടുള്ളത് റഫീഖ് അഹമ്മദ് ആണ്. ശ്രീവത്സന്‍ ജെ. മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. പുനരധിവാസത്തിലെ കനകമുന്തിരി എന്ന ഗാനത്തിനു സംഗീതം നല്‍കിയത് ശിവമണിയും ലൂയിസ് ബാങ്ക്സും ഒരുമിച്ചാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് വരികള്‍