Image

പന്തക്കുസ്ത : ഐക്യത്തിന്‍റെ തിരുനാള്‍

Published on 01 June, 2012
പന്തക്കുസ്ത : ഐക്യത്തിന്‍റെ തിരുനാള്‍
വത്തിക്കാന്‍ : പന്തക്കുസ്ത ഐക്യത്തിന്‍റേയും കൂട്ടായ്മയുടേയും തിരുനാളെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. മെയ് 27ാം തിയതി ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പെന്തക്കുസ്താ തിരുനാള്‍ ദിവ്യബലി മധ്യേ വചന പ്രഘോഷണം നടത്തുകയായിരുന്നു മാര്‍പാപ്പ.

ബാബേല്‍ ഗോപുരവും പന്തക്കുസ്താ ദിനവും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ചു പ്രതിപാദിച്ച മാര്‍പാപ്പ എന്താണ് യഥാര്‍ത്ഥ ഐക്യമെന്ന് വിശുദ്ധ ഗ്രന്ഥഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു വിശദീകരിച്ചു. വിവര സാങ്കേതിക വിദ്യാ രംഗത്തെ നേട്ടങ്ങളിലൂടെ ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ മറികടക്കുകയാണ് മനുഷ്യരാശി. ലോകത്തെവിടെ നിന്നും സുഗമമായി ആശയവിനിമയം നടത്താന്‍ മനുഷ്യന് ഇന്നു സാധിക്കുന്നുണ്ട്. എന്നിട്ടും അനോന്യം മനസിലാക്കാനും കൂട്ടായ്മയില്‍ ജീവിക്കാനും മനുഷ്യര്‍ക്കു സാധിക്കുന്നുണ്ടോ?. വ്യക്തിബന്ധങ്ങളും തലമുറകള്‍ തമ്മിലുള്ള ആശയവിനിമയവും സംഘര്‍ഷഭരിതമല്ലേ? അനുദിന ജീവിത സാഹചര്യങ്ങളില്‍ മറ്റുള്ളവരെ മനസിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം സ്വാര്‍ത്ഥ താല്‍പര്യങ്ങളുമായി അഹത്തിന്‍റെ അഴിക്കൂടുകള്‍ക്കുള്ളില്‍ അഭയം തേടുന്നതിന് നാം സാക്ഷികളാണ്. ഐക്യം പരിശുദ്ധാത്മാവിന്‍റെ ദാനമാണ്. ഐക്യത്തിന്‍റേയും സത്യത്തിന്‍റേയും ആത്മാവിന് അനുയോജ്യമായി ജീവിക്കേണ്ടവരാണ് നാമെന്നും മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.
എല്ലാ വിശ്വാസികളുടേയും ഹൃദയങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ സ്നേഹാഗ്നിയാല്‍ ജ്വലിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് മാര്‍പാപ്പ വചനപ്രഘോഷണം സമാപിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക