വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവിന് സ്റ്റേ. ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയാണ് സ്റ്റേ ചെയ്തത്. ചര്‍മവും ചര്‍മവും തമ്മില്‍ സ്പര്‍ശനം ഉണ്ടായില്ലെന്നും അതിനാല്‍ ലൈംഗിക പീഡനമായി ഇതിനെ കണക്കാക്കാന്‍ കഴിയില്ലെന്നുമായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.
കേസില്‍ സ്ത്രീയുടെ അന്തസ് ഹനിക്കല്‍ നിയമപ്രകാരം മാത്രമായിരുന്നു ശിക്ഷ വിധിച്ചത്. മൂന്ന് വനിതാ അഭിഭാഷകര്‍ നല്കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷന് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്തുണച്ചു. ഇത് അപകടകരമായ ഒരു കീഴ്വഴക്കം ഉണ്ടാക്കിയേക്കാമെന്നും, അടിയന്തരമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞു.
31 വയസ്സായ ഒരാള്‍ 12 വയസ്സുള്ള കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് വിവാദമായ പരാമര്‍ശം നടത്തിയത്. പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു ജഡ്ജി. ഇതേ കേസില്‍ പോക്സോ ചുമത്തിയിരുന്നെങ്കില്‍ പ്രതിക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് സാധ്യതയുണ്ടായിരുന്നതാണ്.
പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു