Image

കൃഷ്ണ ജന്മ ഭൂമി: തെളിവ് തേടാന്‍ എ എസ് ഐ ക്ക് കോടതി നിര്‍ദ്ദേശം

പി എസ് ജോസഫ്‌ Published on 10 April, 2021
കൃഷ്ണ ജന്മ ഭൂമി: തെളിവ് തേടാന്‍ എ എസ്  ഐ ക്ക് കോടതി നിര്‍ദ്ദേശം

അയോധ്യ പ്രക്ഷോഭത്തിന് ശേഷം ഒരിക്കല്‍ കൂടി മതത്തിന്റെ പേരില്‍ ഇന്ത്യന്‍ ജനത  വിഭജിക്കപ്പെടാന്‍ വഴി ഒരുങ്ങുകയാണോ? രാമജന്മഭൂമി പ്രക്ഷോഭം സൃഷ്ടിച്ച വൈകാരികമായ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല . ഇപ്പോഴിതാ കൃഷ്ണ ജന്മഭൂമിയുടെ പേരില്‍ വലിയൊരു തര്‍ക്കത്തിന് വഴിമരുന്നിട്ടിരിക്കുകയാണ് വാരാണസി കോടതി .

കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനവ്യാപി  മുസ്ലിം പള്ളിയുടെ നിര്‍മ്മാണത്തില്‍ പൌരാണികമായ എന്തെങ്കിലും അവശിഷ്ടങ്ങളുണ്ടോ എന്നന്വേഷിക്കാന്‍ ആര്‍ക്കിയോളോജിക്കള്‍ സര്‍വ്വേ ഓഫ് ഇന്ത്യയോടു കോടതി ഉത്തരവിട്ടിരിക്കുകയാണ് .

ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നു പാർലമെന്റ്റ് പാസാക്കിയ  ആരാധനാലയ നിയമത്തിനു കടകവിരുദ്ധമാണ് ഈ ഉത്തരവ് .അയോധ്യ ഒഴികെ, എല്ലാ ആരാധാനാലയങ്ങളിലും സ്വാതന്ത്ര്യത്തിന്റെ സമയത്തെ നിലയിലും സ്വഭാവത്തിലും യാതൊരു  മാറ്റവും വരുത്തികൂടാ എന്നായിരുന്നു അതിന്റെ കാതല്‍ 

തീര്‍ഥാടന കേന്ദ്രങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ ആണെന്നും അതിനാല്‍ ഈ നിയമ നിര്‍മ്മാണത്തിനു പാര്‍ലമെന്റിന് അധികാരമില്ലെന്നും ബി ജെ പി വാദിച്ചിരുന്നു .എന്നാല്‍ 2019 ൽ  സുപ്രീം കോടതി മതനിരപേക്ഷത എന്ന ഭരണഘടന മൂല്യം സംരക്ഷിക്കുന്നതിനാണ് നിയമം എന്ന് അയോധ്യാ വിധിയില്‍ ന്യായികരിച്ചു .

എങ്കിലും ചില ഉപാധികള്‍ നിയമത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നു .ആരാധനാലയങ്ങള്‍ പുരാവസ്തു ഗവേഷണ സൈറ്റോ 1958 ഇലെ എൻഷ്യന്റ്റ് മോണുമെന്റ്സ് ആന്‍ഡ്‌ ആര്‍ക്കിയോളജിക്കല്‍ സൈറ്റ്സ് ആന്‍ഡ്‌ റിമേയിന്‍സ് ആക്റ്റ് പ്രകാരം പൌരാണികമാണെന്ന് തെളിയിക്കപെട്ടതോ ആണെങ്കില്‍ നിയമം ബാധകമാവില്ല .

1997 ല്‍ ഈ കേസ് ആരാധനാലയ നിയമം മൂലം കാലഹരണപ്പെട്ടിട്ടില്ല എന്ന് സിവില്‍ കോടതി വിധിച്ചിരുന്നു . തെളിവുകള്‍ ഉണ്ടോ എന്ന് പരിശോധിച്ച ശേഷം പ്രശ്നം കാലഹരണപ്പെട്ടോ എന്ന് നിശ്ചയിക്കാന്‍ ഒരു റിവിഷന്‍ ഹര്‍ജിയില്‍ മറ്റൊരു സിവില്‍ കോടതിയും ഉത്തരവ് നല്‍കി .എ എഎസ്  ഐ യോട് പരിശോധന നടത്താനുള്ള ഉത്തരവ് ഈ തെളിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് . അലഹബാദ് ഹൈകോടതി ഇത് സംബന്ധിച്ച ഒരു ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റി വെച്ചിരിക്കെ ആണ് സിവില്‍ കോടതി വിധി . ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചാല്‍ അത് ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ട്ടിക്കും .സ്വാഭാവികമായി ബി ജെ പി നിലപാട് സര്‍ക്കാര്‍ മറുപടിയില്‍ നിഴലിക്കും എന്ന് വേണം കരുതാന്‍ 

വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന്  യു പി യിലെ സുന്നി വഖഫ് ബോര്‍ഡ് പറഞ്ഞിരിക്കുന്നു .അവര്‍ക്ക് എത്ര പോകാനാവും എന്ന് കണ്ടറിയണം. 

നിയമം കൊണ്ടു അവസാനിപ്പിച്ച ഇത്തരം തര്‍ക്കങ്ങള്‍ക്ക് ജീവൻ  കൊടുക്കുന്നത് യഥാര്‍ഥത്തില്‍ രാജ്യത്തെ സമാധാനവും ശാന്തതയും ഭഞ്ജിക്കും . നീണ്ട  നിയമയുദ്ധങ്ങള്‍ക്കും തെരുവ് യുദ്ധങ്ങള്‍ക്കും രാഷ്ട്രീയ പോര്‍ വിളികള്‍ക്കും ഇത്  വഴി തെളിക്കും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക