-->

EMALAYALEE SPECIAL

ചക്കരമാവിൽ വിഷുപ്പക്ഷി ചിലച്ചു (ശങ്കരനാരായണൻ ശംഭു)

Published

on

വിത്തും കൈക്കോട്ടും
 "വിത്തും കൈക്കോട്ടും
കള്ളൻ ചക്കീട്ടു കണ്ടാ മിണ്ടണ്ട
കൊണ്ടോയ് തിന്നോട്ടെ "

"വിഷുച്ചാലിനുള്ള പടക്കം വാങ്ങിയോ.
കൂട്ടത്തിൽ രണ്ടുപെട്ടി മത്താപ്പും കുറച്ച് കമ്പിത്തിരിയും രണ്ടു പൂക്കുറ്റിയും ഇത്തിരി ഓലയും കൂടി വാങ്ങിക്കോ. കുട്ട്യോൾക്ക് ആശയുണ്ടാവും വിഷുവല്ലേ. പക്ഷി ചിലക്കണ കേട്ടില്ലേ".

വീടിനുമുന്നിലെ പ്ലാസ്റ്റിക് കസേരയിൽ ആണ് ഇരിക്കുന്നതെന്നു മുത്തശ്ശി മറന്നു പോയിരുന്നു. പുതുക്കി പണിതപ്പോൾ നാലുകെട്ടിൽ പൂമുഖവും ചാരുപടിയും പൊളിച്ച് അടച്ചുറപ്പുള്ള ഹാൾ ആക്കിയിരുന്നു. അവിടെയുള്ള സോഫയിലും മറ്റും ഇരിക്കുന്നത് മുത്തശ്ശിക്കിഷ്ടമല്ല. അതിനൊക്കെ ചൂടാണ് എന്നു പറയും. ഉമ്മറത്തെ ചാര്പടിയിൽ കാൽ നീട്ടി ഇരിക്കുന്നത് സങ്കൽപ്പത്തിലുള്ള മുത്തശ്ശി കടയിലേക്ക് പോകാനിറങ്ങിയ കുട്ടനോട് പറഞ്ഞു.

  "എന്തു വിഷുച്ചാല് മുത്തശ്ശീ. അതിനെവിടെയാ പാടം" കുട്ടന്റെ മറുചോദ്യത്തിൽ ചിന്തയിൽ നിന്നുണർന്ന മുത്തശ്ശി ചുറ്റുമൊന്നു നോക്കി. മുറ്റത്തിന്റെ തെക്കു കിഴക്കെ മൂലയിൽ ഉണ്ടായിരുന്ന വൈക്കോൽ കൂനയുടെ സ്ഥാനം കാടുപിടിച്ചു കിടക്കുന്നു. രണ്ടര കന്നെങ്കിലും ഒഴിയാതെ ഉണ്ടായിരുന്ന തൊഴുത്തിന്റെ തറ പോലും പൊളിച്ചു കഴിഞ്ഞു. ഈ മുറ്റത്ത് വന്നു കൂടിയിരുന്ന കറ്റകൾ മെതിക്കുമ്പോഴുള്ള മണം പോലും ആസ്വദിച്ച
കാലം അകലങ്ങളിലേക്ക് മറഞ്ഞിരിക്കുന്നു.

താനിവിടെ വന്ന കാലത്ത് മുറ്റത്തും പത്തായത്തിലുമായി നെല്ലു കുമിഞ്ഞു കിടക്കും.എടുത്താലും  കൊടുത്താലും തീരില്ല അതെന്നു തോന്നിയിരുന്നു അന്ന്.

വിഷു തലേന്ന് എത്ര പേരായിരുന്നു ഇവിടെ. വെച്ചു വിളമ്പി തളരുന്ന നാളുകൾ.
കണിവെക്കാനുള്ള വലിയ ഉരുളി തേച്ച് പൊന്നിൻ നിറമാക്കണം. വാളൻപുളിയും ചെങ്കൽ പൊടിയുമൊക്കെ ഇട്ട് തലേന്ന് തന്നെ ആ പണി കഴിക്കും. വലിയ നിലവിളക്ക് നിലവറക്കുണ്ടിൽ നിന്നു പുറത്തു വരുന്നതും അന്നാണ്.

എത്ര തേച്ചു മിനുക്കിയാലും തിളക്കം പോര എന്നേ തോന്നു. പുറംപണികൾക്കു നിർത്തിയിരുന്ന ശാരദ അതിനൊക്കെ മിടുക്കിയാണ്. അകായിലുള്ളവരുടെ മനസ്സറിഞ്ഞ് കാര്യങ്ങൾ ചെയ്യും. കുംഭത്തിൽ വേനൽ മഴ പെയ്ത് മുറ്റത്തിന് നിരപ്പു വ്യത്യാസം വന്നത് വീണ്ടും മെഴുകി ഒപ്പമാക്കിയിട്ടുണ്ടാകും. ശാരദയുടെ ഭർത്താവ് കേശവൻ രണ്ടു കുല കൊന്നപൂവും ഇലയും കൂടി ആരും കാണാതെ തൊഴുത്തിന്റെ ഉത്തരത്തിൽ കൊണ്ടുവന്നു വെച്ചിട്ടുണ്ടാകും.

പിറ്റേ ദിവസം കണികാണാനുള്ള പൂവ് തലേന്നേ കാണാൻ പാടില്ലത്രെ. അപ്പോൾ മരത്തിൽ നിൽക്കുന്നത് വിഷുവിന് മുൻപു കാണുന്നില്ലേ എന്ന കുരുത്തം കെട്ട ചോദ്യങ്ങൾ പാടില്ലത്രെ. വടക്കെ പ്ലാവിലെ വരിക്ക ചക്ക കൃത്യമായി വിഷുവിന് മൂക്കും. പഴയ കാരണവന്മാർ കാലം നോക്കി വെച്ചതാണത്രെ അത്. കണി
വെള്ളരി തിരഞ്ഞെടുക്കുന്നത് ചിലപ്പോൾ നല്ല പണിയാകും.ഒരു വട്ടി വെള്ളരിക്ക യിൽ നിന്ന് ലക്ഷണമൊത്ത ഒന്ന് കിട്ടും.

ആറന്മുള കണ്ണാടിയും അലക്കിയ മുണ്ടും.കുങ്കുമച്ചെപ്പും,കൺമഷിയും, ഗ്രന്ഥവുമൊക്കെ അതു സൂക്ഷിക്കുന്ന കാൽപ്പെട്ടി തുറന്ന് അമ്മ എടുത്തു വെച്ചാൽ പുതുപ്പണവും,സ്വർണ്ണവും, കൈനീട്ടവും അച്ഛൻ എടുത്തു വെക്കും. കണി ഒരുക്കുന്നത് അച്ഛനാണ്. ഭർത്താവിന്റെ അച്ഛനമ്മമാരാണെങ്കിലും തനിക്ക് അവർ ഒരു മകളുടെ സ്നേഹം തന്നിരുന്നു.

കുട്ടികൾ ഉറങ്ങിയ ശേഷം മറ്റുള്ള മുതിർന്നവരും അമ്മയുമടക്കം ഉറങ്ങാൻ പോയ ശേഷമാണ് അച്ഛൻ കണി ഒരുക്കുക. കിണ്ടി വിളക്ക് ഉരുളി എല്ലാം നേരത്തെ എടുത്ത് ഒരു ഭാഗത്തു വെച്ചു കഴിഞ്ഞ് വെറ്റില അടക്ക അടക്കം കൊണ്ടു വെച്ചാൽ അച്ഛൻ പറയും'' ഇനി കുട്ടി പോയി കിടന്നോളൂ. ഇത് ഞാനായിക്കൊ ള്ളാം. തളത്തിലേക്കുള്ള വാതിലും ചാരിക്കോളു എന്ന് ". പലപ്പോഴും വാതിൽ ചാരുന്ന സമയത്ത് അച്ഛൻ മുറ്റത്തേക്കിറങ്ങുകയാവും കൊന്നപ്പൂ എടുത്തു കൊ ണ്ടു വരാൻ.

അയൽപക്കങ്ങളിൽ നിന്നും രാത്രിയിൽ ഇടക്കിടെ പടക്കം പൊട്ടുന്ന നേരത്ത് ഈശ്വരാ ഇവർക്കൊന്നും ഉറക്കവും ഇല്ലേ എന്നു തോന്നും. കണി കാണാറാകുമ്പോൾ വാതിൽക്കൽ മുട്ടുകേൾക്കും. കൈപിടിച്ചു കൊണ്ടുപോകാൻ അച്ഛനോ അമ്മയോ വാതിൽക്കൽ ഉണ്ടാകും

കണ്ണുതുറക്കാതെ വന്നോളൂ ഞാൻ പിടിക്കാമെന്ന ഉറപ്പും.

കണിക്കു മുന്നിലെത്തുമ്പോൾ വിരൽ കിണ്ടിയിലെ വെള്ളത്തിൽ തൊടുവിച്ചത് കണ്ണിൽ വെച്ച് കണി കാണുമ്പോൾ ഒരു അത്ഭുത പ്രപഞ്ചം തന്നെ അവിടെ കാണാം. അന്നൊന്നും കൃഷ്ണന്റെ പ്രതിമ
ഇല്ല. ആറന്മുള കണ്ണാടി പോലും പിന്നെ കിട്ടിയതാണത്രെ. പൊന്നുപോലെ ഉള്ള ഉരുളിയിൽ ഉണക്കല്ലരിക്കു മുകളിൽ നേരെ കാണുന്ന കണ്ണാടിയിൽ പ്രതിബിംബിക്കുന്ന ദീപനാളങ്ങൾ. വസ്ത്രവും, ഗ്രന്ഥവും, കുങ്കുമച്ചെപ്പും, കൺമഷിയും . പുതുപ്പണം, സ്വർണ്ണം, കൈനീട്ടത്തിനുള്ളത്. എല്ലാത്തിനും അരങ്ങായി കൊന്നപ്പൂക്കളും പൊൻവെള്ളരിക്കയും. കണ്ണും മനസ്സും നിറയുന്ന കണികാണൽ. എല്ലാവരും കണ്ടു കഴിഞ്ഞാൽ കൈനീട്ടം.

ഒരു വിളക്കെടുത്തു പശുവിനും കന്നിനും കണി കാണിക്കൂ എന്നു പറയും. ഉരുളി ഭാരമാണെങ്കിലും സന്തോഷമാണ്. ആരെങ്കിലും മുന്നിൽ ഒരു ചെറിയ വിളക്കുമായി പോകുമ്പോൾ പിന്നിൽ കണിയുമാ
യി തൊഴുത്തിലേക്ക്. മുന്നിലേക്കു നീട്ടുന്ന കണിയിലെ കൊന്നപ്പൂ തിന്നാൻ നാവു നീട്ടുന്ന സുന്ദരിപ്പയ്യ്. വിളക്കുകണ്ട് അവളുടെ മകനും ചാടി എണീക്കും. അവരെ കാണിച്ച് തിരിച്ചു കൊണ്ടു വന്നു തളത്തിൽ വെക്കണം.

ആണുങ്ങളും കുട്ടികളും ചെറിയ വിളക്കിൽ നിന്ന് തിരികൊളുത്തി പടക്കം പൊട്ടിക്കാൻ തുടങ്ങും. നിലച്ചക്രവും പൂക്കുറ്റിയുമൊക്കെ ഇരുട്ടിൽ മായക്കാഴ്ചയായി നിറയുമ്പോൾ കുട്ടികൾ കൈകൊട്ടി ചിരിക്കും. പൂത്തിരി അവരുടെ കണ്ണുകളിൽ കാണാം. ചില്ലറ പൊള്ളലും പരിക്കുമൊന്നും ആരും കൂട്ടാക്കാറില്ല.

രാവിലെ വിഷുക്കഞ്ഞിയും ചക്ക പുഴുക്കും. പാടത്ത് പടക്കം പൊട്ടാൻ തുടങ്ങിയാൽ വിഷുച്ചാൽ ഇട്ടു എന്നറിയാം.  പടിക്കൽ പോയാൽ കാണുകയുമാകാം. അച്ഛൻ മേൽനോട്ടം കൊടുത്ത് നിൽക്കുന്നുണ്ടാകും. കിഴക്കെപ്പാടത്ത് വേലായുധനും കൂട്ടരും പൂജയും വിത്തു വിതയും കഴിഞ്ഞ് ചാലിട്ട് പടക്കം കൊളുത്തുകയാണ്.

അവർക്കുള്ള അവകാശവും വീട്ടിൽ വന്നു കഴിഞ്ഞ് കൊടുത്താൽ വടക്കുപുറത്ത് കൈക്കോട്ടു ചാലും വേലായുധനാണ് ചെയ്യുക. അച്ഛന്റെ വലം കൈയ്യാണ് എന്നാണു പറയുക.

മേലേക്കാവിലെ വിഷുവേല ഒന്നാം തീയതിയാണ്. അക്കരെക്കാവിൽ രണ്ടാം തീയതിയും. മേലേ കാവിലെ ഭഗവതിയുടെ അനുജത്തിയാണത്രെ അക്കരെ കാവിൽ ഭഗവതി. ആ ബഹുമാനമാണ് പിറ്റേന്നാക്കാൻ കാരണം. വേലക്കിടയിൽ അക്കരെക്കാവിലെ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി മേലെക്കാവിൽ എത്തി വലം വെച്ച് പോകാറുള്ള ചടങ്ങ് രസമാണ്.

"മുത്തശ്ശി സ്വപ്നം കാണുകയാണോ? പടക്കം വാങ്ങിയാൽ ഇവിടെ ആരാ പൊട്ടിക്കാനുള്ളത്. കഴിഞ്ഞ തവണ കത്തിച്ച പൂക്കുറ്റി പൊട്ടിത്തെറിച്ചത് മറന്നുവോ. അതു കത്തിച്ച മോഹനന്റെ കൈ പൊള്ളി രണ്ടു മാസം കഴിഞ്ഞു ശരിയാകാൻ". കുട്ടൻ മുത്തശ്ശിയെ ഓർമ്മകളിൽ നിന്നുണർത്തി.
 
"ശരിയാണ് എന്നാൽ വേണ്ട കുട്ട്യോളൊക്കെ അവരുടെ പ്രാരാബ്ധങ്ങളായി ഓരോ നാട്ടിൽ പോയത് ഞാൻ മറന്നു.

നാളെ മോഹനനോടും സരളയോടും വരാൻ പറണം വിഷുകേട്ടം കൊടുക്കണം. ഞാനിത്തിരി കിടക്കട്ടെ". 

തൊടിയിലെ ചക്കരമാവിൽ വിഷുപ്പക്ഷി ചിലച്ചു. 
വിത്തും കൈക്കോട്ടും 
കള്ളൻ ചക്കീട്ടു 
കണ്ടാൽ മിണ്ടണ്ട 
കൊണ്ടോയ്തിന്നോട്ടെ..

Facebook Comments

Comments

  1. Sumesh

    2021-04-19 14:49:49

    മനോഹരം ... വാക്കുകൾ തുടരട്ടെ .....

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

View More