നമുക്കെന്തു ജോർജ് ഫ്ലോയ്ഡ് !
നമുക്കെന്തു ബ്ലാക്ക് ലൈഫ് മാറ്റർ !
നമ്മൾ ഇന്ത്യാക്കാർ ..
നമ്മൾ മലയാളികൾ ...
സവർണതയും ജാതിപ്പേരും അലങ്കാരമായി ഇന്നും കൊണ്ട് നടന്നു ആത്മനിർവൃതി അടയുന്നവർ!
വർണ്ണവെറി കൊടികുത്തി വാണിരുന്ന ഒരു നാട്ടിൽ നിന്നും അതപ്പാടെ കൂടെ കൊണ്ട് വന്നു ഇവിടെ പകർത്തിയാടുന്നവർ !
നമുക്ക് ബ്ലാക്ക് ലൈഫോ ജോർജ് ഫ്ലോയിഡോ ഒന്നും മാറ്ററല്ല!
ജോർജ്ജ് ഫ്ളോയിഡിന്റെ ഘാതകന്റെ ശിക്ഷ കൂടിപ്പോയെന്നു ചിന്തിക്കുന്നു നമ്മളിൽ കുറെ പേർ!
നമുക്ക് അവർ വെറും കറമ്പർ
.. മടിയർ..
നാലു കാശിനു വില കെട്ടവർ.
അമേരിക്കയിൽ കാലു വെയ്ക്കുമ്പോഴേ ചാർച്ചക്കാരുടെ മുന്നറിയിപ്പ്
“കറമ്പരെ സൂക്ഷിക്കണം .. അപകടകാരികളാണവർ”!
ഇത് വെള്ളക്കാരന്റെ രാജ്യം, നമ്മളവന്റെയടിമകൾ”
വെളുമ്പനെ നമ്പി നിൽക്കണം
അവനാണ് ദൈവം, സർവ്വാധികാരി
ഇതവന്റെ രാജ്യം
അവന്റെ ഭരണം
തോക്കുകളാണവന്റെ മതം.. പേടിക്കണം
ഇവിടെ നമ്മൾ വെറും തൊഴിലാളികൾ!”! കൂലിപ്പണിക്കാർ! വയറ്റിപ്പിഴപ്പുകാർ.
ഈ പ്രമാണങ്ങളപ്പാടെ വിശ്വസിച്ചും പേടിച്ചും
കറുത്തവനിലും ശ്രേഷ്ഠരാണ് നമ്മളെന്ന് ആത്മഗതം
ചൊല്ലിയും പഠിപ്പിച്ചും പഠിച്ചും സ്വയം വിശ്വസിപ്പിച്ചും നമ്മൾ ഇവിടെ വേരിറക്കുന്നു .
പുതു തലമുറയെ വളർത്തുന്നു!
പക്ഷേ നമ്മുടെ പുതുനാമ്പുകൾ!
അവരാരാണ് മക്കൾ !
നാം പഠിച്ചു പോന്ന വർണ്ണവെറിയുടെ വിഷം അവരിൽ
കുത്തിയിറക്കാൻ നാം പണിപ്പെടുന്നു!
ഒരിക്കലുമൊരു ആഫ്രിക്കൻ അമേരിക്കനെ
ജീവിത പങ്കാളിയാക്കരുതെന്നു നാം അവരോടു തുറന്നു പറയുമ്പോൾ,
നമ്മുടെ മുഖത്തു നോക്കി നടുവിരൽ ഉയർത്തി തെറിവാക്കുകളുടേ അകമ്പടിയോടെ
നീയാണ് ഏറ്റവും വലിയ റേയ്സിസ്റ്റ് തന്തേയെന്നവൻ
മുഖത്തടിക്കാതെയലറുന്നു !
നാം അമേരിക്കയെ ശപിക്കുന്നു !
പല്ലു ഞെരിക്കുന്നു.
പുതുതലമുറ
അവരോ ബുദ്ധിരാക്ഷസർ .. തവിട്ടു തൊലിയിൽ സ്വയം സായ്പ്പെന്നൊ കറുമ്പനെന്നൊ സ്വയം ഭാവിച്ചു വളരുന്നവർ !
നമ്മുടെ ഉള്ളിലിരുപ്പ് ശരിക്കും അവർ മനസിലാക്കുന്നു!
കറുത്തവനോടടുക്കരുതെന്ന ഉപദേശം അവർ കാറ്റിൽ പറത്തുന്നു.
അവർക്കെല്ലാം ഒരു പോലെയെന്നുള്ളത് നമ്മെ ചൊടിപ്പിക്കുന്നു!
അവർ മിശ്രിതരാകുന്നു ! നമ്മളിൽ ചിലർക്ക് പ്രാന്ത് വരുന്നു !
കറമ്പരുടെ കുറ്റകൃത്യകണക്കുകൾ, വിദ്യാഭ്യാസമില്ലായ്മ, കൂടെ മറ്റു പലതും പറഞ്ഞവരുടെ മനസ് തിരിക്കാൻ നോക്കുമ്പോഴും
അവർക്കൊരൊറ്റ മതം മാത്രം
വി ആർ അമേരിക്കൻസ് !
വി ആർ വൺ !
അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ !
അവർ ജീവിക്കട്ടെ.
നമുക്ക് ഈ രാജ്യത്തെ ഒരു കാര്യത്തിലും ഇടപെടാതേ
മനമിങ്ങും മിഴിയങ്ങുമായി കഴിയാം!
നാട്ടിൽ നിന്ന് വരുന്ന മന്ത്രി തന്ത്രി അഴിമതിക്കോലങ്ങൾക്കു കുഴലൂത്തു നടത്തി എഴുന്നള്ളിക്കാം!
പഴയ അടിയാൻ ജൻമി ജീവിതത്തിന്റെ നൊസ്റാൾജിയയിൽ അങ്ങിനെ നമുക്ക് സായുജ്യമടയാം!
നമുക്കെന്തു ജോർജ് ഫ്ലോയിഡ്!
നമുക്കെന്തു ബ്ലാക്ക് ലൈഫ് മാറ്റർ!