Image

പശ്ചിമേഷ്യ കത്തുമ്പോള്‍ പിടയുന്നത് കേരളത്തിന്റെ നെഞ്ചകം

ജോബിന്‍സ് തോമസ് Published on 13 May, 2021
പശ്ചിമേഷ്യ കത്തുമ്പോള്‍ പിടയുന്നത് കേരളത്തിന്റെ നെഞ്ചകം
ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും നടത്തുന്ന സമാധാനശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്ന സൂചനകളാണ് ഇസ്രായേലില്‍ നിന്നും ലഭിക്കുന്നത്. ഇസ്രായേല്‍ - പാലസ്തീന്‍ സംഘര്‍ഷം കൂടുതല്‍ വഷളാവുകയാണ്. ഇസ്രായേലിനെതിരെ നടന്ന റോക്കറ്റ് ആക്രമണങ്ങള്‍ക്ക് ഹമാസിന്റെ കമാന്‍ഡറെ വധിച്ചുകൊണ്ടാണ് ഇസ്രായേല്‍ മറുപടി നല്‍കിയത്. എന്നാല്‍ ടെല്‍ അവീവ് ആക്രമിക്കുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസിന് സ്വപ്‌നം പോലും കാണാന്‍  കഴിയാത്ത തിരിച്ചടിയാണ് കാത്തിരിക്കുന്നതെന്ന് ഇസ്രായേല്‍. പോര്‍ വിളികള്‍ക്കും പോരിനുമിടയില്‍ മരിച്ചു വീഴുന്നത് നിരവധി നിരപരാധികളും.

ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം കൊടുമ്പിരികൊള്ളുമ്പോള്‍ ഇങ്ങിവിടെ കേരളത്തിന്റെ നെഞ്ചകമാണ് പിടയുന്നത്. കേരളത്തില്‍ നിന്നും ഇസ്രായേലില്‍ ജോലി ചെയ്യുന്നത് നിരവധി ആളുകളാണ്. നഴ്‌സുമാരാണ് ഇവരിലധികവും. നേഴ്‌സായും കെയര്‍ ടേക്കറായും , ഹോം നേഴ്‌സായുമൊക്കെയാണ് അവിടെ ഇവര്‍ ജോലി ചെയ്യുന്നത്. ഇസ്രായേലിനും പാലസ്തിനുമിടയിലെ സംഘര്‍ഷത്തിനറുതി വരണമേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയാണ് ഇവരുടെ പ്രിയപ്പെട്ടവര്‍ ഇങ്ങു കേരളത്തിലിരുന്ന്. ജോലിക്ക് പോയിരിക്കുന്നവരില്‍ അധികം ആളുകളുടേയും ജീവിതപങ്കാളിയും കുഞ്ഞുങ്ങളും നാട്ടിലാണ്. ഇസ്രായേലില്‍ മലയാളി നേഴ്‌സുമാര്‍ക്ക് വന്‍ സ്വീകാര്യതയാണുള്ളത്. ഇതു കൊണ്ട് തന്നെ നല്ല ശമ്പളവുമുണ്ട്. നാട്ടിലെ പ്രരാബ്ധങ്ങളും
 ഒപ്പം സ്വപ്‌നങ്ങളുമാണ് ഉറ്റവരെ ഉപേക്ഷിച്ച് അവിടെപ്പോയി ജോലി ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. 

ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യയുടെ മരണവാര്‍ത്തകൂടി എത്തിയതോടെ നെഞ്ചുനീറിയാണ് കേരളത്തില്‍ നിന്നും ഇസ്രായേലില്‍ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ കഴിയുന്നത്. സൗമ്യയുടെ കഥയും വിത്യസ്തമല്ല. മൂന്നുവര്‍ഷത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വര്‍ഷം. എന്നാല്‍ ഇതില്‍ എട്ടുവര്‍ഷവും ഇസ്രായേലില്‍ ആയിരുന്നു. ആറുമാസങ്ങള്‍കൂടി കഴിഞ്ഞാല്‍ നാട്ടില്‍ തിരിച്ചെത്തി പുതിയ വീടുവച്ച് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ഇനിയുള്ള കാലം ജീവിക്കാന്‍ ഒരുങ്ങുമ്പോഴാണ് ദുരന്തമെത്തിയത്. 

ഇസ്രായേലിലെ വീടുകളില്‍ പ്രായമായവരെ നോക്കുന്നവരാണ് ഇവിടുന്ന് പോയവരില്‍ അധികവും  അതുകൊണ്ട് തന്നെ എപ്പോഴും ഫോണില്‍ വിളിച്ചാല്‍ കിട്ടില്ല. വിളിക്കുമ്പോഴാകട്ടെ പുറത്തെ ആക്രമണങ്ങളുടെ ശബ്ദം നാട്ടില്‍ കേള്‍ക്കാം. ഇവിടെ സുരക്ഷാമുറിയുണ്ട് ഞങ്ങല്‍ സുരക്ഷിതരാണ് ഒന്നും ഭയക്കാനില്ല എന്നൊക്കെപ്പറഞ്ഞ് വീട്ടുകാരെ ആശ്വസിപ്പിക്കുമ്പോഴും അവരുടെ സ്വരമിടറുന്നത് കേള്‍ക്കാമെന്ന് നാട്ടിലുളളവര്‍ കണ്ണീരോടെ പറയുന്നു. മറുപടിയായി പ്രാര്‍ത്ഥിക്കാം ഒന്നും സംഭവിക്കില്ല എങ്ങനെയെങ്കിലും തിരിച്ചു വരാന്‍ നോക്ക് എന്നൊക്കെ പറയാനെ വീട്ടുകാര്‍ക്കും സാധിക്കൂന്നുള്ളു. അവിടെയും ഇവിടെയും ആധിയുടെ മണിക്കൂറുകള്‍.

പെട്ടന്ന് തിരിച്ചു പോരാന്‍ സാധിക്കുന്നവരല്ല അവിടെ ജോലിക്ക് പോയിരിക്കുന്നവരിലധികവും. കാരണം എട്ടുലക്ഷം മുതല്‍ പത്തുലക്ഷം രൂപവരെ ഏജന്‍സികള്‍ വഴി നല്‍കിയാണ് പലരും അവിടെ ജോലി സംഘടിപ്പിച്ചത്. ഇതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളും ഒപ്പം കിടപ്പാടവും സ്വര്‍ണ്ണവും പണയം വച്ചതും പലിശക്കെടുത്തതും എല്ലാം ചേര്‍ത്താണ് ഈ തുക പലരും കണ്ടെത്തുന്നത്. ഇങ്ങനെ ഇല്ലാത്ത പണം ഉണ്ടാക്കി ഇസ്രായേലിലേയ്ക്ക് പറക്കുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ നാട്ടില്‍ തിരിച്ചെത്തി ഉറ്റവരോടൊപ്പമുള്ള സ്വസ്ഥജീവിതമാണ് എല്ലാവരുടേയും സ്വപ്നം. ഈ സ്വപ്‌നങ്ങള്‍ക്കു കൂടി മേലാണ് ഇത്തരം സംഘര്‍ഷങ്ങള്‍ കരിനിഴല്‍ വീഴ്ത്തുന്നത്. 

മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുകള്‍ ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്. ഇസ്രായേലിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനവശ്യമായ നടപടികളെടുക്കാന്‍ ഇസ്രായേലിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്തി വി.മുരളീധരന്‍ പ്രതികരിച്ചിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക