Image

കൊണ്ടുവന്ന ഐശ്വര്യമൊക്കെ മതി ; ട്രോളില്‍ മുങ്ങി അക്ഷയ തൃതിയ

ജോബിന്‍സ് തോമസ് Published on 14 May, 2021
കൊണ്ടുവന്ന ഐശ്വര്യമൊക്കെ മതി ; ട്രോളില്‍ മുങ്ങി അക്ഷയ തൃതിയ
ഇന്ന് അക്ഷയ തൃതിയ. ഒരു തരി പൊന്നെങ്കിലും വാങ്ങിയാല്‍ ഐശ്വര്യം വീട്ടിലും വ്യക്തിയിലും അടുത്ത ഒരു വര്‍ഷത്തേയ്ക്ക ഉണ്ടാവുമെന്നാണ് വിശ്വാസം. ഒരു പക്ഷെ സത്യമായിരിക്കാം ചിലര്‍ക്ക് വ്യക്തിപരമായി അനുഭവങ്ങളുമുണ്ടാവാം.  അതിനാല്‍ അവര്‍ ഒരോ വര്‍ഷവും പൊന്ന് വാങ്ങുന്നുമുണ്ടാവാം. കഴിഞ്ഞ തവണ അക്ഷയ തൃതിയ സ്വര്‍ണ്ണ വ്യാപാരം ഓണ്‍ലൈനില്‍ ആയിരുന്നു. അതിനു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കച്ചവടം മാത്രമാണ് നടന്നതും. ഇത്തവണയും ലോക് ഡൗണില്‍ അക്ഷയ തൃതിയ സ്വര്‍ണ്ണ വ്യാപാരം ഓണ്‍ലൈനിലാണ്. എന്നാല്‍ നമ്മള്‍ പറഞ്ഞു വന്നത് ഇതൊന്നുമല്ല. ഇത്തവണ സ്വര്‍ണ്ണക്കടകളെക്കാളുപരി സോഷ്യല്‍ മീഡിയയിലാണ് അക്ഷയതൃതിയയ്ക്ക് സ്വീകരണം ലഭിച്ചത്. ട്രോള്‍ മഴ വര്‍ഷിച്ചായിരുന്നു സ്വീകരണം. 

കഴിഞ്ഞ തവണ തന്ന ഐശ്വര്യം തന്നെ ധാരാളം, ഇനി കൂടുതല്‍ വേണ്ട എന്ന ധ്വനിയിലായിരുന്നു കൂടുതല്‍ ട്രോളുകളും. ട്രോളന്‍മാരെയും കുറ്റം പറയാന്‍ പറ്റില്ല. കെട്ടകാലമെന്ന് ഒറ്റവാക്കില്‍ തന്നെ പറയാന്‍ പറ്റുന്ന കാലത്ത് ജീവിക്കുമ്പോള്‍ അക്ഷയ തൃതിയ അല്ല ആര് ഐശ്വര്യം കൊണ്ട് വന്നാലും വേണ്ട എന്നു പറയുന്ന അവസ്ഥയിലാണ് മലയാളി. മഹാമാരി ഒരു മയവുമില്ലാതെ പടര്‍ന്നു പിടിക്കുന്നു, പ്രളയങ്ങള്‍ക്ക് പഞ്ഞമില്ല, പണിയില്ല, കുട്ടികള്‍ സ്‌കൂളില്‍ പോയിട്ട് ഒരു വര്‍ഷമായി, വിദേശത്തുള്ള പ്രിയപ്പെട്ടവരെ കണ്ടകാലം മറന്നു. ഇനി ജീവിക്കാന്‍ ഏറ്റവും ആവശ്യമുള്ള ഓക്‌സിജന്റെ കാര്യത്തില്‍ പോലും ക്ഷാമമാണ്. പിന്നെന്ത് ഐശ്വര്യമാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ അക്ഷയതൃതിയ കൊണ്ടുവന്നതെന്നാണ് ഇവരുടെ ചോദ്യം. 

അക്ഷയ തൃതിയ എന്ന വാക്ക് വൈറലായിട്ട് അധികം വര്‍ഷങ്ങളായില്ല. ഒരു പക്ഷെ പ്രഫഷണല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ പിച്ചവയ്ക്കാറായതും അക്ഷയതൃതിയ വൈറലായതും ഏകദേശം ഓരേ കാലഘട്ടത്തിലാണ് എന്ന് തന്നെ പറയേണ്ടി വരും. അവരുടെ ബുദ്ധിയില്‍ കടഞ്ഞെടുത്ത സ്വര്‍ക്കടക്കാരന്റെ ഒരു തന്ത്രമാണ് അക്ഷയ തൃതിയ എന്ന് ആക്ഷേപം ഉന്നയിക്കുന്നവരും ഉണ്ട്. ഇന്നത്തെ അവസ്ഥയില്‍ ഇവരേയും കുറ്റം പറയാന്‍ കഴിയില്ല. കയ്യിലിരിക്കുന്ന സ്വര്‍ണ്ണം കൊണ്ടുപോയി പണയം വച്ചിട്ടായാലും അക്ഷയതൃതിയയ്ക്ക് അല്പം സ്വര്‍ണ്ണമെടുക്കണമെന്നത് മലയാളികള്‍ക്ക് ഒരു നിര്‍ബന്ധമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. എന്തായാലും എത്ര കൊറോണാ ഉണ്ടായാലും ലോക് ഡൗണ്‍ അല്ലായിരുന്നെങ്കില്‍ ഉറപ്പായും പലിശയ്‌ക്കെടുത്ത പണം കൊണ്ട് സ്വര്‍ണ്ണക്കടകളില്‍ പോയി പൊന്നും വില കൊടുത്ത് ഐശ്വര്യം മലയാളികളും ഉണ്ട് എന്നത് സത്യം. എന്തായാലും തങ്ങളുടെ ഉപഭോക്താക്കളുടെ ഐശ്വര്യമുറയ്പ്പിക്കാന്‍ ഓണ്‍ലൈനിലൂടെയാണെങ്കിലും സൗകര്യമൊരുക്കിയ സ്വര്‍ണ്ണവ്യാപാരികളോട് നന്ദി മാത്രം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക