Image

വാക്‌സിന്‍ നയം : നഷ്ട്‌പ്പെട്ട പ്രതിഛായ തിരികെ പിടിക്കാന്‍ കേന്ദ്രം

ജോബിന്‍സ് തോമസ് Published on 15 May, 2021
 വാക്‌സിന്‍ നയം : നഷ്ട്‌പ്പെട്ട പ്രതിഛായ തിരികെ പിടിക്കാന്‍ കേന്ദ്രം
കോവിഡിന്റെ രണ്ടാം തരംഗം മുന്‍കൂട്ടികണ്ട് പ്രതിരോധിക്കാന്‍ കഴിയാഞ്ഞതും ഒപ്പം വാക്‌സിന്‍ നയം പാളിയെന്ന വിമര്‍ശനങ്ങളുമാണ് കേന്ദ്ര സര്‍ക്കാരിനെ ഇപ്പോള്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത് . പാര്‍ട്ടിയില്‍ നിന്നും ഒപ്പം ആര്‍എസ്എസില്‍ നിന്നും പോലും സര്‍ക്കാര്‍ വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടിവന്നു. 

ഇതിനുപുറമേ സംസ്ഥാനങ്ങള്‍ പലതും സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് ഇതിനായി ഇവര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാക്കുകയാണ്. ഇതും കേന്ദ്രത്തിന് തിരിച്ചടിയാണ് കേന്ദ്രമാണ് ആവശ്യത്തിന് വാക്‌സിനുകള്‍ എത്തിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതെന്നിരിക്കെ സംസ്ഥാനങ്ങള്‍ സ്വയം വാങ്ങുന്നത് കേന്ദ്രത്തിന്റെ കഴിവുകേടായെ വ്യാഖ്യാനിക്കപ്പെടു. സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ അത് പ്രതിപക്ഷം ആയുധമാക്കുകയും ചെയ്യും.

വാക്‌സിന്റെ കാര്യത്തില്‍ കോടതികള്‍ പോലും വിമര്‍ശനങ്ങളുന്നയിച്ചു കഴിഞ്ഞു. എപ്പോള്‍ വാക്‌സിനുകള്‍ നല്‍കാന്‍ കഴിയും എന്ന ചോദ്യത്തിന് മറുപടിയില്ലാതെ നല്‍ക്കുകയാണ് കേന്ദ്രം. വാക്‌സിനില്ലാതെ വാക്‌സിനെടുക്കണം എന്ന 
ഡയലര്‍ട്യൂണ്‍ എന്തിനാണെന്ന് കോടതി ചോദിച്ചത് സര്‍ക്കാരിനേല്‍പ്പിച്ച പ്രഹരം ചെറുതല്ല. തുടക്കത്തില്‍ ഇന്ത്യയിലെ സാഹചര്യം നോക്കാതെ വാക്‌സിന്‍ കയറ്റി അയച്ചതും സര്‍ക്കാരിന് തിരിച്ചടിയായി.

ഈ സാഹചര്യത്തിലാണ് ഏതുവഴിക്കും വാക്‌സിനെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുന്നത്. വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പ്പദിപ്പിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം മൂന്ന് വിദേശ കമ്പനികളെ സര്‍ക്കാര്‍ സമീപിച്ചിരുന്നു. ഇതില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് വാക്‌സിന്‍ നിര്‍മ്മിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മെഡോണ, ഫൈസര്‍ എന്നീ കമ്പനികളില്‍ നിന്നും ഇറക്കുമതി ചെയ്യാനും സര്‍ക്കാരിന് പദ്ധതിയുണ്ട് .

ഇന്ത്യയിലേയ്ക്ക് വാക്‌സിന്‍ ഇറക്കുമതിക്ക് അനുമതി ചോദിക്കുന്ന കമ്പനികള്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ അനുമതി നല്‍കാനാണ് തീരുമാനം. ഭാരത് ബയോടെക് തങ്ങളുടെ വാക്‌സിന്‍ ഫോര്‍മുല കൃത്യമായ ഉല്‍പ്പാദന സൗകര്യമുള്ള മറ്റ് കമ്പനികള്‍ക്ക് കൈമാറാനുള്ള സന്നദ്ധതയും അറിയച്ചിട്ടുണ്ട് . കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണിത്. 

ഡിസംബറോടെ 216 കോടി ഡോസ് വാക്‌സിന്‍ എത്തുമെന്നും എല്ലാവര്‍ക്കും വിതരണം ചെയ്യാന്‍ കഴിയുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ. റഷ്യയുടെ സ്പുട്‌നിക്ക് ഉള്‍പ്പെടെ ഇന്ത്യയില്‍ അനുമതിയുള്ള മൂന്ന് വാക്‌സിനുകളില്‍ നിന്നും 145 കോടി ഡോസും ഒപ്പം പുതുതായി അനുമതി കാക്കുന്ന അഞ്ച് കമ്പനികളില്‍ നിന്നും 71 കോടി ഡോസുമാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇതു കൂടാതെ ജോണ്‍സണ്‍ & ജോണ്‍സണ്‍, ഫൈസര്‍, മഡോണ എന്നീ കമ്പനികളില്‍ നിന്നും വാക്‌സിനുകള്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇങ്ങനെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നും ആരോപണങ്ങളെ അതിജീവിച്ച് പ്രതിഛായ വീണ്ടെടുക്കാന്‍ കഴിയുമെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക