Image

ജര്‍മനിയില്‍ റിക്കാര്‍ഡ് വാക്‌സിനേഷന്‍

Published on 15 May, 2021
ജര്‍മനിയില്‍ റിക്കാര്‍ഡ് വാക്‌സിനേഷന്‍


ബര്‍ലിന്‍: ജര്‍മനിയിലെ കൊറോണ വൈറസ് അണുബാധ നിരക്ക് കഴിഞ്ഞ രണ്ടു മാസത്തെ അപേക്ഷിച്ച് മേയ് 14 ന് ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതേസമയം അണുബാധ സൂചിക മാര്‍ച്ച് മുതല്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ വാക്‌സിന്‍ ഡ്രൈവ് ത്വരിതപ്പെടുത്തുന്നതിനിടയിലാണ് ഈ കുറവ് എന്നതും ശ്രദ്ദേയമാണ്.

മന്ദഗതിയിലുള്ള തുടക്കത്തിനു ശേഷം തുടര്‍ന്നുവന്ന ആഴ്ചകളില്‍ ജര്‍മ്മനിയുടെ വാക്‌സിന്‍ പ്രോഗ്രാം ത്വരിതപ്പെടുത്തിയതും പ്രതിരോധ കുത്തിവയ്പ്പുകള്‍ വേഗത്തിലാക്കിയതോടെ ആളുകളില്‍ ഏറെ സ്വീകാര്യത ലഭിച്ചതുമാവാം ഈ കുറവ് എന്നു വേണം കരുതാന്‍.

പകര്‍ച്ചവ്യാധികള്‍ക്കുള്ള രാജ്യത്തെ പൊതുജനാരോഗ്യ ഏജന്‍സിയായ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടു പ്രകാരം ഒരു ലക്ഷം പേര്‍ക്ക് രാജ്യവ്യാപകമായി പുതിയ കൊറോണ വൈറസ് അണുബാധകളുടെ എണ്ണം 96.5 ആയി കുറഞ്ഞുവെന്നാണ്. മാര്‍ച്ച് 20 നു ശേഷം ആദ്യമായാണ് ഈ സംഖ്യ 100 ല്‍ താഴുന്നത്.

അതേസമയം, രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ വാക്‌സിനേഷന്‍ നേടിയത് ബുധനാഴ്ചയാണ്. 1.35 ദശലക്ഷം ഷോട്ടുകളാണ് നല്‍കിയത്. ഇത് പുതിയൊരു റിക്കാര്‍ഡാണ്.

രാജ്യത്തിപ്പോള്‍ 38,6 ദശലക്ഷം ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. ഇത് ജനസംഖ്യയുടെ 35.9 ശതമാനം വരും. ഇവരില്‍ 8.8 ദശലക്ഷം ആളുകള്‍ക്ക് (10.6) ശതമാനത്തിനും ഇപ്പോള്‍ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.

പൊതുജീവിതത്തിനും നിലവിലുള്ള ബിസിനസുകള്‍ക്കുമുള്ള നിയന്ത്രണങ്ങളില്‍ ജര്‍മ്മനിയിലുടനീളം കാര്യമായ വ്യത്യാസങ്ങളുണ്ട്. ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമെന്നും എന്നാല്‍ റസ്റ്ററന്റുകളുടെ ഇന്‍ഡോര്‍ ഭാഗങ്ങള്‍ വീണ്ടും തുറക്കുന്നതിന് മുമ്പ് പ്രതിവാര പുതിയ കേസുകള്‍ ഒരു ലക്ഷത്തില്‍ 50 ല്‍ താഴെയാകുന്നതു വരെ കാത്തിരിക്കണമെന്നുമാണ് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത് 11,336 പേര്‍ക്കാണ്. 190 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ 35,85,891 കേസുകളാണ് രാജ്യത്താകെ ഇതിനകം സ്ഥിരീകരിച്ചിട്ടുള്ളത്. മരണനിരക്ക് 86,481 ഉം. ഏഴു ദിവസത്തെ ശരാശരി കണക്കനുസരിച്ച് ഒരു ലക്ഷം പേര്‍ക്ക് 103,6 എന്ന കണക്കിലാണ് രാജ്യത്തെ ഇന്‍സിഡെന്‍സ് റേറ്റ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക