Image

വാക്‌സിന്‍ വൈകിയാല്‍ പ്രവാസികള്‍ക്ക് പണിയാകും

ജോബിന്‍സ് തോമസ് Published on 16 May, 2021
വാക്‌സിന്‍ വൈകിയാല്‍ പ്രവാസികള്‍ക്ക് പണിയാകും
ഇന്ത്യയിലെ നിലവിലെ വാക്‌സിന്‍ ക്ഷാമം ഏറ്റവുമധികം ബാധിക്കുന്നത് പ്രവാസികളെയാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്താല്‍ മാത്രമെ നാട്ടിലെത്തിയിരിക്കുന്ന പ്രവാസികള്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന നാടുകളിലേയ്ക്ക് മടങ്ങിപ്പോകാനാവൂ. എന്നാല്‍ പലര്‍ക്കും ആദ്യ  ഡോസ് വാക്‌സിന് രജിസ്റ്റര്‍ ചെയ്യാന്‍ പോലും സാധിച്ചിട്ടില്ല. ആറുമാസമാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിസയുടെ കാലാവധി. ഇതുകഴിഞ്ഞാല്‍ ഇവര്‍ക്ക് മടങ്ങിപ്പോകാന്‍ സാധിക്കില്ല. 

പല സംസ്ഥാനങ്ങളിലും 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടില്ല. ഈ പ്രായപരിധിയിലുള്ളവരാണ് വിദേശത്ത് ജോലി ചെയ്യുന്നവരിലധികവും. കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്താല്‍ മൂന്നുമാസം കഴിഞ്ഞ ശേഷം മാത്രമെ രണ്ടാമത്തെ ഡോസ് ലഭിക്കൂ. പലരും നാട്ടിലെത്തിയിട്ട് രണ്ട് മാസത്തോളമായി. അതിനാല്‍ ഇപ്പോള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമെ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് രണ്ടാമത്തെ ഡോസ് എടുത്ത ശേഷം മടങ്ങിപ്പോകാന്‍ സാധിക്കൂ. 

വിദേശത്തേയ്ക്ക് പോകാന്‍ പുതുതായി ജോലി ലഭിച്ച് കാത്തിരിക്കുന്നവരും ഉണ്ട് . ഇവര്‍ക്കും വാക്‌സിന്‍ കൃത്യസമയത്ത് ലഭിച്ചില്ലെങ്കില്‍ ലഭിച്ച ജോലി ഇല്ലാതാകും. പലരും ഏജന്‍സികള്‍ വഴി ലക്ഷങ്ങള്‍ മുടക്കിയാണ് ജോലി സമ്പാദിച്ചത്. മാത്രമല്ല ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയിട്ടുണ്ട്. ഇതും പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ്. 

ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നത്. ഗള്‍ഫ് , യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ്. ഇവിടെയൊക്കെ ഇപ്പോള്‍ കോവിഡ് നിയന്ത്രണവിധേയമായി കഴിഞ്ഞു. നേരെ മറിച്ച് ഇന്ത്യയില്‍ വ്യാപനം വര്‍ദ്ധിക്കുകയാണ്. ഇതേ ്തുടര്‍ന്നാണ് യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഈ രാജ്യങ്ങള്‍ തീരുമാനിച്ചത്. 

വാക്‌സിന് ആവശ്യത്തിന് സ്റ്റോക് ഇല്ലാത്തതിനാലാണ് ആദ്യ ഡോസ് വാക്‌സിന്‍ ലഭിക്കുന്നത് താമസിക്കാന്‍ കാരണം. 18-45 പ്രായപരിധിയിലുളളവര്‍ക്ക് വാക്‌സിനേഷന്‍ തുടങ്ങുമ്പോള്‍ നാട്ടിലുള്ള പ്രവാസികള്‍ക്കും മുന്‍ഗണന നല്‍കണമെന്ന ആവശ്യം ശക്തമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക