Image

കൊറോണയും മലയാളം പഠിക്കുമോ ?

ജോബിന്‍സ് തോമസ് Published on 16 May, 2021
കൊറോണയും മലയാളം പഠിക്കുമോ ?
കൊറോണ എന്ന വാക്ക് ദിവസം ഒരു തവണയെങ്കിലും പറയാത്തവരും കുറഞ്ഞത് 10 തവണയെങ്കിലും കേള്‍ക്കാത്തവരും ഇന്ന് കുറവാണ്. കൊറോണയെന്നു മാത്രമല്ല കൊറോണയെത്തിയതോടെ ഇതുവരെ അപരിചിതമായിരുന്ന മറ്റു ചില വാക്കുകളും ഇപ്പോള്‍ നാം സ്ഥിരം ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഇവയെല്ലാം ഇംഗ്ലീഷ് പദങ്ങളാണ്. മലയാളികളെ സംബന്ധിച്ചടത്തോളം ഈ പദങ്ങളെല്ലാം മലയാളം വാക്കുകളേക്കാള്‍ സുപരിചിതമായിക്കഴിഞ്ഞു. ഉച്ചാരണശുദ്ധിയോടെ ഉപയോഗിക്കുന്നുമുണ്ട്. ഉദാഹരണം ക്വാറന്റീന്‍.

എന്നാല്‍ ഇത്തരം വാക്കുകളിലൂടെയാണെങ്കിലും ആംഗലേയം മലയാളത്തെ കീഴടക്കുമോ എന്ന ആശങ്ക ചില ഭാഷാ സ്‌നേഹികള്‍ക്കില്ലാതില്ല. അതു കൊണ്ട് തന്നെയാണ് കൊറോണയുമായി ബന്ധപ്പെട്ട് സാധിക്കാവുന്ന പദങ്ങള്‍ക്കെല്ലാം മലയാളം പദം കണ്ടുപിടിക്കാന്‍ കേരളാ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയത്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് ഉടന്‍ തന്നെ ഇംഗ്ലീഷ് വാക്കുകള്‍ക്ക് സമാനമായ മലയാളം വാക്കുകള്‍ കണ്ടു പിടിക്കുകയും ചെയ്തു. അതിങ്ങനെയാണ്

ക്വാറന്റീന്‍ - സമ്പര്‍ക്ക വിലക്ക്
ഹോം ക്വാറന്റീന്‍ - ഗാര്‍ഹീക സമ്പര്‍ക്ക വിലക്ക്
റിവേഴ്‌സ് ക്വാറന്റീന്‍ -സംരക്ഷണ സമ്പര്‍ക്ക വിലക്ക്
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സിഎഫ്എല്‍ടിസി)-ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രം
കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍(സിഎസ്എല്‍ടിസി)-രണ്ടാം തല കോവിഡ് ചികിത്സാ കേന്ദ്രം
ഡൊമിസിലിയറി കെയര്‍ സെന്റര്‍-ഗൃഹവാസ പരിചരണ കേന്ദ്രം
കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍-സമൂഹിക വ്യാപനം
സൂപ്പര്‍ സ്‌പ്രെഡ് - അതിവ്യാപനം
ആന്റി ബോഡി - പ്രതിവസ്തു
കണ്ടയ്‌മെന്റ് സോണ്‍-നിയന്ത്രിത മേഖല
കോണ്‍ട്രാക്ട് ട്രേസിംഗ് - സമ്പര്‍ക്കാന്വേഷണം
ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍-സ്ഥാപന സമ്പര്‍ക്ക വിലക്ക്
പ്രൈമറി കോണ്‍ടാക്ട് - ഒന്നാം തല സമ്പര്‍ക്കം

ഇനിയിപ്പോള്‍ കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ  ഔദ്യോഗിക രേഖകളിലേയ്ക്കും ഈ മലയാളം വാക്കുകള്‍ കടന്നുവരാനിടയുണ്ട് . അങ്ങനെ വന്നാല്‍ ഇനി കൊറോണയ്‌ക്കെതിരെയുള്ള മലയാളിയുടെ നീക്കങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ കൊറോണ മലയാളം പഠിക്കേണ്ടി വരും.

Join WhatsApp News
Tom Abraham 2021-05-16 12:18:55
Stop using the word communism . Viplavarishtam better or chuvappurasam...
Chenkkodiraja 2021-05-16 13:19:34
Janakeeyatauthasamhita..Tom.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക