Image

മലയാളത്തിൽ കാണാൻ ഏറ്റവും പുതിയ 5 ഒടിടി സിനിമകൾ

Published on 17 May, 2021
മലയാളത്തിൽ കാണാൻ ഏറ്റവും പുതിയ 5 ഒടിടി സിനിമകൾ
കോവിഡ് കാരണം മലയാശ സിനിമാ മേഖലയില്‍ സംഭവിച്ച പ്രധാന മാറ്റങ്ങളിലൊന്നാണ് ഒടിടി റിലീസുകള്‍. ഇന്റര്‍നെറ്റും, ആമസോണ്‍, നെറ്റ്ഫ്‌ള്ക്‌സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളുമെല്ലാം ഉണ്ടായിരുന്നെങ്കിലും മലയാളം സിനിമകള്‍ ഒടിടി റിലീസ് ചെയ്യാറില്ലായിരുന്നു. ജയസൂര്യയെ നായകനാക്കി ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത 'സൂഫിയും സുജാതയും' എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യത്തെ ഒടിടി സിനിമ. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഈ ചിത്രത്തിന് പുറകെ ഒട്ടനവധി മലയാളം സിനിമകളാണ് വിവധ ഒട്ടി പ്ലാറ്റ്‌ഫോമുകളിലായി ഇതുവരെ റിലീസ് ചെയ്തത്. പ്രൈം റീല്‍സ്, നീസ്ട്രീം, റൂട്ട്, കേവ് എന്നിങ്ങനെ പുതുതായി ഒട്ടേറെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മലയാള സിനിമ ലക്ഷ്യമിട്ട് ബിസിനസ് രംഗത്തെത്തിയതോടെ മലയാളത്തിനും ഒടിടി റിലീസുകളുടെ ചാകരക്കാലമാണ്. ഇതാ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ കാണാന്‍ പറ്റിയ 5 മികച്ച പുതിയ മലയാള സിനിമകള്‍.

നായാട്ട്

കോവിഡ് രണ്ടാം തരംഗം കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുന്നതിന് തൊട്ടു മുമ്പായി തിയറ്ററിലെത്തിയ ചിത്രമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട്.' ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് 'നായാട്ടി'ലെ മുഖ്യകഥാപാത്രങ്ങള്‍. പോലീസുകാരായ 3 പേര്‍ ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയരാകുകയും, സമൂഹത്തിന്റെ മുന്‍വിധിയും, വോട്ട് ബാങ്ക് രാഷ്ട്രീയവും, മാധ്യമവിചാരണയുമെല്ലാം ഇവരെ എങ്ങനെ നിസ്സഹായരാക്കി വിധേയത്വം കല്‍പ്പിക്കപ്പെടുന്നുവെന്നും വ്യക്തമാക്കുന്ന ചിത്രമാണ് 'നായാട്ട്.' ഇരകളും, നായാട്ടുകാരും എന്ന ദ്വന്തത്തെ, ഇരകാളക്കപ്പെടുന്ന നായാട്ടുകാര്‍ എന്ന് മാറ്റി വരയ്ക്കുന്ന ചിത്രവുമാണ് ഇത്. നേരത്തെ 'ജോസഫ്' എന്ന ചിത്രത്തിന് തിരക്കഥ രചിച്ചതിലൂടെ പ്രശസ്തനായ, മുന്‍ പോലീസ് ഓഫീസര്‍ ഷാഹി കബീറാണ് ഈ രാഷ്ട്രീയ സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. തിയറ്ററില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ലെങ്കിലും മെയ് 11ാം തീയതി നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ പ്രേക്ഷകപ്രശംസയാണ് ലഭിച്ചിരിക്കുന്നത്.

നിഴല്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത 'നിഴല്‍' കോവിഡ് രണ്ടാം തരംഗം കാരണം തിയറ്റര്‍ വിട്ട ചിത്രമാണ്. തുടര്‍ന്ന് മെയ് 11-ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം, കൈയടക്കമുള്ള ത്രില്ലറായാണ് വിലയിരുത്തപ്പെടുന്നത്. തെന്നിന്ത്യയിലെ ഏറ്റലും താരമൂല്യമുള്ള നായികയായ നയന്‍താരയുടെ സാന്നിദ്ധ്യവും 'നിഴലി'ലേയ്ക്ക് പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്നു. പുതുമയുള്ള ഒരു പ്രമേയത്തെ, ത്രില്ലടിപ്പിക്കും വിധം മുന്നോട്ട് കൊണ്ടുപോകുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടായേക്കാമെങ്കിലും, ഉദ്വേഗഭരിതമായ ഒരുപിടി മുഹൂര്‍ത്തങ്ങള്‍ 'നിഴല്‍' സമ്മാനിക്കുമെന്നുറപ്പ്.

ഓപ്പറേഷന്‍ ജാവ

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'ഓപ്പറേഷന്‍ ജാവ' പ്രമേയത്തിലെ പുതുമ കൊണ്ടും, അവതരണത്തിലെ വ്യത്യസ്തത കൊണ്ടും കോവിഡ് കാലത്ത് തിയറ്ററുകള്‍ നിറച്ച സിനിമയാണ്. ഫെബ്രുവരിയില്‍ റിലീസായ ചിത്രം സീ 5 ഒടിടി പ്ലാറ്റ്‌ഫോമില്‍ മെയ് 15-നാണ് റിലീസ് ചെയ്തത്. കേരളത്തിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റിലെ അറിയാക്കഥകള്‍ പങ്കുവയ്ക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, ലുക്മാന്‍, ഇര്‍ഷാദ്, ബിനു പപ്പു, അലക്‌സാണ്ടര്‍ പ്രശാന്ത് തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. താരമൂല്യത്തിലുപരി മികച്ച തിരക്കഥയാണ് സിനിമയുടെ അടിസ്ഥാനമെന്ന് വ്യക്തമാക്കുന്ന 'ഓപ്പറേഷന്‍ ജാവ' മികച്ചൊരു സിനിമാനുഭവമാണ്.

കൃഷ്ണന്‍കുട്ടി പണിതുടങ്ങി

സൂരജ് ടോം സംവിധാനം ചെയ്ത ഹൊറര്‍-കോമഡി വിഭാഗത്തില്‍പ്പെടുന്ന 'കൃഷ്ണന്‍കുട്ടി പണിതുടങ്ങി' ഏപ്രില്‍ 11-ന് സീ കേരളം ചാനലിലും, സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലും ഒരേസമയം റിലീസായി. വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ഹൊറര്‍ സിനിമകളുടെ ആരാധകരെ രസിപ്പിക്കും.

ജോജി

ഫഹദ്-ദിലീഷ്-ശ്യാം പുഷ്‌കരന്‍ ടീമിന്റെ മൂന്നാമത്തെ ചിത്രമായ 'ജോജി' ഏപ്രില്‍ ഏപ്രില്‍ 7-നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഷേക്‌സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട ചിത്രം പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. അതേസമയം വിഖ്യാതസംവിധായകനായ കെ.ജി ജോര്‍ജ്ജിന്റെ 'ഇരകള്‍' എന്ന ചിത്രവുമായി ഏറെ അടുത്തു നില്‍ക്കുന്നുവെന്നതിനാല്‍ ചിത്രം സോഷ്യല്‍ മീഡിയയിലും മറ്റും വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. എന്നിരുന്നാലും ഒരേസമയം ഒരു ത്രില്ലറായും, സോഷ്യല്‍ ഡ്രാമയായും കാണാവുന്ന മികച്ച സിനിമയാണ് ജോജി. പ്രധാന കഥാപാത്രമായ ഫഹദ് ഫാസിലിനൊപ്പം ജോജി മുണ്ടക്കയം, ഉണ്ണിമായ പ്രസാദ്, സണ്ണി പി.എന്‍, ബാബുരാജ്, ബേസില്‍ ജോസഫ്, അലക്‌സ് അലിസ്റ്റര്‍, ഷമ്മി തിലകന്‍ തുടങ്ങിയവരുടെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ സംഗീതസംവിധാനവും ഏറെ പ്രശംസിക്കപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക