Image

കോവിഡ് കാലത്ത് കൂടുതൽ മരണങ്ങൾ ഉണ്ടായത് ഹൃദ്രോഗവും പ്രമേഹവും മൂലം

Published on 11 June, 2021
കോവിഡ് കാലത്ത്  കൂടുതൽ മരണങ്ങൾ ഉണ്ടായത് ഹൃദ്രോഗവും പ്രമേഹവും മൂലം

ന്യൂയോർക്ക്: കോവിഡ് പിടിപ്പെടുമോ എന്ന ഭയംകൊണ്ട് കൃത്യ സമയത്ത് ആശുപത്രിയിലെത്തി ചികിത്സതേടാതിരുന്നതിലൂടെ കഴിഞ്ഞ വർഷം യുഎസിൽ വലിയൊരു ശതമാനം ആളുകൾ, 
മരണപ്പെട്ടതായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങി പല രോഗങ്ങളും ഉള്ളവർ ഇത്തരത്തിൽ ഡോക്ടറെക്കാണാൻ മടിച്ച് ജീവൻ അപകടത്തിലായിട്ടുണ്ടെന്ന് ഫെഡറൽ ആരോഗ്യ അധികൃതർ വിലയിരുത്തുന്നു. 2020 -21 ലെ കോവിഡ് മരണസംഖ്യയേക്കാൾ കൂടുതലാണ് ഇത്തരത്തിൽ മരിച്ചവരുടെ എണ്ണമെന്നും  കണക്കുകൾ സൂചിപ്പിക്കുന്നു.
യു എസ് ചരിത്രത്തിൽ ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട വർഷമാണ് 2020. എന്നാൽ, കോവിഡ് ബാധിതർ മരണപ്പെട്ടത് മാത്രമല്ല ഈ നിരക്ക് ഉയരാൻ കാരണമെന്നാണ് ഗവേഷകർ പുതിയ ഡാറ്റയിലൂടെ വിശദീകരിക്കുന്നത്. 20 വർഷങ്ങൾക്കിടെ  പ്രമേഹവും ഹൃദ്രോഗവും മൂലം ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതും 2020 ലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സിഡിസി യുടെ കണക്ക് പ്രകാരം, 2020 ൽ 3.4 മില്യൺ അമേരിക്കക്കാരാണ് മരണപ്പെട്ടത്. ഇതിൽ 3,45,000 പേരാണ് കോവിഡിന് കീഴടങ്ങി മരണംവരിച്ചത്. അർബുദ ബാധിതരായി മരണപ്പെട്ടവർ രാജ്യത്ത് കഴിഞ്ഞ വർഷം 2019 ലെ നിരക്ക് അപേക്ഷിച്ച് കുറയുകയാണ് ചെയ്തത്. അൽഷീമേഴ്‌സ്, പാർക്കിൻസൺസ്  രോഗം,രക്തസമ്മർദ്ദം, സ്ട്രോക്ക് തുടങ്ങിയവ മൂലമുള്ള മരണങ്ങൾ  നേരിയ തോതിൽ ഉയർന്നു. 
മരണകാരണമായേക്കുമെന്ന് അധികം ഭയക്കാത്ത പ്രമേഹമാണ് കൂടുതൽ പേരുടെ ജീവൻ അപഹരിച്ചത്. മാരകമായ ഒരു രോഗമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും, കൃത്യമായ ഭക്ഷണക്രമങ്ങളിലൂടെ നിയന്ത്രിച്ചില്ലെങ്കിൽ അപകടകരമാകുന്ന ഒന്നാണ് ഈ ജീവിതശൈലി രോഗം. കോവിഡ് കാലമായതിനാൽ,ആശങ്ക വർദ്ധിച്ചതും  പതിവായ പരിശോധനകൾ മുടങ്ങിയതുകൊണ്ടും പ്രമേഹം ഉയർന്നത്  പല രോഗികളും തിരിച്ചറിഞ്ഞിരിക്കില്ലെന്നും, അറിഞ്ഞവർ ഗൗരവം കൊടുക്കാതെ  ചികിത്സ വേണ്ടെന്ന്  വെച്ചിരിക്കാമെന്നുമാണ്  നിഗമനം. 2019 നെ അപേക്ഷിച്ച് 13,000 അധിക മരണങ്ങളാണ് പ്രമേഹം മൂലം ഉണ്ടായത്. 14 ശതമാനമാണ് വർദ്ധനവ്. നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും  ആശുപത്രിയിൽ എത്താതിരുന്നതുകൊണ്ട് ഹൃദ്രോഗികളുടെ മരണവും ഗണ്യമായി ഉയർന്നിട്ടുണ്ട്. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാൽ, ചികിത്സ പലരും വേണ്ടെന്ന് വച്ചതും മരണനിരക്ക് ഉയരാനുള്ള കാരണങ്ങളിലൊന്നായി ഗവേഷകർ അഭിപ്രായപ്പെട്ടു.

  കോവിഡ്: ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത്    

കോവിഡ് പോരാട്ടത്തിൽ സംസ്ഥാനം മുന്നേറുന്നതിൽ ഇവിടുത്തെ ജനങ്ങളുടെ മനോഭാവവും പിന്തുണയും വലിയ പങ്കുവഹിക്കുന്നുണ്ട്. പോസിറ്റിവിറ്റി നിരക്കുകൾ ഏറ്റവും  താഴ്ന്ന  റെക്കോർഡിൽ എത്തിനിൽക്കുന്നതിനാൽ, നാളെ മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സൈറ്റുകൾ പ്രവർത്തനരഹിതമാക്കാൻ ഉദ്ദേശിക്കുകയാണ്. ആ സൈറ്റുകൾ വാക്സിനേഷനുവേണ്ടി ഉപയോഗപ്പെടുത്തും. കൂടുതൽ ന്യൂയോർക്കുകാർ വാക്സിനേഷൻ എടുക്കുകയും 70 ശതമാനം വാക്സിനേഷൻ നിരക്ക് എന്ന ലക്ഷ്യത്തിലേക്ക്  എത്രയും വേഗം നടന്നടുക്കുകയുമാണ് വേണ്ടത്. രാജ്യത്തെ പ്രമുഖ ടെസ്റ്റിംഗ് പ്രോഗ്രാം മാർച്ചിൽ ആരംഭിച്ചതുമുതൽ, നമ്മൾ  57 മില്യണിലധികം കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. അതിൽ 1.6 മില്യൺ ടെസ്റ്റുകളും ഡ്രൈവ് ത്രൂ ലൊക്കേഷനുകളിലായിരുന്നു. സ്റ്റേറ്റ് ഏജൻസികളും ജീവനക്കാരും നാഷണൽ ഗാർഡും ഉൾപ്പെടെയുള്ളവരുടെ സേവനത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പ് നേടാൻ  അർഹരായ എല്ലാവരും വേഗം മുന്നോട്ട് വരാൻ അഭ്യർത്ഥിക്കുന്നു, സാധാരണ നിലയിലേക്ക് സംസ്ഥാനത്തിന്  മടങ്ങാൻ അതിലൂടെ കഴിയും.
 
* ആശുപത്രിയിൽ പ്രവേശിതരായ രോഗികളുടെ എണ്ണം 758 ആണ്. 139,492 പരിശോധനകളിൽ 566 പേരുടെ ഫലം പോസിറ്റീവായി.പോസിറ്റിവിറ്റി നിരക്ക്  0.41 ശതമാനം. 7 ദിവസത്തെ ശരാശരി  പോസിറ്റിവിറ്റി നിരക്ക്  0.47 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 190 രോഗികളുണ്ടായിരുന്നു, മരണസംഖ്യ:  9.

* പ്രായപൂർത്തിയായ  ന്യൂയോർക്കുകാരിൽ  69.2 ശതമാനം പേർ  കുറഞ്ഞത് ഒരു വാക്സിൻ ഡോസ് പൂർത്തിയാക്കി. വാക്സിനേഷൻ നിരക്ക്  70 ശതമാനത്തിലെത്തിക്കഴിഞ്ഞാൽ, കോവിഡ്  നിയന്ത്രണങ്ങൾ  നീക്കംചെയ്യപ്പെടും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 104,488 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്കിൽ ആകെ 19,820,785 ഡോസുകൾ നൽകി,  ന്യൂയോർക്കിലെ 60.3 ശതമാനം പേർ വാക്സിൻ സീരീസ് പൂർത്തിയാക്കി.

 * ജൂൺ 11 ന് ന്യൂയോർക്ക് സിറ്റിയിൽ രണ്ട് പുതിയ വാക്സിനേഷൻ സൈറ്റുകൾ കൂടി തുറക്കും. എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് ഒബ്സർവേറ്ററിയിലെ ആദ്യത്തെ പോപ്പ്-അപ്പ് സൈറ്റിൽ നിന്ന്  ജൂൺ 11 വെള്ളിയാഴ്ച മുതൽ ജൂൺ 13 ഞായർ വരെ വാക്സിനേഷൻ എടുക്കുന്ന വ്യക്തികൾക്ക് ഒബ്സർവേറ്ററിയിലേക്ക് സൗജന്യ ടിക്കറ്റ് ലഭിക്കും. കോളജ് ഓഫ് സ്റ്റാറ്റൻ ഐലൻഡിലെ രണ്ടാമത്തെ സൈറ്റ് ജൂൺ 11 വെള്ളിയാഴ്ച മുതൽ ജൂൺ 17 വ്യാഴാഴ്ച വരെ പ്രവർത്തിക്കും,  സംസ്ഥാനത്തിന്റെ 'വാക്സ് & സ്ക്രാച്ച്' പരിപാടി ഈ സൈറ്റിലും ഉണ്ടായിരിക്കും.
 
* സംസ്ഥാനത്തെ വാക്സിൻ  പ്രോത്സാഹനത്തിന്റെ ഭാഗമായുള്ള  സ്കോളർഷിപ്പിന്റെ രണ്ടാംഘട്ട  വിജയികളെ പ്രഖ്യാപിച്ചു. 
 
* ചെറുകിട ബിസിനസ് റിക്കവറി ഗ്രാന്റ് പ്രോഗ്രാമിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. പാൻഡെമിക് മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന  ബിസിനസ്സ് ഉടമകൾക്ക് 50,000 ഡോളർ വരെ ഗ്രാന്റുകൾക്ക് അപേക്ഷിക്കാം. ചെറുകിട, മൈക്രോ ബിസിനസുകൾക്കും കലാ സാംസ്കാരിക സംഘടനകൾക്കും ധനസഹായം ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക