Image

മുട്ടില്‍ മരം മുറി ; ഇടതിനുളളില്‍ അസ്വാരസ്യം

ജോബിന്‍സ് തോമസ് Published on 12 June, 2021
മുട്ടില്‍ മരം മുറി ; ഇടതിനുളളില്‍ അസ്വാരസ്യം
ഏറെ വിവാദമായിരിക്കുന്ന മുട്ടില്‍ മരം മുറി വിഷയം സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കെ ഇടതുമുന്നണിക്കുള്ളിലും ഇത് അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ സര്‍ക്കാരില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന വനം , റവന്യു വകുപ്പുകള്‍ ഭരിച്ചത് സിപിഐയാണ്. വിഷയത്തില്‍ പുറമേ പറയുന്നില്ലെങ്കിലും  സിപിഐ വേണ്ട ജാഗ്ര പുലര്‍ത്തിയില്ല എന്ന അഭിപ്രായം മറ്റ് ഘടക കക്ഷികള്‍ക്കുണ്ട്. 

താന്‍ വനം മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നുള്ള എ.കെ. ശശീന്ദ്രന്റെ നിയമസഭയിലെ പ്രസ്താവനയും ഇത് തന്നെയാണ് പറയാതെ പറയുന്നത്. നിലവില്‍ വനം വകുപ്പ് കൈകാര്യം ചെയ്യുന്നു എന്നത്‌കൊണ്ട് ഈ പ്രശ്‌നത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നാണ് എന്‍സിപിയുടെ നിലപാട്. ഇത് തന്നെയാണ് സഭയില്‍ ശശീന്ദ്രന്‍ പറഞ്ഞതും. കഴിഞ്ഞ തവണ എന്‍സിപിയുടെ രണ്ട് മന്ത്രിമാര്‍ വിവാദത്തിലായതും രാജി വച്ചതും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് മരം മുറി വിഷയത്തില്‍ എന്‍സിപി കൈകഴുകുന്നത്. 

എന്നാല്‍ പാര്‍ട്ടി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും പോരായ്മ മനസ്സിലായപ്പോള്‍ ഉത്തരവ് പിന്‍വലിച്ചെന്നും അതിനാല്‍ തന്നെ മരംമുറി ഉത്തരവില്‍ വീഴ്ച്ച പറ്റിയിട്ടില്ലെന്നുമാണ് സിപിഐ നേതൃത്വം സിപിഎമ്മിനെ അറിയിച്ചത്. മന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാടിലെ അമര്‍ഷവും സിപിഐ മുന്നണി നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. 

വനം - റവന്യൂവകുപ്പുകള്‍ തമ്മില്‍ മന്ത്രിതല ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും വിവാദ ഉത്തരവിറക്കുന്ന കാര്യം ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടാണെന്നാണ് എ.കെ ശശീന്ദ്രന്‍ ഒരു മലയാളം ചാനലിനോട് വെളിപ്പെടുത്തിയത്. ഇത് ഘടക കക്ഷികള്‍ തമ്മിലുള്ള പോരിലേയ്ക്ക് പോകുമെന്നുറപ്പ്.

മാധ്യമങ്ങളും പ്രതിപക്ഷവും ഓരോ ദിവസവും ഓരോ തെളിവുകള്‍ പുറത്തു വിടുന്നു. വനം റവന്യൂ വകുപ്പുകളിലെ കെടുകാര്യസ്ഥത പുറത്തു വരുന്നതിലും സിപിഎമ്മില്‍ അതൃപ്തിയുണ്ട് . വിഷയം ഉദ്യോഗസ്ഥ വീഴ്ചയെന്ന് കാട്ടി തടിയൂരാന്‍ ശ്രമിക്കുമ്പോളും വകുപ്പുമന്ത്രിമാര്‍ ജാഗ്രത പാലിച്ചില്ലെന്നും പ്രശ്‌നം തെരഞ്ഞെടുപ്പിന് മുമ്പേ പുറത്ത് വന്നിരുന്നെങ്കില്‍ അത് തിരിച്ചടിയുണ്ടാക്കുമായിരുന്നുവെന്നും സിപിഎം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. 

അന്വേഷണം മുന്‍ മന്ത്രിമാരിലേയ്‌ക്കെത്തുന്ന സാഹചര്യമുണ്ടായാല്‍ അത് സിപിഐയ്ക്കു തിരിച്ചടിയാകും എന്നാല്‍ അങ്ങനെ വന്നാല്‍ അന്വേഷണം നടക്കട്ടെയെന്ന നിലപാടാകും സിപിഎം സ്വീകരിക്കുക. ഇത് മുന്നണിക്കുള്ളിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക