Image

സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ് ; യുഎഇ കോണ്‍സല്‍ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധം

Published on 21 June, 2021
സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ് ; യുഎഇ കോണ്‍സല്‍ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധം


തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായാണ് നടപടി.  സ്വപ്ന സുരേഷിനേയും സരിത്തിനേയും ഇടനിലക്കാരാക്കി യുഎഇ കോണ്‍സല്‍ ജനറല്‍ സംസ്ഥാനത്തെ മുന്‍ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ വീട്ടിലും ഔദ്യോഗിക വസതിയിലും വച്ച് യോഗങ്ങള്‍ നടത്തിയതായും കസ്റ്റംസ് വെളിപ്പെടുത്തി.

സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും പ്രോട്ടോക്കോള്‍ ഓഫീസിനെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയാണ് കോണ്‍സല്‍ ജനറലിന് നല്‍കിയത്. ഇത് പല ഘട്ടങ്ങളിലും അവര്‍ ദുരുപയോഗം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സരിത്തിനേയും സന്ദീപിനേയും ഉപയോഗിച്ച് കേരളത്തില്‍ കള്ളക്കടത്ത് നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു.

വിയറ്റ്‌നാമില്‍ കോണ്‍സല്‍ ജനറലായി ജോലി ചെയ്യുമ്പോഴും ഇവര്‍ കള്ളക്കടത്തുകള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. യുഎഇയില്‍ നിന്ന് നിരോധിത മരുന്നുകള്‍ ഇവര്‍ വിയറ്റ്‌നാമിലേക്ക് കടത്തി ഇന്‍സ്റ്റഗ്രാമിലൂടെ വില്‍പ്പന നടത്തിയിരുന്നു. ഇതിനുള്ള ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലം മാറ്റം ലഭിച്ചാണ് കോണ്‍സല്‍ ജനറല്‍ അടക്കമുള്ളവര്‍ കേരളത്തിലെത്തതിയതെന്നും നോട്ടീസില്‍ പറയുന്നു. 


കേരളത്തില്‍നിന്ന് കള്ളക്കടത്തിലൂടെ ലഭിക്കുന്ന പ്രതിഫലത്തില്‍ കള്ളനോട്ടുണ്ടോ എന്ന് തിരിച്ചറിയാനായി കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം സരിത്ത് നോട്ടെണ്ണല്‍ യന്ത്രം വാങ്ങി നല്‍കിയെന്നും നോട്ടീസില്‍ പറയുന്നു.പ്രതികളായ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നിവര്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കാരണം കാണിച്ചുള്ള 260 പേജുള്ള ഷോകോസ് നോട്ടീസാണ് കസ്റ്റംസ് നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക