Image

സ്ത്രീധനം വില്ലനായപ്പോള്‍ വിസ്മയക്ക് താലിച്ചരട് കൊലക്കയറായി

ജോബിന്‍സ് തോമസ് Published on 22 June, 2021
സ്ത്രീധനം വില്ലനായപ്പോള്‍ വിസ്മയക്ക് താലിച്ചരട് കൊലക്കയറായി
താലിച്ചരടിന്റെ മഹാത്മ്യത്തെക്കുറിച്ചുള്ള പ്രസംഗങ്ങള്‍ക്ക് പഞ്ഞമില്ലാത്ത മലയാളനാടിന് വീണ്ടും തലകുനിക്കേണ്ടി വന്നിരിക്കുന്നു. എത്ര മഹാത്മ്യമുണ്ടെങ്കിലും താലിച്ചരടിന്റെ രണ്ടറ്റം കൂട്ടിക്കെട്ടണമെങ്കില്‍ പണത്തിന്റെ കണക്കുപറയാതെ പറ്റില്ല. ചോദിച്ചതും ചോദിച്ചതിലധികവും കൊടുത്താലും ആര്‍ത്തി തീരാത്ത കാപാലികരുടെ ക്രൂരതകള്‍ക്കിരയാകുന്നത് നിഷ്‌ക്കളങ്കരായ പെണ്‍കുട്ടികളാണ്. ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ എന്ന 24 കാരിയുടെ ജീവന്‍ പൊലിഞ്ഞ സംഭവം. 

'വിസ്മയ മിടുക്കിയായിരുന്നു ' ചുമ്മാ ഒരു ഭംഗിക്ക് പറഞ്ഞ് വച്ചതല്ല പറയാന്‍ കാരണമുണ്ട് അവള്‍ പന്തളം മന്നം ആയൂര്‍വ്വേദ കോളേജിലെ നാലാം വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയാണ്. ഇരുപത്തിനാല് വയസ്സുകാരി ഒരുപക്ഷെ നാളെ ഒരു നല്ല ആയൂര്‍വ്വേദ ഡോക്ടറായി ഈ നാടിനെ സേവിക്കേണ്ടവള്‍. പക്ഷെ വിവാഹമായിരുന്നു അവളുടെ ജീവിതത്തില്‍ ഇരുട്ട് വീഴ്ത്തിയത്. സ്ത്രീധന കണക്ക് പറഞ്ഞുള്ള നിരന്തര പീഡനങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമായപ്പോള്‍ അവള്‍ ഈ ലോകത്തോട് വിട പറഞ്ഞു. അവള്‍ ഏറ്റവും വിലകല്പ്പിച്ചിരുന്ന താലിച്ചരട് ( അതുകൊണ്ടായിരിക്കണമല്ലൊ ഇതുവരെ അവള്‍ എല്ലാം ഉള്ളിലടക്കി സഹിച്ചത്) അവള്‍ക്ക് കൊലക്കയറായി മാറി

ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും ഉള്ളിലെ സങ്കടങ്ങള്‍ എപ്പോളെങ്കിലുമൊക്കെ അണപൊട്ടിയപ്പോള്‍ അറിയാതെ പ്രിയപ്പെട്ടവരുടെ അരികിലേക്ക് പോയ ചാറ്റുകളുമൊക്കെ അവള്‍ അനുഭവിച്ച പീഡനങ്ങളുടെ കഥപറയുന്നു. അസിസറ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശാസ്താംനട ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാറായിരുന്നു അവളുടെ ഭര്‍ത്താവ്. ' ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എനിക്ക് ഇതിലും കൂടുതല്‍ സ്ത്രീധനം ലഭിക്കുമെന്നു പറഞ്ഞായിരുന്നു കിരണിന്റെ മൃഗീയ പീഡനമെന്ന് വിസ്മയയുടെ സഹോദരന്‍ പറയുന്നു. 

ഇനി വിസ്മയയ്ക്ക് കൊടുത്ത സ്ത്രീധനത്തിന്റെ കണക്ക് കൂടി കേള്‍ക്കണം 100 പവന്‍ സ്വര്‍ണ്ണം, ഒന്നര ഏക്കര്‍ സ്ഥലം, 12 ലക്ഷം രൂപ , കാറ്. ഇതില്‍ കാറിന് ഭംഗി പോരെന്നായിരുന്നു പ്രധാന പരാതി. എന്നാല്‍ ഈ കാറ് വായ്പ്പയിട്ട് വാങ്ങിക്കൊടുത്തതാണെന്നത് വേറൊരു സത്യം. സ്ത്രീധനത്തിന്റെ കണക്ക് കേട്ടാല്‍ കൊടുത്തത് കുറഞ്ഞ് പോയെന്ന് ആരും പറയില്ല. എന്നാല്‍ ഇത്രയും കൊടുത്തിട്ടും ഇയാള്‍ തങ്ങളുടെ മകളെ വീണ്ടും അതിക്രൂരമായി മര്‍ദ്ദിക്കുന്ന കാര്യം അറിഞ്ഞ മാതാപിതാക്കള്‍ എന്തിന്റെ പേരിലായാലും ആ കുട്ടിക്ക് കൊടുത്ത ശ്രദ്ധ കുറഞ്ഞ് പോയി എന്ന് പറയാതെ വയ്യ.

വിസ്മയ ബന്ധുക്കളോട് പങ്കുവച്ച വാട്‌സപ്പ് സന്ദേശങ്ങളില്‍ പങ്കുവെച്ച പീഡനകഥകള്‍ ഞെട്ടിക്കുന്നതാണ് 
തന്നെ അടിച്ച് നിലത്ത് വീഴ്ത്തിയതായും തുടര്‍ന്ന് മുഖത്ത് ചവിട്ടിയതായും മെസ്സേജുകളില്‍ പറയുന്നു. തന്നെയും അഛനേയും ചീത്തപറയുന്നതായും തനിക്ക് പേടിയാണെന്നും യുവതിയുടെ മെസേജിലുണ്ട്. 
വണ്ടി കൊള്ളില്ല എന്ന് പറഞ്ഞാണ് മര്‍ദ്ദിക്കുന്നതെന്നും മെസേജില്‍ പറയുന്നു. താന്‍ ഇതൊന്നും ആരോടും പറയുന്നില്ലെന്നും എല്ലാം സഹിക്കുകയാണെന്നും മെസേജിലുണ്ട്. തന്നെ വീട്ടില്‍ കയറണ്ട എന്നു പറഞ്ഞ് പുറത്തു നിര്‍ത്തിയിരിക്കുകയാണെന്നും ഒരു മെസേജില്‍ എഴുതിയിട്ടുണ്ട്,

വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ശുചിമുറിയിയുടെ വെന്റിലേഷനിലായിരുന്നു വിസ്മയ തൂങ്ങിമരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഇത് ഭര്‍തൃവീട്ടുകാര്‍ കാണുന്നത്. ശാസ്താം കോട്ടയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവരുടെ വിവാഹം കേവലം ഒരുവര്‍ഷം മുമ്പാണ് കഴിഞ്ഞത്. സ്ത്രീധനമായി നല്‍കിയ കാറിന് പകരം പണം മതിയെന്ന് പറഞ്ഞ് വഴക്ക് പതിവായിരുന്നെന്നും കാറ് വായ്പയെടുത്ത് വാങ്ങിയതായതിനാല്‍ വില്‍ക്കാന്‍ പറ്റില്ലെന്ന് അറിഞ്ഞതോടെ മകളെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ പലപ്പോഴും വിസ്മയ സ്വന്തം വീട്ടില്‍ വന്നു നില്‍ക്കുമായിരുന്നു. എന്നാല്‍ ഇനി പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് പറഞ്ഞ് കിരണ്‍ വന്ന് വിളിച്ചുകൊണ്ട് പോവുക പതിവായിരുന്നു. 

ഇടയ്ക്ക് മദ്യപിച്ച് ലക്ക്‌കെട്ട കിരണ്‍ വിസ്മയയുടെ വീട്ടിലെത്തി ബഹളം വെയ്ക്കുകയും നാട്ടുകാര്‍ കൂടി പോലീസ് കേസാവുകയും ചെയ്തിരുന്നു എന്നാല്‍ മോട്ടോര്‍ വാഹനവകുപ്പിലേയും പോലീസിലേയും ചിലര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ കിരണ്‍ രക്ഷപെട്ടു. ആ ഒത്തുതീര്‍പ്പാണ് തന്റെ പെങ്ങളുടെ ജീവനെടുത്തതെന്ന് വിസ്മയയുടെ സഹോദരന്‍ പറയുന്നു. ഈ സംഭവത്തിന് ശേഷം സ്വന്തം വീട്ടില്‍ നിന്ന് കോളേജില്‍ പൊയ്‌ക്കൊണ്ടിരുന്ന വിസ്മയയെയ കോളേജില്‍ ചെന്ന് കിരണ്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. 

മരിച്ച ദിവസം രാത്രിയിലും വിസ്മയ അമ്മയെ വിളിച്ച് സങ്കടം പറഞ്ഞിരുന്നു. തന്നെ പരീക്ഷയ്ക്ക് വിടുന്നില്ലെന്ന് പറഞ്ഞ വിസ്മയ ഒരു ആയിരം രൂപയും ചോദിച്ചിരുന്നു അയച്ചു കൊടുക്കാമെന്ന് അമ്മ പറയുകയും ചെയ്തു. ഇതിനുശേഷം കേള്‍ക്കുന്നത് വിസ്മയയുടെ മരണവാര്‍ത്തായണ്. അമ്മയോട് ആയിരം രൂപ ചോദിച്ച സ്ഥിതിക്ക് അപ്പോള്‍ വിസ്മയ മരിക്കാന്‍ തീരുമാനിച്ചിട്ടിരുന്നില്ലെന്ന് വ്യക്തം. അപ്പോള്‍ ആ രാത്രിയിലും ക്രൂരപീഡനം നടന്നിട്ടുണ്ടാവണം മാനസീകമായോ ശാരീരികമായോ.

വിഷയത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഭര്‍തൃവീട്ടുകാരുടെ മൊഴിയും ഇനി നിര്‍ണ്ണായകമാവും. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭര്‍തൃപീഢനം മൂലം മരിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിയല്ല അല്ല വിസ്മയ. അവസാനത്തെയാളായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഇനിയെങ്കിലും ഇവിടുത്തെ നിയമസംവിധാനങ്ങളുണരണം.

Join WhatsApp News
JACOB 2021-06-22 12:03:16
When the bride's parents saw a government employee, they wanted him. They should have looked into his character. Sad story. The man lacked decent behavior.This is a wake up call for future brides and their parents.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക