Image

മിസോറിയിൽ ഡെൽറ്റ വേരിയന്റ് ഭീഷണി ഉയർത്തുന്നു 

Published on 22 June, 2021
മിസോറിയിൽ ഡെൽറ്റ വേരിയന്റ് ഭീഷണി ഉയർത്തുന്നു 

വകഭേദങ്ങൾ  വ്യാപിക്കുന്നതിനിടയിൽ, പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതുപോലെ  സ്വാതന്ത്ര്യദിനമായ ജൂലൈ 4 ന് മുൻപ് ജനസംഖ്യയുടെ 70 ശതമാനത്തെ വാക്സിനേറ്റ് ചെയ്യുക എന്ന വലിയ വെല്ലുവിളിയാണ് അമേരിക്കയ്ക്ക് മുൻപിൽ ഉള്ളത്. നിലവിൽ 65.4 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിൻ ലഭിച്ചു എന്നത് ആശ്വാസകരമാണെങ്കിലും ചില സംസ്ഥാനങ്ങളിൽ വാക്സിനേഷൻ നിരക്ക് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ആ മേഖലകളിൽ വകഭേദങ്ങൾ കൂടുതൽ അപകടകരമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഡെൽറ്റ വേരിയന്റ്  ഉഗ്രവ്യാപനശേഷിയുള്ള വകഭേദം വളരെ വേഗം പടർന്നുപിടിക്കും. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വലിയൊരു ഭാഗവും ഈ വേരിയന്റ് മൂലമാണ്. ഇനിയും ഈ നിരക്ക് ഉയരാം. അത് ഏറ്റവും കൂടുതൽ ബാധിക്കുക വാക്സിൻ സ്വീകരിക്കാത്തവരുടെ നിരക്ക് ഉയർന്ന മേഖലകളെ ആയിരിക്കും . മിസോറി ഉൾപ്പെടെയുള്ള നഗരങ്ങളിൽ  ഇങ്ങനൊരു ഭീഷണി  നിലനിൽക്കുന്നതായാണ്  പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് ലഭ്യമാകുന്ന സൂചന. മിസോറിയിൽ ഡെൽറ്റ വേരിയന്റ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവർ എല്ലാവരും തന്നെ വാക്സിൻ സ്വീകരിക്കാത്തവർ ആണെന്നത് സംഗതിയുടെ അപകടം കൂടുതൽ വ്യക്തമാക്കുന്നു.
കൊളറാഡോ പോലുള്ള സംസ്ഥാനങ്ങൾ, വാക്സിൻ സ്വീകരിക്കാത്തവരെ നേരിട്ട് വിളിച്ച് വാക്സിനേഷന് അപ്പോയ്ന്റ്മെന്റ് നൽകുകയും ഇൻസെന്റീവും ലോട്ടറി പദ്ധതിയും ഏർപ്പെടുത്തി കുത്തിവയ്പ്പ് സ്വീകരിക്കുന്നതിനെ  പ്രോത്സാഹിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.
30 വയസ്സിൽ താഴെയുള്ളവരിലാണ് ഡെൽറ്റ വേരിയന്റ് മൂലമുള്ള മരണം കൂടുതൽ കണ്ടുവരുന്നത് എന്നതുകൊണ്ട്, യുവാക്കൾക്കിടയിൽ വാക്സിൻ വിതരണം ഊർജ്ജിതപ്പെടുത്താനുള്ള ശ്രമവും സംസ്ഥാനങ്ങൾ നടത്തുന്നുണ്ട്. 18 നും 49 നും ഇടയിൽ പ്രായമുള്ളവരിൽ 71  ശതമാനം പേരെ  ഓഗസ്‌റ്റ് അവസാനത്തോടെ വാക്സിനേറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ നല്കിയതുകൊണ്ട് ജനങ്ങൾക്കിടയിൽ ശ്രദ്ധക്കുറവ് വർധിക്കാനും മറ്റൊരു തരംഗം ഉടലെടുക്കാനുമുള്ള സാധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല.ഒത്തുചേരലുകൾക്ക് അനുവാദം നൽകിയിട്ടുണ്ടെങ്കിലും ആളുകൾ കോവിഡിന്റെ ഗൗരവം കണക്കിലെടുത്ത് പരമാവധി ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും അവർ മുന്നോട്ട് വയ്ക്കുന്നു.

 കോവിഡ് :ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

ന്യു യോർക്ക്: ഒരിക്കൽ ലോകത്തിലെ  തന്നെ ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയ ന്യൂയോർക്ക്, ഇന്ന് രാജ്യത്തെ ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ന്യൂയോർക്കുകാർ മഹാമാരിയെ നേരിടാൻ കാണിച്ച  അശ്രാന്തമായ പരിശ്രമത്തിന്റെ ഫലമായാണ് ഇങ്ങനൊരു നേട്ടം കൈവരിക്കാനായത്. വീണ്ടും സാധാരണനിലയിൽ സംസ്ഥാനം പ്രവർത്തനക്ഷമമാകുന്നതും ന്യൂയോർക്കുകാർക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. വീണ്ടും ജീവിതം ആരംഭിക്കുകയും ആസ്വദിക്കുകയും ചെയ്യാൻ ഈ  വേനൽക്കാലത്ത് സംസ്ഥാനം ഒരുക്കിത്തരുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക. എത്രയും വേഗം വാക്സിൻ നേടുക,നമുക്കേവർക്കും സുരക്ഷിതമായി മുന്നോട്ട് പോകാം.
 
 *ആശുപത്രിയിൽ പ്രവേശിതരാകുന്ന കോവിഡ് രോഗികളുടെ എണ്ണം 485 ആയിക്കുറഞ്ഞു. ഇന്നലെ റിപ്പോർട്ട് ചെയ്ത 58,372 പരിശോധനകളിൽ 251 പേരുടെ  ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക് :  0.43 ശതമാനം. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക്  0.37 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 114 രോഗികളുണ്ടായിരുന്നു,മരണസംഖ്യ: 10.
 
 *  സിഡിസിയുടെ കണക്കുകൾ പ്രകാരം, ന്യൂയോർക്കിലെ 71.0 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ് സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 31,101 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്ക് മൊത്തം 20,605,726 ഡോസുകൾ നൽകി, 63.2 ശതമാനം ന്യൂയോർക്കുകാർ അവരുടെ വാക്സിൻ സീരീസ് പൂർത്തിയാക്കി.
 
* ജൂലൈ നാലിന്  ഈ വർഷം സ്വാതന്ത്ര്യദിന ആഘോഷങ്ങൾ എംപയർ സ്റ്റേറ്റ് പ്ലാസയിലും ജോൺസ് ബീച്ചിലും വിപുലമായി തന്നെ നടക്കും. 
 
*  13 മില്യൺ ഡോളർ ചെലവഴിച്ച് ന്യൂയോർക്കിൽ സഹായം ആവശ്യമുള്ളവരിലേക്ക് നറിഷ് എൻവൈ പദ്ധതിയിലൂടെ ന്യൂയോർക്ക് ഡയറി ഫാമുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് 7 മില്യണിലധികം  വീടുകളിൽ  ഭക്ഷണം എത്തിക്കും.
 
* പ്രതിരോധ കുത്തിവയ്പ്പിന്റെ വിതരണത്തിൽ സംസ്ഥാനത്തുണ്ടായ അസമത്വം പരിഹരിക്കാൻ വേണ്ടി, വാക്സിനേഷൻ നിരക്ക് ശരാശരിയേക്കാൾ കുറവാണെന്ന് സിപ്പ് കോഡ് ഡാറ്റ കാണിക്കുന്ന മേഖലകളിൽ, കൂടുതൽ ശ്രദ്ധ  കേന്ദ്രീകരിക്കാനും കൂടുതൽ പോപ്പ് അപ്പ് സൈറ്റുകൾ തുടങ്ങാനും സംസ്ഥാനം പദ്ധതിയിടുന്നു.
 
* ന്യൂയോർക്കിലെ ജനങ്ങളുടെ മാനസികാരോഗ്യത്തിലും ഭരണകൂടം ശ്രദ്ധിക്കുന്നുണ്ട്. മഹാമാരി മൂലമുള്ള മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾ ഞങ്ങൾക്ക് കുറച്ചുകാണാൻ കഴിയില്ല. സഹായങ്ങൾക്ക്  http://headspace.com/ny സന്ദർശിക്കുകയോ 1-844-863-9314 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ  വിളിക്കുകയോ ചെയ്യാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക