Image

താടിയിലൊളിപ്പിച്ച പെൺകുട്ടി (സജിത അനിൽ, കഥാമത്സരം -117)

Published on 30 June, 2021
താടിയിലൊളിപ്പിച്ച പെൺകുട്ടി (സജിത അനിൽ, കഥാമത്സരം -117)

ഡോക്ടർ കാശിനാഥിന്റെ കൺസൾട്ടിങ്ങ് റൂമിനു മുന്നിൽ ഊഴം കാത്തിരിക്കുമ്പോൾ 'ഡോക്ടറോട് എങ്ങനെ കാര്യങ്ങളവതരിപ്പിക്കണമെന്നതിനെപ്പറ്റി' അല്പസമയം മുൻപ് സൂസൻ നടത്തിയ സ്റ്റഡി ക്ലാസ്സായിരുന്നു അവളുടെ മനസ്സുനിറയെ. 

''എന്താണ് രോഗമെന്നതൊന്നും അങ്ങോട്ട്‌ കേറിപ്പറഞ്ഞേക്കരുത്.. ആ... അതുപോലെ 'മറ്റേ ഡോക്ടറെ കാണിച്ചപ്പോൾ ഇങ്ങനെ പറഞ്ഞായിരുന്നു' എന്നൊന്നും മിണ്ടിയേക്കരുത്..ഡോക്ടർ രോഗിയെ പരിശോധിച്ച് നിർദ്ദേശം തരും, അതങ്ങനുസ്സരിച്ചേക്കുക." 
സൂസന്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. 

സംഭാഷണത്തിലുള്ള തന്റെ സ്വാഭാവികമായ തിടുക്കമോർത്തപ്പോൾ അവൾക്ക് ചെറുതല്ലാത്ത ടെൻഷൻ തോന്നി. ചിന്തകളിൽ മുഴുകിയിരിക്കുമ്പോഴാണ് സ്ക്രീനിൽ ടോക്കൺ നമ്പർ തെളിഞ്ഞത്. 

ധൃതിയിൽ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് വാതിലിനരികിലെത്തി, അവൾ ഡോക്ടറോട് അനുവാദം ചോദിച്ചു. "മേ ഐ കമിൻ ഡോക്ടർ.." 

തലയുയര്‍ത്താതെ അകത്തേക്ക് വരാൻ ആംഗ്യം കാണിച്ച് ഡോക്ടർ ഫയലിൽ നോക്കി. 

"വാസുദേവൻ." 
ഫയലിലെ രോഗിയുടെ പേര് വായിച്ചശേഷം തൻ്റെ മുന്നിൽ വന്നിരുന്ന പെൺകുട്ടിയുടെ മുഖത്തേക്ക് ശങ്കയോടെ നോക്കി.. 

"ഞാനല്ല ഡോക്ടർ... അച്ഛനാണ് പേഷ്യൻ്റ്, " തെല്ലൊരു ജാള്യതയോടെ ഡോക്ടറോടങ്ങനെ പറഞ്ഞുകൊണ്ട് അവൾ തൻ്റെ കയ്യിലിരുന്ന മെഡിക്കൽ റിപ്പോർട്ട് അദ്ദേഹത്തിന് നല്‍കി. 

റിപ്പോര്‍ട്ട് ഫയൽ ശ്രദ്ധയോടെ മറിച്ചു നോക്കിക്കൊണ്ട് ഡോക്ടർ പറഞ്ഞു, 'അച്ഛന്റെ ഒരു വാൽവിന് സാരമായി തകരാറുണ്ട്. ആൻജിയോഗ്രാമിൽ അങ്ങനെയാണ് കാണുന്നത് ..'' അദ്ദേഹം മറ്റ് പേജുകൾ കൂടി പരിശോധിച്ചു. 

"വാൽവ് മാറ്റി വയ്ക്കേണ്ടതായി  വരുമോ ഡോക്ടർ ?'' സ്വതസിദ്ധമായ ആകാംക്ഷയടക്കാതെ അവൾ ചോദിച്ചു.. 

" നമുക്ക് നോക്കാം," കാശിനാഥ്‌ അവളെ പുഞ്ചിരിയോടെ നോക്കി. 

"ഞാൻ പൗർണ്ണമി ദേവ്."
അവളുടെ പരിചയപ്പെടുത്തൽ ഡോക്ടർ കാശിനാഥിന് നന്നേ ബോധിച്ചു. സ്വതവേ സംസാരപ്രിയനല്ലാത്ത അദ്ദേഹം ഉന്മേഷത്തോടെ പുഞ്ചിരിച്ചു. 

ഹൃദ്യമായ നിറഞ്ഞ ചിരിക്കിടെ ഡോക്ടറുടെ നീട്ടി വളർത്തിയ സമൃദ്ധമായ, അതിലുപരി സുന്ദരമായ താടി പൗർണ്ണമി ശ്രദ്ധിച്ചു. 

"ഇപ്പോഴച്ഛനെ ചികിത്സിക്കുന്ന ഹോസ്പിറ്റലിൽ നിന്നും മാറ്റാൻ തീരുമാനിച്ചതെന്തുകൊണ്ടാണ് ?" 

ഡോക്ടറുടെ സംഭാഷണം ലളിത സുന്ദരമായി മുത്തുപൊഴിയും പോലെയാണെന്ന് അവൾക്ക് തോന്നി.
കൗതുകം നിറഞ്ഞ മുഖത്തോടെ അവൾ മറുപടി പറഞ്ഞു. 

" അവിടത്തെ ഡോക്ടറിൽ വിശ്വാസമില്ലാഞ്ഞിട്ടൊന്നുമല്ല; പക്ഷേ..... ഏതൊരു കാര്യം ചെയ്യുമ്പോഴും ഞാനെൻ്റെ മനസ്സാക്ഷിയോട് മൂന്നുവട്ടം ചോദിക്കാറുണ്ട്..മിക്കപ്പോഴും മൂന്നാമത്തെ പ്രാവശ്യം കിട്ടുന്ന ഉത്തരത്തിനനുസരിച്ച് മുന്നോട്ടു പോകും.
അച്ഛനെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നു കരുതിയപ്പോൾത്തന്നെ, സിറ്റിയിലെ പ്രമുഖ കാർഡിയോളജിസ്റ്റുകളുടെ ഒരു ലിസ്റ്റുണ്ടാക്കി. അതിൽ മൂന്നു പേരെ തിരഞ്ഞെടുത്തു. മൂന്നാമത്തെ തവണ എൻ്റെ മനസ്സിൽ തെളിഞ്ഞ പേരായിരുന്നു ഡോക്ടറുടേത്.... " 

കാശിനാഥിന്‍റെ മുഖം വിടര്‍ന്നു. അടക്കാനാവാത്ത ആകാംഷയോടെ അദ്ദേഹം അവളുടെ പുഞ്ചിരിച്ച മുഖത്തേക്ക് നോക്കി ചോദിച്ചു 
"അപ്പോള്‍....മറ്റ് രണ്ട് പേർ....? " 

ഒട്ടും ശങ്കയില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ പൗർണ്ണമിയുടെ മറുപടി രസാവഹമായിരുന്നു. 
"തൻ്റെയടുത്ത് വരുന്ന കസ്റ്റമേഴ്സിന് ആവശ്യമുള്ള സാധനങ്ങൾ ലഭ്യമാക്കിക്കൊടുക്കുക എന്നതാണ് ഒരു കച്ചവടക്കാരൻ്റെ ധർമ്മം, അല്ലാതെ; കസ്റ്റമർ ഏതൊക്കെ കടകളിൽ കയറിയിറങ്ങി എന്നന്വേഷിക്കേണ്ട ആവശ്യകത അയാൾക്കില്ലല്ലോ.... "

"ഡോക്ടർ കാശിനാഥ്‌ മാത്രം മതി, പോരെ." 

ചിരിച്ചു കൊണ്ടാണ് അവളങ്ങനെ പറഞ്ഞുവെങ്കിലും ആ മറുപടി ഡോക്ടറെ അത്ഭുതപ്പെടുത്തി. അദ്ദേഹം പൊട്ടിച്ചിരിച്ചുപോയി.
ഇതാദ്യമായിട്ടാണ് ഒരു പെൺകുട്ടി തന്നോടിങ്ങനെ തെല്ലൊരധികാര ഭാവത്തിൽ പെരുമാറുന്നതെന്ന് അദ്ദേഹമോർത്തു.. 

"ഓ.കെ. പൗർണ്ണമി...അച്ഛനെ നാളെത്തന്നെ കൊണ്ടുവന്നോളൂ. ബാക്കി കാര്യങ്ങൾ പരിശോധിച്ചിട്ട് നമുക്ക് തീരുമാനിക്കാം." അദ്ദേഹം ഫയല്‍ മടക്കി. 

"ശരി ഡോക്ടർ." പോകാനായ് എഴുന്നേറ്റ ശേഷം അവൾ വശ്യമായൊരു പുഞ്ചിരിയോടെ മെല്ലെ ഡോക്ടറുടെ കസേരക്കരികിലേക്ക് ചെന്നു, ശബ്ദം താഴ്ത്തി ചോദിച്ചു; 

" ഞാനൊരു കാര്യം പറയട്ടെ? അദ്ദേഹം ചോദ്യ രൂപേണ അവളെ നോക്കി. 

"ഈ  താടി എനിക്കൊത്തിരി ഇഷ്ടായി.. പിന്നെയീ കഷ്ടപ്പെട്ടുള്ള ഈ പുഞ്ചിരിയും." 

കൗതുകം നിറഞ്ഞ മുഖത്തോടെ കൊഞ്ചലോടെ അവള്‍ പറഞ്ഞു. 

" ഹ ഹ... 'കഷ്ടപ്പെട്ടുള്ള പുഞ്ചിരി' അതെനിക്കിഷ്ടായി ." ഡോക്ടറുടെ മറുപടിയിലും ചിരിയുടെ അലകളുയർന്നു. 

പിറ്റേ ദിവസം അച്ഛൻ വാസുദേവനുമായി പൗർണ്ണമി ഡോക്ടറെ കാണാൻ വന്നു.  തൽക്കാലം മരുന്നു കഴിച്ചാൽ മതിയെന്നും ഒരു മാസം കൂടി നോക്കിയിട്ട് ആവശ്യമുണ്ടെങ്കിൽ വാൽവ് മാറ്റി വയ്ക്കുന്ന കാര്യം ആലോചിക്കാമെന്നും' വാസുദേവനെ പരിശോധിച്ച ശേഷം കാശിനാഥ് അറിയിച്ചു. 

പൗർണ്ണമി കൂടുതലൊന്നും സംസാരിച്ചില്ല..കഴിഞ്ഞ ദിവസമുള്ള പ്രസരിപ്പ് എന്തുകൊണ്ടോ അവളില്‍ ഡോക്ടര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. 
അവളുടെ മനസ്സ് 'മറ്റേതോ ലോകത്താണെന്ന്' ഡോക്ടർക്ക് തോന്നി. അവർ യാത്ര പറഞ്ഞു പോയപ്പോൾ അകാരണമായൊരു അസ്വസ്ഥത കാശിനാഥിന് അനുഭവപ്പെട്ടു. 

കുറച്ച് ദിവസത്തിന് ശേഷം റൌണ്ട്സ് കഴിഞ്ഞ് റൂമിലെത്തിയ സമയത്ത് കാശിനാഥിന്റെ മൊബൈൽ റിംഗ് ചെയ്തു. 

"ഹലോ ഡോക്ടർ, ഞാൻ പൗർണ്ണമിയാണ് .. ഡോക്ടർക്കെന്നെ മനസ്സിലായോ ?" 

"മനസിലായി...പറയൂ കുട്ടീ"
'പൗർണ്ണമി' ആ പേര് കേട്ടപ്പോൾത്തന്നെ അറിയത്തൊരാനന്ദം അയാളുടെ മനസ്സിനെ മദിച്ചുവെങ്കിലും പുറമേ ഭാവവ്യത്യാസമൊന്നും കാട്ടാതെ സ്വതസിദ്ധമായ ഗൗരവത്തിൽത്തന്നെ അദ്ദേഹം മറുപടി പറഞ്ഞു. 

"നാളെ അച്ഛൻ്റെ മെഡിസിൻസ് കഴിയും. ചെക്കപ്പിന് ശേഷം മാസം ഒന്നായിരിക്കുന്നു. ഇനി ഞങ്ങൾ എന്നാണ് വരേണ്ടത്..?" 

അപ്പോഴാണ് പൗർണ്ണമി തന്നെ കാണാൻ വന്നിട്ട് മാസമൊന്നു കഴിഞ്ഞു എന്നയാൾക്കോർമ്മവന്നത്. 

" അച്ഛന് പ്രത്യേകിച്ച് അസ്വസ്ഥതകളൊന്നുമില്ലെങ്കിൽ; കുട്ടി വന്നാലും മതി. അച്ഛന് വേറൊരു മരുന്ന് കൂടെ കുറിച്ച് തരാം. 

"വരാം ഡോക്ടർ "
അവൾ മറുപടി പറഞ്ഞ് കോൾ കട്ട് ചെയ്തു .
പൗർണ്ണമിയുടെ പുഞ്ചിരിച്ച മുഖം ഡോക്ടര്‍ കാശിനാഥിന്‍റെ മനസ്സിലൂടെ മിന്നിപ്പോയി. 

അടുത്ത ദിവസം രാവിലെ പൗർണ്ണമി ഡോക്ടറെ കാണാനെത്തി. 

വാസുദേവൻ്റെ ഇപ്പോഴത്തെ അവസ്ഥയൊക്കെ ചോദിച്ചു മനസിലാക്കിയ അദ്ദേഹം പുതുതായി ഒരു ടാബ്ലെറ്റ് കൂടി കുറിച്ചു നൽകി.. 

ഇറങ്ങാൻ നേരം മുന്‍പത്തേതുപോലെ അവൾ ടേബിളിനരികിലേക്ക് ചെന്ന് അയാളുടെ ചെവിയിലേക്ക് തല താഴ്ത്തിപ്പിടിച്ചു ചോദിച്ചു ; 

''ദേവി പാർവ്വതിക്കും, ഗണേശനും, കാർത്തികേയനും സുഖംതന്നെയാണല്ലോ.. അല്ലേ ?" 

കാശിനാഥിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. 

"ഹ ഹ... ആദിമ വഴികളിലൂടെ എന്നെ തേടുന്ന പൗർണ്ണമി,..ദേവി പാർവ്വതിക്കും ഗണേശനും, കാർത്തികേയനും പരമ സുഖമാണ്." 

അദ്ദേഹത്തിന്‍റെ മറുപടിയില്‍ പുഞ്ചിരിച്ചു കൊണ്ട് അവൾ പുറത്തേക്കിറങ്ങിയ അതേ നിമിഷം
മനശാസ്ത്രവിഭാഗം തലവൻ ഡോക്ടർ ചെറിയാൻ തോമസ് റൂമിലേക്കു കയറിവന്നു. 

ഒരേയൊരു നിമിഷം അവരുടെ നോട്ടമിടഞ്ഞു. പൗർണ്ണമിയുടെ മുഖം നല്ല പരിചയമുള്ളതുപോലെ അദ്ദേഹത്തിനു തോന്നി...
അവൾ തല ഉയർത്താതെ, ധൃതിപ്പെട്ടു കോറിഡോറിലൂടെ നടന്നു പോയി.. 

ഡോക്ടർ കാശിനാഥിൻ്റെ ഒരു പേഷ്യന്റിനെക്കുറിച്ചുള്ള ഡീറ്റെയ്ൽസ് അറിയാനായിരുന്നു ചെറിയാൻ അവിടേക്ക് വന്നത്.. അദ്ദേഹം റൂമിൽ നിന്നു പോയപ്പോൾ കാശിനാഥ് അലസമായി ഫോണെടുത്ത് എഫ്. ബി ഓപ്പൺ ചെയ്തു. ഫോണിൽ പൗർണ്ണമിയുടെ നമ്പർ സേവ് ചെയ്തിരുന്നതു കൊണ്ടാവാം 'ആഡ് ഫ്രണ്ട് ലിസ്റ്റിൽ' പൗർണ്ണമിയുടെ പ്രൊഫൈൽ തെളിഞ്ഞു വന്നു.. കൗതുകത്തോടെ അദ്ദേഹം അവളുടെ പ്രൊഫൈൽ ഓപ്പൺ ചെയ്തു.. 

'പ്രണയം ക്ഷണിക്കപ്പെടാത്ത അതിഥിയായ് ഒരിക്കൽ കടന്നു വരുമ്പോൾ..
കാലം മറന്നു പൂവിട്ട ഒരു നീലക്കുറിഞ്ഞിയായ് ഞാൻ മാറും.' 

രസകരമായ അവളുടെ സ്റ്റാറ്റസ് കണ്ടയാൾ പുഞ്ചിരിച്ചു..
വീട്ടിലേക്കുള്ള ഡ്രൈവിങ്ങിലുടനീളം അയാളുടെ മനസ്സിൽ പൗർണ്ണമി പൂനിലാവ്‌ വിടരുന്ന ചിരിക്കുന്ന മുഖമായിരുന്നു.
പുറത്ത് പെയ്യുന്ന ചാറ്റൽ മഴയുടെ ചെറിയ കണങ്ങൾ വണ്ടിയുടെ ഗ്ലാസിൽ മുത്തുമണികൾ പോലെ ചിന്നിച്ചിതറി. വൈപ്പ് ചെയ്തു കൊണ്ടിരുന്നുവെങ്കിലും ഗ്ലാസിലേക്ക് അവളുടെ വിടർന്ന കണ്ണുകൾ തെളിഞ്ഞ് വരുന്നതു പോലെയയാൾക്കു തോന്നി.. അപ്പോഴതാ 
സ്റ്റീരിയോയിൽ നിന്നുമാ മനോഹരഗാനം ഒഴുകിയെത്തി...
ദാസേട്ടന്‍ അലിഞ്ഞു പാടുന്നു. 

"മോഹം പൂത്തു തുടങ്ങി....
മേഘം പെയ്തു തുടങ്ങി...." 

വരണ്ടുണങ്ങിയ മരുഭൂവിലെവിടെയോ കുളിരുള്ള മഴപ്പൂക്കള്‍ വിരിയുന്ന പോലൊരനുഭവം. കാശിനാഥ്‌ വിന്‍ഡോ ഗ്ലാസ് മെല്ലെ താഴ്ത്തി. 
ഒരു കൈകൊണ്ട് മഴയിലേക്ക് വല്ലത്തൊരാവേശത്തോടെ കൈ നീട്ടി. മരുന്നുകളും കീറിമുറിക്കുന്ന മനുഷ്യ ശരീരങ്ങളും അത്രമേൽ മുരടിപ്പിച്ച അയാളുടെ ജീവിതത്തിലേക്ക്  മഴയുടെ സുഗന്ധം പോലെ പൗർണ്ണമിയുടെ ചിന്തകള്‍ നനഞ്ഞിറങ്ങി. കൈക്കുമ്പിളില്‍ വെള്ളം നിറച്ച് തന്‍റെ താടിയിലൂടെ ആസ്വാദമായൊരനുഭൂതിയോടെ അയാള്‍ വിരലോടിച്ചു. 
മേഘമപ്പോൾ നിർത്താതെ പെയ്യുകയായിരുന്നു. 

അന്ന് രാത്രി കിടക്കും നേരം പിന്നേയും അയാളുടെ മനസ്സിൽ പൗർണ്ണമിയുടെ മുഖം തെളിഞ്ഞു വന്നു. യാന്ത്രികമെന്നോണം അയാളപ്പോൾ എഫ് ബി ഓപ്പൺ ചെയ്തു. പൗർണ്ണമിയുടെ പ്രൊഫൈലിലൂടെ സഞ്ചരിച്ചു.. ഓരോ ചിത്രങ്ങളും കാണുമ്പോള്‍ പൗർണ്ണമി തന്നെ നോക്കി എന്തോ മൊഴിയുന്നുണ്ടോ, ചിരിക്കുന്നുണ്ടോ എന്നൊക്കെ അയാള്‍ക്ക് തോന്നി. 
ഫോണ്‍ കയ്യിലെടുത്ത അയാളുടെ വിരലുകൾ അറിയാതെ പൗർണ്ണമിയുടെ നമ്പറിലേക്ക് നീണ്ടു.. 

" ഹായ് മഹാദേവാ " പൗർണ്ണമി കോൾ അറ്റൻഡ് ചെയ്തു..
തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലായി മെല്ലെമെല്ലെ ഹൃദയ സല്ലാപങ്ങളിലൂടെ അവര്‍ സൗഹൃദത്തിൻ്റെ സോപാനം ഓരോന്നായി ചവിട്ടിക്കയറി.. സംഭാഷണങ്ങളിൽ മിക്കപ്പോഴും അയാളുടെ 'സുന്ദരമായ താടി' ഒരു വിഷയമായിരുന്നു. 

"ആ താടിയിൽ ഒളിഞ്ഞിരിക്കാനിത്തിരി ഇടമെനിക്ക് തരുമോ മഹാദേവാ ?" ഇടയിലെപ്പോഴോ വന്ന അപ്രതീക്ഷിതമായ അവളുടെ ചോദ്യം അയാളെ അമ്പരപ്പിച്ചു. 

"ഗംഗയെ മഹാദേവൻ തിരുജടയിലല്ലേ ഒളിപ്പിച്ചത്..? അതുപോലെ ഞാൻ ആ താടിയിൽ ഒളിച്ചോളാം. താടിയിലാകുമ്പോൾ എപ്പോഴും അങ്ങേക്കെന്നെ കാണുകയും ചെയ്യാമല്ലോ ! " 

"മഹാദേവന് പാർവ്വതിയെ ഭയപ്പെടണമായിരുന്നു, അതുകൊണ്ടാണ് തിരുജടയിൽ ഗംഗക്ക് വാസസ്ഥാനം നൽകിയത് .. പക്ഷേ ഈ മഹാദേവന് അങ്ങനെ ഭയപ്പെടാൻ ഒരു പാർവ്വതി ഇല്ലല്ലോ ഗംഗേ''... അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു. 

"അപ്പോ പാണീഗ്രഹണം കഴിഞ്ഞിട്ടില്ല.!! എന്തുകൊണ്ടാണ് ഇത്ര താമസം? മഹാദേവൻ്റെ ശൗര്യം താങ്ങാൻ കഴിവുള്ളൊരു പാർവ്വതിയും ഇതുവരെ വന്നില്ലേ ?" അവൾ ചോദിച്ചു.. 

"വിവാഹത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം ഇതുവരെ വന്നുചേർന്നില്ല ഗംഗേ.. രോഗികളും മരുന്നും അവിടത്തെ മണവും  ജീവിതത്തിലെ വേറൊന്നിനെയും എന്‍റെ മനസ്സിലേക്ക് കൊണ്ടുവന്നില്ല. ഒന്നിലും ഞാനൊരു സൗന്ദര്യവും കണ്ടെത്തിയില്ല എന്നു പറയുന്നതാവും ശരി. " താടിയിലേക്ക് മെല്ലെ തലോടിക്കൊണ്ട് അയാള്‍ തുടര്‍ന്നു പറഞ്ഞു. 

''പൗർണ്ണമിക്കറിയുമോ ഈ നീണ്ട താടിപോലും മുഷിപ്പിന്റെ പരിണിത ഫലമാണ്. എന്നാലിപ്പോൾ ഈ താടിയെ ഞാന്‍ വല്ലാതെ പ്രണയിക്കുന്നു. " 

പൗർണ്ണമിയുടെ കൊഞ്ചലോടെയുള്ള ചിരിമുത്തുകള്‍ ഫോണിലൂടെ പൊഴിഞ്ഞു വീണു. അവളുടെ മിഴികളിലെ തിളക്കം അയാളനുഭവിച്ചറിഞ്ഞു.. ഏതോ ഒരു അദൃശ്യ ശക്തി അവളെ തന്നിലേക്കടുപ്പിക്കുമ്പോലെ കാശിക്ക് തോന്നി.. 

അന്നത്തെ സംഭാഷണം അവസാനിച്ചപ്പോഴേക്കും, മനസ്സുകൊണ്ട് അയാളവളെ തൻ്റെ താടിയിൽ കുടിയിരുത്തിയിരുന്നു, അപ്പോള്‍ മുതൽ സ്വയം തീർത്തൊരു സങ്കൽപ്പലോകത്ത് അയാള്‍ അഭിരമിച്ചു തുടങ്ങി. 

ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ താടിയുഴിഞ്ഞുകൊണ്ട് സംസാരിക്കുന്നത് എങ്ങനെയോ അയാള്‍ പോലുമറിയാതെ ഒരു ശീലമായി മാറി.. വിദൂരതയിലിരുന്നു കൊണ്ട് അർദ്ധനാരീശ്വര സങ്കൽപ്പം മനസ്സാ ധ്യാനിച്ച് കാശിനാഥ് പൗർണ്ണമിയെ തന്നോടു ചേർത്തു നിർത്തി . 

ഓരോ കാത്തിരിപ്പും അദൃശ്യമായ പ്രതീക്ഷയുടെ വെളിച്ചമാണ്... അവളുടെ കുസൃതികണ്ണുകളിൽ ആകാശം കാണാതൊളിപ്പിച്ച അനുരാഗ മയിൽപ്പീലി 
അനന്തകാലത്തോളം പിടയുന്നുണ്ടാവും. 

അച്ഛനും അമ്മക്കും ഒരേയൊരു മകനായ സ്വതവേ ഗൗരവക്കാരനായ ഡോക്ടർ കാശിനാഥിൻ്റെ പൊടുന്നനെയുള്ള ഈ മാറ്റം സഹപ്രവർത്തകർക്കിടയിൽ ചർച്ചാവിഷയമായി. 

ദിവസങ്ങൾ ആഴ്ചകൾക്ക് കൈമാറി മാസങ്ങളെ വരവേറ്റു.. ഡോക്ടർ കാശിനാഥ് തൻ്റെ താടിയെ വളരെയധികം പരിപാലിച്ചു... 

ഇതിനോടകം പൗർണ്ണമിയും ഡോക്ടറും പരസ്പരം മനസ്സിലാക്കിയ നല്ല സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു.. 

ഓരോ ദിവസത്തേയും വീട്ടിലെയും വിശേഷങ്ങൾ ഇരുവരും പങ്കുവയ്ക്കുമെങ്കിലും വാതോരാതെയുള്ള സംഭാഷണങ്ങൾക്കിടയിൽ ഒരിക്കൽപ്പോലും അമ്മയെക്കുറിച്ചു മാത്രം പൗർണ്ണമി പറഞ്ഞിരുന്നില്ല.. 

എന്നും അച്ഛൻ്റെ വിശേഷങ്ങൾ പറയുന്ന പൗർണ്ണമിയോട് ഒരിക്കൽ കാശിനാഥ് യാദൃച്ഛികമായി
അമ്മയെക്കുറിച്ചന്വേഷിച്ചു... ഉത്തരം പക്ഷേ മൗനമായിരുന്നു.. 

"അമ്മ...അമ്മ ഇവിടുണ്ട് മഹാദേവാ .." അങ്ങനെ പറഞ്ഞു കൊണ്ടവൾ കോൾ കട്ട് ചെയ്തു... അമ്മയുടെ കാര്യത്തിൽ അവളെന്തോ ഒളിപ്പിക്കുന്നപോലെ.  അവളോടത് ചോദിക്കേണ്ടിയിരുന്നില്ലന്ന് കാശിനാഥന് തോന്നി. 

തുടർന്നുള്ള ദിവസങ്ങളിൽ പൗർണ്ണമിയുടെ ഫോൺ കോളുടെ എണ്ണം കുറഞ്ഞു വന്നു.. കാശിനാഥനത് തുടക്കത്തിൽ ചെറുതല്ലാത്തൊരു വേദനയുണ്ടാക്കിയെങ്കിലും, അയാളുടെ പൊതുവേ പുറമേയൊന്നും പ്രകടപ്പിക്കാത്ത അന്തര്‍മുഖത്വം കൊണ്ട് പിന്നീടതുമായി  പൊരുത്തപ്പെട്ടു. പക്ഷെ തൻ്റെ താടിയിലൂടെ പൗർണ്ണമിയോട് അയാൾ നിരന്തരം സംവദിച്ചുകൊണ്ടേയിരുന്നു.. എല്ലാ വിശേഷങ്ങളും ആ സങ്കൽപ്പലോകത്ത് അവളുമായി പങ്കുവെച്ചു.. 

അനുരാഗമെന്നുച്ചരിക്കുമ്പോൾ മാത്രം ഒഴുകിവരുന്ന
പുല്ലാംങ്കുഴലിലെ അതിമധുരമായ സ്വരം
വിരലമർന്ന സുഷിരം പോലെ
ആത്മാവിന്റെ കമ്പനങ്ങൾ,
ചിന്തകളുടെ ചങ്ങലയറുത്ത്
ചിത്രശലഭങ്ങളായ് പാറുന്നതയാൾ അറിഞ്ഞു. 

അതേസമയം മകൻ്റെ സ്വഭാവത്തിൽ വന്ന മാറ്റം ഡോക്ടറുടെ അമ്മക്ക്  ആധിയുണ്ടാക്കി.. ഭർത്താവിനോടവർ തൻ്റെ ആവലാതി പറഞ്ഞു . അദ്ദേഹവും മകനെ ശ്രദ്ധിക്കാൻ തുടങ്ങി.. പ്രഥമദൃഷ്ട്യാൽ സഹധർമ്മിണിയുടെ ആധിയിൽ കഴമ്പുണ്ട് എന്നദ്ദേഹവും തിരിച്ചറിഞ്ഞു. പക്ഷേ ഈ ഏകാംഗ നാടകത്തിൻ്റെ പിന്നിലുള്ള രഹസ്യം കണ്ടെത്താൻ രണ്ടാൾക്കും കഴിഞ്ഞില്ല എന്നതാണ് വാസ്തവം. 

ഒരു ദിവസം ഭാര്യയും ഭർത്താവും കൂടി മകൻ്റെ മുറിക്കു പുറത്ത് ചെവി വട്ടം പിടിച്ചുനിന്നു.. അന്നും പതിവ് പോലെ ഡോക്ടർ താടിയിലെ തന്‍റെ പെൺകുട്ടിയോട് സംവദിക്കാൻ തുടങ്ങി.. 

"അതേ...ഇന്നാ സക്കറിയയുടെ സർജറിയായിരുന്നു. അതാണ് തന്‍റെയടുത്തെക്ക് വരാൻ വൈകിയത്. പരിഭവമൊന്നും തോന്നരുത് ട്ടോ.. ഞാനിപ്പൊ പഴയതുപോലെ നിന്നോടോന്നും പറയുന്നില്ല എന്നല്ലേ പരിഭവം.... എൻ്റെ പെണ്ണേ ഞാനിതാ നിൻ്റെ പരിദേവനങ്ങൾക്കായി കാതോർത്തു നിൽക്കുന്നു.. പറയൂ ഗംഗേ ഇന്നത്തെ വിശേഷങ്ങൾ. അച്ഛന് മെഡിസിനൊക്കെ കൊടുത്തുവല്ലോ അല്ലേ..?" 

സംഭാഷണം ശ്രവിച്ച ഡോക്ടർ കാശിനാഥിൻ്റെ അച്ഛനും അമ്മയും ആകെ ആശയക്കുഴപ്പത്തിലായി ..അങ്ങനെ കാശിനാഥിൻ്റെ ഗംഗയെ തേടിയുള്ള പ്രയാണം അവരിരുവരും ആരംഭിച്ചു.. 

പുറത്തിറങ്ങുമ്പോഴും കാശിനാഥ് താടിയിൽ തലോടി സംസാരിക്കുവാൻ തുടങ്ങി. ക്രമേണ കാര്യങ്ങൾ സഹപ്രവർത്തകരിൽ നിന്നും ബന്ധുക്കളിലേക്കും എത്തി.. 

'ഡോക്ടർ കാശിനാഥിന് മാനസിക രോഗം പിടിപെട്ടു' എല്ലാവരും വിധിയെഴുതി.. 

കാശിയുടെ ചിന്തകൾ പലയിടങ്ങളിലും അലഞ്ഞു തിരിഞ്ഞു.. തൻ്റെ നേരിൻ്റെ ജ്വാലയുടെ തീവ്രതയിൽ മുഖാവരണമിളകി ജിവിത വേദിയിൽ പരിഹാസ്യമായ ഒരു കഥകളിരൂപം പോലെ മറ്റുള്ളവർക്കു മുന്നിൽ താനിന്ന് പ്രദർശിക്കപ്പെടുകയാണ്.. 
ഭ്രാന്തിൻ്റെ ആനുകൂല്യം തനിക്ക് നൽകാൻ എല്ലാവരും തിടുക്കം കാണിക്കുന്നു... തൻ്റെ ചിന്തകൾ, തൻ്റെ ലോകം അതാരും കാണുന്നില്ല. 

പൗർണ്ണമിയുടെ സാമിപ്യം ഓരോ നിമിഷവും കാശി ആഗ്രഹിച്ചു.. അതിനായി പലതവണ അവളുടെ നമ്പറിലേക്ക് കോൾ ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം ..വാസുദേവൻ്റെ നമ്പർ ഫോണിൽ ഉണ്ടായിരുന്നുവെങ്കിലും അയാളെ വിളിക്കാൻ അഭിമാനം അനുവദിച്ചില്ല .. പിന്നീടെപ്പോഴോ പൗർണ്ണമിയെ വിളിച്ചപ്പോൾ 'നമ്പർ നിലവിലില്ല' എന്ന മറുപടിയാണ് കിട്ടിയത്.. അങ്ങനെ ആ ശ്രമവും ഉപേക്ഷിച്ചു . 

വരൾച്ചയിൽ വിണ്ടുകീറിയ നെൽപ്പാടങ്ങൾ പോലെ പൗർണമിയെന്ന വേനൽ മഴക്കായ് അയാളുടെ ഹൃത്തടം തുടിച്ചു..വിഷാദം നിറഞ്ഞ നിശ്ചല തടാകങ്ങളായി മാറി അദ്ദേഹത്തിൻ്റെ മിഴികൾ.. കാലം മറന്നു പൂത്ത കുറിഞ്ഞിയെ മാനസവാടിയിൽ തിരഞ്ഞു കൊണ്ടേയിരുന്നു. 

അവളുടെ അഭാവത്തിൻ്റെ തിരകളിൽ അയാളുടെ കിനാക്കളുടെ കപ്പലുകൾ ആടിയുലഞ്ഞു... 

കാത്തിരിപ്പിന് പലപ്പോഴും കരിമ്പിൻ്റെ മധുരമാണ് മെല്ലെ മെല്ലെ നുണഞ്ഞു നുണഞ്ഞ് അവസാനം നീരു പിഴിഞ്ഞ് പൂർണ്ണമായും നുകര്‍ന്നു തീരുന്നതു വരെ നീളുന്ന മധുരം.. ആ മധുരം നുണഞ്ഞു.. 

ഗംഗയിലേക്കുള്ള സങ്കൽപ്പയാത്രയിൽ മുന്നിലേക്കുള്ള വഴികാട്ടിയായ്   കടൽവിളക്കിലെ തിരിനാളം പോലെ അവളുടെ കണ്ണുകളിൽ അതുവരെ പറയാതെ പോയ പ്രണയം തെളിഞ്ഞു നിൽക്കുന്നത് അയാൾ കണ്ടു.. 

''പ്രതീക്ഷ എന്നത് സത്യത്തിൻ്റെ നഗ്നതയെ മറയ്ക്കുന്ന പ്രകൃതിയുടെ മൂടുപടമാണ് .. ''
'ആൽഫ്രഡ് നോബലി'ൻ്റെ ഈ വാക്കുകൾ എത്രയോ ശരിയാണ്.. ഇവിടെ താനും അങ്ങനെയല്ലേ... 

ദിവസങ്ങൾ കടന്നു  പോകവേ പരിണിത ഫലം എന്താകുമെന്ന് അറിയില്ലെങ്കിലും, ഡോക്ടർ ചെറിയാൻ തോമസ് താടിയിലെ സംഭാഷണം നിർത്താനായ് ഒരുപായം വീട്ടുകാരോട് നിർദേശിച്ചു. 

'' ഡോക്ടർ കാശിനാഥിൻ്റെ താടി ക്ഷൗരം ചെയ്യുക ! " 

അടുത്ത ഞായാറാഴ്ച ഡോക്ടർ ചെറിയാൻ്റെ നേതൃത്വത്തിൽ  മെഡിക്കൽ സംഘം രാവിലെ കൃത്യം 8 മണിക്ക് തന്നെ ഡോക്ടർ കാശിനാഥൻ്റെ വീട്ടിലെത്തി .കാശിനാഥ് തൻ്റെ മുറിയിലിരുന്ന് താടിയിലെ പെൺകുട്ടിയോട് വിശേഷങ്ങൾ പങ്കിടുകയായിരുന്നു.. 

പതിവില്ലാതെ സഹപ്രവർത്തകരെ കണ്ടപ്പോൾ ആദ്യമൊന്നമ്പരന്നെങ്കിലും, എല്ലാവരേയും ക്ഷണിച്ചകത്തേക്കിരുത്തി. മുഖവുരയൊന്നും കൂടാതെ അവർ കാര്യത്തിലേക്ക് കടന്നു.. ആഗമനോദ്ദേശ്യം വെളിപ്പെടുത്തി... പക്ഷേ കാശിനാഥ്  നിര്‍ഭയമായിയതിനെ പ്രതിരോധിച്ചു... അയാളുടെ എതിർപ്പവഗണിച്ചു കൊണ്ട് ഡോക്ടർ ചെറിയാൻ ബലമായ് അദ്ദേഹത്തിന് മയങ്ങാനുള്ള സെഡേഷന്‍ കൊടുത്തു.. 

കാശിക്ക് തൻ്റെ താടിയിൽ നിന്നും പൗർണ്ണമിയെ ഇറക്കി വിടുവാൻ കഴിയുമായിരുന്നില്ല.. നഴ്സിംഗ് അസിസ്റ്റൻ്റ് മോഹനകൃഷ്ണൻ അദ്ദേഹത്തിൻ്റെ സമൃദ്ധമായ താടി ക്ഷൗരം ചെയ്യുമ്പോൾ തൻ്റെ ഗംഗയുടെ മേനിയിലേക്കാണ് മോഹനകൃഷ്ണൻ കത്തിവയ്ക്കുന്നതെന്നയാൾക്ക് തോന്നി... 
അവളുടെ കണ്ണുകളിലെ ദൈന്യത അയാൾക്ക് താങ്ങാനായില്ല . പക്ഷേ അയാളുടെ വായിൽ നിന്നും നിലവിളികൾ പുറത്തേക്കു വന്നില്ല. 

ഹൃദയത്തിൽ ഒരായിരം കൂരമ്പുകൾ ഒന്നിച്ച് തുളച്ചു കയറുന്ന വേദനയിൽ അയാൾ പതിയെ ഗാഢനിദ്രയിലേക്കിറങ്ങി... 

'താൻ കാശിയോട് ചെയ്ത ഈ ക്രൂരതക്ക് തനിക്ക് നരകത്തിൽ നിന്നിറങ്ങാൻ സമയം കിട്ടുമോ ആവോ' ചെറിയാൻ ദു:ഖത്തോടെ ഓർത്തു. അതൊരു പരിധിവരെ ശരിയുമാണ് കാരണം ഒരുപാട് രോഗികൾ മനസ്സിൽ സ്വയം തീർത്ത ഇത്തരം കാല്പനിക കൊട്ടാരങ്ങളെ നിഷ്കരുണം ഡോക്ടർ ചെറിയാൻ ഇടിച്ചു നിരത്തിയിട്ടുണ്ട്. 

ഡോക്ടർ കാശിനാഥ് ഉണരുന്നതും നോക്കി എല്ലാവരുമിരുന്നു... ഉണർന്നെണീക്കുന്ന കാശിനാഥിൻ്റെ അവസ്ഥ എന്താകുമെന്നോർത്ത് ചെറിയാൻ അത്യധികം ആകാംക്ഷയോടെ മുറിക്കു പുറത്ത് ഉലാത്തുകയായിരുന്നു.. 

കാശിയുടെ മാതാപിതാക്കളും വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. എല്ലാവരും കാത്തിരുന്ന ആ നിമിഷം സമാഗതമായി, കാശിനാഥ് മയക്കത്തിൽ നിന്നും ഉണർന്നു... 

ആദ്യം തൻ്റെ താടിയിൽ തലോടിക്കൊണ്ടാണദ്ദേഹം മയക്കം വിട്ടെണീറ്റത്... താടി അവിടെയില്ലാന്ന് മനസ്സിലായപ്പോൾ അലറിക്കരയാൻ തുടങ്ങി. ഓരോ മുറിയിലും അയാൾ ഓടിനടന്ന് ഗംഗയ്ക്കായുള്ള തെരച്ചിൽ നടത്തി...അവസാനം തളർന്നവശനായി കട്ടിലിരുന്നു.. മിഴികളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. അയാളുടെ അവസ്ഥ അമ്മക്ക് സഹിക്കാനായില്ല. 

ഗംഗയെക്കുറിച്ച് ഡോക്ടർ ചെറിയാൻ എത്ര ചോദിച്ചിട്ടും അയാൾ മൗനം ഭജിച്ചു..ഒടുവിൽ ചെറിയാനും സംഘവും നിരാശയോടെ മടങ്ങി..
തുടർന്നുള്ള ദിവസങ്ങളിൽ അയാളാരോടും ഒന്നും മിണ്ടിയില്ല.. മൗനമായ് സ്വന്തം മുറിയിൽത്തന്നെ കഴിഞ്ഞു കൂടി. 

കഴിഞ്ഞു പോയ നിമിഷങ്ങളിനിയൊരിക്കലും തിരികെ കിട്ടില്ലെന്നറിഞ്ഞിട്ടും ഉള്ളിൻ്റെയുള്ളിൽ പൊതിഞ്ഞുവച്ച സങ്കൽപ്പങ്ങൾ വീണു ചിതറുമെന്നോർത്തു, മീതെച്ചുറ്റിയ കാണാച്ചരടിൽ തിളങ്ങുന്നൊരു പെണ്ണിൻ്റെ മുഖത്തിന് തൻ്റെ ഗംഗയുമായ് അത്രമേൽ സാദൃശ്യമുള്ളതുപോലെ കാശിക്ക് തോന്നി.. 

പതിയെ പതിയെ അയാളുടെ ഉള്ളിൽ പ്രതീക്ഷയുടെ കിരണങ്ങൾ പതിക്കാൻ തുടങ്ങി..കാശിനാഥിന്‍റെ ചിന്തകളിലൂടെ ഒരായിരം ആശയങ്ങള്‍ കടന്നുപോയി. വരണ്ടുണങ്ങിയ മരുഭൂവിലേക്ക് പെയ്തിറങ്ങുന്ന പുതുമഴപോലെ മരവിച്ചു മുഷിഞ്ഞ തന്‍റെ ജീവിതത്തിലേക്ക് തരള വികാരങ്ങളുടെ പൊന്‍ കിരണങ്ങളുമായി പുഞ്ചിരി മഴയുമായി കടന്നുവന്നവളാണ് പൗര്‍ണ്ണമി. 

''ആ താടിയിൽ ഒളിഞ്ഞിരിക്കാനിത്തിരി ഇടമെനിക്ക് തരുമോ മഹാദേവാ ?" അന്നാദ്യമായി അവളാ ചോദ്യമുന്നയിക്കുമ്പോള്‍ കണ്ടിരുന്ന അവളുടെ കണ്ണുകളിലെ തിളക്കം ഒരിക്കല്‍ക്കൂടെ അയാള്‍ ഓര്‍മ്മിച്ചെടുത്തു.. അത്രയും നിഷ്ക്കളങ്കമായി തന്നോട് ചേര്‍ന്നുവന്ന അവളിപ്പോള്‍ തന്നില്‍നിന്നും മാറി നില്‍ക്കുന്നത് എന്തിന്‍റെ പേരിലാവും ? അതെന്തു തന്നെയായാലും ആ കാരണം കണ്ടെത്തണം. തന്‍റെ താടിയിലേക്കല്ല മറിച്ച് തന്‍റെ ഹൃദയത്തിലാണ് അവള്‍ കൂടൊരുക്കിയത്. തീരുമാനിച്ചുറച്ചതുപോലെ അതിലേറെ സമാധാനമായി അന്ന് രാത്രി കാശിനാഥന്‍ ഉറങ്ങാന്‍ കിടന്നു. 

**************************************************************************************************** 

കുളിയൊക്കെക്കഴിഞ്ഞ് കാശി പതിവില്ലാതെ മുറിക്ക് പുറത്തേക്കിറങ്ങി വന്നു..അയാൾ  അച്ഛനോടൊപ്പമിരുന്നു പ്രഭാത ഭക്ഷണം കഴിച്ചു.. 

"നമുക്കിന്ന് ഒരിടം വരെ പോകണം അച്ഛൻ വേഗം തയ്യാറാകൂ " 

അദ്ദേഹം ചോദ്യരൂപേണ തൻ്റെ സഹധർമ്മിണിയെ നോക്കി.. പക്ഷേ അവരുടെ മുഖത്തെ നിസ്സഹായതയിൽ നിന്നും ഈ കാര്യത്തെകുറിച്ചുള്ള അവരുടെ അജ്ഞത മനസ്സിലായി..
മറുത്തൊന്നും പറയാൻ നിൽക്കാതെ അദ്ദേഹം മകനോടൊപ്പം പോകാനായി തയ്യാറായി വന്നു.. അപ്പോഴേക്കും കാശിനാഥൻ കാർ സ്റ്റാർട്ട് ചെയ്തിരുന്നു..
അദ്ദേഹം  മുൻ സീറ്റിൽ ഇരിപ്പുറപ്പിച്ചുകൊണ്ട് ഭാര്യയ നോക്കി മൗനമായി യാത്രപറഞ്ഞു... കാർ കണ്ണിൽ നിന്നും മറയുന്നത് വരെ വേപഥു പൂണ്ട ഹൃദയവുമായ് അമ്മ പൂമുഖത്ത് നോക്കി നിന്നു. 

വളരെ കൃത്യമായി പരിചിതമായൊരു സ്ഥലം പോലെയാണ് കാശിനാഥ് വണ്ടിയോടിച്ചത് . വണ്ടി ഒരു പഴയ ഇരുനില മാളികയുടെ മുന്നിൽച്ചെന്നു നിന്നു.. ഗേറ്റിന് പുറത്ത് എഴുതിവച്ചിട്ടുണ്ടായിരുന്നു. 

' വാസുദേവൻ. പൗർണ്ണമി ' 

അവരിരുവരും വണ്ടിയിൽ നിന്നും പുറത്തിറങ്ങി... 

കാറിന്‍റെ ഒച്ച കേട്ടിട്ടാവണം ഒരു മധ്യവയസ്കൻ വീടിന് ഉമ്മറത്ത് നിന്നും ഇറങ്ങി വന്നു.. 

" വരണം വരണം. ഡോക്ടർ ഇന്നലെ വിളിച്ചപ്പോൾ ഇത്ര നേരത്തെ വരുമെന്ന് ഞാൻ കരുതിയില്ല..
മോളേ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ ." 

അയാൾ അകത്തേക്ക് നോക്കി പറഞ്ഞു.. ശബ്ദം കേട്ടുകൊണ്ട് ഒരു പെൺകുട്ടി അവിടേക്കു വന്നു.... 

" അച്ഛാ, ഇത് വാസുദേവൻ, എൻ്റെ പേഷ്യൻ്റാണ്  അത് ഇദ്ദേഹത്തിൻ്റെ മകൾ പൗർണ്ണമി ദേവ് '' 

കാശിനാഥ് അവരെ അച്ഛനു പരിചയപ്പെടുത്തി കൊടുത്തു.... 

" അകത്തേക്കു കയറി വരൂ " 
വാസുദേവൻ അവരെ അകത്തേക്കു ക്ഷണിച്ചിരുത്തി... 

പൗർണ്ണമി അപ്പോൾ അയാളുടെ താടി നിരീക്ഷിക്കുകയായിരുന്നു.. സമൃദ്ധമായ കറുത്തിരുണ്ട താടിക്കു പകരം കുറ്റി രോമങ്ങൾ, അതവളെ അത്ഭുതപ്പെടുത്തി .. അവളുടെ നോട്ടം കാശിനാഥ് ശ്രദ്ധിച്ചുവെങ്കിലും അതയാൾ അവഗണിച്ചു.. 

" അച്ഛാ, ഇതാണ് എൻ്റെ ഗംഗ " പൗർണ്ണമിയെ നോക്കി ശബ്ദംതാഴ്ത്തി കാശി പറഞ്ഞു.. അദ്ദേഹം ആശ്ചര്യഭാവത്തിൽ അവളെ നോക്കി.. 

" അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ മുതലാണ് പൗർണ്ണമി ഡോക്ടറോടുള്ള സൗഹൃദം.. പതിയെ കുറച്ചതല്ലേ?
ഡോക്ടർ വരൂ.. നമുക്കൊരാളെ കാണാം "
വസുദേവൻ അവരെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ കട്ടിലിൽ ഒരു സ്ത്രീ കിടപ്പുണ്ടായിരുന്നു.. ഇരുവശങ്ങളിലേക്കും തലമുടി മെടഞ്ഞ് റിബ്ബൺ കൊണ്ട്കെട്ടി, കണ്ണെഴുതി പൊട്ടുതൊട്ട്, ഓമനത്തമുള്ള മുഖഭാവവുമായി അൻപതുവയസ്സോളം വരുന്ന ഒരു സ്ത്രീ... മുറിയിലേക്ക് വന്നവരെ കണ്ടതും അവർ പൊടുന്നനെ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റ് സല്യൂട്ട് ചെയ്തു. കാശിനാഥ് അമ്പരന്നു പോയി.. മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. 

" ഇത് അരുന്ധതി. എൻ്റെ അമ്മാവൻ്റെ മകളും  പൗർണ്ണമിയുടെ അമ്മയുമാണ്.. വാസുദേവൻ പരിചയപ്പെടുത്തി. 

"എൻ്റെ മോളെ പെണ്ണുകാണാൻ വന്നവരാണോ?'' അവരുടെ ആ ചോദ്യം കേട്ട് കാശിനാഥൻ സഹതാപത്തോടെ നോക്കി .. 

"നമുക്ക് അപ്പുറത്തേക്ക് പോകാം " അവരിരുവരും വാസുദേവൻ്റെ പിന്നാലെ പോയി.

"യൗവനത്തിൻ്റെ തീക്ഷ്ണതയിൽ, കോളേജ് ഇനാഗുറേഷന് അതിഥിയായി എത്തിയ ഗസൽ ഗായകനായ ഫൈസൽ മുഹമ്മദിനോട് അരുന്ധതിക്ക് തോന്നിയ ആരാധന  പ്രണയമായ് മാറാൻ  അധികം സമയം വേണ്ടി വന്നില്ല... അനുരാഗത്തിൻ്റെ ചൂടും ചൂരും നന്നായറിഞ്ഞപ്പോൾ അവൾ വീട്ടുകാരെ ഉപേക്ഷിച്ച് അയാളോടൊപ്പം പോയി... പക്ഷേ വിവാഹിതയായിട്ട് ഒരു വർഷമാകും മുൻപ്തന്നെ വൈധവ്യം പേറാനായിരുന്നു അവളുടെ വിധി... ഒരാക്സിഡൻ്റിൽ പെട്ട്  ഫൈസൽ മുഹമ്മദ് മരണപ്പെട്ടു. അന്ന് പൗർണ്ണമിയുടെ ജീവൻ്റെ തുടിപ്പ് അരുന്ധതിയുടെ ഉദരത്തിൽ നാമ്പിട്ടു കഴിഞ്ഞിരുന്നു... ഫൈസലിൻ്റെ മരണം അരുന്ധതിക്കൊരു ഷോക്കായിരുന്നു.. അന്യമതസ്ഥനോടൊപ്പം വീട് വിട്ടിറങ്ങി പോയ മകളെ സ്വീകരിക്കാൻ അമ്മാവൻ തയ്യാറായില്ല. പക്ഷേ എനിക്കവളെ മറക്കാനായില്ല , കൗമാരകാലം മുതൽ ഹൃദയത്തിൻ്റെ ഒരു കോണിൽ അവൾക്കായി ഇത്തിരി സ്ഥലം ഞാൻ മാറ്റി വച്ചിരുന്നു.. അവിടെ മറ്റൊരാളെ പ്രതിഷ്ഠിക്കാൻ എനിക്കായില്ല എന്നു പറയുന്നതാവും ശരി... അങ്ങനെ അമ്മാവൻ്റെ അനിഷ്ടത്തെ മറികടന്ന് എൻ്റെ  വീട്ടിലേക്ക് അവളെ കൂട്ടികൊണ്ടു വന്നു... ആദ്യമൊക്കെ എൻ്റെയമ്മയും എതിർത്തിരുന്നു.. പിന്നീട് പൗർണ്ണമി വന്നതോടുകൂടി  അമ്മയും അവളെ ഇഷ്ടപ്പെട്ടു തുടങ്ങി.. പക്ഷേ അപ്പോഴേക്കും അവൾ ഉൻമാദത്തിൻ്റെ ഒസ്യത്തിൽ ഒപ്പിട്ടു കഴിഞ്ഞിരുന്നു..  
തുടക്കത്തിൽ കുറെ ചികിൽസിച്ചു നോക്കി .. ഡോക്ടറുടെ  ഹോസ്പിറ്റലിലെ ഡോക്ടർ ചെറിയാൻ തോമസിൻ്റെ ട്രീറ്റ്മെന്റായിരുന്നു.  വാസുദേവൻ പറഞ്ഞു നിർത്തി.. 

"ഇനി പറയൂ മഹാദേവാ.. ;  ഭ്രാന്തിയായ ഒരമ്മയുടെ മകളായ ഈ ഗംഗയെ ആ താടിയിൽ പ്രതിഷ്ഠിക്കണോ? " കാശിക്കുള്ള  ചോദ്യവുമായി പൗർണ്ണമി അവിടേക്കു വന്നു.. 

നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങിയിട്ടും തളംകെട്ടിയ ഒരു മൗനം ഇതൾ വിരിയാതെ അവർക്കിടയിൽ അവിടെ തങ്ങിനിന്നു..
പക്ഷേ അയാള്‍ ഒരു ഉറച്ച തീരുമാനത്തിലായിരുന്നു. ആയിരം ഹൃദയങ്ങളെ ശാസ്ത്രീയമായി കീറിമുറിച്ച അയാളുടെ ഹൃദയത്തില്‍ അവൾ ഒരു നിത്യപൗര്‍ണമിയായ് മാറിക്കഴിഞ്ഞിരുന്നു. തിരികെ വണ്ടിയോടിക്കുമ്പോള്‍.. ആരുടെയും കാൽപ്പാദം പതിയാത്തൊരു കൊടുമുടി കീഴടക്കിയ ജേതാവിനെപ്പോലെ അയാള്‍ തന്റെ വണ്ടിയുടെ വേഗത കൂട്ടി. വളവുതിരിവുകളും, അടയാളവിളക്കുകളും താണ്ടി ആ വണ്ടി വേഗത്തിൽ മുന്നോട്ട് കുതിച്ചു. 

''പ്രതീക്ഷ എന്നത് സത്യത്തിൻ്റെ നഗ്നതയെ മറയ്ക്കുന്ന പ്രകൃതിയുടെ മൂടുപടമാണ് .. ''

*************
സജിത അനിൽ
സ്വദേശം തിരുവനന്തപുരം..
പാലക്കാട് ജില്ലയിലെ ചെർപുളശേരിയിൽ താമസം.. HDFC Life insurance ൽ ബിസിനസ് ഡെവലപ്മെൻ്റ്റ് മാനേജറായി ജോലി നോക്കുന്നു. അച്ഛൻ രവീന്ദ്രൻ നായർ, അമ്മ ഇന്ദിര..
ഭർത്താവ് അനിൽ, രണ്ട് കുട്ടികൾ ശ്രീനന്ദ, ശ്രീ ഗൗരി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക