Image

ട്വിറ്ററില്‍ ഏഴുകോടി ഫോളോവേഴ്സുമായി നരേന്ദ്ര മോദി; റെക്കോഡ്

Published on 29 July, 2021
ട്വിറ്ററില്‍ ഏഴുകോടി ഫോളോവേഴ്സുമായി നരേന്ദ്ര മോദി; റെക്കോഡ്


ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതിയ റെക്കോഡ്. ട്വിറ്ററില്‍ ഏഴുകോടിപ്പേര്‍ പിന്തുടരുന്ന സജീവ രാഷ്ട്രീയ 
പ്രവര്‍ത്തനകനെന്ന നേട്ടം മോദി ബുധനാഴ്ച സ്വന്തമാക്കി. ഏറ്റവും കൂടുതലാളുകള്‍ പിന്തുടരുന്ന സജീവ രാഷ്ട്രീയനേതാവെന്ന നേട്ടം മോദി നേരത്തെ സ്വന്തമാക്കിയിരുന്നു. 

2009-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ അദ്ദേഹം ട്വിറ്റര്‍ ഉപയോഗിച്ചുവരുന്നു. തൊട്ടടുത്തവര്‍ഷം ഒരു ലക്ഷം പേര്‍ അദ്ദേഹത്തെ ഫോളോ ചെയ്തു തുടങ്ങി. 2020 ജൂലായില്‍ ആറുകോടി പേര്‍ പിന്തുടരുന്ന ലോകനേതാവെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കി.  ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് 2.6 കോടിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 1.9 കോടിയും ട്വിറ്ററില്‍ ഫോളോവേഴ്സുണ്ട്. 

ട്വിറ്റര്‍ പതിവായി ഉപയോഗിക്കുന്നതാണ് മോദിക്ക് ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിക്കാന്‍ കാരണം. കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട വികസന പ്രവര്‍ത്തനങ്ങളും പുതിയ നേട്ടങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളുമെല്ലാം അദ്ദേഹം പതിവായി ട്വിറ്ററില്‍ പങ്കുവെക്കാറുണ്ട്. 

5.3 കോടി ഫോളോവേഴ്സുമായി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മോദിക്കു തൊട്ടുപിന്നില്‍. യു.എസ്. പ്രസിഡന്റ് ജോ ബൈഡന് 3.9 കോടി ഫോളോവേഴ്സാണ് ട്വിറ്ററിലുള്ളത്. മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 12.9 കോടിയും ഫോളോവേഴ്സ് ഉണ്ട്. മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്നുവെങ്കിലും കാപിറ്റോള്‍ കലാപത്തിനുശേഷം അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിനു പൂട്ടുവീണിരിക്കുകയാണ്.  പുതിയ നേട്ടത്തില്‍ മോദിയെ അഭിനന്ദിച്ച് ഒട്ടേറെ നേതാക്കള്‍ രംഗത്തെത്തി. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ എന്നിവര്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ട്വീറ്റുചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക