Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -തിങ്കളാഴ്ച (ജോബിന്‍സ്‌)

ജോബിന്‍സ് Published on 02 August, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -തിങ്കളാഴ്ച (ജോബിന്‍സ്‌)
ഇന്ത്യയിലേയ്ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ കയറ്റി അയയ്ക്കുന്നതിനുള്ള അനുമതിയ്ക്കായി നല്‍കിയിരുന്ന അപേക്ഷ അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിന്‍വലിച്ചു. എന്നാല്‍ അപേക്ഷ പിന്‍വലിക്കാനുള്ള കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. 
****************************************
ഒളിംമ്പിക്സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതാ ടീം ഹോക്കി സെമിയില്‍ പ്രവേശിച്ചു. അതിശക്തരായ ഓസ്ട്രേലിയയെ തകര്‍ത്താണ് ഇന്ത്യന്‍ ടീം സെമിയില്‍ പ്രവേശിച്ചത്. ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഓസ്ട്രേലിയ ക്വാര്‍ട്ടറിലെത്തിയത്.
*********************************************
കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ഹര്‍ജികളില്‍ ഇടപെടില്ലെന്ന്  വ്യക്തമാക്കിയ കോടതി റോബിന്‍ വടക്കുംചേരിക്കും പെണ്‍കുട്ടിക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും  പറഞ്ഞു. 
**************************************************
പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായിക കല്യാണി മേനോന്‍ വിടവാങ്ങി. 80 വയസ്സായിരുന്നു. ചെന്നൈയിലെ സ്വാകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലങ്ങളായി പക്ഷാഘാത ബാധിതയായി ചികിത്സയിലായിരുന്നു.
എ.ആര്‍ റഹ്‌മാന്റേതുള്‍പ്പടെ മിക്ക ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകരുടെയും ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള കല്യാണി മേനോന്‍ കൂടുതലായും മലയാളം, തമിഴ് ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്.
********************************
മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തം. വിധി വന്നശേഷം ഇന്നാദ്യമായി നിയമസഭയിലെത്തിയ മന്ത്രിയെ പ്രതിപക്ഷം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സമ്മതിച്ചില്ല. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നിയമസഭയ്ക്ക് പുറത്തും ശക്തമായ സമരങ്ങളാണ് നടത്തുന്നത്. 
***************
റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പ് ഉപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍  ചെയ്യാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചു. 66 എ വകുപ്പിനെകുറിച്ച് ഒരു ഉത്തരവ് കൂടി ഇറക്കേണ്ടിവരുമെന്ന സൂചനയും കോടതി നല്‍കി. 
********************************
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ തുടര്‍ച്ചായ പത്താം ദനമായ ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാണ് മുദ്രാവാക്യം വിളികളുമായി രംഗത്തിറങ്ങിയത്. അമിത് ഷാ വിശദീകരണം നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു.
**************************************
കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ പോര്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഭയില്‍ മുഖ്യമന്ത്രി തള്ളി. സഭ നിര്‍ത്തി വച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ കാലാവധി അവസാനിക്കുന്ന ഒരു റാങ്ക് ലിസ്റ്റും നീട്ടില്ലെന്നും എല്ലാം മൂന്നു വര്‍ഷ കാലാവധി അവസാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനുമപ്പുറത്തേയ്ക്ക് നീട്ടണമെങ്കില്‍ അസാധാരണ സാഹചര്യങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക