Image

മെഡല്‍ നേടാനാകാതെ കമല്‍പ്രീത് കൗര്‍, ഡിസ്‌കസ് ത്രോ ഫൈനലില്‍ ആറാം സ്ഥാനം

Published on 02 August, 2021
മെഡല്‍ നേടാനാകാതെ കമല്‍പ്രീത് കൗര്‍, ഡിസ്‌കസ് ത്രോ ഫൈനലില്‍ ആറാം സ്ഥാനം


ടോക്യോ: വനിതകളുടെ ഡിസ്‌കസ്ത്രോ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗറിന് മെഡല്‍ നേടാനായില്ല. ഫൈനലില്‍ ആറാം സ്ഥാനമാണ് ഇന്ത്യന്‍ താരത്തിന് നേടാനായത്. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലിലെ കമല്‍പ്രീതിന്റെ മികച്ച പ്രകടനം. അമേരിക്കയുടെ വലരി ഓള്‍മാന്‍ 68.98 മീറ്റര്‍ ദൂരം കണ്ടെത്തി ഈ ഇനത്തില്‍ സ്വര്‍ണം നേടി. 66.86 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ക്രിസ്റ്റില്‍ പ്യൂഡെന്‍സ് വെള്ളിയും 65.72 മീറ്റര്‍ കണ്ടെത്തിയ ക്യൂബയുടെ യൈമി പെരെസ് വെങ്കലവും സ്വന്തമാക്കി. 

കമല്‍പ്രീതിന് യോഗ്യതാറൗണ്ടിലെ പ്രകടനം പോലും ഫൈനലില്‍ പുറത്തെടുക്കാനായില്ല. 66.59 ആണ് കമല്‍പ്രീതിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ആ പ്രകടനം ആവര്‍ത്തിച്ചിരുന്നെങ്കില്‍ താരത്തിന് വെങ്കലവുമായി മടങ്ങാമായിരുന്നു.  ആദ്യ റൗണ്ടില്‍ ആറാം സ്ഥാനത്താണ് ഇന്ത്യന്‍ താരത്തിന് എത്താന്‍ സാധിച്ചത്. ആദ്യ ശ്രമത്തില്‍ 61.62 ദൂരം മാത്രമാണ് കമല്‍ പ്രീതിന് കണ്ടെത്താനായത്. ആദ്യ റൗണ്ടില്‍ തന്നെ 68.98 മീറ്റര്‍ ദൂരം കണ്ടെത്തി അമേരിക്കയുടെ വലാരി ഓള്‍മാന്‍ സ്വര്‍ണം  ഉറപ്പിച്ചു. രണ്ടാം റൗണ്ടില്‍ കമല്‍പ്രീതിന്റെ ശ്രമം ഫൗളില്‍ കലാശിച്ചു. മൂന്നാം റൗണ്ടില്‍ 63.70 മീറ്റര്‍ താണ്ടിക്കൊണ്ട് താരം അവസാന എട്ടിലേക്ക് പ്രവേശനം നേടി. ആറാം സ്ഥാനക്കാരിയായാണ് കമല്‍പ്രീത് അവസാന എട്ടില്‍ പ്രവേശനം നേടിയത്. ഫൈനലിലെ താരത്തിന്റെ മികച്ച പ്രകടനവും ഇതുതന്നെ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക