America

അസംഭവ്യങ്ങളുടെ കുഴിമാടത്തിൽ  നിന്ന് (രാജീവ് പഴുവിൽ, ന്യൂ ജേഴ്‌സി)

Published

on

2001 സെപ്തംബർ മാസത്തിലെ ഒരു തെളിഞ്ഞ  പ്രഭാതം.

രാവിലെ  7:15 നാണ് ന്യൂ ജേഴ്സിയിലെ എഡിസൺ സ്റ്റേഷനിൽനിന്ന് അശോക് ന്യൂയോർക്കിലേക്കുള്ള   ട്രെയിനില്‍ കയറിയത്. ഒൻപതു മണിക്കുള്ള മീറ്റിങ്ങിന് പങ്കെടുക്കാൻ എട്ടേ മുക്കാലിനെങ്കിലും അയാൾക്ക് എത്തേണ്ടതുണ്ടായിരുന്നു. ന്യൂയോർക്ക് മിഡ് ടൗണിലെ ഒരു ഫിനാൻസ് കമ്പനിയിലാണ് അയാൾ  വർക്കു ചെയ്യുന്നത്. Newark  സ്റ്റേഷൻ കഴിഞ്ഞു കുറച്ചു ദൂരം കൂടെ പോയപ്പോൾ ഇടതുവശത്തായി ന്യൂയോർക്ക് സ്കൈലൈൻ കാണപ്പെട്ടു. പതിവുള്ള കാഴ്ച. സാധാരണ ചെയ്യാറുള്ള പോലെ അയാളുടെ  കണ്ണുകൾ ആദ്യം  ഉടക്കിയത് മിഡ് ടൗണിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗില്‍ . അടുത്ത കാലം  വരെയും ലോകത്തെ ഏറ്റവും ഉയരമുള്ള അംബരചുംബി ആയിരുന്നു എമ്പയർ  സ്റ്റേറ്റ്. അയാളുടെ നോട്ടം സാവകാശം തെക്കുഭാഗത്തേക്കു നീങ്ങി.  ഒടുവിൽ ഡൌൺ   ടൗണിൽ  വേൾഡ് ട്രേഡ് സെന്റർ ട്വിൻ ടവേഴ്സിൽ എത്തി നിന്നു. ന്യൂയോർക്കിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങൾ; ലോകത്തിലെയും. ഈയടുത്താണ്  ഭാര്യയെയും രണ്ടു വയസ്സിനു താഴെ പ്രായമുള്ള മോനെയും കൂട്ടി അയാൾ വേൾഡ് ട്രേഡ് സെന്ററിന്റെ ഒബ്സർവേഷൻ ഡെക്കിൽനിന്ന് ന്യൂയോർക്ക് നഗരത്തെ നോക്കിക്കണ്ടത്. ആ ഓർമ്മ അയവിറക്കിക്കൊണ്ട്  ട്രെയിൻ ലിങ്കൺ തുരങ്കത്തിൽ  പ്രവേശിക്കുന്നതു വരെ അയാൾ അവയെ തന്നെ നോക്കിയിരുന്നു. വെള്ളത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന തുരങ്കത്തിനപ്പുറത്തു ലോകത്തിന്റെ  മഹാനഗരം. ട്രാൻസ്പോർട്ടേഷൻ മെയിൻ ഹബ്ബ് ആയ ന്യൂയോർക്ക് പെൻ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി അടുത്ത സബ്‌വേ ട്രെയിൻ എടുത്ത് മിഡ് ടൗണിലെ 7th അവെന്യൂവിൽ 50th  സ്ട്രീറ്റിൽ ഉള്ള ഓഫീസിൽ എത്തുമ്പോൾ സമയം 8:35. നേരത്തെ എത്തിയ ആശ്വാസത്തിൽ  കമ്പ്യൂട്ടർ പെട്ടെന്ന് ഓൺ ചെയ്തു ഇ-മെയിലുകൾ ഒന്ന് ഓടിച്ചു നോക്കി. സ്ക്രീൻ ലോക്ക് ചെയ്തു. ഒന്ന് മുഖം കഴുകി ഫ്രഷ് ആയി വരാൻ അയാൾ ബാത്ത് റൂമിലേക്ക് നടന്നു. സമയം 8:43 ആയിക്കാണണം.

ബാത്റൂമിൽനിന്ന് പുറത്തേക്ക് കടക്കവേ സഹപ്രവർത്തകരിൽ ഒരാൾ ഉള്ളിലേക്ക് വരുന്നു.   കണ്ട പാടേ അയാളുടെ ചോദ്യം.

 "ഹേയ് അശോക്, നിങ്ങൾ അറിഞ്ഞോ? വേൾഡ് ട്രേഡ് സെന്റർ ലെ നോർത്ത്  ടവറിൽ എന്തോ വന്നിടിച്ചു. കോൺഫറൻസ് റൂമിൽ ടിവിയിൽ ന്യൂസ് കേട്ടതാണ്. എന്താണെന്നു ക്ലിയർ ആയി അറിയില്ല. അവിടെ ആൾക്കാർ കൂടി നിൽക്കുന്നുണ്ട്".

'ഇല്ല.ഈശ്വരാ, ഇതെന്താണീ  കേൾക്കുന്നത്. ഞാൻ നോക്കട്ടെ "  ഇതും പറഞ്ഞ്  അശോക്  നേരെ കോൺഫ്രൻസ് റൂമിലേക്ക് ഓടി.

 കോൺഫ്രൻസ് റൂമിൽ മൂന്നുനാലുപേർ ലൈവ് ന്യൂസ് ടെലികാസ്റ്റ് കണ്ടുകൊണ്ടിരിക്കുന്നു. 110 നിലകളുള്ള  നോർത്ത് ടവറിന്റെ എൺപതാം നിലയിൽ ആണത്രേ ഹെലികോപ്റ്ററോ, ഗ്ലൈഡറോ എന്തോ ഒന്ന്  ഇടിച്ചിരിക്കുന്നത്. കവറേജിൽ  കൂടുതൽ വിശദമായ ദൃശ്യങ്ങൾ ലഭ്യമല്ല. എന്തെങ്കിലും തകരാറുമൂലം വന്നിടിച്ച് ആയിരിക്കാനാണ് സാധ്യത.

 അപ്പോഴേക്കും അശോകിന്റെ  മാനേജർ എവിടെ എത്തി. ആൾ കണിശക്കാരനാണ്. സമയം 9 ആവുന്നു. എന്തായാലും 30 മിനിറ്റ് മീറ്റിംഗ് കഴിഞ്ഞിട്ടു  തിരിച്ചു വരാം എന്ന് കരുതി  മാനേജരോടൊപ്പം അയാൾ തൊട്ടപ്പുറത്തുള്ള കോൺഫ്രൻസ്  റൂമിലേക്ക് നടന്നു. മീറ്റിംഗ് തുടങ്ങി  മൂന്നു മിനിറ്റ് കഴിഞ്ഞതേയുള്ളൂ. ഒരു സഹപ്രവർത്തകൻ ഭയം നിറഞ്ഞ മുഖത്തോടെ   ഞെട്ടിപ്പിക്കുന്ന ന്യൂസുമായി റൂമിലേക്ക്  ഇടിച്ചു കയറി വന്നു. ആദ്യത്തെ ടവറിൽ ഇടിച്ചത് ഒരു പ്ലെയിൻ ആയിരുന്നു. ഇപ്പോൾ  രണ്ടാമത് മറ്റൊരു പ്ലെയിൻ തൊട്ടടുത്ത സൗത്ത് ടവറിന്റെ  അറുപതാം നിലയിൽ വന്നിടിച്ചുവത്രെ. ഇത് അപകടമല്ല മറിച്ച്  പ്ലാൻ ചെയ്തിട്ടുള്ള ഭീകരപ്രവർത്തനം ആണത്രേ.

അശോകിന്റെ തലച്ചോറിലൂടെ ഇപ്പോൾ ഒരു മിന്നൽപ്പിണർ പാഞ്ഞു.സിരകളിലൂടെയുള്ള രക്തയോട്ടം ഒരു മിനിറ്റ് നിലച്ചുവോ? എല്ലാവരും ഭയചകിതരായി മുഖത്തോടു മുഖം നോക്കി. അടുത്തനിമിഷം ന്യൂസ് റൂമിലേക്ക് ഓടി.

വാർത്തകൾ  അറിയാമെന്നല്ലാതെ വീഡിയോകൾ അപ്പപ്പോൾ ലഭ്യമല്ലായിരുന്നു. ആദ്യത്തെ ബിൽഡിംഗ്  പുകയാൻ ആരംഭിച്ചിരിക്കുന്നത്രേ. രണ്ടാമത്തെ ബിൽഡിങ്ങിൽ അത്ര കുഴപ്പം അപ്പോൾ കാണുന്നില്ല. ആദ്യത്തെ ഫ്ലൈറ്റ് 8:46 നും രണ്ടാമത്തേത് 9:03 നും ആണ് ഇടിച്ചിറക്കിയത് . ഭീകരപ്രവർത്തനം എന്നത് ഉറപ്പായിരിക്കുന്നു. രണ്ടു വിമാനങ്ങളും റാഞ്ചിക്കൊണ്ടുവന്ന് ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നു.

 ന്യൂസ് റൂമിൽ ആളുകൾ കൂടി വന്നു. എല്ലാവരുടെ മുഖത്തും ഭയം പ്രകടമായി കണ്ടു തുടങ്ങിയിരിക്കുന്നു.  അവിശ്വസനീയമായ കാര്യങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്. അയാൾ ആരും കാണാതെ സ്വയം ഒന്നു നുള്ളി നോക്കി. വേദനിക്കുന്നുണ്ട്, അല്ല, സ്വപ്നമല്ല.

 വേൾഡ് ട്രേഡ് സെന്റർ ന്യൂയോർക്ക് സിറ്റിയുടെ തെക്കുഭാഗത്തു മാറി ഡൌൺ ടൗണിൽ ആണ്. അതിനടുത്ത ബിൽഡിങ്ങുകളിൽ  അശോകിന്റെ അടുത്ത  കൂട്ടുകാരിൽ മൂന്നുപേർ  വർക്ക് ചെയ്യുന്നുണ്ട് . ഈശ്വരാനുഗ്രഹത്താൽ അവർ ഇപ്പോൾ നാട്ടിലാണ് എന്നത്  അയാൾക്ക് ആശ്വാസത്തിന് വക  നൽകി. അറിയാവുന്ന മറ്റു ചിലരും അവരുടെ ബന്ധുക്കളും ആ  ഭാഗത്ത്   വർക്ക് ചെയ്യുന്നുണ്ട്. അവർക്കൊന്നും ആപത്തു വരുത്തല്ലേ എന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു.

 പെട്ടെന്നയാൾ വീടിനെ ക്കുറിച്ചോർത്തു . അവിടെ ഭാര്യയും മകനും മാത്രം.അവർ ഈ ന്യൂസ് കണ്ടോ ആവോ. രാവിലെ മിക്കവാറും  മോന് കാണാനുള്ള കാർട്ടൂൺ ചാനലുകൾ വച്ചിരിക്കുകയായിരിക്കും.

അശോക് സീറ്റിലേക്കു നടന്നു. അന്ന് സെൽഫോൺ എടുത്തിരുന്നില്ല. അതു മിക്കവാറും ഭാര്യയുടെ കൈവശം കൊടുക്കാറാണ് പതിവ് . മോനെയുംകൊണ്ട് പുറത്തു പോകണമെങ്കിൽ അവൾക്കാണ് അത് അത്യാവശ്യം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവൾ ഓഫീസ് ഫോണിലേക്ക് വിളിയ്ക്കും.

 സീറ്റിൽ എത്തിയതും ഓഫീസ് ഫോണിൽ വോയിസ് മെസ്സേജ് ഫ്ലാഷ് ചെയ്യുന്നു. നോക്കിയപ്പോൾ ഭാര്യയുടെ മെസ്സേജ്.
 'ന്യൂയോർക്കിൽ പ്രശ്നമുണ്ടെന്ന് ഫ്രണ്ട്സ് പറഞ്ഞറിഞ്ഞു ടിവിയിലും കേട്ടു. അവിടെ എന്താണ് അവസ്ഥ? അവിടെ ചുറ്റി നിൽക്കാതെ വേഗം വീട്ടിലേക്ക് വരൂ.'

 പെട്ടെന്നുതന്നെ തിരിച്ചു വിളിച്ചു. ഇവിടെ കുഴപ്പമൊന്നുമില്ല ഓഫീസിൽ സേഫ് ആണ് എന്നറിയിച്ചു. ഓഫീസിൽനിന്ന് അറിയിപ്പുണ്ടാവട്ടെ കഴിയുന്നതും വേഗം വീട്ടിലേക്കു വരാം. എന്നു പറഞ്ഞു വച്ചു. ശേഷം  കൊണ്ടുവന്നിരുന്ന ബാഗും സാധനങ്ങളും ഒതുക്കിവെച്ച് സെക്യൂരിറ്റി അനൗൺസ്മെന്റിനായി അയാൾ  കാത്തുനിന്നു.

 ഓഫീസിൽ അടുത്ത നീക്കം എന്താണെന്നറിയില്ല. സുരക്ഷാനടപടികൾ അനുസരിച്ച് ബിൽഡിംഗ് ഒഴിപ്പിയ്ക്കാൻ സാധ്യതയുണ്ട്.

 അടുത്ത നിമിഷം  തൊട്ടപ്പുറത്തുള്ള ഒരു സഹപ്രവർത്തകൻ ഭീതിജനകമായ അടുത്ത ന്യൂസും കൊണ്ടെത്തി. രണ്ട് വിമാനങ്ങൾ കൂടെ ഭീകരപ്രവർത്തകർ തട്ടിയെടുത്തിട്ടുണ്ടത്രേ . ഒരെണ്ണം  ന്യൂയോർക്ക് മിഡ്‌ ടൗണിൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ലേക്ക്, അല്ലെങ്കിൽ നമ്മുടെ ഓഫീസിന് തൊട്ടടുത്തുള്ള റോക്കഫെല്ലർ സെന്റർ ബിൽഡിംഗിലേക്കു  വരാൻ സാധ്യതയുണ്ട്. മറ്റൊരെണ്ണം ഏതു ഭാഗത്തേയ്ക്കാണെന്ന് ഇപ്പോൾ അറിയില്ല. എവിടെ വേണമെങ്കിലും ആവാം.

അയാളുടെ കാലിൽനിന്ന് ഒരു തരിപ്പ് മുകളിലോട്ട് അരിച്ചുകയറി. റോക്കഫെല്ലർ ബിൽഡിംഗ് 200 അടി ദൂരമേയുള്ളൂ. നല്ല ഉയരമുള്ള മറ്റൊരു അംബരചുംബി.അതിൽ  പ്ലെയിൻ വന്നിടിച്ചാൽ ഇവിടെയും നാശ നഷ്ടങ്ങൾ ഉറപ്പാണ്.
ഈശ്വരാ. ഓഫീസിന് അകത്താണോ പുറത്താണോ കൂടുതൽ സേഫ് എന്ന കാര്യത്തിൽ ഇപ്പോൾ സംശയമായി.

ഓഫീസിൽനിന്ന് അനൗൺസ്മെന്റ് വന്നു.തൽക്കാലം ഓഫീസിൽനിന്ന് ആരെയും പുറത്ത് പോകാൻ അനുവദിക്കില്ല. സ്ഥിതിഗതികൾ കുറച്ചുകൂടെ മനസ്സിലാകുന്ന വരെ.ഇരിക്കാനും നിൽക്കാനും ആകാത്ത അവസ്ഥ.
അശോക് വീണ്ടും കോൺഫറൻസ് റൂമിലേക്ക്.  അവിടെ അടുത്ത വാർത്ത. ന്യൂയോർക്ക് സിറ്റിയിലേക്ക് കണക്ട് ചെയ്യുന്ന എല്ലാ ബ്രിഡ്ജ് കളും ടണലുകളും ക്ലോസ് ചെയ്തിരിക്കുന്നു സുരക്ഷയെ കരുതി.

 ഇനി വീട്ടിലെത്താൻ എന്തു ചെയ്യും? ഇവിടെത്തന്നെ കുറേ ദിവസം തങ്ങേണ്ടി വരുമോ? ഭാര്യയും മോനും അവിടെ ഒറ്റയ്ക്ക്.
ഈ  പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അവർക്കു താനും,  തനിയ്ക്കവരും  മാത്രം. അയാൾക്ക് പെട്ടെന്ന് വീട്ടിലെത്താൻ ആഗ്രഹം  തോന്നി

 ഭാഗ്യവശാൽ ലാൻഡ്‌ലൈൻ ഫോൺ കണക്ഷൻ ഇപ്പോഴുമുണ്ട്. സെൽടവ്വറുകൾ പലതും  വർക്ക് ചെയ്യുന്നില്ലത്രെ.ഇനി ലാൻഡ്‌ലൈൻ എപ്പോഴാണാവോ കട്ട് ആവുക.  അയാൾ വീണ്ടും വീട്ടിലേക്ക് വിളിച്ചു. തങ്ങൾക്ക് പ്രശ്നമൊന്നുമില്ല, തൽക്കാലം സുരക്ഷയ്ക്കായി  സിറ്റി ലോക്ക്ഡൗൺ ചെയ്തിരിക്കുകയാണ് , അതു തുറന്നാൽ ഉടനെ വീട്ടിലെത്തുമെന്നറിയിച്ചു.  പേടിക്കേണ്ട യാതൊരു കാര്യവുമില്ല എന്നും സമാധാനിപ്പിച്ചു

 ഇപ്പോൾ സമയം  9:45 am. അടുത്ത ഞെട്ടിപ്പിക്കുന്ന വാർത്തയെത്തി. മൂന്നാമത്തെ ഫ്ലൈറ്റ് വാഷിംഗ്ടൺ D.C. യിലെ  അമേരിക്കൻ സുരക്ഷാ കേന്ദ്രമായ പെന്റഗൻ ബിൽഡിങ്ങിൽ ഇടിച്ചു കേറ്റിയിരിക്കുന്നു. സത്യത്തിൽ അല്പം ആശ്വാസമാണ് തോന്നിയത്? മുമ്പു പറഞ്ഞിരുന്ന പോലെ അത് ഇവിടേക്ക് ആയിരുന്നെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു തന്റെ അവസ്ഥ?

പക്ഷേ...
ഒരെണ്ണം കൂടെയുണ്ട്. അത് ഇനിയും മിഡ് ടൗണിലേയ്ക്ക് ആയിക്കൂടെന്നില്ല.

നിമിഷങ്ങൾ യുഗങ്ങളായി.

 അടുത്തത് എന്ത് എന്ന ചിന്ത മാത്രമായി അയാളുടെ മനസ്സിൽ. ഇപ്പോൾ ന്യൂയോർക്കിൽ രണ്ടു ടവറുകളും നിന്നു കത്തുകയാണ്. അഗ്നി ഗോളങ്ങൾ പോലെ.  ഭൂമിയെ  മുഴുവൻ  മറയ് ക്കാൻ കഴിയുമെന്ന്  തോന്നുമാറ് കറുത്ത പുക അനന്തതയിലേക്ക് ഉയർത്തിക്കൊണ്ട്. ഫ്ളൈറ്റുകളിൽ ഉള്ള എല്ലാവരും, ബിൽഡിങ്ങുകളിൽ പ്ലെയിൻ ഇടിച്ചുകയറിയ നിലകളിൽ  ഉള്ള   നൂറുകണക്കിനാളും തൽക്ഷണം മരിച്ചു കാണണം. മറ്റുള്ളവരെ ഇപ്പോൾ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാകും. അവരിൽ ഓരോരുത്തരുടെയും ജീവൻ തുലാസിൽ ആടിക്കൊണ്ടിരിക്കുകയാണ്. രണ്ടു ബിൽഡിങ്ങുകളിലും  കൂടി 50,000  പേർക്ക് വർക്ക് ചെയ്യാമെന്നാണ് കേട്ടിട്ടുള്ളത്. 1973 ൽ, ഏഴു ബിൽഡിംഗ് കളുടെ ഒരു സമുച്ചയമാണത്രേ അവിടെ പണിതുയർത്തിയിരിക്കുന്നത്. അതിൽ  രണ്ടെണ്ണം ലോകത്തിലെ ഏറ്റവും ഉയരം  കൂടിയവയാക്കി നിർമ്മിച്ചു

കൂടുതൽ ചിന്തിക്കാൻ അയാളശക്തനായി.

അധികം കാത്തിരിക്കേണ്ടി വന്നില്ല. സമയം 9: 59.  സൗത്ത് ടവർ ഭീമാകാരമായ ശബ്ദത്തോടെ നിലംപൊത്തി എന്ന വാർത്ത ചെവിയിലെത്തി. ആ സമയത്ത്  ടിവിയിൽ എന്തോ  ട്രാൻസ്മിഷൻ തകരാറിലായിരുന്നു.

ഇരുനൂറു മൈൽ സ്പീഡിൽ വരുന്ന കാറ്റിനെയും, തീപിടുത്തം മൂലമുണ്ടാകുന്ന അതിശക്തമായ ചൂടിനെയും ചെറുത്തു നിൽക്കാൻ കെൽപ്പുള്ള ടവറിന്   വിമാനത്തിലെ ഇന്ധനം  കത്തിയുണ്ടാകുന്ന അതിതാപത്തിൽ  ഇനിയും പിടിച്ചുനിൽക്കാനായില്ലത്രേ.
സമീപത്തുള്ള മറ്റു ആകാശ ചുംബികളെയും ന്യൂയോർക്ക് ഡൗൺടൗണിനെത്തന്നെയും മൊത്തത്തിൽ പൊടിപടലത്തിൽ മുക്കിയുള്ള ആ വീഴ്ച്ച മനസ്സിൽ  വിഭാവനം ചെയ്തു നെഞ്ചിടിപ്പോടെ,  നിസ്സഹായതയോടെ  നിന്നു.

 നാലാമത്തെ ഫ്ലൈറ്റ് ഇനിയും എവിടെയോ ലക്ഷ്യമാക്കി പറക്കുന്നുണ്ട്. എന്തെങ്കിലുമാകട്ടെ. ഇനി ഒന്നും ചെയ്യാനാകില്ല. വരുന്നിടത്തം വച്ച് കാണുക അത്രതന്നെ.

 10.07 ന് വീണ്ടും അടുത്ത ന്യൂസ് എത്തി. നാലാമത്തെ ഫ്ലൈറ്റ് പെൻസിൽവാനിയയിൽ ഒരു പാടശേഖരത്തിൽ ഇടിച്ചിറങ്ങി. തൽക്ഷണം എല്ലാവരും മരണം അടഞ്ഞിരിക്കുന്നു. അയാൾക്കും, സഹപ്രവർത്തകർക്കും ഇനിയും ഞെട്ടാൻ ഉള്ള ശേഷി നഷ്ടപ്പെട്ടിരുന്നു.
എങ്കിലും, ക്ഷണമാത്ര അശോകിന്റെ  ഉള്ളിനുള്ളിൽ ആ ഫ്ലൈറ്റും ഇവിടെനിന്നു മാറിപ്പോയല്ലോ  എന്ന ഇത്തിരി ആശ്വാസം മിന്നിമറഞ്ഞു.

ടിവി ട്രാൻസ്മിഷൻ പുനരാരംഭിച്ചിരിയ്ക്കുന്നു.  ഇടയ്ക്ക് പെന്റഗൺ ദൃശ്യങ്ങൾ കാണിയ്ക്കുന്നുണ്ട്. അതിന്റെ അഞ്ചുവശ ങ്ങളിൽ,  ഇടിച്ച ഒരുവശത്തെ സ്ട്രക്ചർ ഭാഗികമായി തകർന്നിരിക്കുന്നു. അവിടെയും മരണങ്ങൾ നടന്നിട്ടുണ്ട്.

 വീണ്ടും ശ്രദ്ധ ന്യൂയോർക്കിലേക്ക്.  ആദ്യത്തെ ടവർ  ഇപ്പോഴും കത്തിക്കൊണ്ടിരിയ്ക്കുന്നു. എത്രനേരം എടുക്കുമോ ഇനി അത്? ഓർത്തു നിൽക്കെ 10 28ന് അതും നിലംപൊത്തി. വീണ്ടും ന്യൂയോർക്ക് നഗരം പൊടി പർവ്വതത്താൽ  ആവൃതമായി. സമീപത്തുള്ള ചില കൂറ്റൻ കെട്ടിടങ്ങൾ ഇളകിയാടി. ഒന്നോ രണ്ടോ എണ്ണത്തിൽ തീപിടുത്തം ഉണ്ടായിട്ടുണ്ട് എന്ന് സംശയിക്കുന്നു.

ഇത്  സ്വപ്നമല്ലേ? നാളിതു  വരെ  തികച്ചും അസംഭവ്യങ്ങളെന്നു കരുതിയ കാര്യങ്ങൾ അരങ്ങേറുമ്പോൾ വിശ്വസിയ്ക്കാനാവുന്നില്ല.
ലോകത്തിലെ ഏറ്റവും ശക്തമായ  രാജ്യത്തിൻറെ ആകാശഗോപുരങ്ങൾ തകർന്നടിയുന്നത് ആരുടെ  കൈകളാലാണ്?

ഓഫീസിൽനിന്ന് അടുത്ത  അനൗൺസ്മെന്റ് വന്നു.'നഗരം ഇപ്പോഴും ഹൈ അലർട്ടിലാണ്. കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുക' മുഖത്തോടു മുഖം നോക്കി ഇരിക്കുക മാത്രമേ അവർക്ക് കരണീയം ആയിരുന്നുള്ളൂ.

 എന്തായാലും നഗരം ഇപ്പോൾ സുരക്ഷണ സേനയുടെ വലയത്തിൽ ആയി കഴിഞ്ഞു. എല്ലാ യാത്രാ വിമാനങ്ങളും  ഗ്രൗണ്ട് ചെയ്യാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട് . ഇനി എയർ മാർഗ്ഗമോ,കര വഴിയോ  ഉള്ള ഒരു ആക്രമണം എളുപ്പമല്ല തന്നെ അത്രയും ആശ്വാസം.

*  * * *

സമയം രണ്ടുമണയോളമായി.

 അശോക്  ഇടയ്ക്ക് കുറച്ചു വെള്ളം കുടിച്ചിരുന്നു. വിശപ്പ് അകലെ വഴിമാറി നിന്നു. നഗരത്തിൽനിന്ന് എപ്പോഴാണ് പുറത്തേക്ക് വാതിലുകൾ തുറക്കുക എന്ന ചിന്ത മാത്രമായിരുന്നു അയാൾക്ക് അപ്പോൾ.

 ഒരു സുഹൃത്തിന്റെ സെൽഫോൺ എടുത്ത് വീട്ടിലേക്ക്  ട്രൈ ചെയ്തപ്പോൾ കിട്ടി. ഭാഗ്യം. അവർ എല്ലാ ന്യൂസും അപ്പോൾ അറിയുന്നുണ്ട്. ഒരു കാരണവശാലും ഭയക്കേണ്ട ആവശ്യമില്ലെന്നും വീട്ടിലേക്ക് കഴിയുന്നതും വേഗം വരാം എന്നും  പറഞ്ഞു നിർത്തുമ്പോൾ, ഇത്തരം സന്ദർഭങ്ങളിൽ ഭാര്യയുടെ മനസ്സാന്നിധ്യം പ്രശംസനീയമാണ് എന്നോർത്തു.

 ഏകദേശം 2:50 ന് യുഎസ് നേവി ന്യൂയോർക്കിൽ പൂർണ്ണ സജ്ജമായി എന്ന വിവരം കിട്ടി.

 ഓഫീസിൽനിന്ന് അടുത്ത അനൗൺസ്മെന്റ് വന്നു. ന്യൂയോർക്കിലെ ടണലുകൾ ശക്തമായ സുരക്ഷാവലയത്തിൽ തുറക്കാൻ തുടങ്ങിയിരിക്കുന്നു. ന്യൂയോർക്കിനു പുറത്തുള്ളവർക്ക് കുറച്ചുകൂടെ കഴിഞ്ഞ് പുറത്തുപോകാം. പക്ഷേ കർശനമായ സെക്യൂരിറ്റി ചെക്ക് മൂലം മറ്റു കാലതാമസങ്ങൾ പ്രതീക്ഷിക്കാം. അതുകൊണ്ട് കുറെ കഴിഞ്ഞ് ഓഫീസിൽനിന്ന് പുറത്തിറങ്ങിയാൽ മതി.

 ആഹ്ലാദം അടക്കാൻ കഴിഞ്ഞില്ല. എല്ലാവരും കയ്യടിയും സന്തോഷപ്രകടനങ്ങളുമായി. കാത്തുനിൽക്കാനുള്ള ക്ഷമ എപ്പോഴേ നഷ്ടമായിരുന്നു അശോകിന്. മറ്റൊരു മലയാളി സുഹൃത്തും ഒന്നിച്ച് പുറത്തുകടന്നു. നഗരം ഒഴുകുകയാണ്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനപ്രവാഹം ഒരുമിച്ച്. കാൽനടയായി, മനുഷ്യ സമുദ്രം.

അതിലൊരാളായി അലിഞ്ഞു ചേർന്നു.

 രണ്ട് ഓപ്ഷൻസ് ആണുള്ളത്. ഒന്ന് ട്രെയിൻ സർവീസ്, അത് സുഗമമായിരിക്കില്ല. ലിങ്കൺ ടണലിൽ കെട്ടിക്കിടപ്പ് ആയിരിക്കും രണ്ടു വശത്തേക്കും ഉള്ള ട്രെയിനുകൾ. ഫെറി സർവീസ് നോക്കുകയായിരിക്കും നല്ലത്. ഇതുവരെ അത് ട്രൈ ചെയ്തിട്ടില്ലെങ്കിലും. അതിനായി 30 മിനിറ്റോളം ഉള്ള നീണ്ട നടപ്പിന് ശേഷം നിരാശപ്പെടേണ്ട വാർത്തയാണ്   കിട്ടിയത് . സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. അതിനിയും ഏറെ മണിക്കൂറുകൾ എടുക്കും. മനസ്സിലെ ആഹ്ലാദവും ആവേശവും ഒരു നിമിഷം കൊണ്ട് ഒലിച്ചു പോയി.

 ഇനിയെന്ത്? ബസ് ആയാലും ട്രെയിൻ ആയാലും ടണലുകൾ കടന്നു വേണം പോകാൻ. ഒരു ചെറിയ മഴയോ, മഞ്ഞു ഉണ്ടായാൽ തന്നെ  ഏറ്റവും  താമസം നേരിടുന്നത് ട്രെയിനും ബസ് സർവീസും  ആണ്. അപ്പോൾ പിന്നെ ഇങ്ങനെ ഒരു അവസരത്തിൽ എന്ത് പ്രതീക്ഷിക്കാൻ?

 മറ്റു ഗത്യന്തരം ഒന്നും ഇല്ലാത്തതുകൊണ്ട്  കാലുകൾ പതിവു പാത പിന്തുടർന്ന് ന്യൂയോർക്ക് പെൻ സ്റ്റേഷനിലേക്ക്.  വെറുതെ ട്രെയിൻ സ്റ്റേഷനിൽ ചെന്ന് വെയിറ്റ് ചെയ്യുകയെങ്കിലും ആകാം. സുഹൃത്ത് കൂടെയുണ്ട്. ആൾ സാധാരണ ബസ്സിലാണു വരുന്നത്. ട്രെയിനിൽ യാത്ര ചെയ്തു  പരിചയം തനിക്കാണ്.

 സമയം ഏതാണ്ട് 3:30 ആയിട്ടുണ്ട്. പെൻ സ്റ്റേഷനിൽ സൂചി കുത്താൻ സ്ഥലം ഇല്ല. പോരാത്തതിന് മിലിട്ടറി  സെക്യൂരിറ്റിക്കാരും ന്യൂയോർക്ക് പോലീസും.

തിരക്കിനിടയിലൂടെ ഊളിയിട്ട് പതുക്കെ നടന്നു.
 സ്ഥിരമായി പോകാറുള്ള പ്ലാറ്റ്ഫോമിന് അടുത്തെത്തിയതും അപ്രതീക്ഷിതമായി കണ്ണുകൾ വിടർന്നു. അറിയാതെ ഉച്ചത്തിൽ വിളിച്ചു പോയി.

 "ഓ മൈ ഗോഡ്, ദേർ ഈസ് എ ട്രെയിൻ.. അൺ ബിലീവ്ബിൾ".

 ഇത് അത്യത്ഭുതം!!! . മറ്റു വാക്കുകളൊന്നും മതിയാകില്ല. എഡിസൺ വഴി പ്രിൻസ്റ്റൺ അലോട്ട് പോകുന്ന ഒരു ട്രെയിൻ 10 മിനിറ്റിനുള്ളിൽ പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു.

 അശോക്  ആവേശത്തള്ളലിൽ  ഫ്രണ്ടിന്റെ കയ്യും പിടിച്ച് ഓടി. മുന്നിൽകണ്ട കമ്പാർട്ട്മെന്റിൽ ഒന്നിലേക്ക് ഇടിച്ചുകയറി. സീറ്റുകൾ നിറഞ്ഞിരിക്കുന്നു. എങ്കിൽ എന്ത്? ദിവസം മുഴുവൻ നിന്നു യാത്ര ചെയ്യാനും റെഡി.

 ട്രെയിൻ കുറെക്കൂടെ വൈകുമെന്ന് പ്രതീക്ഷയിലാണ് നിന്നിരുന്നതെങ്കിലും  കറക്റ്റ് സമയത്ത് തന്നെ ട്രെയിൻ എടുത്തപ്പോൾ വിസിൽ അടികളുടെ ബഹളം. ട്രെയിൻ ലിങ്കൺ ടണലിൽ  പ്രവേശിച്ചു കുറച്ചു ദൂരം ചെന്ന് ഒന്നു നിർത്തിയിട്ടു. അത് പതിവുള്ളതാണ് എങ്കിലും ഇന്നത്തെ അവസ്ഥയിൽ  അഞ്ചു മിനിറ്റോളം ട്രെയിൻ അതിനുള്ളിൽ കിടന്നത് , യാത്രക്കാരെ വീണ്ടും നിരാശയുടെ, ആശങ്കയുടെ പടുകുഴിയിലേക്ക് തള്ളിവിടാൻ പര്യാപ്തമായി. വീണ്ടും ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ ആഹ്ലാദാരവങ്ങൾ.

ഒടുവിൽ നാലോ അഞ്ചോ മിനിറ്റിനകം ടണലിനപ്പുറത്ത് വെളിച്ചം കണ്ടതും കയ്യടികൾ.
ഹസ്തദാനങ്ങൾ.

ന്യൂയോർക്ക് അതിർത്തികടന്ന് ന്യൂജേഴ്സിയിൽ വീണ്ടും.
ജീവൻ തിരിച്ചുകിട്ടിയ സന്തോഷം.
ദീർഘനാൾ തടങ്കലിൽ  ഇരുട്ടറയിൽ കിടന്നു പുറത്തുവന്ന ഒരാൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം പോലെ.
ഇപ്പോൾ മാത്രമാണ് അത് ഉറപ്പായത്.

 അശോക്  ഒരു  ദീർഘനിശ്വാസം വിട്ടു.
പിന്നെ  കുനിഞ്ഞുനിന്ന് ജനലിലൂടെ പിറകിൽ വലതുവശത്തേക്ക് നോക്കി. രാവിലെ കണ്ട ടവറുകൾ നിന്നിരുന്ന സ്ഥലം ശൂന്യം. ജീവിതം തിരിച്ചുപിടിച്ച  ആശ്വാസ വേളയിലും  മനസ്സിൽ എന്തോ ഒന്നു കൊളുത്തി വലിച്ചു.

അടുത്ത സ്റ്റേഷനിൽ  കുറച്ച് ആൾക്കാർ ഇറങ്ങിയപ്പോൾ സീറ്റിൽ ഇരിക്കാൻ ഇടം കിട്ടി. എത്രയും വേഗം വീട്ടിലെത്താൻ ഉള്ള വെമ്പൽ മാത്രമായിരുന്നു അശോകിന്റെ മനസ്സിൽ. അടുത്തുള്ള കൂട്ടുകാരനെ അയാൾ പാടെ മറന്ന പോലെ.

 വീട്ടിലെത്തി മോനെയും ഭാര്യയെയും കരവലയത്തിൽ ഒതുക്കി കുറച്ചുനേരം
കണ്ണടച്ച് നിൽക്കാൻ മാത്രം അപ്പോൾ അയാൾ ആഗ്രഹിച്ചു.
 
ഇനി  ഒരാഴ്ചയോളം വർക്കിന് ന്യൂയോർക്കിലേക്ക് തിരിച്ചു പോകാൻ കഴിയില്ല എന്ന് അയാൾ അപ്പോഴെ ങ്ങനെ അറിയാനാണ്?

ഏതാണ്ട് മൂവായിരത്തോളം ഹതഭാഗ്യരുടെ ജീവനാണ് അന്ന്  നഷ്ടപ്പെട്ടത് എന്നതും,  തന്റെ സുഹൃത്തുക്കളിൽ ഒന്നു രണ്ടു പേരുടെ ബന്ധുക്കൾ അതിലുണ്ടായിരുന്നു  എന്നതും, രാവിലെ ന്യൂയോർക്ക് സിറ്റിയിൽ അല്പം വൈകി എത്തിയ ചില സുഹൃത്തുക്കൾ നാലുപാടും ചിതറിത്തെറിച്ച കോൺ ക്രീറ്റ് അവശിഷ്ടങ്ങളിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു എന്നതും.
അങ്ങനെ പലതും അയാൾ വരും ദിവസങ്ങളിൽ അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

എന്തിന്?
ആധുനിക അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളിലൊന്നിലാണ് താൻ  അന്ന് ഭാഗഭാക്കായത് എന്ന യാഥാർഥ്യം  വരെ  ചിന്തിക്കാനുള്ള  മാനസികാവസ്ഥയിലായിരുന്നില്ല അയാൾ.

എഡിസൺ സ്റ്റേഷൻ എത്തിയതും യാന്ത്രികമായി സുഹൃത്തിനോട് ഒന്നുകൈ കാണിച്ച്, വീട്ടിലേക്ക്  കുതിച്ചോടുന്ന കാലുകൾക്ക് വഴങ്ങിക്കൊടുക്കാനല്ലാതെ മറ്റൊന്നിനും അശോകിന്
അപ്പോൾ കഴിയുമായിരുന്നില്ല.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

പാമ്പും കോണിയും : നിർമ്മല - നോവൽ അവസാന ഭാഗം

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

മരണം (കവിത: ഇയാസ് ചൂരല്‍മല)

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

The Other Shore (Poem: Dr. E. M. Poomottil)

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

അവളെഴുത്ത് (മായ കൃഷ്ണൻ)

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

സന്ധ്യ മയങ്ങുമ്പോൾ (കവിത: സൂസൻ പാലാത്ര)

ആനന്ദം (കഥ: രമണി അമ്മാൾ)

ഭൂവിൻ ദുരന്തം: (കവിത, ബീന സോളമൻ)

നിത്യകല്യാണി (കഥ: റാണി.ബി.മേനോൻ)

അപ്രകാശിത കവിതകള്‍ ( കവിത : അശോക് കുമാര്‍ കെ.)

വിശക്കാതിരുന്നെങ്കിൽ! (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

അപരാഹ്നം (കവിത :സലാം കുറ്റിച്ചിറ)

നക്ഷത്രങ്ങളെ സ്നേഹിച്ച പെൺകുട്ടി (കഥ: നൈന മണ്ണഞ്ചേരി)

ഭ്രാന്തൻ പക (മെർലിൻ ടോം)

ആത്മശാന്തി ( കവിത: വിഷ്ണു പുൽപ്പറമ്പിൽ)

എന്നാലും എന്തിനാവും...! (ഇല്യാസ് ചൂരൽമല)

കനൽ കയങ്ങൾ (ഷീജ രാജേഷ്, കഥ)

ആ  നെഞ്ചിലെ  ഞെരിപ്പോടുകൾ  ഇപ്പോളും  പുകയാറുണ്ടോ? (സോഫിയ  ഹാഷിം)

View More