Image

ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ നോവല്‍ 'പകര്‍ന്നാട്ടം' പ്രസിദ്ധീകരിച്ചു

Published on 12 September, 2021
ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ നോവല്‍ 'പകര്‍ന്നാട്ടം' പ്രസിദ്ധീകരിച്ചു

തൃശൂര്‍: ലാന മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ നോവല്‍ "പകര്‍ന്നാട്ടം' പുറത്തിറങ്ങി. കറന്റ് ബുക്‌സ്, തൃശൂര്‍ ആണ് പ്രസാധകര്‍. ഹിച്ച്‌ഹൈക്കര്‍ (ചെറുകഥാ സമാഹാരം), പൊലിക്കറ്റ (കവിതാസമാഹാരം), ഒറ്റപ്പയറ്റ് (ലേഖന സമാഹാരം) എന്നീ കൃതികള്‍ക്കു ശേഷം ഗ്രന്ഥകാരന്റെ തൂലികയില്‍ പിറക്കുന്ന നാലാമത്തെ പുസ്തകമാണ് "പകര്‍ന്നാട്ടം'.

അമേരിക്കയിലെത്തിയ ആദ്യകാല മലയാളി നഴ്‌സുമാരുടെ കുടിയേറ്റത്തിന്റെയും അവര്‍ നേരിട്ട വെല്ലുവിളികളുടെയും അതിജീവനത്തിന്റെയും കഥയാണ് നോവലിന്റെ പ്രധാന പ്രമേയം. ആയിരത്തിത്തൊള്ളായിരത്തി അറുപത്തെട്ടു മുതല്‍ രണ്ടായിരത്തിപ്പതിനെട്ടു വരെയുള്ള അരനൂറ്റാണ്ട് കാലഘട്ടത്തില്‍ അവര്‍ കടന്നുപോയ അനുഭവങ്ങളുടെ ഹൃദ്യമായ ആവിഷ്കരണത്തോടൊപ്പം അക്കാലത്ത് ഇന്ത്യയിലും അമേരിക്കയിലും നടന്ന പ്രധാന രാഷ്ട്രീയ, സാമൂഹിക സംഭവങ്ങളും നോവലില്‍ പ്രതിപാദിക്കപ്പെടുന്നു. മധ്യതിരുവിതാംകൂറും മദിരാശിയും പോണ്ടിച്ചേരിയും കോലാര്‍ സ്വര്‍ണ്ണഖനികളും മയ്യഴിയും അമേരിക്കന്‍ നഗരങ്ങളോടൊപ്പം കഥയുടെ പശ്ചാത്തലത്തില്‍ സജീവമായി വരച്ചിടപ്പെട്ടിരിക്കുന്നു എന്നത് നോവലിന്റെ പ്രത്യേകതയാണ്.

സി. രാധാകൃഷ്ണന്‍, സക്കറിയ, പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ പരിചയപ്പെടുത്തുന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണനാണ്. 470 പേജുകളുള്ള പുസ്തകത്തിന്റെ മുഖവില അഞ്ഞൂറ് രൂപ. ആമസോണിലും (ഇന്ത്യ) കറന്റ് ബുക്‌സ് തൃശൂര്‍, കോസ്‌മോ ബുക്‌സ് എന്നിവയുടെ ശാഖകള്‍ വഴിയും പുസ്തകം ലഭിക്കുന്നതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക