Image

ട്രംപിന്റെ സർപ്രൈസ് എൻട്രി; ആഭ്യന്തര തീവ്രവാദത്തിനെതിരെ ബുഷ് 

Published on 12 September, 2021
ട്രംപിന്റെ സർപ്രൈസ് എൻട്രി; ആഭ്യന്തര തീവ്രവാദത്തിനെതിരെ ബുഷ് 

വാഷിംഗ്ടൺ, സെപ്റ്റംബർ 12 :ആഭ്യന്തര തീവ്രവാദത്തിനെതിരെ മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് മുന്നറിയിപ്പ് നൽകി.

പുറമേ നിന്ന് മാത്രമല്ല രാജ്യത്തിനുള്ളിൽ ഉടലെടുക്കുന്ന  അക്രമങ്ങളെയും  അമേരിക്ക കരുതലോടെ നേരിടണമെന്നും, രാജ്യത്തിന്റെ വളർച്ചയ്ക്കത് അനിവാര്യമാണെന്നും ബുഷ് അഭിപ്രായപ്പെട്ടു.

പെൻസിൽവാനിയയിലെ ഷങ്ക്സ്വില്ലിലെ ഫ്ലൈറ്റ് 93 സ്മാരകത്തിൽ 9/11 ആക്രമണത്തിന്റെ 20 -ാം വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച നടത്തിയ പ്രസംഗത്തിനിടയ്ക്കാണ്  ബുഷ് ഇക്കാര്യം സൂചിപ്പിച്ചത്.

ബഹുസ്വരതയോടും മനുഷ്യജീവിതത്തോടും അവഗണനാ മനോഭാവമുള്ള അമേരിക്കയ്ക്കുള്ളിലെ ഭീകരവാദികൾ,  ദേശീയ ചിഹ്നങ്ങളെ അശുദ്ധമാക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
അവരെ നേരിടേണ്ടത് കടമയായി കാണണമെന്നും  അദ്ദേഹം ഓർമ്മപ്പെടുത്തി.

9 / 11  ഭീകരാക്രമണങ്ങൾ നടന്നപ്പോൾ പ്രസിഡന്റായി അധികാരമേറ്റ  ആദ്യ വർഷത്തിലായിരുന്ന ബുഷ്, ഫ്ലൈറ്റ് 93 ലെ യാത്രക്കാർക്കും ജീവനക്കാർക്കും ആദരാഞ്ജലി അർപ്പിച്ചു,

9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ഭിന്നിച്ചുനിൽക്കുന്നതല്ല,  ഒന്നായി  ഐക്യത്തോടെ മുന്നേറുകയാണ് വേണ്ടതെന്നും ബുഷ് കൂട്ടിച്ചേർത്തു.

വിയോജിപ്പുകളും തർക്കങ്ങളും സംസ്കാരങ്ങളുടെ ഏറ്റുമുട്ടലാക്കുന്ന   ഒരു ദുരുദ്ദേശ്യശക്തി അമേരിക്കൻ  പൊതുജീവിതത്തിൽ പ്രവർത്തിക്കുന്നുവെന്ന തോന്നലും അദ്ദേഹം പങ്കുവച്ചു, അമേരിക്കൻ  രാഷ്ട്രീയത്തിന്റെ ഭൂരിഭാഗവും കോപം, ഭയം, നീരസം എന്നിവ പുരണ്ടിരിക്കുന്നതായും  ബുഷ്  കുറ്റപ്പെടുത്തി. അമേരിക്കയുടെയും അമേരിക്കക്കാരുടെയും  ഭാവി ഈ പ്രവണത നിമിത്തം  ആശങ്കയിലാകുമെന്നും അദ്ദേഹം താക്കീത് നൽകി.

 ട്രംപിന്റെ ' സർപ്രൈസ് എൻട്രി'

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ് ശനിയാഴ്ച ഗ്രൗണ്ട് സീറോയിൽ പോകാതെ  ന്യുയോർക്ക് സിറ്റി പോലീസിനെയും  അഗ്നിശമന സേനാംഗങ്ങളെയും സന്ദർശിച്ചു. അപ്രതീക്ഷിതമായ കടന്നുവരവായിരുന്നതുകൊണ്ടു തന്നെ അതിന് കൂടുതൽ വാർത്താ പ്രാധാന്യം ലഭിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ ട്രംപിനെ നിരനിരയായി നിന്ന് അഭിവാദ്യം  ചെയ്തു. അദ്ദേഹം അവർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിന്മാറ്റത്തെയും പ്രസിഡന്റ് ബൈഡനെയും ഈ അവസരത്തിൽ ട്രംപ് രൂക്ഷമായി വിമർശിച്ചു.

9/11 ന് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 2,977 പേരെ ആദരിക്കാൻ ന്യൂയോർക്ക്, വിർജീനിയ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ചടങ്ങുകൾ നടന്നു. 1993 ൽ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ച ആറ് പേരുടെ പേരുകളും ഉൾപ്പെടുത്തിയിരുന്നു.

അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും ഭീകരമായ ഭീകരാക്രമണത്തിൽ ജീവൻ ബലികഴിച്ചവരുടെ ഉറ്റവരാണ് അഭിമാനത്തോടെ അവരുടെ പേര് വായിച്ചത്.  പേരുകൾ വായിച്ചവരിൽ പലരും ആ ദുരന്തത്തിന് ശേഷം ജനിച്ചവരാണ്.  പലരും രാജ്യത്തിന്റെ ആദരവേറ്റുവാങ്ങുന്ന അവരുടെ  അച്ഛനെയോ അമ്മയെയോ മുത്തശ്ശനെയോ കണ്ടിട്ടുപോലുമില്ല. എങ്കിലും അവരുടെ ആത്മാക്കൾ ഇപ്പോഴും കൂടെയുണ്ടെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ടാണ് അഭിമാനപുരസരം  തങ്ങളുടെ ഉറ്റവരെ ആദരിക്കുന്ന ചടങ്ങിൽ അവർ സാക്ഷ്യം വഹിച്ചത്. തങ്ങൾക്ക് നഷ്ടപ്പെട്ടതെന്താണെന്നുള്ള അവബോധമാണ്  പിൻതലമുറക്കാരിൽ ഈ ചടങ്ങിലൂടെ ഉണ്ടായത്.

സെപ്റ്റംബർ 11, 2001ന്  അൽ ഖ്വയ്ദ  എന്ന ഭീകരസംഘടന നടത്തിയ നാല് ഏകോപിത ആക്രമണങ്ങളുടെ പരമ്പര അമേരിക്കയ്ക്ക് ഒരിക്കലും മറക്കാനാവില്ല. നാല് യാത്രാവിമാനങ്ങൾ 19 അൽ ഖ്വയ്ദ ഭീകരർ തട്ടിയെടുത്തു.

ലക്ഷ്യത്തിലെത്തിയ ആദ്യ വിമാനമായ  അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11, ലോവർ മാൻഹട്ടനിലെ വേൾഡ് ട്രേഡ് സെന്റർ കോംപ്ലക്സിന്റെ നോർത്ത് ടവറിലേക്ക് പറന്നു. പതിനേഴ് മിനിറ്റിന് ശേഷം, വേൾഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറിൽ  യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175 ഇടിച്ചു. 110  നിലകളുള്ള ട്വിൻ ടവർ ഒരു മണിക്കൂറും 42 മിനിറ്റും കൊണ്ട് തകർന്നു.  ഇത്  ചുറ്റുമുള്ള കെട്ടിടങ്ങൾക്കും നാശമുണ്ടാക്കി. 

മൂന്നാമത്തെ വിമാനം, അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 77, പെന്റഗണിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണ്  കെട്ടിടത്തിന്റെ ഒരു ഭാഗം ഭാഗികമായി തകർന്നു. നാലാമത്തെ ജെറ്റ്, യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93, വാഷിംഗ്ടൺ ഡി.സി.യുടെ ദിശയിലേക്ക് പറന്നുയർന്നെങ്കിലും , ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനായില്ല. പകരം പെൻസിൽവാനിയയിലെ ഷങ്ക്സ്വില്ലിനടുത്ത്  തകർന്നുവീഴുകയായിരുന്നു.

ഫ്ലൈറ്റ് 93 ന്റെ ലക്ഷ്യം വൈറ്റ് ഹൗസ് അല്ലെങ്കിൽ ക്യാപിറ്റോൾ ആയിരുന്നിരിക്കണം. മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങളിൽ  2,997  പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 

കൊല്ലപ്പെട്ടവരെ ആദരിക്കാൻ ന്യൂയോർക്ക്, വിർജീനിയ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ചടങ്ങുകൾ നടത്തി. പ്രസിഡന്റ് ജോ ബൈഡൻ , മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ബിൽ ക്ലിന്റൺ എന്നിവർ ന്യൂയോർക്ക് സിറ്റിയിലെ നാഷണൽ സെപ്റ്റംബർ 11 മെമ്മോറിയലിൽ ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ പങ്കെടുത്തു. ഷാങ്ക്സ്വില്ലിലെ ഫ്ലൈറ്റ് 93 സ്മാരകത്തിൽ ബൈഡൻ പുഷ്പചക്രം സമർപ്പിച്ചു. മുൻ  പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ്, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരും സ്മാരകത്തിനരികിൽ ആദരവ് അർപ്പിക്കാൻ എത്തി.

ബൈഡൻ ശനിയാഴ്ച ഔപചാരിക പരാമർശങ്ങൾ നടത്തിയിട്ടില്ല, എന്നാൽ യുഎസ് ചരിത്രത്തിലെ ഏറ്റവും ഭീകരമായ  ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയിൽ  ദേശീയ ഐക്യത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് വെള്ളിയാഴ്ച ഒരു വീഡിയോ പ്രസ്താവന പുറത്തിറക്കി.ബൈഡൻ  തന്റെ പ്രസംഗത്തിൽ അമേരിക്കൻ ഐക്യത്തെ പ്രോത്സാഹിപ്പിച്ചതിനെ  ബുഷിനെ പ്രശംസിച്ചു. നാഷണൽ 9/11 പെന്റഗൺ മെമ്മോറിയലാണ് ശനിയാഴ്ച  അവസാനമായി ബൈഡൻ എത്തിയത്.  അവിടെ പ്രഥമ വനിത ജിൽ ബൈഡൻ , വൈസ് പ്രസിഡന്റ് കമല ഹാരിസ്, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ജോയിന്റ് ചീഫ്സ് ചെയർമാൻ ജനറൽ മാർക്ക് മില്ലെ എന്നിവർക്കൊപ്പം പുഷ്പചക്രം സമർപ്പിച്ചു.

എന്നാൽ,  മുൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്ഇതിൽനിന്ന് വിട്ടുനിന്നു. ചടങ്ങുകളിൽ പ്രത്യക്ഷപ്പെടുന്നതിനുപകരം , ശനിയാഴ്ച മാൻഹട്ടനിലെ തന്റെ ട്രംപ് ടവർ കെട്ടിടത്തിൽ നിന്ന് ന്യൂയോർക്ക് സിറ്റി പോലീസിനെയും  അഗ്നിശമന സേനാംഗങ്ങളെയും സന്ദർശിക്കുകയായിരുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക