Image

മഴക്കെടുതി: 217 വീടുകള്‍ പൂര്‍ണ്ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നു, മരണം 39, കാണാതായവര്‍ 6

Published on 20 October, 2021
മഴക്കെടുതി: 217 വീടുകള്‍ പൂര്‍ണ്ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നു, മരണം 39, കാണാതായവര്‍ 6


തിരുവനന്തപുരം: മഴക്കെടുതിയില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ. സ്പീക്കര്‍ എം.ബി രാജേഷ് ആണ് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യം സംസാരിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷത്തുനിന്ന് കെ.ബാബുവും സംസാരിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് നേരം സഭാംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു. സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ദുരന്തബാധിതരെ കൈവിടില്ലെന്നും ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെ 39 പേര്‍ മരണമടഞ്ഞു. ആറ് പേരെ കാണാതായിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ വിങ്ങുന്ന ഹൃദയവുമായി സഭയും പങ്കുചേരുന്നു. 217 വീടുകള്‍ പൂര്‍ണ്ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

തുടര്‍ച്ചയായ നാലു വര്‍ഷമായിട്ടും ദുരന്തമേഖലയില്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടൊയെന്നും മുന്നറിയിപ്പ് നല്‍കുന്നതില്‍ പോരായ്മയുണ്ടോയെന്നും രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നതില്‍ താമസം വന്നോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കെ.ബാബു പറഞ്ഞു. പശ്ചിമഘട്ട മേഖലയിലെ പാറഖനനവും മേഖലയുടെ സംരക്ഷണവും സര്‍ക്കാര്‍ പരിശോധിക്കണമെന്നും വലിയ വികസന പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമ്പോള്‍ അത് കേരളത്തിന്റെ പരിസ്ഥിതിക്ക അനുയോജ്യമാണോയെന്ന് കൂടി പരിശോധിക്കണമെന്നും കെ.ബാബു ആവശ്യപ്പെട്ടു. കേരളത്തിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് മഴക്കെടുതിയെ തുടര്‍ന്ന് സഭാ സമ്മേളനം പുനഃക്രമീകരിക്കുന്നതിനുള്ള പ്രമേയം മുഖ്യമ്രന്തി അവതരിപ്പിച്ചു. ഇനിയുള്ള രണ്ട് ദിവസം സഭ ചേരില്ല. എം.എല്‍.എമാരില്‍ ഏറെപ്പേരും ദുരന്ത ബാധിത മേഖലയില്‍ ആയതിനാല്‍ സഭയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നരും ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം നിരവധി എം.എല്‍.എമാര്‍ക്ക് ഇന്ന് സഭയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക