Image

കോവാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ തീരുമാനം ഉടനെന്ന് ലോകാരോഗ്യ സംഘടന

Published on 26 October, 2021
 കോവാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ തീരുമാനം ഉടനെന്ന്  ലോകാരോഗ്യ സംഘടന


ജനീവ: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ തീരുമാനം 24 മണിക്കൂറിനുള്ളില്‍ ഉണ്ടാവുമെന്ന് അടുത്തവൃത്തങ്ങള്‍. എല്ലാം ശരിയായി നടന്നാല്‍, ലോകാരോഗ്യ സംഘടനാ സമിതിക്ക് പരിശോധനയില്‍ കാര്യങ്ങള്‍ തൃപ്തികരമാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അംഗീകാരം സംബന്ധിച്ച തീരുമാനം അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.


കോവാക്സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി സാങ്കേതിക ഉപദേശ സമിതി ഒക്ടോബര്‍ 26ന് യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ നേരത്തെ ട്വീറ്റിലൂടെ അറിയിച്ചിരുന്നു.  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കഴിഞ്ഞ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കോവാക്സിന് ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ കൂടുതല്‍ വിശദീകരണം തേടിയതിനാലാണ് തീരുമാനം വൈകിയത്. കോവാക്സിന്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. 


കോവാക്സിന്‍ വികസിപ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ്. ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അംഗീകാരമില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക