Image

പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇല്ലായിരുന്നെങ്കില്‍ രാജ്യം തകരുമായിരുന്നു- അമിത് ഷാ

Published on 27 October, 2021
 പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇല്ലായിരുന്നെങ്കില്‍ രാജ്യം തകരുമായിരുന്നു- അമിത് ഷാ


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇല്ലായിരുന്നെങ്കില്‍ രാജ്യം ഇന്ന് തകര്‍ന്നു പോകുമായിരുന്നെന്ന് അമിത് ഷാ പറഞ്ഞു. മോദി അധികാരത്തില്‍ 20 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി നടന്ന ഒരു ദേശീയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ. '1960-കള്‍ക്ക് ശേഷവും 2014-ലും ബഹുകക്ഷി ജനാധിപത്യ സംവിധാനം വിജയകരമാകുമോ എന്ന് ആളുകള്‍ സംശയിച്ചിരിക്കുകയായിരുന്നു. ഗുണപരമായ ഫലങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഈ സിസ്റ്റം പരാജയപ്പെട്ടോ എന്ന് ആളുകള്‍ സംശയിച്ചു. വളരെ ക്ഷമയോടെ ആളുകള്‍ കാത്തിരിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേവലഭൂരിപക്ഷത്തോടെ അധികാരം നല്‍കുകയും ചെയ്തു', ഷാ പറഞ്ഞു.


'2014-പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അധികാരത്തര്‍ക്കത്തില്‍ ആടിയുലയുകയായിരുന്നു. ഒരു പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയായി പരിഗണിക്കാത്ത കാബിനറ്റ് മന്ത്രിമാരുള്ള ഒരു സര്‍ക്കാരായിരുന്നു അന്നുണ്ടായിരുന്നത്. എല്ലാവരും തങ്ങളാണ് പ്രധാനമന്ത്രി എന്ന നിലക്കാണ് പ്രവര്‍ത്തിച്ചത്', ഷാ കൂട്ടിച്ചേര്‍ത്തു.  2014-ല്‍ എന്‍ഡിഎ അധികാരത്തില്‍ വരുന്നതിന് മുമ്പ് നമ്മുടെ ജനാധിപത്യ സംവിധാനം എപ്പോള്‍ വേണമെങ്കിലും തകരുമെന്ന അവസ്ഥയിലായിരുന്നു. നയപരമായ ദൗര്‍ബല്യമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇന്ത്യയ്ക്കു ലഭിച്ചിരുന്ന ബഹുമാനം ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. 12 ലക്ഷം 
കോടിയുടെ അഴിമതി, ആഭ്യന്തര സുരക്ഷയെ കുറിച്ചുള്ള ചോദ്യങ്ങള്‍- നമ്മുടെ ജനാധിപത്യ സംവിധാനം എപ്പോള്‍ വേണമെങ്കിലും തകരാമെന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഈ ഘട്ടത്തിലാണ് ബിജെപി ഗുജറാത്ത് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്തിറക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.


തനിക്കെതിരെ ഉയരുന്ന ട്രോളുകളേയും അമിത് ഷാ വിമര്‍ശിച്ചു. 'ഞാന്‍ ട്രോളുകള്‍ക്ക് വിധേയനാകുന്നുണ്ട്. എന്നാല്‍, നിരക്ഷരരേക്കൊണ്ട് ഒരു രാജ്യത്തിനും വികസിക്കാനാവില്ലെന്ന് വീണ്ടും ആവര്‍ത്തിക്കുന്നു. അവരെ പഠിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അറിയാത്ത ഒരാള്‍ക്ക് രാജ്യത്തിന് വേണ്ടത്ര സംഭാവന ചെയ്യാന്‍ കഴിയില്ല', അമിത് ഷാ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക