Image

മുല്ലപ്പെരിയാറിലെ ജലനിരപ്പ് നവംബര്‍ 11 വരെ 139.5 അടിയായി ക്രമീകരിക്കണം: സുപ്രിം കോടതി

Published on 28 October, 2021
മുല്ലപ്പെരിയാറിലെ ജലനിരപ്പ് നവംബര്‍ 11 വരെ 139.5 അടിയായി ക്രമീകരിക്കണം: സുപ്രിം കോടതി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്താന്‍ കേരളവും തമിഴ്‌നാടും  ധാരണയായി. നവംബര്‍ 10 വരെ ജലനിരപ്പ് 139.5 അടിയില്‍ കൂടാന്‍ പാടില്ല എന്ന് കോടതി നിര്‍ദ്ദേശിച്ചു. 137 ആണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ പല ഘട്ടത്തില്‍ കേരളത്തിന് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു.

നവംബര്‍ 11 വരെ ഈ നില തുടരണം. അതില്‍ കൂടാന്‍ പാടില്ല.  മേല്‍നോട്ട സമിതിയുടെ തീരുമാനമാണ് കോടതി അംഗീകരിച്ചത്. ഹരജി അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും.

വിഷയത്തില്‍ നവംബര്‍ എട്ടിനകം സത്യവാങ്ങ് മൂലം നല്‍കാന്‍ കേരളത്തോടും കോടതി നിര്‍ദേശിച്ചു. 5 ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ പരിഗണിച്ച്‌ മുല്ലപ്പെരിയാര്‍ ഡാം ഡികമ്മിഷന്‍ ചെയ്യണമെന്ന് നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തം ചിന്തിക്കാവുന്നതിനും അപ്പുറത്തായിരിക്കുമെന്നും കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

അതെ സമയം വിധി ആശ്വാസകരമാണെന്നും കോടതിയില്‍ നിലപാട് വിശദീകരിക്കാന്‍ കേരളത്തിന് സമയം ലഭിച്ചെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍  പറഞ്ഞു.

മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 138.10 അടി ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്‍റില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. സ്പില്‍വെ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടുണ്ട്. 

ഡാം തുറക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, റവന്യു വകുപ്പ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. പെരിയാര്‍ തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. ഇതുപതിലധികം ക്യാമ്ബുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

വെള്ളം ഒഴുകി പോകുന്ന വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്തു. മനുഷ്യസാധ്യമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തെന്നും മന്ത്രി പറഞ്ഞു. അതേസമയം, തമിഴ്നാടിന്റെ തീരുമാനം ആശാവഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക