Image

ഇന്ത്യയുടെ ജനസംഖ്യ  ശാപമല്ല, ശക്തിയായി മാറി: ജോസ് കെ. മാണി എം.പി 

Published on 08 July, 2022
ഇന്ത്യയുടെ ജനസംഖ്യ  ശാപമല്ല, ശക്തിയായി മാറി: ജോസ് കെ. മാണി എം.പി 

ഒർലാണ്ടോ ഫൊക്കാന കൺവൻഷനിൽ ജോസ് കെ. മാണി എം.പി. നടത്തിയ ഉദ്ഘാടന പ്രസംഗം 

പ്രൗഢ ഗംഭീരമായൊരു സമ്മേളനമാണിത്.കലയുടെ പത്തൊമ്പതാമത് ഗ്ലോബൽ ഫാമിലി കൺവൻഷൻ 2022 നിങ്ങളുടെ ഏവരുടെയും അനുവാദത്തോടു കൂടി ഉദ്ഘാടനം ചെയ്തതായി അറിയിച്ചുകൊള്ളുന്നു.ഇത് ചരിത്രത്തിന്റെ നിമിഷങ്ങളാണ്. പ്രസിഡന്റ് സൂചിപ്പിച്ചതുപോലെ കഴിഞ്ഞ രണ്ടുവർഷക്കാലമായി, ലോകം നിശ്ചലമായ അവസ്ഥയിലായിരുന്നു.ആ അവസരത്തിലും ഫൊക്കാന വെറുതെ ഇരിക്കുകയല്ലായിരുന്നു.രണ്ടുവർഷക്കാലം നിരന്തരമായി അമേരിക്കയിലും കേരളത്തിലും വിവിധപദ്ധതികളും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയും കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈൽ ഫോൺ വിതരണം ചെയ്യുകയും ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കിയത്  ഒരു ധീരതയാണ്. അത് തീർച്ചയായും ഈ സംഘടനയെ നയിക്കുന്ന ജോർജി വർഗീസിന്റെയും അദ്ദേഹത്തിന്റെ ടീം അംഗങ്ങളുടെയും മുന്നേറ്റമായി ഞാൻ കാണുന്നു.അതുകൊണ്ടുതന്നെയാണ് ഇതൊരു ചരിത്രനിമിഷമാണെന്ന് ഞാൻ വിശേഷിപ്പിച്ചത്. ഇത് സാധ്യമാക്കിയ ഓരോ അംഗങ്ങളെയും ഞാൻ അനുമോദിക്കുന്നു, അഭിവാദ്യങ്ങൾ നേരുന്നു.
ഇന്നലെ വൈകിട്ട് ഭാര്യ നിശയ്ക്കൊപ്പം ലിഫ്റ്റിൽ കയറുന്നതിനിടയിൽ ഓരോ ഫ്ലോറിൽ എത്തുമ്പോഴും മലയാളികൾ വന്ന് കുശലം അന്വേഷിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്നത് സസൂക്തമാം വീക്ഷിച്ചുകൊണ്ടുനിന്ന അമേരിക്കനായ ലിഫ്റ്റ് ഓപ്പറേറ്റർ ' എങ്ങനെയാണ് നിങ്ങൾ ഇത്രയധികം ആളുകൾ പരസ്പരം അറിയുന്നത്' എന്ന് ചോദിച്ചു.  ഇവിടെയുള്ള മലയാളികളെ ഒരുകുടക്കീഴിൽ നിർത്തുന്ന സംഘടന നടത്തുന്ന മീറ്റിങ്ങിൽ പങ്കെടുക്കാൻ വന്നവരാണ് ഞങ്ങളെന്നും അതിനാൽ അന്യോന്യം എല്ലാവർക്കും അറിയാമെന്നും ഞാൻ പറഞ്ഞു. അമേരിക്കയിൽ തങ്ങൾക്കും ഇത്തരം അസോസിയേഷനുകൾ ഉണ്ടെന്നും, എന്നാൽ മീറ്റിംഗിൽ പങ്കെടുക്കുന്ന തങ്ങൾക്കാർക്കും പരസ്പരം അറിയില്ലെന്നും അയാൾ പറഞ്ഞു. അതുതന്നെയാണ് ഫൊക്കാനയെ വേറിട്ട് നിർത്തുന്നത്.
തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളും ഭാഷയും സംസ്കാരവും  ഭക്ഷണരീതിയും വസ്ത്രരീതിയുമുള്ള നാട്ടിൽ വന്ന് കഴിവിനൊത്ത് മുന്നേറിയവരാണ് ഇവിടെ ഒത്തുചേർന്നിരിക്കുന്ന ഓരോരുത്തരും. കേരളത്തിൽ തന്നെ തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ നിങ്ങൾ ഇത്ര വലിയ മുന്നേറ്റം നടത്തുമായിരുന്നില്ല. 
ഞാൻ ആറുവർഷക്കാലം, പാർലമെന്റിൽ എക്സ്‌റ്റേർണൽ അഫയേഴ്സിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പറായിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖരുടെ കമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്. വോട്ടിങ് റൈറ്റുമായി ബന്ധപ്പെട്ടും നാട്ടിലുള്ള ഭൂമിയിലെ അവകാശവുമായി ബന്ധപ്പെട്ടുമുള്ള പ്രശ്നങ്ങളാണ് അമേരിക്കൻ മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
25 വർഷങ്ങൾക്ക് മുൻപുള്ള ഇന്ത്യയാണോ ഇപ്പോഴത്തെ ഇന്ത്യ? ആരാണ് ഈ ലോകം ഭരിക്കുന്നത് എന്ന ചോദ്യത്തിന് അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടൺ എന്നിങ്ങനെ പല ഉത്തരങ്ങൾ തോന്നാം. ഈ ചോദ്യത്തിനൊരു മറുവശമുണ്ട്. ആരാണ് ഈ ലോകത്തെ നയിക്കുന്നത്? അതിന് ഒറ്റ ഉത്തരമേ ഉള്ളു-അത് ഇന്ത്യയാണ്. കാരണം മറ്റൊന്നുമല്ല. ഗൂഗിളിന്റെയും മൈക്രോസോഫ്‌റ്റിന്റെയും ഐബിഎമ്മിന്റെയും അഡോബിന്റെയും ട്വിറ്ററിന്റെയും സിഇഒ- മാർ ഇന്ത്യക്കാരല്ലേ... 
എന്തിനധികം? അമേരിക്കയിലെ വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജയല്ലേ?
ബ്രിട്ടൺ എടുക്കുകയാണെങ്കിൽ, അവിടത്തെ ഹോം സെക്രട്ടറി ഇന്ത്യനാണ്. അടുത്ത തിരഞ്ഞെടുപ്പിൽ അവിടെ ഒരു ഇന്ത്യക്കാരൻ പ്രധാനമന്ത്രി സ്ഥാനത്ത് ഏതാനും സാധ്യതയുണ്ട്. ഇന്ത്യൻ പ്രവാസികളുടെ ശക്തിയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ഇവരൊക്കെ ഇങ്ങനെ തലപ്പത്തിരിക്കുന്നതുകൊണ്ടാണ് ലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യയാണെന്ന് ഞാൻ പറഞ്ഞത്.
2018 ൽ ലോകത്തിൽ തന്നെ പ്രവാസികളുടെ ഏറ്റവും കൂടുതൽ ഇൻവെർഡ് റെമിറ്റൻസ് ഉണ്ടായത് ഇന്ത്യയിലേക്കായിരുന്നു- 87 ബില്യൺ ഡോളർസ്‌! അതിൽ 19% കേരളത്തിലേക്കായിരുന്നു.കേരളം പോലൊരു കൊച്ചുസംസ്ഥാനത്തേക്ക് സിംഹഭാഗവും എത്തുന്നതിൽ പ്രവാസി മലയാളികളുടെ ശക്തി പ്രകടമാണ്. അമേരിക്കയിലെ ഡോക്ടർമാരിൽ 9% ഇന്ത്യക്കാരാണ്. 
അഞ്ചാറ് വർഷങ്ങൾക്ക് മുൻപൊരു ഐപിയു മീറ്റിംഗിൽ പങ്കെടുത്തപ്പോൾ, സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഞാൻ സംസാരിച്ചത്. അന്ന് ഇന്ത്യയുടെ പ്രസിഡന്റ് വനിതയാണ്(പ്രതിഭാ പാട്ടിൽ),സ്പീക്കർ  വനിതയാണ്, ഡൽഹി മുഖ്യമന്ത്രി വനിതയാണ്(ഷീല ദീക്ഷിത്).മായാവതി ഉൾപ്പെടെയുള്ള നേതാക്കളെക്കുറിച്ചും ഞാൻ ചൂണ്ടിക്കാട്ടി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഡോക്ടർസ് ബോഡിയിൽ വനിതകൾക്ക് 50 % സംവരണം ഏർപ്പെടുത്തിയതും ഞാൻ വിശദീകരിച്ചു. ആ മീറ്റിങ്ങിന്റെ സ്പീക്കർ ഒരു വനിതയായിരുന്നു. സംസാരിച്ചുതീർന്നപ്പോൾ അവർ എന്റെ അരികിലെത്തി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ സ്ത്രീസംവരണം പോലൊരു നിയമം ഏർപ്പെടുത്തിയാൽ മറ്റു രാജ്യങ്ങൾക്കും അതിനുള്ള സമ്മർദം ഉണ്ടാകുമെന്നതാണ് അവരെ പ്രതീക്ഷയോടെ എന്റെ അടുത്തേക്ക് ഓടിയെത്താൻ പ്രേരിപ്പിച്ചതെന്ന് പിന്നീട് മനസ്സിലായി.ഇന്ത്യ ഓരോ നിയമം പാസാക്കുമ്പോഴും,അമേരിക്ക ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ അതിലേക്ക് ഉറ്റുനോക്കുകയാണ്.അത്രമാത്രം വലിയൊരു സ്വാധീനശക്തിയായി നമ്മുടെ രാജ്യം മാറിയിരിക്കുന്നു.അതിൽ നമുക്ക് അഭിമാനിക്കാം.ജനസംഖ്യയെ ശാപമായി കണ്ടിരുന്ന ഒരുകാലം നമുക്കുണ്ടായിരുന്നു.ഇന്ന്, ഇന്ത്യയുടെ ജനസംഖ്യ ഒരു ആശ്ചര്യമായും ഭാഗ്യമാണ് നമ്മൾ കാണുകയാണ്.മറ്റൊന്നും കൊണ്ടല്ല,നമ്മുടെ ജനസംഖ്യയിൽ 60 ശതമാനത്തിന് മുകളിൽ യുവാക്കളാണ് എന്നത് ഏറെ ഗുണകരമാണ്.ഇന്ത്യയിൽ മലയാളികൾ കൈവരിച്ച മുന്നേറ്റവും ശ്രദ്ധേയമാണ്. ഇൻഫോസിസിന്റെയും വിപ്രോയുടെയും എല്ലാം തലപ്പത്ത് മലയാളികളാണ്.ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകളിൽ ഏറ്റവും മുന്നിൽ കേരളത്തിൽ നിന്നുള്ളവയാണെന്നതും വലിയ നേട്ടമാണ്.നൂതന ആശയങ്ങളുടെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും നാടാണ് കേരളമെന്ന് സാരം.ഇന്ത്യയിൽ പല പ്രശ്നങ്ങളുമുണ്ടായിരിക്കാം, എന്നാൽ മാറ്റങ്ങളും അത്രത്തോളം തന്നെയുണ്ടായിട്ടുണ്ട്.ചില ആശങ്കകളും ഞാൻ പങ്കുവയ്ക്കട്ടെ.വലിയൊരു വിഭാഗം വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ എത്തിയിട്ടുണ്ട്.ഇവരിൽ ബഹുഭൂരിപക്ഷവും നാട്ടിലേക്ക് മടങ്ങിവരില്ലെന്ന് തീർച്ചയാണ്.കേരളത്തിൽ ജനിച്ചുവളർന്ന തലമുറ അമേരിക്കയിലേക്ക് കുടിയേറിയാലും ഒരുപരിധിവരെ ജന്മനാടുമായുള്ള ബന്ധം നിലനിർത്തിയേക്കാം. എന്നാൽ, അമേരിക്കയിൽ ജനിച്ചുവളരുന്ന പുതുതലമുറ അതിന് ശ്രമിക്കില്ല. ആ വിഭാഗത്തെയും നാടുമായി എങ്ങനെ ചേർത്തുനിർത്താം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രവാസികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തീരെ ചെറിയൊരു ഭാഗമേ സാങ്കേതികമായ വികസനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നുള്ളു എന്നതും ദുഃഖകരമാണ്. സ്റ്റാർട്ടപ്പുകൾക്കായി നമ്മൾ കൂടുതൽ ഇൻവെസ്റ്റ് ചെയ്യണം.കൂടുതൽ ആശയങ്ങളും കണ്ടെത്തലുകളും ഉണ്ടായെങ്കിൽ മാത്രമേ നമ്മുടെ നാടിനെ ആഗ്രഹിക്കുന്ന രീതിയിൽ മുൻനിരയിൽ എത്തിക്കാൻ സാധിക്കൂ.പ്രവാസികൾക്ക് പ്രത്യേക സ്റ്റാറ്റസ് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾക്കും നമുക്ക് ഒന്നിച്ച് കൈകോർക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക