Image

ഫൊക്കാന പ്രസിഡന്റ്   ഡോ. ബാബു സ്റ്റീഫൻ മുഖ്യധാരയിൽ സജീവം; മികച്ച സംരംഭകൻ  

Published on 08 July, 2022
ഫൊക്കാന പ്രസിഡന്റ്   ഡോ. ബാബു സ്റ്റീഫൻ മുഖ്യധാരയിൽ സജീവം; മികച്ച സംരംഭകൻ  

ഫൊക്കാനയ്ക്ക് പുതിയ പ്രവര്‍ത്തന പന്ഥാവ് തുറക്കുമെന്ന  വാഗ്ദാനവുമായാണ് ബാബു സ്റ്റീഫൻ പ്രസിഡന്റാകുന്നത്. 

അമേരിക്കൻ  രാഷ്ട്രീയരംഗത്ത് എന്തു നടക്കുന്നുവെന്നോ എങ്ങനെ നമ്മുടെ ആളുകളെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്താമെന്നോ എന്നൊന്നും ഒരു ധാരണയുമില്ല. ഇപ്പോള്‍   മറ്റു ഇന്ത്യൻ  സംസ്ഥാനങ്ങളില്‍ നിന്നുള്ള 190-ല്‍പ്പരം ഇന്ത്യക്കാര്‍ വാഷിംഗ്ടണില്‍ ഉന്നത സ്ഥാനങ്ങളിലുണ്ടെങ്കിലും മലയാളികള്‍ നാമമാത്രം. ഇതിനൊരു മാറ്റം വേണം. ഫെഡറല്‍ തലത്തില്‍ ഒരു ഡപ്യൂട്ടി സെക്രട്ടറി സ്ഥാനമൊക്കെ മലയാളികള്‍ക്ക് കിട്ടാവുന്നതേയുള്ളൂ.

വാഷിംഗ്ടണില്‍ നിന്ന്  ഔദ്യോഗികമായി ചൈനയടക്കം വിവിധ രാജ്യങ്ങളിലേക്ക് വാണിജ്യ സംഘം പോകുമ്പോള്‍ മിക്കവാറും അതിലൊരാള്‍ ബാബു സ്റ്റീഫനാകും. അത്ര ആഴത്തിലുള്ള ബന്ധങ്ങളാണ് ഈ തിരുവനന്തപുരത്തുകാരന്‍ സൃഷ്ടിച്ചത്. എന്നാല്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാന്‍ ഒരിക്കലും താത്പര്യം കാട്ടിയില്ല. പ്രധാന കാരണം അത് തന്റെ ബിസിനസ് രംഗത്തെ ബാധിക്കുമെന്നതും.

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് പിതാവിനൊരു ഏലത്തോട്ടമുണ്ടായിരുന്നു. എലയ്ക്കാ ബിസിനസും. അവിടെ നല്ല സ്‌കൂളില്ലാതിരുന്നതിനാല്‍ വിവിധ സ്ഥലങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കൊട്ടാരക്കരയില്‍ ഏഴാം ക്ലാസ് വരെ. പിന്നെ നാസിക്കല്‍ പഠിച്ച് സ്‌കൂള്‍ ഫൈനല്‍ പാസായി.

സമ്പന്ന കുടുംബ പശ്ചാത്തലമായതിനാല്‍ അല്ലലൊന്നും അറിഞ്ഞില്ല. ബി.കോം പഠനം കഴിഞ്ഞ് പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലാതെ കഴിയുന്ന കാലം. മിക്കപ്പോഴും മസ്‌കറ്റ് ഹോട്ടലില്‍ പോകും. ഒരു ദിവസം അവിടെ ഇരിക്കുമ്പോള്‍ അവിചാരിതമായി ഒരാളെ പരിചയപ്പെട്ടു. കുശലമൊക്കെ പറഞ്ഞപ്പോള്‍ പഠനം കഴിഞ്ഞ് നില്‍ക്കുകയാണെന്ന് അറിയിച്ചു.

എന്നാല്‍ പിന്നെ അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പൊയ്‌ക്കോ, പേപ്പറൊക്കെ ശരിയാക്കി തരാം എന്നായി അദ്ദേഹം. ജയ്ഹിന്ദ് ട്രാവല്‍സ് ഉടമ ടി.കെ.എസ് ജോര്‍ജ് ആയിരുന്നു അത്.

അങ്ങനെ 1978-ല്‍ അമേരിക്കയില്‍ സ്റ്റുഡന്റ്‌സ് വിസയില്‍ എത്തി. ജീവിതത്തിലെന്നും ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്. അവരെ എന്നും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്  ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എം.ബി.എ എടുത്തു. ഇതിനിടെ വിവിധ ആശുപത്രികളുമായി ബന്ധം സ്ഥാപിക്കുകയും അവര്‍ക്കായി നഴ്‌സുമാരെ അമേരിക്കയിലെത്തിക്കുകയും ചെയ്തു. ഇത് ഇമിഗ്രേഷന്‍ അധികൃതര്‍ കുറ്റമായി കണ്ടു. രാജ്യംവിടാന്‍ നിര്‍ദേശം കിട്ടി.

അതേ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ ജോലിക്ക് കയറി. ഡിപ്ലോമാറ്റിക് സ്റ്റാറ്റസ് എന്നതായിരുന്നു ലക്ഷ്യം. ഒരു വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വാഷിംഗ്ടണ്‍ മേയറുടെ പ്രചാരണത്തിന്റെ ഭാഗമായി. അദ്ദേഹവുമായി നല്ല ബന്ധം സ്ഥാപിച്ചു. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദമുള്ളതിനാല്‍ സ്വന്തം ബിസിനസ് തുടങ്ങാന്‍ മേയര്‍ മാരിയോണ്‍ ബാരി ആണ് നിര്‍ദേശിച്ചത്. എം.ബി.എ എടുത്തത് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലായിരുന്നതിനാലും ഭാര്യയ്ക്ക് സൈക്കോളജിയില്‍ മാസ്റ്റേഴ്‌സ് ഉണ്ടായിരുന്നതിനാലും നഴ്‌സിംഗ് ഹോം തുടങ്ങാന്‍ അനുമതി ലഭിച്ചു.

അതിനു  പണം വേണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.സി അലക്‌സാണ്ടറാണ്  സഹായിച്ചത്. അദ്ദേഹത്തിന്റെ ശുപാർശയിൽ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നു മൂന്നു മില്യന്‍ ഡോളര്‍ വായ്പ ലഭിച്ചു. അങ്ങനെ ബിസിനസ് രംഗത്തേക്ക് 1984-ല്‍ കാലെടുത്തുവച്ചു.

വിവേചനങ്ങളൊന്നും നേരിട്ടിട്ടില്ലെങ്കിലും മാര്‍ഗനിര്‍ദേശം തരാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ ചില അബദ്ധങ്ങളും പറ്റി. ഇരുപത്തിരണ്ടാം വയസില്‍ ഒരു ഹോട്ടലില്‍ നൈറ്റ് ഓഡിറ്റര്‍ ജോലിക്ക് ചെന്നു. രാത്രിയിലെ വരവ് ചെലവ് കണക്കുകള്‍ എഴുതുകയാണ് ജോലി. പത്തു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടെന്നു കള്ളംപറഞ്ഞു. അപ്പോള്‍ 12 വയസില്‍ ജോലി തുടങ്ങിയോ എന്നു ചോദ്യം.

ജോലി കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് കുറച്ച് പ്രായമുള്ള ഒരു സായിപ്പ് വരുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സായിപ്പ് ഇന്ത്യയില്‍ വന്നിട്ടുണ്ട്. തിരുവനന്തപുരത്തും. ഹോട്ടിലിന്റെ ജനറല്‍ മാനേജരായിരുന്നു അത്. തിരുവനന്തപുരം ബന്ധത്തിന്റെ പേരിൽ  എന്തായാലും അദ്ദേഹം ജോലി നല്‍കി. ഒരു വര്‍ഷം അത് ചെയ്തു.

അന്നു സോഷ്യല്‍ സെക്യൂരിറ്റി നമ്പരിന്റെ കാര്യം പോലും അറിയില്ലായിരുന്നുവെന്നു പറഞ്ഞാല്‍ സ്ഥിതി മനസിലാകുമല്ലോ.

പൂനെയിലൊക്കെ പഠിച്ചതുകൊണ്ട് ഹിന്ദി നന്നായി അറിയാം. അതിനാല്‍ മലയാളികള്‍ക്ക് പകരം നോര്‍ത്ത് ഇന്ത്യക്കാരുമായിട്ടായിരുന്നു എന്നും കൂടുതല്‍ ബന്ധം. ഏഴു  വര്‍ഷമേ ആയിട്ടുള്ളൂ മലയാളി സമൂഹവുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ട്. ഇന്ത്യന്‍ അമേരിക്കന്‍ പ്രസ്‌ക്ലബ് ചെയര്‍ എന്ന നിലയില്‍ തുടക്കം. രണ്ട് കണ്വന്ഷനുകൾക്ക് നേതൃത്വം നൽകി. പിന്നെ ഫൊക്കാനയില്‍ വന്നു.

പൊതുവില്‍ അമേരിക്കക്കാര്‍ നല്ല മനുഷ്യരാണെന്നാണ് ബാബു സ്റ്റീഫന്റെ പക്ഷം. പക്ഷെ ബന്ധത്തില്‍ ലോയല്‍ട്ടി പ്രധാനം. പല വള്ളത്തിൽ കാലു വയ്ക്കുന്നത് നല്ലതല്ല.  മേയര്‍ സ്ഥാനത്തേക്ക് ഒരു സുഹൃത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ തന്റെ പിന്തുണ നിലവിലെ മേയര്‍ക്കാണെന്നു തുറന്നുപറഞ്ഞു. അത് മേയര്‍ അറിഞ്ഞു. ആ വിശ്വസ്ഥത  അദ്ദേഹം ഒരിക്കലും മറന്നില്ല.

ഒരു നഴ്‌സിംഗ് ഹോമില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ പതിനാറ്  നഴ്‌സിംഗ് ഹോമുകളുണ്ട്. അവയുടെ ചുമതല ഭാര്യയ്ക്കാണ്. ആദ്യത്തെ  നഴ്‌സിംഗ് ഹോം പണിതതില്‍ നിന്നാണ് കണ്‍സ്ട്രക്ഷന്‍ രംഗത്തേക്കുള്ള ചുവടുവെയ്പ്. കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ചുമതല ബാബു സ്റ്റീഫനാണ്. ആവശ്യക്കാര്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനു പുറമെ 62 കെട്ടിടങ്ങള്‍ സെമി ലീസിനു നല്‍കിയിരിക്കുന്നു. പലതും സര്‍ക്കാരിനാണ്. റെന്റ് കിട്ടും. കണ്‍സ്ട്രക്ഷന്‍ രംഗം ഏറെ ആദായകരമാണെന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

എണ്‍പതുകളില്‍ ജോയി ചെറിയാന്‍ സ്ഥാപിച്ച പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയിലും സജീവമായി പ്രവര്‍ത്തിച്ചു.

ഫൊക്കാന പ്രസിഡന്റായാല്‍ ആദ്യ വര്‍ഷം തന്നെ നാട്ടില്‍ 25 വീട് നിര്‍മിച്ചുനല്‍കുമെന്ന വാഗ്ദാനമുണ്ട്. തിരുവനന്തപുരത്തെ അമ്പൂരിയിലും മറ്റു പലയിടങ്ങളിലും തനിക്ക് സ്ഥലമുണ്ട്. കൂടുതല്‍ സ്‌പോണ്‍സര്‍മാരെ കിട്ടിയാല്‍ കൂടുതല്‍ വീടുകള്‍ വച്ചുനല്‍കും.

കേരളത്തില്‍ നിന്ന് ഒട്ടേറെ പേരെ ജോലിക്കായി സ്‌പോണ്‍സര്‍ ചെയ്ത് കൊണ്ടുവന്നിട്ടുണ്ട്. കഴിയുന്നത്ര പേരെ സഹായിക്കാന്‍ ഒരിക്കലും മടിച്ചിട്ടില്ല.

ഇവിടുത്തെ വിദ്യാഭ്യാസ രംഗത്തെപ്പറ്റിയും അവസരങ്ങളെപ്പറ്റിയും മിക്കവര്‍ക്കും ധാരണയൊന്നുമില്ല. നാട്ടിലെ ഡെന്റല്‍ ബിരുദത്തിന് ഇവിടെ അംഗീകാരമില്ലെങ്കിലും ഒരു വര്‍ഷം ഇവിടെ പഠിച്ച് അംഗീകാരം നേടാന്‍ പല സ്ഥാപനങ്ങളുമുണ്ടെന്ന് ആര്‍ക്കും അറിയില്ല.

 സ്‌കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തും.

ഭാര്യ ഗ്രേസി സ്റ്റീഫന്‍ പുനലൂര്‍ സ്വദേശിയാണ്. മകള്‍ ഡോ. സിന്ധു സ്റ്റീഫന്‍ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റാണ്. ഭര്‍ത്താവ് ജിം ജോര്‍ജ്. മൂന്നു കൊച്ചുമക്കള്‍.

സംഘാടകന്‍, വ്യവസായി, മാധ്യമ പ്രവര്‍ത്തകന്‍, പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ്  തുടങ്ങി വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടം കൈവരിച്ച വ്യക്തിയാണ് ഡോ. ബാബു സ്റ്റീഫന്‍.  

കേരളത്തിൽ പ്രളയമുണ്ടായപ്പോൾ സ്വന്തം കയ്യിൽ നിന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നൽകാനും മടിച്ചില്ല.

സംഘടനയില്‍ വലിയ മാറ്റങ്ങളും പുതിയ കര്‍മ്മപരിപാടികളും ആവിഷ്‌കരിക്കുമെന്ന്  പ്രഖ്യാപിച്ചാണ് ബാബു സ്റ്റീഫന്‍ രംഗത്തിറങ്ങുന്നത്.  കണ്‍വന്‍ഷനുകള്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നതിന് പകരം അമേരിക്കന്‍  രാഷ്ട്രീയ രംഗത്തു സ്വാധീനവും ശക്തിയും മലയാളി സമൂഹത്തിനും നേടിയെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും പ്രവര്‍ത്തനമെന് അദ്ദേഹം പറഞ്ഞു.

പതിവ് പരിപാടികളും ചാരിറ്റി പ്രവര്‍ത്തനങ്ങളും തുടരുമെങ്കിലും മലയാളി സമൂഹത്തെ ശാക്തീകരിക്കാറും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കും.

സംഘടനയില്‍ അധികാരം വീതം വച്ച് നല്‍കുന്ന രീതിയോട് താല്പര്യമില്ലെന് അദ്ദേഹം പറഞ്ഞു. ജനകീയ പ്രസ്ഥാനം  എന്ന നിലയില്‍ ജനാധിപത്യ രീതിയില്‍ സംഘടന പ്രവര്‍ത്തിക്കണം.

എല്ലാ തലത്തിലും ഫൊക്കാന ശക്തിപ്പെടുത്താനും കൂടുതല്‍ ജനപങ്കാളിത്തം നേടാനും പദ്ധതികള്‍ ആവിഷ്‌കരിക്കും.  

ഫൊക്കാനയില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച ഡോ. ബാബു സ്റ്റീഫന്‍ വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായുള്ള പ്രമുഖ വ്യവസായിയും മാധ്യമ സംരംഭകനുമാണ്.  കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫന്‍  അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ്  ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ  എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നിവ. കൈരളി ടിവിയില്‍ 88 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മന്‍ ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്നു.

വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസര്‍ കൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്ര പതിപ്പിച്ച് മലയാളികള്‍ക്ക് അഭിമാനമായ ബാബു സ്റ്റീഫനെ അടുത്തിടെ തേടിയെത്തിയത് വാഷിംഗ്ടണ്‍ ഡിസി മേയറുടെ ആദരമാണ്. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍ നടത്തിയ ചൈനാ യാത്രാ  ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഉണ്ടായിരുന്നു.

 ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്. വാഷിംഗ്ടന്‍ ഡിസിയില്‍ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്തോഅമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
 
രണ്ട് വര്ഷം ഇന്ത്യന് കള്ച്ചറൽ  ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം  യുണൈറ്റഡ് സ്റ്റേറ്റ് കോണ്ഗ്രഷണല് ഉപദേശക സമിതിയില് അംഗവും ഫെഡറേഷന് ഓഫ് ഇന്ത്യന്സ് ഇന് അമേരിക്കയുടെ റീജിയണല് വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷന് ഓഫ് ഇന്ത്യൻ  ഇൻ   അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്ത്തിച്ചിട്ടുണ്ട് 

see also: https://emalayalee.com/vartha/262936

Join WhatsApp News
JV Brigit 2022-07-08 20:40:04
Congratulations to the newly elected president of FOKANA! Look forward to his leadership in transforming that organization from a ridiculous skeleton organization where people only wanted photos in the media with visiting Kerala politicians and praise them as godly. Hope FOKANA will turn out to be the voice of Malayalee Americans! Best of luck!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക